Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പിണറായി ഒഴിയുന്ന സെക്രട്ടറി കസേരയിൽ പകരം എത്തുന്നതാര്? കണ്ണുവച്ച് കോടിയേരിയും ഐസക്കും ബേബിയും; പ്രതിസന്ധികൾക്ക് നടുവിൽ സിപിഐ(എം) സമ്മേളനങ്ങളിലേക്ക് കടക്കുന്നു

പിണറായി ഒഴിയുന്ന സെക്രട്ടറി കസേരയിൽ പകരം എത്തുന്നതാര്? കണ്ണുവച്ച് കോടിയേരിയും ഐസക്കും ബേബിയും; പ്രതിസന്ധികൾക്ക് നടുവിൽ സിപിഐ(എം) സമ്മേളനങ്ങളിലേക്ക് കടക്കുന്നു

തിരുവനന്തപുരം: പ്രതിസന്ധികളിലൂടെയാണ് സിപിഐ(എം) എന്ന രാഷ്ട്രീയ പ്രസ്ഥാനം കടന്നു പോകുന്നത്. കോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്നു. പ്രത്യയശാസ്ത്രത്തിനപ്പുറമുള്ള വിവാദങ്ങൾ പിടിച്ചുലയ്ക്കുന്ന സംഘടനയുടെ പ്രധാന ദൗർബല്യം വിഭാഗീയത തന്നെയാണ്. പാലക്കാട്ടെ സമ്മേളന വേദിയിൽ സിഐടി.യുവിനെ വെട്ടി നിരത്തി വി എസ്. അച്യുതാനന്ദൻ തുടങ്ങിയ പ്രതികാര നടപടികൾ ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലുമുണ്ട്. പാലക്കാട്ടെ വിജയിയാണ് ഇന്ന് മറുപക്ഷത്ത് എന്നുമാത്രം.

മലപ്പുറം സമ്മേളനത്തോടെ പിണറായി വിജയനെന്ന സെക്രട്ടറിയുടെ കരങ്ങളിൽ സിപിഐ(എം). സംസ്ഥാന നേതൃത്വം എത്തി. ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ് വി.എസിനെ അരിഞ്ഞു വീഴ്‌ത്തി മലപ്പുറത്ത് മേധാവത്വം നേടാൻ പിണറായിയെ സഹായിച്ചത്. സംഘടനാ സംവിധനത്തിന്റെ കരുത്തിൽ പിണറായി വി എസ്. പക്ഷത്തിന്റെ ചിറകരിഞ്ഞു.

അത്തരമൊരു പക്ഷമിന്ന് സി.പിഎമ്മിലില്ല. എന്നാൽ വി എസ് അച്യുതാനന്ദൻ നടത്തുന്ന ഒറ്റയാൾ വിമർശനങ്ങൾ ഇന്നും തുടരുന്നു. അതിനിടെയിലേക്കാണ് എം.എ. ബേബിയുടെ വരവ്. കൊല്ലം ലോക്‌സഭാ സീറ്റിലെ തന്റെ തോൽവിക്ക് ബേബി പ്രതിക്കൂട്ടിൽ നിർത്തുന്നത് പിണറായി വിജയനെ തന്നയാണ്. അതുകൊണ്ട് തന്നെ പുതിയ ശാക്തിക ചേരി സിപിഎമ്മിൽ നേതൃത്വത്തിനെതിരെ സജീവമാണിപ്പോൾ

ഇത്തരം പ്രതിസന്ധി ഘട്ടത്തിലാണ് സിപിഎമ്മിലെ സംഘടനാ തെരഞ്ഞെടുപ്പ് എത്തുന്നത്. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ നാളെ തുടങ്ങുമെന്നാണ് സിപിഐ(എം). പറയുക. എന്നാൽ പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള വെറും ഒത്തു ചേരലായി ബ്രാഞ്ച് സമ്മേളനങ്ങൾ ഒരുകാലത്തും ചേർന്നിട്ടില്ല. മറിച്ച് സംസ്ഥാന നേതൃത്വത്തെ കൈപ്പിടിയിൽ ഒതുക്കാനുള്ള ചർച്ചകളും വിഭാഗിയത ഉയർത്തുന്ന മത്സരവുമെല്ലാം തുടങ്ങുന്നത് ബ്രാഞ്ച് സമ്മേളനത്തിൽ നിന്നാണ്. താഴെ ഘടകത്തിലെ പ്രവർത്തകർ ഒരുമിച്ച് നിന്ന് മാത്രമേ പാർട്ടിക്ക് മുന്നിലെ വെല്ലുവിളികളെ അതിജീവിക്കാനാകൂ എന്ന് കേന്ദ്ര നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ വിഭാഗീയത തടയുന്നതിന് കരുതൽ വേണമെന്നാണ് നിർദ്ദേശം. ഇതിനായി സംസ്ഥാന നേതൃത്വം മുന്നോട്ടുെവച്ച മാർഗരേഖയിലെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഏരിയാ കമ്മറ്റികൾ പ്രത്യേകമായി ഉറപ്പാക്കണമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയും ചെയ്തു. എല്ലാ ബ്രാഞ്ച് സമ്മേളനങ്ങളിലും ഒരു ഏരിയാ കമ്മറ്റിയംഗം നിർബന്ധമായി പങ്കെടുത്തിരിക്കണമെന്നും സെക്രട്ടേറിയറ്റ് യോഗം നിർദേശിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി ബ്രാഞ്ച് സമ്മേളനങ്ങളുടെ ഉദ്ഘാടനച്ചടങ്ങിൽ പാർട്ടി അനുഭാവികളെയും മുൻകാല പാർട്ടിപ്രവർത്തകരെയും പങ്കെടുപ്പിക്കും. മുമ്പ് പാർട്ടി അംഗങ്ങളെ മാത്രമേ സമ്മേളനത്തിൽ പങ്കെടുപ്പിച്ചിരുന്നുള്ളൂ.

ഒക്ടോബർ ഒന്നിന് തുടങ്ങുന്ന ബ്രാഞ്ച് സമ്മേളനങ്ങൾ ഒക്ടോബർ 15നകം പൂർത്തിയാക്കണമെന്നാണ് നിർദ്ദേശം. ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള കാലയളവിൽ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയാകും. ലോക്കൽ, ഏര്യാ സമ്മേളനങ്ങൾ ഡിസംബറോടെ പൂർത്തിയാകും. ജില്ലാ സമ്മേളനങ്ങളുടെ തീയതിയും ഉടൻ പ്രഖ്യാപിക്കും. ലോക്കൽ, ഏര്യാ, ജില്ലാ സമ്മേളനങ്ങളിൽ വിഭാഗതിതയുടെ കണിക പോലും ഉയരരുതെന്നാണ് കേന്ദ്ര നേൃത്വത്തിന്റെ നിർദ്ദേശം. ഇതെല്ലാം സാധ്യമാകുമോ എന്ന ആശങ്ക സംസ്ഥാന നേതൃത്വത്തിൽ സജീവമാണെന്നതാണ് യാഥാർത്ഥ്യം.

ആലപ്പുഴയിലും ഏറണാകുളത്തും കാസർഗോഡും കൊല്ലത്തും ശക്തമായ ചർച്ചകളും മത്സരങ്ങളും പാർട്ടി സമ്മേളനത്തിൽ ഉയരാനാണ് സാധ്യത. വിഭാഗിതയ പൂർണ്ണ തോതിൽ ഇവിടെ ഇപ്പോഴുമുണ്ട്. ഇതിന്റെ ഗുണഫലത്തിനായി വി എസ്. അച്യുതാനന്ദനപ്പുറമുള്ള ചേരികളുമുണ്ട്. മൂന്ന് വർഷം ടേമെന്ന നിബന്ധന കർശനമാക്കുന്നതിനാൽ പിണറായി വിജയന് സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വരും. ഈ സ്ഥാനത്തേക്ക് കണ്ണും നട്ട് കൊടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള കണ്ണൂർ ലോബിയിലെ പ്രമുഖരുണ്ട്. എം.എ. ബേബി, തോമസ് ഐസക് എന്നിവരുടേയും നോട്ടം സെക്രട്ടറി കസേരയിലേക്കാണ്.

അതുകൊണ്ട് തന്നെ ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ഔദ്യോഗിക പക്ഷത്തിന് നിർണ്ണായകമാണ്. സംഘടനാ സംവിധാനം പൂർണ്ണമായും പിടിച്ചെടുത്ത് പ്രശ്‌ന രഹിതമായ അധികാര കൈമാറ്റമാണ് പിണറായി ലക്ഷ്യമിടുന്നത്. തന്റെ വിശ്വസ്തരിൽ ഒരാളെ സെക്രട്ടറിയാക്കണമെന്നാണ് പിണറായിയുടെ മനസ്സ്. എന്നാൽ ആരാണതെന്ന് പിണറായി പുറത്തു പറയുന്നുമില്ല. തന്റെ നോമിനെയെ സെക്രട്ടറിയാക്കാൻ നിലവിലെ പാർട്ടി സംവിധാനത്തിൽ പിണറായിക്ക് കഴിയുന്നതേയുള്ളൂ. എന്നാൽ വി എസ്. അച്യുതാനന്ദനെ മുൻനിർത്തി കരുക്കൾ നീക്കി പിണറായിയെ വെട്ടാൻ എം.എ. ബേബി എത്തുമെന്നാണ് അണിയറ സംസാരം. തോമസ് ഐസക്കും പിന്തുണയ്ക്കുമെന്നാണ് സൂചന.

ടി.പി.ചന്ദ്രശേഖരന്റെ കൊലപാതകവും കതിരൂർ മനോജ് വധവും കൊല്ലത്തെ പരനാറി പ്രയോഗവുമെല്ലാം ഔദ്യോഗിക പക്ഷത്തിനെതിരെ ഇക്കൂട്ടർ ആയുധമാക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയും പിണറായിയക്ക് വെല്ലുവിളിയാണ്. ബംഗാളിലും തകർന്നടിഞ്ഞതോടെ കേന്ദ്ര നേതൃത്വത്തിന് പഴയ ശക്തിയുമില്ല. ഈ സാഹചര്യം മുതലെടുത്ത് പിണറായി വിജയനെ വെട്ടിനിരത്തുന്നതിനുള്ള സജീവ ചർച്ചകൾ മറുക്യാമ്പിൽ തുടങ്ങിക്കഴിഞ്ഞു. ലോക്‌സഭാ സ്ഥാനാർത്ഥി നിർണ്ണയത്തിലുൾപ്പെടെ ഏകപക്ഷീയ തീരുമാനങ്ങൾ പാർട്ടി സെക്രട്ടറി അടിച്ചേൽപ്പിച്ചെന്ന വിമർശനം സമ്മേളനങ്ങളിൽ സജീവമാകുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP