Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

കേരളത്തിലെ പൊലീസ് നയത്തെ തള്ളിപ്പറഞ്ഞു സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയും; യുഎപിഎ കിരാത നയമെന്ന് നിലപാടെന്ന് യെച്ചൂരി; ബ്രിട്ടനിൽ നടന്ന പാർട്ടി സമ്മേളനത്തിൽ കേരള പ്രതിനിധിയുടെ ചോദ്യത്തിനുള്ള പാർട്ടി സെക്രട്ടറിയുടെ ഉത്തരം പിണറായിക്കുള്ള താക്കീത് ആകുമോ? പാർട്ടിയും സർക്കാരും രണ്ടു വഴിക്കു പോകരുതെന്ന സന്ദേശം നൽകി യെച്ചൂരി

കേരളത്തിലെ പൊലീസ് നയത്തെ തള്ളിപ്പറഞ്ഞു സിപിഎം സെക്രട്ടറി സീതാറാം യെച്ചൂരിയും; യുഎപിഎ കിരാത നയമെന്ന് നിലപാടെന്ന് യെച്ചൂരി; ബ്രിട്ടനിൽ നടന്ന പാർട്ടി സമ്മേളനത്തിൽ കേരള പ്രതിനിധിയുടെ ചോദ്യത്തിനുള്ള പാർട്ടി സെക്രട്ടറിയുടെ ഉത്തരം പിണറായിക്കുള്ള താക്കീത് ആകുമോ? പാർട്ടിയും സർക്കാരും രണ്ടു വഴിക്കു പോകരുതെന്ന സന്ദേശം നൽകി യെച്ചൂരി

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: കേരളത്തിലെ പാർട്ടിയിൽ മുഖ്യമന്ത്രി കൂടുതലായി ഒറ്റപ്പെടുന്ന സാഹചര്യത്തിൽ ഉന്തിന് ഒരു തല്ലെന്ന മട്ടിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും. കഴിഞ്ഞ ദിവസം ബ്രിട്ടനിൽ സന്ദർശത്തിനു എത്തിയ സീതാറാം യെച്ചൂരി പാർട്ടി ഒരു തരത്തിലും പിണറായിയുടെ പൊലീസ് നയത്തെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി. അസോയിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റിന്റെ ലെസ്റ്റർ ബ്രാഞ്ച് സമ്മേളനം നടന്ന ഡെർബിയിൽ പ്രതിനിധി സമ്മേളനത്തിലാണ് ചോദ്യം ഉയർന്നത്. ഏതാനും മലയാളികളും സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുത്തിരുന്നു.

ഉദ്ഘാടന സമ്മേളന ശേഷമുള്ള ചോദ്യോത്തര പരിപാടിയിലാണ് യെച്ചൂരിയെ തേടി സമ്മേളന പ്രതിനിധിയുടെ ചോദ്യം എത്തിയത്. മറുപടിയിൽ പിണറായിയുടെ പൊലീസ് നയം പാർട്ടിക്ക് അംഗീകരിക്കാൻ കഴിയില്ലെന്ന് ബ്രിട്ടനിലെ പാർട്ടി സെക്രട്ടറി ഹർസെവ് ബെയിൻസ് അടക്കമുള്ളവരെ വേദിയിൽ ഇരുത്തിയാണ് അദ്ദേഹം വ്യക്തമാക്കിയത്. രണ്ടു വർഷം മുൻപ് ഹർസെവ് കുടുംബ സമേതം കേരളത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രഭാത ഭക്ഷണം കഴിക്കാൻ അവസരം കണ്ടെത്തിയിരുന്നു.

ഇതോടെ പാർട്ടിക്ക് ഇന്ത്യയിൽ അവശേഷിക്കുന്ന ഭരണം നിലനിൽക്കുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ബ്രിട്ടനിലെ പാർട്ടി സമ്മേളന പ്രതിനിധികൾക്കും കൗതുകമുള്ള വിഷയമായി മാറുക ആയിരുന്നു. യെച്ചൂരി മടങ്ങും മുൻപ് അടുത്ത ആഴ്ച ബോൺമൗത്തിൽ നടക്കുന്ന ചേതനയുടെ കേരള പിറവി ആഘോഷത്തിലും കവൻട്രിയിൽ നടക്കുന്ന സമീക്ഷയുടെ മെമ്പർഷിപ്പ് കാമ്പയിൻ യോഗത്തിലും പ്രധാന അതിഥി ആയി എത്തുന്നുണ്ട്. ഇതോടെ പാർട്ടി സെക്രട്ടറി പങ്കെടുക്കുന്ന അടുത്ത വേദികളിലും കേരളത്തിലെ പാർട്ടി നേരിടുന്ന രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്യപ്പെടുമെന്നുറപ്പാണ്.

പാർട്ടിയും സർക്കാരും രണ്ടു വഴിക്കു പോകാനുള്ളതല്ലെന്ന വ്യക്തമായ സന്ദേശമാണ് യെച്ചൂരിയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്. ബ്രിട്ടനിൽ നിന്നും യെച്ചൂരി പറഞ്ഞ വാക്കുകൾ കേരളത്തിലും എത്തിയതോടെ പൊലീസ് നടപടി തള്ളിപ്പറയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായതും ശ്രദ്ധേയമായി. ഇന്നലെ വൈകിട്ട് മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് പൊലീസ് കേസ് എടുത്താലും സർക്കാർ അനുമതി നൽകിയാൽ മാത്രമേ നടപടികൾ നിലനിൽക്കൂവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

ഇന്ത്യൻ ഭരണഘടനാ ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ നിക്ഷേധിക്കുന്ന കിരാത നിയമമാണ് യുഎപിഎ എന്നതാണ് പാർട്ടി നയമെന്ന് യെച്ചൂരി വിശദീകരിച്ചു. ഇപ്പോൾ കേരളത്തിൽ നിയമ ക്രമസമാധാനത്തിന്റെ പേരിൽ പൊലീസ് നിയമം ദുരുപയോഗം ചെയ്യുക ആണെന്നാണ് മനസിലാക്കുന്നത്. ഒരു വ്യക്തി തീവ്രവാദി ആണോ എന്ന് തീരുമാനിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സ്വാതന്ത്ര്യം നൽകുന്ന നിയമം കൂടിയാണിത്. പാർലിമെന്റിൽ ഭൂരിപക്ഷം ഉണ്ടെന്ന നേട്ടത്തിന്റെ പേരിൽ ഭേദഗതി വരുത്തി നടപ്പാക്കിയ നിയമമാണ് ഇപ്പോൾ നിലനിൽക്കുന്നത്. ഈ നിയമമാണ് ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കപ്പെട്ടിരിക്കുന്നത്. തീർത്തും തെറ്റായ നടപടി, ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയാത്തത്.

ഇന്ത്യയിലെ ദേശീയ പാർട്ടിയായ സിപിഎം ഉയർത്തുന്ന നയങ്ങൾ ദേശ വിരുദ്ധം ആണെന്ന് പൊലീസ് പറഞ്ഞാൽ അതെങ്ങനെ അംഗീകരിക്കാൻ കഴിയും. പാർട്ടി പ്രവർത്തകർ അറസ്റ്റിലായ നടപടിയെ രൂക്ഷ ഭാഷയിലാണ് യെച്ചൂരി വിമർശിച്ചത്. യെച്ചൂരിയുടെ വാക്കുകൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ യുകെയിലെ പാർട്ടി അനുഭാവികളുടെ ഫോണുകളിലേക്ക് സന്ദേശമായി ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തിൽ പാർട്ടിയിൽ മറ്റൊരു ചിന്തയുടെ ആവശ്യം ഇല്ലെന്ന മട്ടിലാണ് സന്ദേശങ്ങൾ പ്രചരിക്കുന്നത്.

എന്നാൽ വ്യക്തമായ തെളിവ് ഇല്ലാതെ കേസ് എടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകുന്ന കാര്യത്തിൽ മുഖ്യമന്ത്രി മൗനം പാലിച്ചതോടെ നടപടി അദ്ദേഹം കൂടി അറിഞ്ഞുള്ളതായിരിക്കുമെന്ന അനുമാനവും ശക്തമാകുകയാണ്. ഇതോടെയാണ് പാർട്ടി സെക്രട്ടറി യെച്ചൂരിയുടെ വാക്കുകൾക്ക് പ്രസക്തി ഏറുന്നത്. മുഖ്യമന്ത്രി പാർട്ടിക്ക് അതീതനായി സഞ്ചരിക്കുന്നത് പാർട്ടി കണ്ടു നിൽക്കില്ലെന്ന സൂചനയും യെച്ചൂരിയുടെ വാക്കുകളിൽ മറഞ്ഞിരിപ്പുണ്ട്. അതിനിടെ പതിവില്ലാത്ത വിധം കേരളത്തിലെ നേതാക്കൾ ഒന്നടങ്കം മുഖ്യമന്ത്രിയെ തള്ളിപ്പറയും വിധം യുഎപിഎ വിഷയത്തിൽ നിലപാട് എടുത്തതും ശ്രദ്ധിക്കപ്പെടുകയാണ്.

എക്കാലവും മുഖ്യമന്ത്രിക്ക് പിന്നിൽ ഉറച്ചു നിൽക്കുന്ന മന്ത്രിസഭയിലെ രണ്ടാമൻ എന്ന് കരുതപ്പെടുന്ന എ കെ ബാലൻ ഉൾപ്പെടെയുള്ളവരാണ് ശക്തമായ പ്രതികരണം നടത്തിയിരിക്കുന്നത്. ആലത്തൂർ പാർലിമെന്റ് മണ്ഡലത്തിൽ രമ്യ ഹരിദാസിന് എതിരെ സ്ത്രീ വിരുദ്ധ പരാമർശം നടത്തി എന്നതിന് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശകാരം കേൾക്കേണ്ടി വന്ന മുന്നണി കൺവീനർ വിജയരാഘവനും പാർട്ടി അംഗങ്ങൾ യുഎപിഎ നിയമത്തിൽ അറസ്റ്റിൽ ആയ നടപടിയെ ശക്തമായി അപലപിക്കുക ആയിരുന്നു. പാർട്ടിയിൽ ഒറ്റയാനായി മുന്നേറുന്ന പിണറായിക്കുള്ള താക്കീത് എന്ന നിലയിലാണ് ജയരാജന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ ഘടകം സംഭവത്തെ വിലയിരുത്തിയിരിക്കുന്നത്.

പിണറായി ഭരണത്തിൽ നിഷ്പ്രഭമായി പോയ മുതിർന്ന നേതാവ് എം എ ബേബിയും ശക്തമായ ഭാഷയിലാണ് പൊലീസ് നടപടിയെ എതിർത്തിരിക്കുന്നത്. അടുത്ത കാലത്തായി പിണറായി ക്യാമ്പിലെ പ്രധാന ശബ്ദമായി പ്രത്യക്ഷപ്പെടുന്ന് തൃപ്പൂണിത്തുറ എംഎൽഎ എം സ്വരാജ് അടക്കമുള്ളവരുടെ എതിർ സ്വരം ഉയർന്നതും വരും ദിവസങ്ങളിൽ പിണറായിയെ കൂടുതൽ പ്രതിരോധത്തിലാക്കാൻ കാരണമാകും. സംസ്ഥാന സെക്രട്ടറി കോടിയേരി അമേരിക്കൻ സന്ദർശനം നടത്തുന്നതിനാൽ പിണറായി ഇപ്പോൾ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. ഈ സാഹചര്യത്തിൽ പുറത്തു വന്ന പാർട്ടി സെക്രട്ടറിയേറ്റ് തീരുമാനവും മുഖ്യമന്ത്രിയെ തള്ളുന്നത് ആയിരുന്നു. കേരളത്തിൽ നടക്കുന്ന ഈ പ്രത്യേക സാഹചര്യം മനസിലാക്കി തന്നെയാണ് യെച്ചൂരി തന്റെ മനസ് തുറന്നതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP