Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഗുരു കൊളുത്തിയ ദീപശിഖ ഊതിക്കെടുത്താൻ പിൻഗാമികളായ നികൃഷ്ട ജീവികൾ ശ്രമിക്കുന്നു; എസ്എൻഡിപി യോഗത്തെ കശാപ്പുകാർക്ക് വിലപേശി വിൽക്കുന്നു: വെള്ളപ്പള്ളിക്കെതിരെ വീക്ഷണം മുഖപ്രസംഗം

ഗുരു കൊളുത്തിയ ദീപശിഖ ഊതിക്കെടുത്താൻ പിൻഗാമികളായ നികൃഷ്ട ജീവികൾ ശ്രമിക്കുന്നു; എസ്എൻഡിപി യോഗത്തെ കശാപ്പുകാർക്ക് വിലപേശി വിൽക്കുന്നു: വെള്ളപ്പള്ളിക്കെതിരെ വീക്ഷണം മുഖപ്രസംഗം

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമർശിച്ച് കോൺഗ്രസ് ദിനപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗം. 'ഗുരുദർശനം സംഘ് ദർശനത്തിന് വിരുദ്ധം' എന്ന തലക്കെട്ടിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളിയെ വീക്ഷണം വിമർശിക്കുന്നത്. ശ്രീനാരായണഗുരു കൊളുത്തിയതും ഡോ. പൽപ്പുവും കുമാരനാശാനും ഉയർത്തിപ്പിടിച്ചതുമായ ആ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെയും സമൂഹത്തെയും ഇരുളിലേക്ക് നയിക്കാനാണ് പിൻഗാമികളായ നികൃഷ്ട ജീവികൾ ശ്രമിക്കുന്നതെന്നാണ് വീക്ഷണം ലേഖനത്തിൽ പറയുന്നത്. ഗുരുദേവൻ നൽകിയ ജ്ഞാനത്തിന്റെയും വെളിച്ചത്തിന്റെയും ജ്വാലയെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

ഗുരുദർശനത്തിൽ സംഘ് പരിവാർ ദർശനം ഒരിക്കലും ലയിക്കില്ലെന്നും വീക്ഷണം മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്:

ചരിത്ര നിയോഗം നിറവേറ്റിയ പ്രസ്ഥാനങ്ങൾ കാലഗതിയടയുകയോ അല്ലെങ്കിൽ നിറവേറ്റിയ കർമനിയോഗത്തിന് വിരുദ്ധമായി പ്രവർത്തിക്കുകയോ ചെയ്യുന്നത് കാലത്തിന്റെ കാവ്യനീതിയാണ്. കേരളീയ സമൂഹത്തിന് സ്വത്വബോധം നൽകി നവോത്ഥാനത്തിലൂടെ സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ വിപ്ലവങ്ങൾ സൃഷ്ടിച്ച ശ്രീനാരായണീയ പ്രസ്ഥാനം ഇന്ന് വിരുദ്ധ നടത്തത്തിലൂടെ തമോഗർത്തത്തിലേക്ക് നീങ്ങുകയാണ്.

ശ്രീനാരായണഗുരു കൊളുത്തിയതും ഡോ. പൽപ്പുവും കുമാരനാശാനും ഉയർത്തിപ്പിടിച്ചതുമായ ആ ദീപശിഖ ഊതിക്കെടുത്താനും സമുദായത്തെയും സമൂഹത്തെയും ഇരുളിലേക്ക് നയിക്കാനുമാണ് മഹത്തായ ആ പ്രസ്ഥാനത്തിന്റെ പിൻഗാമികളായ നികൃഷ്ട ജീവികൾ ശ്രമിക്കുന്നത്. ഗുരുദേവൻ നൽകിയ ജ്ഞാനത്തിന്റെയും വെളിച്ചത്തിന്റെയും ജ്വാലയെ വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും പടുതിരിയും വിഷധൂമങ്ങളുമാക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

ശ്രീനാരായണീയ പ്രസ്ഥാനം എത്രമാത്രം ജാതിവിരുദ്ധമായിരുന്നുവോ അതിലേറെ വർഗീയ മുക്തവുമായിരുന്നു. സമൂഹത്തെ സമന്വയിപ്പിച്ച ശ്രീനാരായണീയ പ്രസ്ഥാനത്തെ സമൂഹത്തെ ഭിന്നിപ്പിക്കുന്ന സംഘ്പരിവാറിന്റെ ലാവണങ്ങളിൽ അടക്കം ചെയ്യുന്നത് പ്രസ്ഥാനത്തെ നയിച്ച പൂർവസൂരികളോടുള്ള വഞ്ചനയും ചരിത്രത്തോടുള്ള കൊടുംചതിയുമാണ്. നായാടി മുതൽ നമ്പൂതിരി വരെയുള്ള ഐക്യം എന്ന സൂത്രവാക്യത്തിലൂടെ സ്വന്തം സമുദായത്തെ മാത്രമല്ല ഇതര സമുദായങ്ങളെയും ചതിക്കുഴികളിൽ ചാടിക്കാനാണ് എസ് എൻ ഡി പി യോഗം നേതാക്കൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ആധുനിക കേരളം പിന്നിട്ട വഴികളിലേക്ക് തിരിച്ചു നടക്കാനും അയിത്തത്തിന് പകരം അന്യമത വിരോധം പ്രചരിപ്പിക്കാനും ശ്രമിക്കുന്ന സംഘ് പരിവാറിന്റെ സഹവർത്തിത്വം ശ്രീനാരായണീയ പ്രസ്ഥാനത്തിന്റെ എല്ലാ നയങ്ങളെയും തകർക്കുന്നതാണ്. ജാതിയുടെ ഇടുങ്ങിയ ഇടങ്ങളിൽ നിന്ന് ശ്രീനാരായണ ഗുരുവും പിൻഗാമികളും വിമോചിപ്പിച്ച കേരളത്തെ മതവിദ്വേഷത്തിന്റെ ഇരുൾക്കയങ്ങളിലേക്ക് തള്ളിനീക്കാനുള്ള ശ്രമമാണ് പുതിയ സഖ്യനീക്കങ്ങളിലൂടെ നടന്നുകൊണ്ടിരിക്കുന്നത്.

കേരളം കൈവരിച്ച എല്ലാ മുന്നേറ്റങ്ങളുടെയും പിതൃസ്ഥാനം അവകാശപ്പെട്ട പ്രസ്ഥാനത്തെ ഭാവി കേരളത്തിന്റെ ഘാതക സ്ഥാനത്തേക്കാണ് എസ് എൻ ഡി പി യോഗം നേതാക്കൾ തള്ളിവിട്ടുകൊണ്ടിരിക്കുന്നത്. സാമൂഹികപരിഷ്‌കരണ മുന്നേറ്റങ്ങളിലൂടെയും ദേശീയ സ്വാതന്ത്ര്യ പ്രക്ഷോഭത്തിലൂടെയും കേരളം കൈവരിച്ച ഐക്യവും സൗഹാർദ്ദവും തകർക്കാനാണ് പുതിയ രാഷ്ട്രീയ അവതാരങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

കേരളം തിരസ്‌കരിച്ച ജീർണവിശ്വാസങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും അവർ വെള്ളവും വളവും നൽകുകയാണ്. ശ്രീനാരായണീയ പ്രസ്ഥാനം ഏറ്റെടുത്ത മനുഷ്യ പുരോഗതിയും സാമൂഹിക മുന്നേറ്റവും സമാപിച്ചെന്നാണ് അൽപജ്ഞാനികളായ ഈ മൂഢന്മാർ കരുതുന്നത്. അതുകൊണ്ടായിരിക്കാം സമുദായദ്ധാരണവും സാമൂഹ്യ ഉദ്ധാരണവും അവസാനിപ്പിച്ചു മഹത്തായ എസ്എൻഡിപി യോഗത്തെ കശാപ്പുകാർക്ക് വിലപേശി, കാശ് വാരി വിൽപ്പന നടത്തുന്നത്. ചെമ്പഴന്തിയിൽ ജനിച്ചു; കണിച്ചുകുളങ്ങരയിൽ ഒടുങ്ങേണ്ടതല്ല ശ്രീനാരായണ പ്രസ്ഥാനം. അത് കാലദേശാതിവർത്തിയാണ്.

ഫ്യൂഡലിസത്തോടും അയിത്തത്തോടും ഏറ്റുമുട്ടി വിജയിച്ച എസ് എൻ ഡി പി യോഗം നേതാക്കൾ ഇപ്പോൾ കാശ് കിലുക്കത്തിൽ മയങ്ങി വീണിരിക്കുന്നു. മഹത്തായ ഗുരുദർശനത്തെ മാനഭംഗം ചെയ്യുന്നവർ ഒന്നോർക്കുക ശ്രീനാരായണീയ പ്രസ്ഥാനവും സംഘ് പരിവാറും മോരും മുതിരയുമാണ്. ഗുരുദർശനത്തിൽ സംഘ് പരിവാർ ദർശനം ഒരിക്കലും ലയിക്കില്ല.

സംഘ് പരിവാറിന് ശക്തിപകരാൻ പുതിയ പാർട്ടി രൂപീകരിക്കുന്നവരോട് ഒരു വാക്ക്. കരുത്തിന്റെ പര്യായമായ കുതിരയ്ക്ക് അലസതയുടെ നാനാർത്ഥമായ കഴുതയിലുണ്ടാകുന്ന കുഞ്ഞു കുതിരയും കഴുതയുമായിരിക്കില്ല, കോവർ കഴുതയായിരിക്കും. ബുദ്ധിശൂന്യതയുടെയും കഴിവില്ലായ്മയുടെയും മലയാളശൈലിയാണ് കോവർകഴുത എന്ന പദം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP