Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'വെറും അമ്പതിനായിരം വോട്ടാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്തുള്ള മൂലധനം; അമ്പതിനായിരം വോട്ടിന് വേണ്ടി അമ്പതുലക്ഷം വോട്ടുകളെ ബലികഴിക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കണം'; യുഡിഎഫ്-വെൽഫെയർ ബാന്ധവത്തിനെതിരേ ആഞ്ഞടിച്ച് വിവിധ മുസ്ലിം സംഘടനകൾ

'വെറും അമ്പതിനായിരം വോട്ടാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്തുള്ള മൂലധനം; അമ്പതിനായിരം വോട്ടിന് വേണ്ടി അമ്പതുലക്ഷം വോട്ടുകളെ ബലികഴിക്കണോ എന്ന് യുഡിഎഫ് തീരുമാനിക്കണം'; യുഡിഎഫ്-വെൽഫെയർ ബാന്ധവത്തിനെതിരേ ആഞ്ഞടിച്ച് വിവിധ മുസ്ലിം സംഘടനകൾ

കെ വി നിരഞ്ജൻ

കോഴിക്കോട്: വെൽഫെയർ പാർട്ടിയുമായുള്ള യു.ഡിഎഫ്. ബന്ധത്തിനെതിരേ ഒന്നിച്ച് അണിനിരക്കാൻ ഒരുങ്ങി വിവിധ മുസ്ലിം യുവജന സംഘടനകൾ. സമസ്ത, മുജാഹീദ് സംഘടനകളാണ് മതവാദത്തിനും തീവ്രവാദത്തിനുമെതിരേ കൈകോർക്കാൻ സംഘടിക്കുന്നത്. വെൽഫെയർ പാർട്ടി ബന്ധം മതേതരത്വത്തെ തകർക്കുമെന്ന് ഇവർ ചൂണ്ടിക്കാട്ടി. മതേതര സഖ്യത്തെ ദുർബലമാക്കുന്ന മതതീവ്രവാദ, മതരാഷ്ട്രവാദ കക്ഷികളുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഇവർ അംഗങ്ങളായ ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി അഭിപ്രായപ്പെട്ടു. മതേതരത്വവും മതരാഷ്ട്രവാദവും എന്ന വിഷയത്തിലുള്ള ടേബിൾ ടോക്കിലാണ് ഈ അഭിപ്രായമുയർന്നത്.

മതരാഷ്ട്രവാദം ആശയമായി സ്വീകരിച്ചിട്ടുള്ള സംഘടനകളോടും തീവ്രവാദ സമീപനങ്ങൾ കൊണ്ടുനടക്കുന്നവരോടും നാളിതുവരെ മത-രാഷ്ട്രീയ സംഘടനകൾ കൃത്യമായ അകലം പാലിച്ചുകൊണ്ടാണ് പോന്നിട്ടുള്ളത്. രാജ്യത്ത് ശക്തിപെട്ടുകൊണ്ടിരിക്കുന്ന ഫാസിസ്റ്റ് ഭരണരീതിയെ ഇല്ലായ്മ ചെയ്യാൻ മതേതര ജനാധിപത്യ മുന്നണികളുടെ ഐക്യമാണ് ഉണ്ടാകേണ്ടത്. ഹിന്ദുത്വ തീവ്രവാദം രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷക്കും പുരോഗതിക്കും ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ് ഭൂരിപക്ഷം ജനങ്ങളും അതിന്നെതിരെ കൈകോർക്കാൻ തയ്യാറാകുമ്പോൾ തീവ്രവാദ, മതരാഷ്ട്രവാദ കക്ഷികളുമായി ബന്ധമുണ്ടാക്കുന്നത് രാജ്യതാൽപര്യത്തിന് എതിരാണെന്നും ടേബിൾ ടോക്കിൽ അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ ഭരണഘടന മുറുകെപ്പിടിച്ചുകൊണ്ടു മതരാഷ്ട്രവാദങ്ങളെ തള്ളിക്കളയാനും അത്തരം സംഘടനകളുമായുള്ള എല്ലാ തിരഞ്ഞെടുപ്പ് സഖ്യങ്ങളും ഉപേക്ഷിക്കാനും എല്ലാ രാഷ്ട്രീയപാർട്ടികളുടെ നേതാക്കന്മാരോടും കൂട്ടായ്മ അഭ്യർത്ഥിച്ചു. സൗഹാർദവും സമത്വവും ഉയർത്തിപ്പിടിക്കേണ്ടത് ഇന്ത്യൻ പൗരന്മാരെന്ന നിലയിൽ ഓരോരുത്തരുടെയും സാമൂഹിക ബാധ്യതയാണ്. അതുകൊണ്ട്തന്നെ വരാൻപോകുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞടുപ്പിൽ മതരാഷ്ട്രവാദ ആശയം മുമ്പോട്ടുവെക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ടീയ പാർട്ടിയായ വെൽഫെയർ പാർട്ടിയുമായോ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിന്ന് വേണ്ടി പ്രവർത്തിക്കുന്ന ബിജെപിയുമായോ യുഡിഎഫ്, എൽ ഡി എഫ് മുന്നണികൾ യാതൊരു രാഷ്ട്രീയ ധാരണയോ, നീക്കുപോക്കോ ഉണ്ടാക്കരുതെന്നും ചർച്ചയിൽ വന്നു. ഡോ. ഐ പി അബ്ദുസ്സലാം മോഡറേറ്ററായിരുന്നു. സമസ്തയുടെ യുവജന, വിദ്യാർത്ഥി വിഭാഗങ്ങളായ എസ്. വൈ. എസ്, എസ്. കെ. എസ്. എസ്. എഫ്, മുജാഹിദ് യുവജന വിഭാഗങ്ങളായ ഐ എസ് എം (സിഡി ടവർ), ഐ എസ് എം (മർക്കസുദ്ദഅവ), വിസ്ഡം യൂത്ത് മൂവ്മെന്റ് എന്നീ സംഘടനകൾ ചേർന്ന് രൂപീകരിച്ചതാണ് ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി. നാസർ ഫൈസി കൂടത്തായ്, സത്താർ പന്തല്ലൂർ, ജംഷീർ ഫാറൂഖി, അബ്ദുലത്വീഫ് കരുമ്പുലാക്കൽ, ഡോ. അൻവർ സാദത്ത്, ജംഷീർ പിസി, മുജീബ് ഒട്ടുമ്മൽ, എൻ പി ആഷ്‌ലി, അബൂബക്കർ ഫൈസി മലയമ്മ, നാസർ ചാലക്കൽ, ഒപി അഷ്റഫ് എന്നിവർ സംസാരിച്ചു.

മതേതര സഖ്യത്തെ ദുർബലമാക്കുന്ന മതരാഷ്ട്രവാദികളോടും മതതീവ്രവാദികളോടും രാഷ്ട്രീയ ബന്ധമുണ്ടാക്കുന്നത് ആത്മഹത്യാപരമാണെന്ന് മുസ്ലിം യുവജനസംഘടനകൾ മുന്നറിയിപ്പ് നൽകി. വെറും അമ്പതിനായിരം വോട്ടാണ് വെൽഫെയർ പാർട്ടിക്ക് സംസ്ഥാനത്തുള്ള മൂലധനം. അമ്പതിനായിരം വോട്ടിന് വേണ്ടി അമ്പതുലക്ഷം വോട്ടുകളെ ബലികഴിക്കണോ എന്ന് യു.ഡി.എഫ്. തീരുമാനിക്കണം. വെൽഫെയർ പാർട്ടി ഏത് ഏത് മുഖം മൂടി സ്വീകരിച്ചാലും അത് ആത്യന്തികമായി മൗദൂദിസം തന്നെയാണ്. ആദ്യം മൗദൂദിസത്തെ തള്ളിപ്പറയാൻ വെൽഫെയർ പാർട്ടി തയ്യാറാകട്ടെയെന്നും സംഘടനകളുടെ കൂട്ടായ്മയായ ഫോറം ഫോർ കമ്മ്യൂണൽ ഹാർമണി ആവശ്യപ്പെട്ടു. നിലപാടിനെ മാതൃസംഘടനകൾ പിന്തുണയ്ക്കുന്നുവെന്നും യുവജനസംഘടനകളെ പ്രതിനിധീകരിച്ച് അബൂബക്കർ ഫൈസി പറഞ്ഞു.

ഫാസിസകാലത്ത് നിലനിൽക്കുന്ന ഇസ്ലാമോഫോബിയയെ കൃത്യമായി ഒരു തിരഞ്ഞെടുപ്പിന് മുമ്പ് കോടിയേരി ഉപയോഗപ്പെടുത്തുകയാണെന്നും ഇസ്ലാമോഫോബിയ പടർത്തുകയാണെന്നും വെൽഫെയർ പാർട്ടി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇടതുമുന്നണിക്കെതിരേ ആഞ്ഞടിച്ച് യു.ഡി.എഫുമായി നീക്കുപോക്കുണ്ടാക്കുമെന്ന് വെൽഫെയർ പാർട്ടി പ്രസിഡന്റ് ഹമീദ് വാണിയമ്പലം വ്യക്തമാക്കുകയും ചെയ്തു. ഇതിനുപിറകേയാണ് മതരാഷ്ട്രീയത്തിന് ഒരിഞ്ചുപോലും ഇടം നൽകാനാവില്ലെന്നറിയിച്ച് സമസ്ത-മുജാഹീദ് സംഘടനകൾ രംഗത്തെത്തിയത്.ജമാഅത്തെ ഇസ്ലാമിയുമായി വെൽഫെയർ പാർട്ടിക്ക് ബന്ധമൊന്നുമില്ലെന്നും അതിനാൽ ജമാഅത്തെക്കെതിരായ പരാമർശങ്ങളെ കുറിച്ച് തങ്ങൾ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നുമാണ് വെൽഫെയർ പാർട്ടി സ്വീകരിച്ച നിലപാട്. എന്നാൽ വെൽഫെയർ പാർട്ടിയെ പട്ടിൽ പൊതിഞ്ഞ പാഷാണമെന്നാണ് നാസർ ഫൈസി കൂടത്തായി വിമർശിച്ചത്.

വിഷയത്തെ ആഹ്ലാദിക്കാനുള്ള സംഭവമായിട്ടല്ല ഇടതുപക്ഷം കാണുന്നതെന്ന് സിപിഎം നേതാവ് മുഹമ്മദ് റിയാസ് പറഞ്ഞു. വെൽഫെയർ പാർട്ടി, എസ്.ഡി.പി.ഐ. തുടങ്ങിയ പ്രസ്ഥാനങ്ങൾ ഉയർത്തുന്ന ആശയങ്ങൾ അപകടകരമാണ്. മതരാഷ്ട്രം ആഗ്രഹിച്ച് പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങളാണ് ഇവർ. അവരുമായി പേരിന് മതനിരപേക്ഷത പറയുന്ന കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന മുന്നണി പരസ്യമായി കൈകൊടുക്കുക എന്നുപറഞ്ഞാൽ അത് അപകടരമായ അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെ പാപ്പരത്വമാണ് ഇതിലൂടെ വെളിവാകുന്നത്. കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണി തകർന്നടിഞ്ഞതിനാൽ ആരെങ്കിലുമായി കൈകോർക്കുക എന്ന അവസ്ഥയിലാണ് അവരെന്നും റിയാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP