Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനാവാൻ ലീഗിൽ കൂട്ടയോട്ടം; സ്ഥാനാർത്ഥിയാകാൻ പഴയവരും പുതിയവരും തമ്മിൽ മത്സരം; ഒരു വശത്ത് മജീദ്, രണ്ടത്താണി, ബാവഹാജി; പി കെ ഫിറോസിനൊപ്പം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അസ്ലുവും നാട്ടുകാരൻ ഷരീഫ് കുറ്റൂരും മറുവശത്ത്

കുഞ്ഞാലിക്കുട്ടിക്കു പകരക്കാരനാവാൻ ലീഗിൽ കൂട്ടയോട്ടം; സ്ഥാനാർത്ഥിയാകാൻ പഴയവരും പുതിയവരും തമ്മിൽ മത്സരം; ഒരു വശത്ത് മജീദ്, രണ്ടത്താണി, ബാവഹാജി; പി കെ ഫിറോസിനൊപ്പം കുഞ്ഞാലിക്കുട്ടിയുടെ ബന്ധു അസ്ലുവും നാട്ടുകാരൻ ഷരീഫ് കുറ്റൂരും മറുവശത്ത്

എം പി റാഫി

മലപ്പുറം: കൊടുങ്കാറ്റടിച്ചാലും മറിഞ്ഞുവീഴില്ലെന്ന് ലീഗിന് അത്ര ഉറപ്പാണ് വേങ്ങര മണ്ഡലം. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങര മണ്ഡലം വിട്ട് ഡൽഹിയിലേക്കു പറക്കുമ്പോൾ പകരക്കാരൻ ആരാകണമെന്ന് ചർച്ച തുടങ്ങിയപ്പോൾ ആരെ സ്ഥാനാർത്ഥിയാക്കണമെന്ന കാര്യത്തിൽ അന്തംവിട്ടുനിൽ്ക്കുകയാണ് പാർട്ടി. പ്രവാസി, യുവജന സംഘടനാ പ്രതിനിധികൾ മുതൽ പ്രാദേശിക വാദം ഉയർത്തി മണ്ഡലത്തിനുള്ളിലെ നേതാക്കൾ വരെ സീറ്റിനായുള്ള ചരടുവലിയിലാണ്. വേങ്ങര മുസ്ലിംലീഗിന്റെ ഉറച്ച സീറ്റാണെന്നതിനാൽ നേതാക്കളിൽ നേരിട്ടെത്തി സമ്മർദം ചെലുത്തിയും പിന്തുണക്കുന്നവർ മുഖേന പേരുകൾ പ്രചരിപ്പിച്ചും സ്ഥാനാർത്ഥിത്വം ഉറപ്പാക്കാനുള്ള ഞെട്ടോട്ടത്തിലാണ് നേതാക്കൾ. നേരത്തെ ഉയർന്നു കേട്ട പേരുകൾക്കു പുറമെ ദിവസവും പുതിയ പേരുകൾ ഉയർന്നു വരുന്നുണ്ട്. സോഷ്യൽ മീഡിയകൾ വഴിയും അണികൾ ഇഷ്ടപ്പെട്ട നേതാക്കൾക്കായി പ്രചാരണവും ശക്തമാക്കിയിരിക്കുകയാണ്.

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നീ പേരുകളായിരുന്നു തുടക്കം മുതൽ ഉയർന്ന് കേട്ടിരുന്നത്. പുതുമുഖം വരണമെന്ന് ശക്തമായി ആവശ്യമുണ്ടെങ്കിലും പഴയ ആളുകൾ തന്നെ മത്സരിച്ചാൽ മതിയെന്ന നിലപാടിലാണ് നേതൃത്വം. ഇങ്ങനെ വന്നാൽ യുവ നേതാവ് എന്ന നിലയിൽ ഏറെ സാധ്യത കൽപിച്ചിരുന്ന ഫിറോസ് യൂത്ത് ലീഗ് സെക്രട്ടറിയായി തന്നെ തുടരേണ്ടി വരും. എന്നാൽ മുതിർന്ന നേതാക്കളുടെ വൻനിര തന്നെ സ്ഥാനാർത്വിത്വത്തിനായി രംഗത്തുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദിനായിരിക്കും മുൻഗണന. മജീദ് മത്സര രംഗത്ത് നിന്ന് മാറുകയാണെങ്കിൽ ലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി കെ.എൻ.എ ഖാദർ, മുൻ എംഎ‍ൽഎ അബ്ദുറഹിമാൻ രണ്ടത്താണി, സംസ്ഥാന സെക്രട്ടറി സിപി ബാവഹാജി എന്നിവരെയായിരിക്കും പരിഗണിക്കുക. അതേസമയം, പ്രാദേശിക വാദമുയർത്തി കുഞ്ഞാലിക്കുട്ടിയുടെ സഹോദര പുത്രനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പി.കെ അസ് ലു, യൂത്ത് ലീഗ്് നേതാവ് ഷരീഫ് കുറ്റൂർ എന്നീ പേരുകളും ഉയർത്തിക്കാട്ടുന്നുണ്ട്. വേങ്ങരയിൽ നിന്നുള്ള വലിയ വിഭാഗം തന്നെ പ്രാദേശി വാദമുയർത്തി ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. അതേസമയം ഒരുവിഭാഗം മുതിർന്ന നേതാക്കൾക്കിടയിൽ കെപിഎ മജീദ് മത്സരിക്കണമെന്ന അഭിപ്രായമുണ്ട്. എന്നാൽ എം.എസ്.എഫ്, യൂത്ത് ലീഗ് ഘടകങ്ങൾ പികെ ഫിറോസിന് സീറ്റ് നൽകണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ്.

കെഎംസിസി നേതാക്കൾക്കായി ഉന്നത നേതാക്കൾ മുഖേനയും ചരടുവലി ശക്തമാണ്. കെഎംസിസി യു.എ.ഇ നാഷണൽ കമ്മിറ്റി നേതാക്കളായ പുത്തൂർ റഹ്മാൻ, ഇബ്രാഹീം എളേറ്റിൽ, പികെവി യൂസുഫ് എന്നിവർക്കു വേണ്ടി എംഎൽഎമാരും നേതാക്കളും മുഖേന ശക്തമായ സമ്മർദം നടത്തുന്നുണ്ട്. വിവിധ കെഎംസിസി ഘടകങ്ങളെ അണിനിരത്തി സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമമാണ് കെഎംസിസി നേതാക്കൾ പയറ്റുന്നത്. കെഎംസിസി നേതാവ് പാറക്കൽ അബ്ദുള്ള കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമസഭയിലെത്തിയിരുന്നു. മലപ്പുറം ജില്ലയിലെ ഏറെ പ്രവാസികളുള്ള വേങ്ങരയിൽ നിന്നും ഒരു കെഎംസിസി നേതാവിനെ പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം.

മെയ്‌ 13ന് നക്കുന്ന മുസ്ലിംലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗത്തിൽ സ്ഥാനാർത്ഥിത്വം സംബന്ധിച്ച കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഇതിനു മുമ്പായി സ്ഥാനാർത്ഥിത്വം ഉറപ്പാക്കാനായി കിണഞ്ഞു പരിശ്രമിക്കുകയാണ് നേതാക്കൾ. സീറ്റുറപ്പിക്കാനായി പാണക്കാടെത്തി കഴിഞ്ഞ ദിവസം ചർച്ചയും സജീവമായിരുന്നു. ലീഗുമായി അടുപ്പമുള്ള മതസംഘടനാ നേതാക്കൾ മുഖേനയും സമ്മർദം ചെലുത്തുന്നുണ്ട്.

നിയമസഭാ കക്ഷിനേതാവായി ഡോ.എം.കെ മുനീറിനെ കഴിഞ്ഞദിവസം ചേർന്ന ലീഗ് പാർലമെന്ററി ബോഡ് യോഗം ചുമതലപ്പെടുത്തിയിരുന്നു. ഉപനേതാവായി വി കെ ഇബ്രാഹീംകുഞ്ഞിനെയും സെക്രട്ടറിയായി ടിഎ അഹമദ് കബീറിനെയും ഈ യോഗം ചുമതലപ്പെടുത്തിയിരുന്നു. വേങ്ങരയിൽ ഭൂരിപക്ഷവും കടുത്ത മത്സരവും കാഴ്ചവെക്കേണ്ടത് ലീഗിന്റെ അഭിമാന പ്രശ്നമായതിനാൽ കെപിഎ മജീദ് മത്സരത്തിൽ നിന്നും പിന്മാറുമെന്ന സൂചനയുണ്ട്. എം.കെ മുനീറിനെ കക്ഷിനേതാവായി ചുമതല നൽകിയ സാഹചര്യവും പെട്ടന്നുണ്ടായതോടെയാണ് കൂടുതൽ പേർ സീറ്റിനായി രംഗത്തെത്തിയിട്ടുള്ളത്.

കിട്ടിയാൽ ഒരു സീറ്റ് എന്ന നിലയിലാണ് എല്ലാവരും ശ്രമം തുടരുന്നത്. എന്നാൽ സീറ്റിനായുള്ള അവസകാശവാദവുമായി കൂടുതൽ പേർ എത്തുന്നത് പാർട്ടി നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. സീറ്റിനായി നേതാക്കളെ സമീപിച്ച് രംഗത്തുള്ളവരെ പിണക്കാതെ തീരുമാനമെടുക്കുക എന്നത് സ്ഥാനാർത്ഥി തീരുമാനത്തിലെ പ്രധാന കടമ്പയാണ്. ശക്തമായ മത്സരം നടത്തി ഭൂരിപക്ഷം വർധിപ്പിക്കുന്നയാൾ മത്സരിക്കണമെന്നാണ് പാർട്ടിയുടെ പൊതുവികാരം. ഇത് പ്രാവർത്തികമാക്കുമ്പോൾ തന്നെ എല്ലാവർക്കും സമ്മതിതനായ ഒരാളെ പരിഗണിക്കുകയാണ് നേതാക്കൾക്കിടയിലെ ധാരണ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP