Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം സഹയാത്രികനായ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടിയുണ്ടാക്കുമോ? മുസ്ലിം ലീഗിന് ബദൽ ആവുകയെന്നെ ലക്ഷ്യത്തിന് സിപിഎമ്മിന്റെ പിന്തുണയെന്നും സൂചന; ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയാവുമെന്നും പ്രചാരണം; അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും മനസ്സുതുറക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി

സിപിഎം സഹയാത്രികനായ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടിയുണ്ടാക്കുമോ? മുസ്ലിം ലീഗിന് ബദൽ ആവുകയെന്നെ ലക്ഷ്യത്തിന് സിപിഎമ്മിന്റെ പിന്തുണയെന്നും സൂചന; ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയാവുമെന്നും പ്രചാരണം; അഭ്യൂഹങ്ങൾ പ്രചരിക്കുമ്പോഴും മനസ്സുതുറക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി

കെ വി നിരഞ്ജൻ

കോഴിക്കോട്: തന്റെ നേതൃത്വത്തിൽ പുതിയ പാർട്ടിയുണ്ടാക്കുമെന്നും, ലോക്സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ ഇടതുപക്ഷ സ്ഥാനാർത്ഥിയാവുമെന്നും മറ്റുമുള്ള നിരന്തരമായ അഭ്യൂഹങ്ങൾ ചില പത്രങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിക്കുമ്പോളും മനസ്സുതുറക്കാതെ തദ്ദേശ സ്വയംഭരണ വ്കുപ്പുമന്ത്രി കെ ടി ജലീൽ. ജലീലിന്റെ നേതൃത്വത്തിൽ പുതിയ ഇടതുപക്ഷ ഇസ്ലാമിക മതേതര പാർട്ടി വരുന്നതായി പ്രമുഖ പത്രങ്ങൾവരെ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. 'ഇന്ത്യൻ സെക്കുലർ ലീഗ്' എന്നായിരിക്കും പുതിയ പാർട്ടിയുടെ പേര്. നിലവിലുള്ള ചില ഇടതു അനുകൂല ഇസ്ലാമിക പാർട്ടികൾ ജലീലിന്റെ പാർട്ടിയിൽ ലയിക്കാനും ധാരണയായതായി അറിയുന്നു. പുതിയ പാർട്ടിക്ക് കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ ഘടകകക്ഷി സ്ഥാനം ലഭിക്കും. മുസ്ലിം ലീഗിന് ബദൽ ആകുകയാണ് പുതിയ പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം.

കെ.ടി. ജലീലിനെ കൂടാതെ എംഎ‍ൽഎമാരായ പി.ടി.എ. റഹിം, കാരാട്ട് റസാഖ്, പി.വി. അൻവർ , വി.അബ്ദുറഹ്മാൻ എന്നിവർ പുതിയ പാർട്ടിയിൽ ചേരുന്നതോടെ പാർട്ടിക്ക് നിയമസഭയിൽ അഞ്ചു എംഎ‍ൽഎമാരുണ്ടാകും. മലപ്പുറം അല്ലെങ്കിൽ പൊന്നാനി ലോക്സഭാ മണ്ഡലം പുതിയ പാർട്ടിക്ക് നൽകിയേക്കും. ചിലപ്പോൾ രണ്ടു മണ്ഡലങ്ങളും പാർട്ടിക്ക് ലഭിക്കും. പൊന്നാനിയിൽ കെ ടി ജലീൽ തന്നെ സ്ഥാനാർത്ഥിയാവമെന്നാണ് അറിയുന്നത്. മലപ്പുറം, പൊന്നാനി, കോഴിക്കോട്, കാസർഗോഡ്, വയനാട് എന്നീ മണ്ഡലങ്ങളിൽ പുതിയ പാർട്ടിക്ക് നിർണായക സ്വാധീനമുണ്ടെന്നാണ് കെ.ടി. ജലീലും, പി.ടി.എ റഹീമും, പി.വി അൻവറും അവകാശപ്പെടുന്നത്. കാന്തപുരം എ.പി. അബുബക്കർ മുസലിയാർ, എം.ഇ.എസ് അധ്യക്ഷൻ ഫസൽ ഗഫൂർ എന്നിവരും ഈ രാഷ്ട്രീയ നീക്കത്തോട് സഹകരിക്കുന്നുണ്ട്.

മലബാറിൽ മുസ്ലിം ലീഗിന്റെ ശക്തി ക്ഷയിപ്പിക്കാൻ പുതിയ രാഷ്ട്രീയപാർട്ടിക്കു കഴിയുമെന്ന് സിപിഎം കണക്കുകൂട്ടുന്നു.സിപിഎം നേതൃത്വത്തിന്റെയും, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരുടെ നിർലോഭ പിന്തുണയും ഈ നീക്കത്തിനുണ്ട്. നിലവിലുള്ള ചെറുകിട മുസ്ലിം രാഷ്ട്രീയ പാർട്ടികളായ ഇന്ത്യൻ നാഷണൽ ലീഗ്, പി.ടി.എ റഹീമിന്റെ നാഷണൽ സെക്കുലർ കോൺഫറൻസ് എന്നിവ പുതിയ പാർട്ടിയിൽ ലയിക്കും.

മേൽപറഞ്ഞ പാർട്ടികളെ കൂടാതെ, തമിഴ്‌നാട്ടിലെ മുസ്ലിം പാർട്ടികളായ മനിതെയാ മക്കൾ കട്ച്ചി, തമിഴ്‌നാട് മുസ്ലിം മുന്നേറ്റ കഴകം, ഹൈദരാബാദിലെ മജ്‌ലിസ് ബചാവോ തെഹ്രീക്, മഹാരാഷ്ട്രയിലെ ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാർട്ടി, ഉത്തർപ്രദേശിലെ പാർട്ടികളായ പീസ് പാർട്ടി ഓഫ് ഇന്ത്യ, ക്വമി ഏകത ദൾ , ഓൾ ഇന്ത്യ മുസ്ലിം മജ്ലിസ്, ഓൾ ഇന്ത്യ മുസ്ലിം ഫോറം, പർച്ചം പാർട്ടി ഓഫ് ഇന്ത്യ, നാഷണൽ ലോക്താന്ത്രിക് പാർട്ടി, മോമിൻ കോൺഫറൻസ്, ഇത്തിഹാദ്-ഇ-മില്ലത് കൗൺസിൽ, പശ്ചിമ ബംഗാളിലെ പ്രോഗ്രസ്സിവ് മുസ്ലിം ലീഗ്, അസമിലെ യുണൈറ്റഡ് മൈനോറിറ്റീസ് ഫ്രണ്ട് എന്നീ കക്ഷികളും പുതിയ പാർട്ടിയിൽ ലയിക്കും.പാർട്ടിക്ക് കേരളം കൂടാതെ തമിഴ്‌നാട് , കർണാടക, തെലങ്കാന, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഡൽഹി, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ഘടകങ്ങൾ ഉണ്ടായിരിക്കും.

അതേസമയം പുതിയ വാർത്തകളോട് സിപിഎം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജലീൽ പുതിയ പാർട്ടിയുണ്ടാക്കുന്നത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നതയുണ്ടെന്നും സൂചനയുണ്ട്. ജലീലിനെ സിപിഎം സ്വതന്ത്രനായി നിലനിർത്താനാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ ആഗ്രഹം.പുതിയ വാർത്തകളോട് മന്ത്രി ജലീൽ പ്രതികരിച്ചിട്ടില്ല. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പും മറ്റുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നുവരുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നു.

അതേസമയം ജലീൽ വഴി ലീഗിന് ബദൽ ഉണ്ടാക്കുക എന്ന സമീപനം സിപിഎമ്മിന് ഇല്ലെന്ന സൂചനയാണ് എൽഡിഎഫ് കൺവീനർ കെ ടി ജലീലൽ പറയുന്നത്. കെ.ടി ജലീൽ സിപിഎം പിന്തുണയുള്ള ഇടത് സ്വതന്ത്രനാണ്. ജലീലിന്റെ പേരിൽ അഭ്യൂഹങ്ങൾ വേണ്ടെന്നും എ വിജയരാഘവൻ പറഞ്ഞു. പാർലമെന്റെ തെരഞ്ഞെടുപ്പിന് മുൻപ് കേരളത്തിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടക്കുന്നു. കേന്ദ്ര സർക്കാർ സംസ്ഥാനത്തെ അവഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP