Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തമിഴകത്തിൽ ഉള്ളത് കിടിലോസ്‌ക്കി ധനമന്ത്രി; ഐസക്കിന് പകരം കേരളത്തിൽ പണപ്പെട്ടി ആര് കൈകാര്യം ചെയ്യും? പി രാജീവിന്റെ പേര് ഉയർന്നു കേൾക്കുമ്പോഴും ഭരണരംഗത്തെ പരിചയമില്ലായ്മ വിനയാകുമോയെന്ന് ഭയം; വകുപ്പ് മുഖ്യമന്ത്രി തൽക്കാലം ഏറ്റെടുക്കാനും സാധ്യത; സുധാകരനെ ഒഴിവാക്കാൻ ഐസക്കിനെയും വെട്ടിയപ്പോൾ ധനകാര്യം കൈകാര്യം ചെയ്യാൻ പ്രമുഖനില്ലാത്ത അവസ്ഥ

തമിഴകത്തിൽ ഉള്ളത് കിടിലോസ്‌ക്കി ധനമന്ത്രി; ഐസക്കിന് പകരം കേരളത്തിൽ പണപ്പെട്ടി ആര് കൈകാര്യം ചെയ്യും? പി രാജീവിന്റെ പേര് ഉയർന്നു കേൾക്കുമ്പോഴും ഭരണരംഗത്തെ പരിചയമില്ലായ്മ വിനയാകുമോയെന്ന് ഭയം; വകുപ്പ് മുഖ്യമന്ത്രി തൽക്കാലം ഏറ്റെടുക്കാനും സാധ്യത; സുധാകരനെ ഒഴിവാക്കാൻ ഐസക്കിനെയും വെട്ടിയപ്പോൾ ധനകാര്യം കൈകാര്യം ചെയ്യാൻ പ്രമുഖനില്ലാത്ത അവസ്ഥ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ ഈമാസം 20ാം തീയ്യതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാൻ ഒരുങ്ങുകയാണ്. മന്ത്രിസഭയിൽ പ്രഗത്ഭരെ ഒഴിവാക്കി പുതുമുഖങ്ങൾക്ക് കൂടുതൽ അവസരം നൽകാനാണ് നീക്കമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മുഖ്യമന്ത്രിക്ക് പുറമേ മുൻ മന്ത്രിസഭയിൽ നിന്നും കെ കെ ശൈലജക്ക് മാത്രമേ ഈ മന്ത്രിസഭയിൽ അവസരം കൊടുക്കുകയുള്ളൂ എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ഇക്കാര്യത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല.

അതേസമയം കേരള ജനതയും പാർട്ടിയും ആകാംക്ഷയോടെ കാത്തിരിക്കുന്നത് രണ്ടാം പിണറായി സർക്കാറിൽ ആരാകും ധനകാര്യ മന്ത്രിസ്ഥാനത്ത് എത്തുക എന്നതാണ്. തോമസ് ഐസക്കിനെ പോലെ രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന സാമ്പത്തിക വിദഗ്ധൻ കൈകാര്യം ചെയ്യുന്ന വകുപ്പിൽ പിൻഗാമിയായി എത്തുന്നവർ ആരായാലും അവർക്ക് മുന്നിലുള്ളത് വൻ വെല്ലുവിളികളാണ്. കഴിഞ്ഞ സർക്കാറിലെ ജനകീയ നേട്ടങ്ങൾക്കെല്ലാം പിന്നിൽ ഐസക്കിന്റെ ബുദ്ധിയായിരുന്നു. സാമൂഹ്യ ക്ഷേമ പെൻഷന്റെ കാര്യത്തിലും കിഫ്ബി എന്ന ആശയം കൊണ്ടുവന്നതിലും അടക്കം ബുദ്ധികേന്ദ്രവും സർക്കാറിന്റെ ചാലക ശക്തിയുമായി പ്രവർത്തിച്ചത് ഐസക്കായിരുന്നു.

ഇങ്ങനെയുള്ള ഐസക്കിന് പകരക്കരാനായി മാധ്യമങ്ങളൂടെ ഉയർന്നുകേട്ട പേര് മുൻ രാജ്യസഭാ എംപിയായ പി രാജീവിന്റെ പേരാണ്. എന്നാൽ, ഭരണ രംഗത്ത് അത്രയ്ക്ക് പരിചയമില്ലാത്ത രാജീവിന് ധനകാര്യം പോലെ സുപ്രധാന വകുപ്പ് നൽകുന്നതിൽ രണ്ടഭിപ്രായം പാർട്ടിക്കുള്ളിൽ ഉണ്ട് താനും. ഐസക്കിന് പകരക്കാരനായി വൻ വെല്ലുവിളികൾ ഏറ്റെടുക്കാൻ അദ്ദേഹത്തിന് സാധിക്കുമോ എന്നതാണ് ഉയരുന്ന പ്രധാന ചോദ്യം.

അക്കാദമിക യോഗ്യതകളുടേയും രാഷ്ടീയാടിത്തറയുടെയും അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ 54 കാരനായ പി രാജീവ് തന്നെ രണ്ടാം പിണറായി സർക്കാറിലെ ധനമന്ത്രി സ്ഥാനത്തെത്തുവാനാണ് സാധ്യതകൾ. നിലവിൽ സിപിഐഎംന്റെ മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്റർ സ്ഥാനം വഹിക്കുന്ന പി രാജീവ് രാജ്യ സഭാ എംപിയായി രാഷ്ട്രീയത്തിന് അതീതമായ അഭിനന്ദനങ്ങൾ സ്വന്തമാക്കിയ വ്യക്തിയാണ്. എന്നാൽ, എംപി സ്ഥാനത്തിന് ഉപരിയായി കടുത്ത വെല്ലിവിളികളാണ് ധനകാര്യം കൈകാര്യം ചെയ്യുന്ന വ്യക്തി അഭിമുഖീകരിക്കേണ്ടി വരിക.

ക്ഷേമപെൻഷൻ കൃത്യമായി കൊണ്ടുപോകുന്നതിനൊപ്പം തന്നെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ പാലിച്ചു മുന്നോട്ടു പോകുന്നതിലും ധനമന്ത്രിക്ക് നിർണായക റോളുണ്ട്. കോവിഡ് കാലത്തെ സവിശേഷമായ സാമ്പത്തിക സാഹചര്യം കൈകാര്യം ചെയ്യുക എന്ന വെല്ലുവിളിയുമുണ്ട്. അതുകൊണ്ട് തന്നെ രാജീവിനെ വിശ്വസിച്ച് വകുപ്പ് ഏൽപ്പിക്കുന്നതിൽ രണ്ടഭിപ്രായമുണ്ട്. അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ വിദേശ വിദ്യാഭ്യാസം നേടിയ മിടുക്കാനായ വിദേശത്തെ ബാങ്കർ കൂടിയായ പളനിവേൽ ത്യാഗരാജനാണ് ധനമന്ത്രി സ്ഥാനത്ത് ഉള്ളത്.

അയൽനാട്ടിൽ പ്രശസ്തനായ വ്യക്തി ധനമന്ത്രി ആയിരിക്കവേ കേരളത്തിൽ ആ സ്ഥാനത്തിരിക്കാൻ യോഗ്യതയുള്ള വ്യക്തികൾ ഇല്ലെന്ന ആക്ഷേപം പൊതുസമക്ഷത്തിലുണ്ട്. ഐസക്കിന് രണ്ടാമൂഴം ലഭിച്ചിരുന്നെങ്കിൽ മറ്റൊരാളെ തേടേണ്ട അസ്ഥ ഉണ്ടാകുമായിരുന്നില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി തന്നെ ധനകാര്യ വകുപ്പ് കൈകാര്യം ചെയത്് ധനകാര്യ രംഗത്തെ ഉപദേശകരെയും നിയോഗിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുമുണ്ട്. മുൻപ് മുഖ്യമന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേഷ്ടാവായി ഇപ്പോൾ ഐഎംഎഫിലുള്ള ഗീതാ ഗോപിനാഥായിരുന്നു. അത്തരത്തിൽ ധനകാര്യ രംഗത്തെ പ്രമുഖവ്യക്തിയെ ഉപദേഷ്ടാവ് സ്ഥാനത്തു നിയമിച്ചു മുഖ്യമന്ത്രി തന്നെ വകുപ്പ് കൈകാര്യം ചെയ്യുന്നതിനെ കുറിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്.

അതേസമയം പി രാജീവ് മന്ത്രിയായി മതിയെന്നും സർക്കാറിന് പുറത്തായാലും ഐസക്കിന് നയരൂപീകരണത്തിൽ പങ്കുണ്ടാകുമെന്നും കരുതുന്നവരുണ്ട്. ഇടതു മുന്നണിയുടെ നയങ്ങൾ നടപ്പിലാക്കാൻ ആവശ്യമായ ഉപദേശങ്ങൾ പാർട്ടി തന്നെ നൽകുമ്പോൾ ആരാകും മന്ത്രിയെന്ന ചോദ്യം പ്രസക്തമല്ലെന്ന് വാദിക്കുന്നവരുണ്ട്. ഐസക്ക് പറഞ്ഞ കണക്ക് അനുസരിച്ച് 3000 കോടി രൂപ ട്രഷറിയിൽ നിലവിൽ മിച്ചമായുണ്ട്. അത് പരിഗണിക്കുമ്പോൾ ധനമന്ത്രിയായി സ്ഥാനമെടുക്കുകയാണെങ്കിൽ രാജീവിനെ കാത്തിരിക്കുന്നത് സുഖകരമായ ഒരു ഹണിമൂൺ പിരീഡ് ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

30,000 കോടി രൂപയുടെ ധനക്കമ്മിയുള്ള കേരളം പോലൊരു സംസ്ഥാനത്ത് സാമ്പത്തിക മേഖല നിയന്ത്രിക്കാനെത്തുന്ന വ്യക്തിക്ക് ഇത് വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ 8800 കോടി രൂപ സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിന് കീഴിൽ അനുവദിച്ചുണ്ട്. ഇതിന്റെ 50 ശതമാനത്തോളം സംസ്ഥാനത്തിന് കോവിഡ് രോഗ വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.

സർക്കാർ രൂപീകരണം പൂർത്തിയായ ഉടൻ തന്നെ പുതിയ അസംബ്ലിയിൽ ഒരു ബഡ്ജറ്റ് അവതരിപ്പിക്കേണ്ടതായി വരും. സാമൂഹ്യ സുരക്ഷാ പെൻഷനുകൾ ഉയർത്തുന്നതിലും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ആരോഗ്യമേഖലയിലെ കാര്യങ്ങൾക്കുമല്ലാതെ ഈ ബഡ്ജറ്റിൽ മറ്റ് പ്രധാന വകയിരുത്തലുകൾക്ക് പ്രാധാന്യമുണ്ടാകാൻ സാധ്യതയില്ല.

ധനമന്ത്രിയായി തെരഞ്ഞടുക്കയാണെങ്കിൽ പി രാജീവിന് മുന്നിൽ വലിയ വെല്ലുവിളിയാകുന്നത് 22-23 സാമ്പത്തിക വർഷവും അതിന് ശേഷമുള്ള സാമ്പത്തിക വർഷങ്ങളുമായിരിക്കും. എന്നാൽ ഉയർന്ന അക്കാദമിക യോഗ്യതകളും മികച്ച രാഷ്ട്രീയപ്രവർത്തകനുമായി അദ്ദേഹം ആ പ്രതിസന്ദികളെയെല്ലാം തന്റെ കഠിനാധ്വാനത്തിലൂടെ മറികടക്കുമെന്നാണ് പ്രതീക്ഷ.

വീണാ ജോർജ് , പി ചിത്തരഞ്ജൻ, വിഎൻ വാസവൻ, സജി ചെറിയാൻ, എവി അബ്ദുറഹ്മാൻ, എം ബി രാജേഷ്, നന്ദകുമാർ തുടങ്ങിയവർക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് സൂചനയുള്ളത്. കെകെ ശൈലജയെ മാറ്റിനിർത്തിയുള്ള പരീക്ഷണത്തിന് സിപിഎം തയ്യാറല്ല. അത് പാർട്ടിയുടെ ജനകീയാടിത്തറയ്ക്കും കോട്ടമുണ്ടാക്കും. ശൈലജ ആരോഗ്യ മന്ത്രിയായി തന്നെ തിരിച്ചെത്തും. മന്ത്രിസഭയിലെ രണ്ടാമനായി എംവി ഗോവിന്ദൻ എത്തും. വ്യവസായ മന്ത്രിസ്ഥാനമായിരിക്കും ലഭിക്കുക. ഇപി ജയരാജന് പകരമാണിത്. കേന്ദ്ര കമ്മിറ്റി അംഗം രാധാകൃഷ്ണനും ഇത്തവണ മന്ത്രിസഭയിലുണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP