Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കത്ത് പൂഴ്‌ത്തിവച്ച കാലമത്രയും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിയതുകൊടുക്കൽ വാങ്ങൽ; സ്വർണക്കടത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്ത് ഗവർണർ എന്നാണ് പുറത്തുവിടുന്നത്? മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണെന്നുള്ള സഹോദരന്റെ അഭിപ്രായം തന്നെയാണോ മന്ത്രി ആന്റണി രാജുവിനും; ചോദ്യങ്ങളുമായി വിഡി സതീശൻ

കത്ത് പൂഴ്‌ത്തിവച്ച കാലമത്രയും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടത്തിയതുകൊടുക്കൽ വാങ്ങൽ; സ്വർണക്കടത്തിൽ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്ത് ഗവർണർ എന്നാണ് പുറത്തുവിടുന്നത്? മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണെന്നുള്ള സഹോദരന്റെ അഭിപ്രായം തന്നെയാണോ മന്ത്രി ആന്റണി രാജുവിനും; ചോദ്യങ്ങളുമായി വിഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സർക്കാരിനേയും ഗവർണ്ണറേയും ഒരുപോലെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കൾക്ക് അനുകൂലമായ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് 2021 ജൂൺ പത്തിന് ഗവർണർ അയച്ച കത്ത് ഒന്നര വർഷത്തോളം പൂഴ്‌ത്തിവച്ച ശേഷമാണ് സർക്കാർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. എന്തിനാണ് ഇത്രയും കാലം കത്ത് ഒളിപ്പിച്ച് വച്ചത്? കത്ത് ഒളിപ്പിച്ചുവച്ച കാലമത്രയും ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ കൊടുക്കൽ വാങ്ങലുകൾ നടക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് കൊടകര കുഴൽപ്പക്കേസ് ഒത്തുതീർക്കാനുള്ള ഗൂഢാലോചന നടത്തിയത്. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിലും പുറത്തും ഉന്നയിച്ചിട്ടുണ്ട്. കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ഉൾപ്പെടെയുള്ള നേതാക്കളെ ഒഴിവാക്കിയതിന് പകരമായി സ്വർണക്കടത്ത്, ലൈഫ് മിഷൻ കൈക്കൂലി കേസുകളിൽ കേന്ദ്ര ഏജൻസികൾ നടത്തിക്കൊണ്ടിരുന്ന അന്വേഷണം മുഖ്യമന്ത്രിയിലേക്കോ മന്ത്രിമാരിലേക്കോ എത്താതെ ഒത്തുതീർപ്പാക്കിയെന്നും പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നു.

ഇതിന് രണ്ടിനും ഇടനിലക്കാരനായി ഗവർണർ പ്രവർത്തിച്ചിട്ടുണ്ടോയെന്നാണ് വ്യക്തമാക്കേണ്ടത്. സ്വർണക്കടത്തിൽ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി നൽകിയ കത്ത് ഗവർണർ എന്നാണ് പുറത്തുവിടുന്നതെന്നാണ് ഇനി അറിയാനുള്ളത്. അടുത്തവർ അകന്നപ്പോഴുള്ള പ്രശ്നങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇത്രയും കാലം ഇരുവരും ഒന്നിച്ചായിരുന്നെന്ന പ്രതിപക്ഷ ആരോപണം തെളിയിക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കത്ത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ ഉൾപ്പെടെ 9 പേർക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സിപിഎം മുഖപത്രം വാർത്ത നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിപക്ഷ ചോദ്യത്തിന് സഹോദരൻ മറുപടി നൽകുമെന്നാണ് ആന്റണി രാജു പറഞ്ഞത്. മുഖ്യമന്ത്രി മോദിക്ക് പഠിക്കുകയാണെന്നും തന്നെ തീവ്രവാദിയാക്കിയ ഇടത് നേതാക്കൾ മാപ്പ് പറയണമെന്നുമാണ് മന്ത്രിയുടെ സഹോദരൻ പ്രതികരിച്ചത്. സഹോദരൻ പറഞ്ഞ ഈ അഭിപ്രായത്തോട് പിണറായി മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായ ആന്റണി രാജു യോജിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം.

കർഷസമരങ്ങൾക്ക് പിന്നിൽ മോദി തീവ്രവാദം ആരോപിച്ചത് പോലെയാണ് സംസ്ഥാന സർക്കാരും വിഴിഞ്ഞം സമരത്തെയും ആക്ഷേപിക്കുന്നത്. ആർച്ച് ബിഷപ്പിനും സഹായമെത്രാനും എതിരെ കേസെടുത്ത് സമരക്കാരെ പ്രകോപിപ്പിച്ച്, അദാനി നൽകിയ കേസ് കോടതിയിൽ എത്തുമ്പോൾ കലാപമാണെന്ന് വരുത്തി തീർക്കാനാണ് സർക്കാർ ശ്രമിച്ചത്. സമരം അക്രമ സമരമാണെന്നു വരുത്തി തീർക്കാൻ അദാനി പോർട്ടും മുഖ്യമന്ത്രിയും തമ്മിലാണ് ഗൂഢാലോചന നടത്തിയത്. അദാനിക്ക് അനുകൂലമായി കോടതി വിധി ഉണ്ടാകുന്നതിന് വേണ്ടിയാണ് ഗൂഢാലോചന നടത്തിയത്. നാല് മന്ത്രിമാരാണ് സമരത്തിന് തീവ്രവാദ ബന്ധം ആരോപിച്ചത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോപണം. അങ്ങനെയൊരു ഇന്റലിജൻസ് റിപ്പോർട്ടുണ്ടെങ്കിൽ അത് പുറത്തുവിടാൻ തയാറാകണം. ആര് സമരം ചെയ്താലും അത് തനിക്കെതിരെയാണെന്ന തോന്നൽ ഏകാധിപതികളുടെ പൊതുസ്വഭാവമാണ്. മോദിയുടെ അതേ അസുഖമാണ് പിണറായി വിജയനും. സമരം ചെയ്യുന്നവരെയും അവരുടെ സമൂഹത്തെയും മറ്റുള്ളവരിൽ നിന്നും ഒറ്റപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്.

മുഖ്യമന്ത്രി മുൻകൈ എടുത്തിരുന്നെങ്കിൽ രണ്ടു മണിക്കൂർ കൊണ്ട് സമരം അവസാനിപ്പിക്കാമായിരുന്നു. സിമെന്റ് ഗോഡൗണിൽ കഴിയുന്നവരെ വാടകവീട്ടിലേക്ക് മാറ്റി അവരെ സ്ഥിരമായി പാർപ്പിക്കാനുള്ള സ്ഥലം കണ്ടെത്തണം. സമരസമിതി പ്രതിനിധികളെ ഉൾപ്പെടുത്തി തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടായ തീരശോഷണത്തെ കുറിച്ച് പഠിക്കാൻ വിദഗ്ധസമിതി രൂപീകരിക്കണം. ഇതാണ് സമര സമിതി ആവശ്യപ്പെടുന്നത്. വികസനത്തിന്റെ ഇരകളായവരെ പുനരധിവസിപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തുറമുഖം വന്നാൽ തീരശോഷണത്തിനും വീടുകൾ കടലെടുക്കാനും സാധ്യതയുണ്ടെന്ന് മുൻകൂട്ടി മനസിലാക്കിയതിനെ തുടർന്നാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 475 കോടി രൂപയുടെ പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. അതിൽ 350 കോടിയും വീട് നഷ്ടപ്പെടുന്നവരുടെ പുനരധിവാസത്തിനുമാണ് നീക്കി വച്ചത്. ഇത് സംബന്ധിച്ച ഉത്തരവും അന്നത്തെ യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയിരുന്നു. ഈ പദ്ധതി എന്തുകൊണ്ടാണ് സർക്കാർ നടപ്പാക്കാത്തത്? പുനരധിവാസ പദ്ധതി നടപ്പാക്കാണമെന്ന് നിയമസഭയിൽ പ്രതിപക്ഷം കൈകൂപ്പി യാചിച്ചതാണ്. എന്നിട്ടും സമരക്കാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയാറല്ല. സമരം വികസനത്തിന് എതിരെയല്ല. സമരക്കാരുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചെന്നു പറയുന്ന സർക്കാർ അത് സംബന്ധിച്ച് എന്തെങ്കിലും ഉത്തരവ് ഇറക്കിയിട്ടുണ്ടോ? പുനരധിവാസവും പഠനവും നടത്താൻ തയാറായാൽ തന്നെ സമരം അവസാനിക്കും.

തുറമുഖ പദ്ധതി നിർത്തി വയ്ക്കണമെന്ന് യു.ഡി.എഫ് പറഞ്ഞിട്ടില്ല. പദ്ധതി കൊണ്ടു വന്നത് തന്നെ യു.ഡി.എഫാണ്. നാല് കൊല്ലമായി സിമെന്റ് ഗോഡൗണിൽ കിടക്കുന്ന പാവങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇതുപോലുള്ള പ്രശ്നങ്ങൾ പദ്ധതി ആരംഭിച്ചപ്പോഴും ഉണ്ടായിരുന്നു. അന്നത്തെ സർക്കാർ നിരന്തരം ചർച്ചകൾ നടത്തിയാണ് അതൊക്കെ പരിഹരിച്ചത്. അന്ന് തുറമുഖം വേണ്ടെന്ന് പറഞ്ഞത് സിപിഎമ്മാണ്. കടൽക്കൊള്ളയെന്നാണ് ദേശാഭിമാനി വാർത്ത എഴുതിയത്. ആറായിരം കോടിയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുണ്ടെന്നും ആരോപിച്ചവരാണ് ഇപ്പോൾ വികസനത്തിന്റെ അപ്പോസ്തലന്മാരാകുന്നത്. വികസനത്തിന് തടസം നിന്നാൽ ആരായാലും നേരിടുമെന്നാണ് പറയുന്നത്. ഗെയിൽ പൈപ്പ് ലൈൻ ഭൂമിക്കടിയിലെ ബോംബാണെന്ന് പറഞ്ഞ് സമരം ചെയ്തയാൾ ഈ മന്ത്രിസഭയിലെ അംഗമാണ്. അങ്ങനെയുള്ള മുഖ്യമന്ത്രിയാണ് ഗെയിൽ പൈപ്പ് ലൈൻ കൊണ്ടു വന്നതുപോലെ തുറമുഖം നിർമ്മിക്കുമെന്ന് പറയുന്നത്. അന്ന് സമരം ചെയ്തവർ വികസന വക്താക്കളായി മാറിയിരിക്കുന്ന വിചിത്ര സാഹതചര്യമാണ് ഇന്നുള്ളത്.

സ്ത്രീകൾക്ക് പുറത്തിറങ്ങി നടക്കാൻ പറ്റാത്ത സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പൂത്തോട്ട ലോ കോളജിലെ കെ.എസ്.യു പ്രതിനിധിയായ വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കണം. അതിന് വേണ്ടിയാണ് കെ.എസ്.യു സമരം നടത്തുന്നത്. ഒരാളെ തട്ടിക്കൊണ്ടു പോയാൽ ജാമ്യമുള്ള കേസല്ല എടുക്കേണ്ടത്. പൊലീസിനെ ഭരിക്കുന്നത് സിപിഎമ്മാണ്. അഞ്ച് കെ.എസ്.യു കുട്ടികളുടെ രക്തം വീഴ്‌ത്തുമെന്ന് അയ്യംബുഴ പഞ്ചായത്ത് പ്രസിഡന്റാണ് ഭീഷണിപ്പെടുത്തിയത്. എന്നിട്ടും അയാൾക്കെതിരെ നടപടിയില്ല. കുപ്രസിദ്ധരായ ക്രിമിനലുകൾക്കാണ് കോളജുകളുടെ ചുമതല സിപിഎം നൽകിയിരിക്കുന്നത്. കെ.എസ്.യുവിന് എറണാകുളം ജില്ലയിൽ ഉണ്ടായിരിക്കുന്ന വിജയത്തിൽ സിപിഎം വിറളി പൂണ്ടിരിക്കുകയാണെന്നും വിഡി സതീശൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP