Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ക്യാബിനറ്റ് പദവികൾ നൽകി ഇഷ്ടക്കാരെ പൂമൂടാനുള്ള പിണറായി സർക്കാരിന്റെ അടങ്ങാത്ത ദാഹത്തിന് അറുതിയില്ല; സിപി.സുധാകര പ്രസാദിനും ക്യാബിനറ്റ് പദവി നൽകാൻ ആലോചന; പദവി അഡ്വ.ജനറലിന്റേത് ഭരണഘടനാപദവി ആയതിനാലെന്ന് ന്യായീകരണം; മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്തതായി മനോരമ റിപ്പോർട്ട്; നീക്കം വേലപ്പൻ നായരെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറാക്കാനും റബ്‌കോയുടെ കിട്ടാക്കടം ഏറ്റടുക്കാനുമുള്ള വിവാദതീരുമാനങ്ങൾക്ക് പിന്നാലെ

ക്യാബിനറ്റ് പദവികൾ നൽകി ഇഷ്ടക്കാരെ പൂമൂടാനുള്ള പിണറായി സർക്കാരിന്റെ അടങ്ങാത്ത ദാഹത്തിന് അറുതിയില്ല; സിപി.സുധാകര പ്രസാദിനും ക്യാബിനറ്റ് പദവി നൽകാൻ ആലോചന; പദവി അഡ്വ.ജനറലിന്റേത് ഭരണഘടനാപദവി ആയതിനാലെന്ന് ന്യായീകരണം; മന്ത്രിസഭായോഗം വിഷയം ചർച്ച ചെയ്തതായി മനോരമ റിപ്പോർട്ട്; നീക്കം വേലപ്പൻ നായരെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറാക്കാനും റബ്‌കോയുടെ കിട്ടാക്കടം ഏറ്റടുക്കാനുമുള്ള വിവാദതീരുമാനങ്ങൾക്ക് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഡ്വ.ജനറൽ സിപി.സുധാകര പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ നീക്കം. അഡ്വ. ജനറലിന്റേത് സുപ്രധാന ഭരണഘടനാ പദവിയായതിനാലാണ് കാബിനറ്റ് പദവി നൽകാൻ ആലോചിക്കുന്നത്. മന്ത്രിസഭായോഗം ഇക്കാര്യം ചർച്ച ചെയ്തതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഉല്ലാസ് ഇലങ്കത്താണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഹൈക്കോടതിയിൽ സർക്കാരിന്റെ സ്‌പെഷ്യൽ ലെയ്‌സൺ ഓഫീസറായി വേലപ്പൻ നായരെ നിയമിച്ച വിവാദം ചൂടുപിടിച്ചിരിക്കുമ്പോഴാണ് സർക്കാരിന്റെ പുതിയ നീക്കം. ഇതിന് പുറമേ കേരളാ ബാങ്കിന്റെ രൂപീകരണത്തിന്റെ പേരിൽ സി പി എം നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനമായ റബ്‌കോ വരുത്തി വച്ച 238 കോടി കിട്ടാക്കടം ഏറ്റെടുക്കാനുള്ള സർക്കാരിന്റെ തിരുമാനം വിവാദമായി.

മുൻ ആറ്റിങ്ങൽ എംപികൂടിയായ എ സമ്പത്തിന് ക്യാബിനറ്റ് പദവിയോടെ നിയമനം നൽകിതിന് പിന്നാലെയാണ് വേലപ്പൻ നായരുടെ നിയമനം നടന്നത്. സമ്പത്തിനെ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായാണ് ഡൽഹിയിൽ നിയമിച്ചിരിക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് സമ്പത്തിന്റെ നിയമനം. സുധാകര പ്രസാദിന് ക്യാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചാൽ, ഖജനാവിൽ നിന്ന് കൂടുതൽ പണം ചോരില്ലെന്നാണ് ഉന്നതനിയമവൃത്തങ്ങൾ പറയുന്നത്. എജിയുടെ പദവി മാത്രമാണ് മാറുക. ശമ്പളം കൂടില്ല. പേഴ്‌സണൽ സ്റ്റാഫ് അടക്കം ജീവനക്കാർ എജി ഓഫീസിൽ ആവശ്യത്തിന് ഉള്ളതുകൊണ്ട് തന്നെ കൂടുതൽ ജീവനക്കാരുടെ ആവശ്യം വരില്ല. അതുകൊണ്ച് തന്നെ ഖജനാവിൽ നിന്ന് കൂടുതൽ പണം നൽകേണ്ടി വരില്ലെന്നും നിയമവൃത്തങ്ങൾ സൂചിപ്പിക്കുന്നു.

സംസ്ഥാന സർക്കാരിനുവേണ്ടി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും കേസുകൾ കൈകാര്യം ചെയ്യുന്നതും സർക്കാരിനു നിയമോപദേശം നൽകുന്നതും സംസ്ഥാനത്തെ 'ഒന്നാമത്തെ അഭിഭാഷകനായ' അഡ്വ. ജനറലാണ്. സുപ്രധാന കേസുകളിൽ സംസ്ഥാന സർക്കാരിനുവേണ്ടി കോടതിയിൽ ഹാജരാകുന്നതും അഡ്വ. ജനറലാണ്. നിയമസഭാ സമ്മേളനത്തിൽ പ്രതിനിധിയായി ഇദ്ദേഹത്തിനു പങ്കെടുക്കാം. സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്റെ കേസുകൾ കൈകാര്യം ചെയ്യുന്ന സ്റ്റാൻഡിങ് കൗൺസിലിനു നിർദ്ദേശങ്ങൾ നൽകുന്നതും കേസുകളിൽ ഏതെല്ലാം അഭിഭാഷകർ ഹാജരാകണമെന്നു തീരുമാനിക്കുന്നതും അഡ്വ.ജനറലാണ്. 5 വർഷമാണ് കാലാവധി.
മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌ക്കാര കമ്മിഷൻ അധ്യക്ഷനുമായ വി എസ്.അച്യുതാനന്ദൻ, മുന്നോക്കക്ഷേമ കോർപ്പറേഷൻ ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള, ഡൽഹിയിലെ സംസ്ഥാന പ്രതിനിധി എ.സമ്പത്ത് എന്നിവർക്ക് നിലവിൽ കാബിനറ്റ് പദവി നൽകിയിട്ടുണ്ട്.

2016ലാണ് അഭിഭാഷകവൃത്തിയിൽ 55 വർഷത്തെ അനുഭവ സമ്പത്തുള്ള സി.പി.സുധാകര പ്രസാദിനെ അഡ്വ. ജനറലായി നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്. തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിയാണ്. അഡ്വ.ജനറലിനു പുറമേ രണ്ട് അഡീഷനൽ എജിമാർ പ്രവർത്തിക്കുന്നുണ്ട്. ക്രിമിനൽ കേസുകൾ നടത്താൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും ഹൈക്കോടതിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാൻ സ്റ്റേറ്റ് അറ്റോണിയുമുണ്ട്. ഹൈക്കോടതിയിൽ സീനിയർ അഭിഭാഷകനായ അദ്ദേഹം കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്തും എജിയായി പ്രവർത്തിച്ചിരുന്നു. ഓൾ ഇന്ത്യാ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡണ്ടുമാണ് അദ്ദേഹം.സുധാകരപ്രസാദ് സർവ്വീസ്, ഭരണഘടനാ നിയമങ്ങളിലും ക്രിമിനൽ നിയമത്തിലും ഒരേ പോലെ മികച്ച പാടവം കാഴ്‌വച്ചിട്ടുള്ള അഭിഭാഷകനാണ്.

കേരള ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി സുബ്രഹ്മണ്യംപോറ്റി അഭിഭാഷകനായിരിക്കേ അദ്ദേഹത്തിന്റെ ജൂനിയറായാണ് ഹൈക്കോടതിയിൽ പ്രാക്ടീസ് തുടങ്ങിയത്. സുബ്രഹ്മണ്യംപോറ്റി ഹൈക്കോടതി ജഡ്ജിയായപ്പോൾ, അഡ്വ. കെ സുധാകരനൊപ്പം പ്രാക്ടീസ് തുടർന്നു. അഡ്വ. കെ സുധാകരൻ പിന്നീട് അഡ്വക്കറ്റ് ജനറലായി. 1983ൽ സി പി സുധാകരപ്രസാദിന്റൈ പേര് ഹൈക്കോടതി ജഡ്ജിസ്ഥാനത്തേക്ക് പരിഗണിച്ചുവെങ്കിലും അന്നത്തെ കെ കരുണാകരൻ മന്ത്രിസഭയുടെ എതിർപ്പിനെത്തുടർന്ന് ജഡ്ജിയാകാനായില്ല. ആദ്യകാലത്ത് ഭരണഘടനാ നിയമങ്ങളിലും സർവ്വീസ് നിയമങ്ങളിലും ഭരണനിയമരംഗത്തുമാണ് പ്രാവീണ്യം തെളിയിച്ചിരുന്നത്. പിന്നീട് ക്രിമിനൽ നിയമമേഖലയിലും മികച്ച പാടവം കാഴ്ചവച്ചു. ദേനാ, കനറാ ബാങ്കുകളുടെ നിയമ ഉപദേശകനായിരുന്നു. കാലിക്കറ്റ് സർവ്വകലാശാലാ സ്റ്റാൻഡിങ് കോൺസലായും പ്രവർത്തിച്ചിട്ടുണ്ട്.

സർക്കാർ കക്ഷിയാവുന്ന കേസുകളുടെ മേൽനോട്ടത്തിനും നിരീക്ഷണത്തിനുമായി എ. വേലപ്പൻനായരെ സ്പെഷ്യൽ ലെയ്സൺ ഓഫീസറായി നിയമിച്ചതു വിവാദത്തിലായിരുന്നു. കേസ് നടത്താനും നിരീക്ഷിക്കാൻ അഡ്വക്കേറ്റ് ജനറലുണ്ട്. ഇത് പോരാഞ്ഞിട്ട് എല്ലാ കോടതിയിലും പ്രോസിക്യൂട്ടർമാരും. എന്നിട്ടും പ്രത്യേക അഭിഭാകൻ ലെയ്‌സൺ ഓഫീസറാകുന്നു. മാസം 1,10,000 രൂപയാണു ശമ്പളം. മറ്റ് ചെലവുകൾ വേറേയും. ആറ്റിങ്ങലിൽ തോറ്റ മുൻ എംപി സമ്പത്തിനെ ഡൽഹിയിൽ ലെയ്‌സൺ ഓഫീസറാക്കിയ മാതൃകയിലാണ് പുതിയ നിയമനം. ഇത് ധൂർത്താണെന്നാണ് ഉയരുന്ന വാദം. ഹൈക്കോടതിയിലെ അഭിഭാഷകർക്കും വേലപ്പൻനായരെ കുറിച്ച് അറിയില്ല. ഇതോടെയാണ് ഇക്കാര്യത്തിൽ മറുനാടൻ അന്വേഷണം നടത്തിയത്. പിണറായി ഉൾപ്പെടെയുള്ളവരുടെ അതിവിശ്വസ്തനാണ് വേലപ്പൻനായർ. അതുകൊണ്ടാണ് നിയമനം.

സുശീലാ ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെ മന്ത്രിയുടെ പെഴ്സണൽ സ്റ്റാഫിലുണ്ടായിരുന്നു വേലപ്പൻനായർ. എളമരം കരീം മന്ത്രിയായപ്പോഴും പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്നു. അങ്ങനെ നയനാർ-വി എസ് മന്ത്രിസഭകളുമായി ചേർന്ന് പ്രവർത്തിച്ച സഖാവാണ് വേലപ്പൻ നായർ. ജനപ്രതിനിധികളുമായി വളരെ ചെറുപ്പം മുതൽ അടുത്ത് പ്രവർത്തിച്ചിട്ടുമുണ്ട്. വി.കെ.കൃഷ്ണമേനോൻ എംപിയായി തിരുവനന്തപുരത്ത് ഉണ്ടായിരുന്നപ്പോൾ മരിക്കും വരെ കൂടെയുണ്ടായിരുന്നത് ഈ കളരി ഗുരുക്കളായിരുന്നു. സിപിഎമ്മുമായുള്ള അടുപ്പമാണ് വേലപ്പൻ നായരെ വീണ്ടും സർക്കാരിന്റെ ഭാഗമാക്കുന്നത്. വിദ്യാർത്ഥി രാഷ്്ട്രീയത്തിലൂടെ സിപിഎമ്മിനോട് അടുത്ത വേലപ്പൻനായർക്ക് എകെജിയുമായും അടുത്ത ബന്ധമുണ്ട്.

എകെജി തിരുവനന്തപുരത്ത് വരുമ്പോൾ എകെജിയുടെ സഹായിയായി വേലപ്പൻനായരെയാണ് പാർട്ടി നിയോഗിച്ചത്. എകെജി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് മരിക്കുമ്പോൾ എകെജിയുടെ തൊട്ടടുത്ത് ഉണ്ടായിരുന്നതും വേലപ്പൻനായരായിരുന്നു. ഈ പരിചയമാണ് മന്ത്രിയായപ്പോൾ പെഴ്സണൽ സ്റ്റാഫിലേക്ക് പരിഗണിക്കാൻ സുശീലാ ഗോപാലന് പ്രേരണയായത്. വ്യവസായ വകുപ്പ് മന്ത്രിയായിരുന്നു സുശീലാ ഗോപാലൻ. ഇത് കണക്കിലെടുത്താണ് എളമരം വ്യവാസായ മന്ത്രിയായപ്പോൾ വേലപ്പൻനായർ സ്റ്റാഫ് അംഗമായത്. ഇത്തവണ പിണറായി മുഖ്യമന്ത്രിയായപ്പോഴും വേലപ്പൻനായർ മന്ത്രിമാർക്കൊപ്പമെത്തുമെന്ന് വിലയിരുത്തി. എന്നാൽ പ്രായധിക്യം കാരണം ഉൾപ്പെടുത്തിയില്ല. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ നിയമനം. വേലപ്പൻനായരുടെ അടുത്ത ബന്ധു എസ് ശർമ്മയുടെ വിശ്വസ്തനാണ്.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാൻ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതനുസരിച്ചാണ് ഉത്തരവ്. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ലെയ്സൺ ഓഫീസർ പ്രവർത്തിക്കുക. അവിടെ പ്രത്യേക ഓഫീസും ഒരുക്കും. ഇതിന് വേറെ ചെലവുകളും വരും. രണ്ട് നിയന്ത്രണ കേന്ദ്രങ്ങളും ഫലത്തിൽ ഉടലെടുക്കും. ഇതെല്ലാം കേസുകളെ പ്രതികൂലമായി ബാധിക്കും. ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡറുടെ സേവന, വേതന വ്യവസ്ഥകളാണ് ലെയ്സൺ ഓഫീസർക്കും നിശ്ചയിച്ചിട്ടുള്ളത്. വേതനമായി 76,000, ടെലിഫോൺ, ഇന്റർനെറ്റ് ബത്ത എന്നിവയായി ആയിരം, യാത്രാബത്തയായി 19,000, അനുകാലിക പ്രസിദ്ധീകരണങ്ങൾക്കും പുസ്തകങ്ങൾക്കുമായി 14,000 രൂപയും അടങ്ങുന്നതാണ് മൊത്തശമ്പളം. എന്തിനാണ് ഈ നിയമനം എന്ന ചോദ്യത്തിന് ഇനിയും സർക്കാരിന് കൃത്യമായ ഉത്തരമില്ല.

സാധാരണ കേരളത്തിലെ മുഖ്യമന്ത്രിമാർ നിയമോപദേഷ്ടാവിനെ നിയമിക്കുക പതിവില്ല. അഡ്വക്കേറ്റ് ജനറലിനെയാണ് നിയമിക്കാറുള്ളത്. ഈ പതിവ് തെറ്റിച്ചാണ് ഡോ എൻകെ ജയകുമാറാണ് നിയമോപദേഷ്ടാവ്. കോലിയക്കോട് കൃഷ്ണൻ നായരുടെ അടുത്ത ബന്ധവുമാണ് ഇദ്ദേഹം. തുടക്കത്തിൽ മുഖ്യമന്ത്രിയുടെ സ്‌പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ഇദ്ദേഹം. പിന്നീട് നിയമോപദേഷ്ടാവായി മാറി. ഇത്തരത്തിലൊരു വ്യക്തിയുള്ളപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യൽ ലെയ്സൺ ഓഫീസറുടെ തസ്തിക സൃഷ്ടിച്ചത്. എന്നാൽ വേലപ്പൻ നായര്ക്ക് ഓഫീസ് അനുവദിച്ചതു കൊച്ചിയിലെ അഡ്വക്കേറ്റ് ജനറൽ ഓഫീസിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP