Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ പേര്‌ ഭാരത് ധർമ ജനസേവാ പാർട്ടി; നാളെ ശംഖുമുഖത്ത് ഔദ്യോഗിക പ്രഖ്യാപനം; ആദ്യം ശ്രമിക്കുന്നത് യുഡിഎഫുമായി കൂട്ടുകൂടാൻ; സുധീരന്റെ എതിർപ്പു മാത്രം ഏകതടസം; കോൺഗ്രസ് കൈവിട്ടാൽ മാത്രം ബിജെപിയുമായി കൂട്ട്; ഓശാന പാടിയ ബിജെപി നേതാക്കൾക്കു കടുത്ത നീരസം

വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ പേര്‌ ഭാരത് ധർമ ജനസേവാ പാർട്ടി; നാളെ ശംഖുമുഖത്ത് ഔദ്യോഗിക പ്രഖ്യാപനം; ആദ്യം ശ്രമിക്കുന്നത് യുഡിഎഫുമായി കൂട്ടുകൂടാൻ; സുധീരന്റെ എതിർപ്പു മാത്രം ഏകതടസം; കോൺഗ്രസ് കൈവിട്ടാൽ മാത്രം ബിജെപിയുമായി കൂട്ട്; ഓശാന പാടിയ ബിജെപി നേതാക്കൾക്കു കടുത്ത നീരസം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെള്ളാപ്പള്ളിയുടെ സമത്വമുന്നേറ്റ യാത്ര നാളെ തിരുവനന്തപുരത്തു സമാപിക്കുമ്പോൾ തന്നെ പുതിയ പാർട്ടിയുടെ പ്രഖ്യാപനവും ഉണ്ടാകും. ഭാരത് ധർമ ജനസേവാ പാർട്ടി എന്ന പേരിലായിരിക്കും പാർട്ടി ഉണ്ടാകുക എന്നു മംഗളം റിപ്പോർട്ടു ചെയ്യുന്നു.

അൻപതുപേർ ചേർന്നാണ് പുതിയ പാർട്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പുതിയ പാർട്ടി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിൽ ഘടകക്ഷിയാകുമെന്ന സൂചനയാണുള്ളത്. ഇതുസംബന്ധിച്ച് കോൺഗ്രസിലെ പ്രധാന ഗ്രൂപ്പിന്റെ പ്രമുഖനും മുൻ ദേവസ്വം ബോർഡ് മെംബറുമായ നേതാവുമായി വെള്ളാപ്പള്ളി ചർച്ച നടത്തിയിരുന്നുവെന്നും മംഗളം റിപ്പോർട്ടു ചെയ്യുന്നു.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സമത്വ മുന്നണി സ്ഥാനാർത്ഥികൾ ബിജെപിയുമായി കൂട്ടുചേർന്നാണ് മത്സരിച്ചത്. എന്നാൽ, കാര്യമായ നേട്ടമുണ്ടാക്കാൻ സമത്വ മുന്നണിക്ക് ഈ കൂട്ടുകെട്ട് ഉപകരിച്ചില്ല. ഈ സാഹചര്യത്തിലാണ് യു.ഡി.എഫിലേയ്ക്കുള്ള രംഗപ്രവേശം ചർച്ചയായത്. നേരത്തെ എസ്.എൻ.ഡി.പിയുടെ നേതൃത്വത്തിലുണ്ടായിരുന്ന എസ്.ആർ.പി ദീർഘകാലം യു.ഡി.എഫിന്റെ ഭാഗമായിരുന്നു.

ജാഥയുടെ തുടക്കത്തിൽ ഉണ്ടായിരുന്ന ബിജെപി പ്രാതിനിധ്യം ഇപ്പോൾ സമത്വ മുന്നേറ്റയാത്രയിൽ ഇല്ല എന്നുള്ളതും കോൺഗ്രസ് ബന്ധത്തിലേയ്ക്ക് വിരൽ ചൂണ്ടുന്ന ഒന്നാണെന്നാണു വിലയിരുത്തൽ. കൂടാതെ സമത്വ മുന്നേറ്റ യാത്രയ്ക്കിടെ കോഴിക്കോടുണ്ടായ മാൻഹോൾ ദുരന്തവും ഇതിന്റെ ചുവടുപിടിച്ച് വെള്ളാപ്പള്ളി നടത്തിയ വർഗ്ഗീയ വിദ്വേഷ പ്രസ്താവനകളോട് കോൺഗ്രസിൽ സുധീരൻ ഒഴികെയുള്ള കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിരുന്ന മൃദു സമീപനവും ഇതിന്റെ വെളിച്ചത്തിലാണെന്നാണ് സൂചന.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ബിജെപിയുമായി ചേർന്ന് മത്സരിച്ചാൽ ജയസാധ്യതയുള്ള സീറ്റുകളിൽ പ്രമുഖ ബിജെപി നേതാക്കളാകും മത്സരിക്കുക. സ്വാഭാവികമായും സമത്വ മുന്നണിയുടെ സ്ഥാനാർത്ഥികൾക്ക് നിയമസഭ കാണാൻ കഴിയല്ല. ഇതാണ് വെള്ളാപ്പള്ളിലെ മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നതെന്നും റിപ്പോർ്ട്ടിൽ പറയുന്നു.

സമത്വമുന്നേറ്റ യാത്രയ്ക്കു ആളും അർഥവും കൊടുത്തു സഹായിച്ച ബിജെപിക്കും ആർഎസ്എസിനും തിരിച്ചടി നൽകുന്ന നീക്കമാണു വെള്ളാപ്പള്ളി ഇപ്പോൾ നടത്തുന്നത്. ബിജെപിക്കൊപ്പം കൂട്ടുകൂടിയാൽ കച്ചിതൊടില്ലെന്ന ഉപദേശവും സിപിഐ(എം) അധികാരത്തിൽ എത്തിയാൽ പ്രതികാര നടപടികൾ ഉണ്ടാകുമെന്ന പേടിയും മൂലം യുഡിഎഫിന്റെ ഘടകകക്ഷിയാകാനാണു ശ്രമിക്കുന്നത്. ജെഎസ്എസ് പോയ ഒഴിവിലേക്കു പരിഗണിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞു. വി എം സുധീരനൊഴികെ മറ്റു നേതാക്കളുമായി വെള്ളാപ്പള്ളിക്കു പ്രശ്‌നം ഇല്ലാത്തതും കെ എം മാണിയുമായി അടുത്ത ബന്ധം ഉള്ളതുമാണു യുഡിഎഫ് പ്രവേശനത്തിനു സാഹചര്യം ഒരുക്കുന്നത്.

ഇന്നലെ വെള്ളാപ്പള്ളിയെ കേരള തൊഗാഡിയ എന്നു വിളിച്ച സുധീരൻ ഒരു വിട്ടുവീഴ്ചയ്ക്കുമില്ല. ലീഗിനും കടുത്ത അതൃപ്തിയുണ്ടാകുമെന്നാണു സൂചന. വെള്ളാപ്പള്ളിയെ ഒപ്പം കൂട്ടിയാൽ ഭൂരിപക്ഷം വോട്ടുകൾ ബിജെപിക്കും ന്യുനപക്ഷവോട്ടുകൾ സിപിഎമ്മിനും പോകുമെന്ന ഭയമാണ് കോൺഗ്രസിന്റെ നിരവധി നേതാക്കൾക്ക്. മാത്രമല്ല, വെള്ളാപ്പള്ളി എത്ര സീറ്റ് ചോദിക്കുമെന്നതും നിർണായക ഘടകമാണ്. അതുകൊണ്ടു തന്നെ യുഡിഎഫ് പ്രവേശനം കീറാമുട്ടിയാകുമെന്ന കണക്കുകൂട്ടലുമുണ്ട്.

സമത്വമുന്നേറ്റ യാത്രയ്ക്കു ചുക്കാൻ പിടിച്ച ബിജെപിയെയും ആർഎസ്എസിനെയും വെള്ളാപ്പള്ളി തള്ളിപ്പറയുന്നതു ബിജെപിക്കു കനത്ത തിരിച്ചടിയായി. വെള്ളാപ്പള്ളി യുഡിഎഫ് നേതാക്കളുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ കേന്ദ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. അവസാന നിമിഷം കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അവസ്ഥയിലാകുമോ വെള്ളാപ്പള്ളി എന്ന പേടിയിലാണു വെള്ളാപ്പള്ളിക്കൊപ്പം നിൽക്കുന്ന നേതാക്കളും. എന്തുവിലകൊടുത്തും സിപിഐ(എം) അധികാരത്തിൽ വരുന്ന സാഹചര്യം ഒഴിവാക്കുകയാണു ഏറ്റവും പ്രധാനം എന്നാണു വെള്ളാപ്പള്ളിയുടെ കണക്കുകൂട്ടൽ.

സിപിഐ(എം) അധികാരത്തിൽ എത്തിയാൽ വെള്ളാപ്പള്ളിയുടെ മകനെതിരെ ശക്തമായ അന്വേഷണങ്ങളും കേസുകളും ഉണ്ടാകുമെന്നു സൂചന ലഭിച്ചതാണു പുതിയ നീക്കങ്ങൾക്കു കാരണമായി മാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP