Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

പരസ്പരത്തിൽ ദീപ്തിയുടെ സൂരജേട്ടൻ; കാർത്തിക ദീപത്തിലെ അരുൺ; കുടുംബ പ്രേക്ഷകരിൽ സീരിയലിലൂടെ താരമായ വിവേക് ഗോപൻ ഇനി ബിജെപിക്കാരൻ; നദ്ദ എത്തുമ്പോൾ സീരിയൽ നടന് പാർട്ടി അംഗത്വം നൽകുമെന്ന് സൂചന; താരം മെമ്പർഷിപ്പ് എടുക്കുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് ബിജെപി നേതൃത്വം

പരസ്പരത്തിൽ ദീപ്തിയുടെ സൂരജേട്ടൻ; കാർത്തിക ദീപത്തിലെ അരുൺ; കുടുംബ പ്രേക്ഷകരിൽ സീരിയലിലൂടെ താരമായ വിവേക് ഗോപൻ ഇനി ബിജെപിക്കാരൻ; നദ്ദ എത്തുമ്പോൾ സീരിയൽ നടന് പാർട്ടി അംഗത്വം നൽകുമെന്ന് സൂചന; താരം മെമ്പർഷിപ്പ് എടുക്കുമെന്ന് മറുനാടനോട് സ്ഥിരീകരിച്ച് ബിജെപി നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ വിവേക് ഗോപൻ ബിജെപിയിൽ ചേരും. വിവേക് ഗോപൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷിനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നടൻ പാർട്ടിയിൽ അംഗത്വമെടുത്തുവെന്ന് പറഞ്ഞുകൊണ്ടും വിവേകിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും വലതുപക്ഷ അനുഭാവികളായ ചിലർ സോഷ്യൽ മീഡിയയിൽ പോസ്റ്റുകളും ഇടുന്നുണ്ട്. വിവേക് ഗോപൻ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ വിവേക് ഗോപൻ ബിജെപിയിൽ ചേരുമെന്ന് മുതിർന്ന ബിജെപി നേതാവ് മറുനാടനോട് പ്രതികരിച്ചു.

പാർട്ടിയിൽ ചേരാൻ വിവേക് സമ്മതം അറിയിച്ചിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ ഔപചാരികമായി അംഗത്വം നൽകുമെന്നും നേതാവ് വ്യക്തമാക്കി. ബിജെപി ദേശീയ അധ്യക്ഷൻ കേരളത്തിൽ എത്തുന്നുണ്ട്. തിരുവനന്തപുരത്തും പരിപാടികൾ ഉണ്ട്. ഈ പരിപാടിയിൽ വിവേക് ഗോപന് അംഗത്വം നൽകുമെന്നാണ് സൂചന. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചോദിച്ചുകൊണ്ട് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടിലൂടെ വിവേക് ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതും ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനയായി വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷനെ വിവേക് ഗോപൻ കണ്ടത്.

ബിജെപിയിൽ ചേരുമെങ്കിലും വിവേക് ഗോപൻ ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് സൂചന. എന്നാലും വിവേക് ഗോപനെ മത്സരിപ്പിക്കുന്നതിന്റെ സാധ്യതകൾ ബിജെപി തേടുകയും ചെയ്യും. കരുതലോടെയാകും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക. 'പരസ്പരം' എന്നെ സീരിയലിലൂടെയാണ് വിവേക് ഗോപൻ പ്രശസ്തി നേടുന്നത്.സിനിമയിലും വിവേക് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇതുവരെ 15 സിനിമകളിലാണ് വിവേക് അഭിനയിച്ചത്.

2011ലെ 'ഒരു മരുഭൂമി കഥ'യാണ് വിവേകിന്റെ ആദ്യ ചിത്രം. മമ്മൂട്ടിയുടെ 'പുള്ളിക്കാരൻ സ്റ്റാറാ', 'ഒരു കുട്ടനാടൻ ബ്ലോഗ്' എന്നീ ചിത്രങ്ങളിലും വിവേക് അഭിനയിച്ചിരുന്നു. കുടുംബ പ്രേക്ഷരുടെ പ്രിയ നടനായ വിവേകിന്റെ വരവ് ഗുണകരമാകുമെന്ന വിലയിരുത്തലിലാണ് ബിജെപി. നദ്ദ കേരളത്തിൽ എത്തുമ്പോൾ കൂടുതൽ പ്രശസ്തർ ബിജെപിക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ. മുൻ ഡിജിപി ജേക്കബ് തോമസ് ബിജെപിക്ക് വേണ്ടി ഇരിങ്ങാലക്കുടയിൽ മത്സരിക്കാൻ സമ്മതം അറിയിച്ചിട്ടുണ്ട്.

ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരനാണ് വിവേക് ഗോപൻ. ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാകയും പ്രേക്ഷകർക്ക് പ്രിയം. പരസ്പരം പരമ്പര അവസാനിച്ചിട്ട് വർഷങ്ങൾ ആയെങ്കിലും ദീപ്തി സൂരജ് ദമ്പതികൾ ഇന്നും ടെലിവിഷൻ പ്രേമികളുടെ ഇഷ്ട ജോഡികളാണ്. ഫിറ്റ്‌നസ് ഫ്രീക്കനായി പര്‌സപരത്തിലൂടെ എത്തിയ വിവേക് ഇന്ന് കാർത്തിക ദീപം പരമ്പരയിലെ അരുൺ ആണ്. നെന്മണിക്കര പഞ്ചായത്ത് മൂന്നാം വാർഡ് സ്ഥാനാർത്ഥി രാജേഷ് രാജിനുവേണ്ടിയാണ് വിവേക് വോട്ട് തേടുന്നത്. നല്ല നല്ല സംഭവങ്ങൾ ഉണ്ടാകട്ടെ, നല്ല നല്ല മാറ്റങ്ങൾ ഉണ്ടാകട്ടെ, നാഗേഷേട്ടന്റെ അനുജൻ കൂടിയായ രാജേഷേട്ടന് വിജയാശംസകൾ എന്നാണ് വീഡിയോയിലൂടെ വിവേക് പറയുന്നത്.

വോട്ടുതേടുന്ന വിവേകിന്റെ വീഡിയോ രാജേഷ് തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്ക് വച്ചത്. കുടുംബ പ്രേക്ഷകരുടെ മനം കവർന്ന നായകൻ കാർത്തിക ദീപം, പരസ്പരം ഫെയിം വിവേക് ഗോപൻ എനിക്ക് ആശംകളുമായി എത്തി എന്ന ക്യാപ്ഷ്യനോടെയാണ് രാജേഷ് വീഡിയോ പങ്ക് വച്ചത്. ഇതോടെയാണ് വിവേക് ഗോപൻ ബിജെപിയുമായി അടുക്കുന്നുവെന്ന ചർച്ചകൾ സജീവമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP