Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാ ബിഷപ്പിനെ സന്ദർശിച്ച് അനുകൂല പ്രസ്താവന; വിമർശനമുന്നയിച്ച താഴത്തങ്ങാടി ഇമാമുമായും കൂടിക്കാഴ്ച; അതൃപ്തി പരിഹരിക്കാൻ നേരിട്ട് രംഗത്തിറങ്ങി മന്ത്രി വാസവൻ; നീക്കം മുസ്ലിം സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെ

പാലാ ബിഷപ്പിനെ സന്ദർശിച്ച് അനുകൂല പ്രസ്താവന; വിമർശനമുന്നയിച്ച താഴത്തങ്ങാടി ഇമാമുമായും കൂടിക്കാഴ്ച; അതൃപ്തി പരിഹരിക്കാൻ നേരിട്ട് രംഗത്തിറങ്ങി മന്ത്രി വാസവൻ; നീക്കം മുസ്ലിം സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: നാർകോടിക് ജിഹാദ് വിവാദത്തിന് പിന്നാലെ പാലാ ബിഷപ്പിനെ സന്ദർശിച്ച് അനുകൂല പ്രസ്താവന നടത്തിയ മന്ത്രി വിഎൻ വാസവൻ കോട്ടയം താഴത്തങ്ങാടി ഇമാമുമായി കൂടിക്കാഴ്ച നടത്തി. മന്ത്രിയുടെ നിലപാടിനെതിരെ മുസ്ലിം സംഘടനകൾ പ്രതിഷേധം കടുപ്പിച്ചതോടെയാണ് കൂടിക്കാഴ്ച. താഴത്തങ്ങാടി പള്ളിയിൽ വച്ചാണ് ഇമാം ഷംസുദ്ദീൻ മന്നാനിയെമന്ത്രി കണ്ടത്.

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട് മന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ ഇമാം രംഗത്തുവന്ന സാഹചര്യത്തിലാണ് മന്ത്രി തന്നെ നേരിട്ട് ഇമാമിനെ കാണാനെത്തിയത്. കൂടിക്കാഴ്ച അര മണിക്കൂറോളം നീണ്ടു. ബിഷപ്പിനെ സന്ദർശിച്ച സാഹചര്യം ഇമാമിനോട് മന്ത്രി വിശദീകരിച്ചു. എന്തെങ്കിലും പ്രത്യേക ലക്ഷ്യത്തോടെയല്ല ബിഷപ്പിനെ സന്ദർശിക്കാൻ പോയത് എന്നും ധരിപ്പിച്ചു. തങ്ങൾക്കുണ്ടായ അതൃപ്തി കൃത്യമായി മന്ത്രിയെ ധരിപ്പിക്കാൻ ലഭിച്ച അവസരമായി കൂടിക്കാഴ്ചയെ കാണുന്നുവെന്ന് താഴത്തങ്ങാടി ഇമാം പ്രതികരിച്ചു.

വിവാദ പരാമർശം നടത്തിയതിന് പിന്നാലെ പാലാ ബിഷപ്പിമായി മന്ത്രി വാസവൻ കൂടിക്കാഴ്ച നടത്തിയതും തുടർന്ന് നടത്തിയ പ്രതികരണങ്ങളും മുൂസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു. തുടർന്ന് താഴത്തങ്ങാടി ഇമാം മന്ത്രി വാസവനെതിരേ രംഗത്തെത്തുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റിയടക്കം പ്രതിഷേധിച്ചിരുന്നു. ആ അതൃപ്തി പരിഹരിക്കുക എന്നതാണ് മന്ത്രി കൂടിക്കാഴ്ചയുടെ ലക്ഷ്യം.

ബിഷപ്സ് ഹൗസിൽ നടത്തിയ സന്ദർശനത്തിനുശേഷം ബിഷപ്പിനെ പുകഴ്‌ത്തുന്ന തരത്തിൽ മന്ത്രി നടത്തിയ പ്രതികരണമാണ് മുസ്ലിം സംഘടനകളെ പ്രകോപിപ്പിച്ചത്. തൊട്ടുപിന്നാലെ, കേരളം സംരക്ഷിച്ചു വന്നിരുന്ന മതസൗഹാർദ്ദം തകർക്കാൻ സമൂഹ മാധ്യമങ്ങൾ വഴിയും അല്ലാതെയും ചില ശക്തികൾ ശ്രമിക്കുന്നതായി താഴത്തങ്ങാടി ഇമാം ആരോപിച്ചിരുന്നു.

അടുക്കാനാകാത്ത വിധം നമ്മൾ അകന്നുപോകാൻ പാടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. രണ്ടു സമൂഹങ്ങൾ തമ്മിലുള്ള അകൽച്ച ബോധപൂർവ്വം വർദ്ധിപ്പിക്കുന്നതിനായി ആരോക്കെയോ പിന്നാമ്പുറങ്ങളിൽ പ്രവർത്തിക്കുന്നു. കേരളത്തിന് പോർവിളിയും വിദ്വേഷവുമല്ല, സമാധാനവും സ്‌നേഹവുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.എസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാനൊപ്പം നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ മന്നാനി ഇലവുപാലം ഇക്കാര്യങ്ങൾ പറഞ്ഞത്.

കോട്ടയം മുസ്ലിം ഐക്യവേദിയുടെ അധ്യക്ഷൻ കൂടിയാണ് ശംസുദ്ദീൻ മന്നാനി. ഇത്തരമൊരു പരാമർശം പാലാ ബിഷപ്പ് നടത്താൻ പാടില്ലായിരുന്നെന്നും പരാമർശം പിൻവലിക്കണമെന്നും ഈ രീതിയിലേക്ക് സഭ പോകരുതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. പോർവിളികളും വൈകാരിക പ്രകടനങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടായാലും അംഗീകരിക്കില്ലെന്ന് താഴത്തങ്ങാടി ഇമാം പറഞ്ഞു.

സിഎസ്‌ഐ മധ്യകേരള മഹാ ഇടവക ബിഷപ്പ് മലയിൽ സാബു കോശി ചെറിയാനേയും, താഴത്തങ്ങാടി ജുമാ മസ്ജിദ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനിയേയും പ്രതിപക്ഷ നേതാവ് സന്ദർശിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയ്ക്ക് ഒപ്പമാണ് വി.ഡി.സതീശൻ എത്തിയത്. ഇരുവരെയും അഭിനന്ദിക്കാൻ ആണ് എത്തിയത് എന്ന് സതീശൻ പറഞ്ഞു. ബിഷപ്പും ഇമാമുമായി ചേർന്ന് നടത്തിയ വാർത്താ സമ്മേളനം മാതൃകയാണ്. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾ ഉണ്ടായിരുന്നതിനാലാണ് കെപിസിസി അധ്യക്ഷനൊപ്പം പാലാ ബിഷപ്പിനെ കാണാൻ പോകാത്തത്. പാലാ ബിഷപ്പുമായി ഒരു പ്രശ്‌നവുമില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP