Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിദ്യാഭ്യാസ കാലത്ത് എംഎസ്എഫ് പഞ്ചായത്ത് പ്രസിഡണ്ട്; മൊകേരി സർക്കാർ കോളേജിൽ നിന്ന് യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത് മാത്രം രാഷ്ട്രീയ പരിചയം; ലോകകേരള സഭ അംഗം; മുംബൈയിലെ ബിസിനസുകാരൻ: പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്വതന്ത്രനായി മത്സരിക്കുന്ന സിഎച്ച് ഇബ്രാഹിംകുട്ടിയെ പരിചയപ്പെടാം

വിദ്യാഭ്യാസ കാലത്ത് എംഎസ്എഫ് പഞ്ചായത്ത് പ്രസിഡണ്ട്; മൊകേരി സർക്കാർ കോളേജിൽ നിന്ന് യുയുസിയായി തെരഞ്ഞെടുക്കപ്പെട്ടത് മാത്രം രാഷ്ട്രീയ പരിചയം; ലോകകേരള സഭ അംഗം; മുംബൈയിലെ ബിസിനസുകാരൻ: പേരാമ്പ്രയിൽ മുസ്ലിം ലീഗ് സ്വതന്ത്രനായി മത്സരിക്കുന്ന സിഎച്ച് ഇബ്രാഹിംകുട്ടിയെ പരിചയപ്പെടാം

ജാസിം മൊയ്തീൻ

കോഴിക്കോട്: യുഡിഎഫിൽ മുസ്ലിം ലീഗിലെ ഇരുപത്തിഏഴാം സ്ഥാനാർത്ഥിയെയും ഇന്ന് പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയത്. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് മുസ്ലിം ലീഗ് അവസാനം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്.മുംബൈയിലെ മലയാളി വ്യവസായിയും ലോക കേരളസഭ അംഗവുമായ സിഎച്ച് ഇബ്രാഹിംകുട്ടിയാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി. യുഡിഎഫ് സ്വതന്ത്രനായിട്ടായിരിക്കും ഇബ്രാഹിംകുട്ടി മത്സരിക്കുക.

കോഴിക്കോട് ജില്ലയിലെ ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടകളിലൊന്നായ പേരാമ്പ്രയിൽ മന്ത്രി ടിപി രാമകൃഷ്ണൻ തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർത്ഥി.വിദ്യാഭ്യാസ കാലഘട്ടത്തിന് ശേഷം രാഷ്ട്രീയത്തിൽ സജീവമല്ലാതിരുന്ന ഇബ്രാഹിംകുട്ടിയുടെ പേര് അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെട്ടത്. പേരാമ്പ്ര കടിയങ്ങാട്ടെ കോൺഗ്രസ് ലീഗ് പാരമ്പര്യമുള്ള തറവാട്ടിൽ സിഎച്ച് കുഞ്ഞമ്മദിന്റെ മകനായിട്ടാണ് ഇബ്രാഹിം കുട്ടി ജനിച്ചത്. വിദ്യാഭ്യാസ കാലത്ത് എംഎസ്എഫ് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു.

പിന്നീട് മൊകേരി സർക്കാർ കോളേജിൽ നിന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി യുയുസിയായും തെരഞ്ഞെടുക്കപ്പെട്ടു. അതിന് ശേഷം സജീവരാഷ്ട്രീയത്തിൽ നിന്നും വിട്ടുനിന്ന ഇബ്രാഹിംകുട്ടി വിവിധ വ്യവസായ സംരഭങ്ങളുമായി മുംബൈയിലായിരുന്നു. ഇന്ത്യയിലും വിദേശത്തുമായി ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കരിഷ്മാ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് പാർട്ട്ണറും സിങ്കപ്പൂരിലും മലേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്ന ഗ്രീൻ മാസ്റ്റർ ഇന്റർനാഷണൽ എന്ന സ്ഥാപനത്തിന്റെ ഡയറക്ടറുമാണ് സിഎച്ച് ഇബ്രാഹിംകുട്ടി. അറബ് കോൺഫടറേഷൻ കൗൺസിൽ ഒർഗനൈസിങ് സെക്രട്ടറി,ഗൾഫ് ന്യൂസ് മാഗസിൻ മാനേജിങ് എഡിറ്റർ, പേരാമ്പ്ര സിൽവർ ആർട്സ് ആൻഡ് സയൻസ് കോളജ് വൈസ് പ്രസിഡന്റ് എന്നീനിലകളിലും പ്രവർത്തിച്ച ഇബ്രാഹിംകുട്ടി നാട്ടിലെ വിവിധ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ബോംബെ കേരള മുസ്ലിം ജമാഅത് അംഗം, പേരാമ്പ്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമീണ വിദ്യാഭ്യാസ പുരോഗമന സംഘടനയായ RESETഎന്ന സംഘടനയുടെ ചെയർമാൻ എന്നിങ്ങനെ നിരവധി സ്ഥാനങ്ങൾ വഹിച്ചു വരുന്നു. മുംബൈയിൽ നിന്നുള്ള ലോക കേരള സഭ അംഗം കുടിയാണ് അദ്ദേഹം.

ജമാഅത്തെ ഇസ്ലാമി സംഘടനയുമായും അതിന്റെ നേതാക്കളുമായും സിഎച്ച് ഇബ്രാഹിംകുട്ടിക്കുള്ള അടുത്ത ബന്ധവും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിന് കാരണമായിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ജമാഅത്തെ ഇസ്ലാമിക്ക് ചെറുതെങ്കിലും സ്വാധീനമുള്ള ചങ്ങരോത്ത് പഞ്ചായത്ത് പേരാമ്പ്ര മണ്ഡലത്തിലാണ്. നിലവിൽ മുസ്ലിം ലീഗ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളിൽ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള ആളുകൾ ഇല്ല എന്നതും പേരാമ്പ്രയിൽ സിഎച്ച് ഇബ്രാഹിംകുട്ടിയെ സ്ഥാനാർത്ഥിയാക്കുന്നതിന്റെ കാരണമായിട്ടുണ്ട്. മഹാരാഷ്ട്ര മീഡിയ അസോസിയേഷൻ ഏർപ്പെടുത്തിയ എക്‌സലൻസി അവാർഡ്, ബഷീർ പുരസ്‌കാരം, കാരുണ്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും സിഎച്ച് ഇബ്രാഹിംകുട്ടി കരസ്ഥമാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP