Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള തീരുമാനം; കള്ളന്റെ കൈയിൽ തന്നെ താക്കോൽ നൽകുന്ന നടപടി; ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണെന്ന് സിപിഎം എന്ന് ഓർക്കണം: വിമർശിച്ചു വി ടി ബൽറാം

ലോകായുക്തയുടെ അധികാരം വെട്ടിച്ചുരുക്കാനുള്ള തീരുമാനം; കള്ളന്റെ കൈയിൽ തന്നെ താക്കോൽ നൽകുന്ന നടപടി; ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണെന്ന് സിപിഎം എന്ന് ഓർക്കണം: വിമർശിച്ചു വി ടി ബൽറാം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകായുക്തയെ അപ്രസക്തമാക്കുന്ന സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ കോൺഗ്രസ് വൈസ് പ്രസിഡന്റ് വി ടി ബൽറാം. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചാൽ അത് കള്ളന്റെ കൈയിൽ താക്കോൽ ഏൽപ്പിക്കുന്നതിന് തുല്യമാണെന്ന് വി.ടി ബൽറാം ആരോപിച്ചു. ലോകായുക്തയെ വെറും ഉപദേശക സംവിധാനമാക്കി മാറ്റുകയാണ് കേരളത്തിലെ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റൂടെയാണ് വി ടി ബൽറാമിന്റെ വിമർശനം.

സർവകലാശാല നിയമന വിഷയങ്ങളിൽ മന്ത്രി ആർ ബിന്ദുവിനെതിരെയും ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ ലോകായുക്തയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ നിയമസഭയിൽ പോലും അവതരിപ്പിക്കാതെ തിരക്കുപിടിച്ച് ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പ്രധാന വകുപ്പുകൾ ഭേദഗതി ചെയ്ത് അധികാരം ഇല്ലാതാക്കുന്നതെന്ന് ബൽറാം ചൂണ്ടിക്കാട്ടി.

2013കാലത്ത് മന്മോഹൻ സിങ് സർക്കാർ ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണ് സിപിഎമ്മുകാരെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഈ തീരുമാനത്തിന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോ എന്ന് അവർ തന്നെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ടെന്നും വി.ടി ബൽറാം ആവശ്യപ്പെട്ടു. താനിരിക്കുന്ന പദവിയോട് അൽപ്പമെങ്കിലും ആത്മാർത്ഥതയും ബഹുമാനവും ഗവർണർക്കുണ്ടെങ്കിൽ ഈ ദുരുപദിഷ്ട ഓർഡിനൻസ് തിരിച്ചയക്കാൻ അദ്ദേഹം തയാറാകണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോകായുക്ത വിധി തള്ളുകയോ കൊള്ളുകയോ ചെയ്യാമെന്നാണ് ഓർഡിനൻസിൽ സർക്കാർ വ്യക്തമാക്കുന്നത്. നിലവിൽ അധികാരത്തിലിരിക്കുന്നവർക്കെതിരായ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ തൽ സ്ഥാനത്തിരിക്കാൻ അർഹരല്ലെന്ന് ലോകായുക്തയ്ക്ക് വിധിക്കാൻ കഴിയും. മന്ത്രി പഥത്തിലും മറ്റുമായി അധികാരത്തിലിരിക്കുന്നവർക്കെതിരെ ലോകായുക്ത ഇനി വിധി പുറപ്പെടുവിച്ചാൽ മുഖ്യമന്ത്രിയോ ഗവർണറോ ഹിയറിങ് നടത്തിക്കൊണ്ട് വിധിയെ തള്ളുകയോ അംഗീകരിക്കുകയോ ചെയ്യാം. ഇത്തരത്തിലുള്ള നിയമ നിർമ്മാണത്തിനാണ് സർക്കാർ ഒരുങ്ങുന്നത്.

വി ടി ബൽറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അഴിമതിക്കെതിരെ പോരാടാനും ഇടപെടാനും കഴിയുന്ന ശക്തമായ ഒരു സംവിധാനം എന്ന നിലയിൽ 'ലോകായുക്ത'ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാൽ ആ ലോകായുക്തയുടെ പല്ലും നഖവും ഇല്ലാതാക്കി അതിനെ വെറും ഉപദേശക സംവിധാനമാക്കി മാറ്റുകയാണ് കേരളത്തിലെ പിണറായി വിജയന്റെ കമ്മ്യൂണിസ്റ്റ് സർക്കാർ.

അഴിമതിയോ സ്വജനപക്ഷപാതിത്തമോ നടത്തിയതായി തെളിവുകളുടെ അടിസ്ഥാനത്തിൽ ലോകായുക്ത കണ്ടെത്തിയാൽ നിലവിലെ നിയമപ്രകാരം ബന്ധപ്പെട്ട അധികാര സ്ഥാനത്തിരിക്കുന്നവർക്ക് സ്ഥാനമൊഴിയേണ്ടിവരും. എന്നാൽ പുതിയ ഓർഡിനൻസ് പ്രകാരം ലോകായുക്തയുടെ കണ്ടെത്തലുകളെ തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകാനാണ് തീരുമാനിക്കുന്നത്. സർവ്വകലാശാല നിയമന വിഷയങ്ങളിൽ മന്ത്രി ആർ ബിന്ദുവിനെതിരെയും ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തതിന്റെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയുമൊക്കെ ലോകായുക്തയിൽ കേസ് നടന്നു കൊണ്ടിരിക്കുന്ന വേളയിലാണ് ഇപ്പോൾ നിയമസഭയിൽ പോലും അവതരിപ്പിക്കാതെ തിരക്കുപിടിച്ച് ഓർഡിനൻസ് വഴി ലോകായുക്ത നിയമത്തിലെ പ്രധാന വകുപ്പുകൾ ഭേദഗതി ചെയ്ത് അധികാരം ഇല്ലാതാക്കുന്നത്. നിഷ്പക്ഷമായ ഒരു ജുഡീഷ്യൽ സംവിധാനത്തിന്റെ അധികാരം സർക്കാർ കയ്യടക്കുന്നതോടെ കള്ളന്റെ കയ്യിൽത്തന്നെ താക്കോൽ കൊടുക്കപ്പെടുന്ന അവസ്ഥയാണ് ഉണ്ടാവാൻ പോവുന്നത്. സിപിഎമ്മിന്റെ അഴിമതി വിരുദ്ധ നാട്യങ്ങളുടെ പൊള്ളത്തരം ഒരിക്കൽക്കൂടി ജനങ്ങൾക്ക് ബോധ്യമാവുകയാണ്.

2013കാലത്ത് മന്മോഹൻ സിങ് സർക്കാർ ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൊണ്ടുവരുന്ന കാലത്ത് രാജ്യത്ത് അഴിമതി വിരുദ്ധതയുടെ അപ്പോസ്തലന്മാരായി നടിച്ചിരുന്നവരാണ് സിപിഎമ്മുകാർ. അണ്ണാ ഹസാരെയെപ്പോലുള്ള സംഘ് പരിവാർ ഏജന്റുമാരോടൊപ്പം ചേർന്ന് യുപിഎ സർക്കാരിനെതിരെ പ്രചരണം നടത്താൻ നേതൃത്ത്വം നൽകിയത് വൃന്ദ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കളായിരുന്നു. ലോക്പാൽ, ലോകായുക്ത നിയമങ്ങൾ കൂടുതൽ ശക്തമാക്കണം എന്നായിരുന്നു അന്നവരുടെ ആവശ്യം. ഇന്ന് സിപിഎം ഭരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനത്തെ സർക്കാർ ഉള്ള നിയമത്തെപ്പോലും ദുർബ്ബലപ്പെടുത്താൻ നോക്കുമ്പോൾ അതിന് സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന്റെ അംഗീകാരമുണ്ടോ എന്ന് അവർ തന്നെ ജനങ്ങളോട് വ്യക്തമാക്കേണ്ടതുണ്ട്.

ഇതുപോലൊരു ഓർഡിനൻസിന് ഗവർണർ അംഗീകാരം നൽകുമോ എന്നതാണ് ഇനി നമുക്കറിയാനുള്ളത്. ഇങ്ങനെയൊരു സാഹചര്യം മുൻകൂട്ടി കണ്ടു കൊണ്ടാണോ ഗവർണറുമായി സർക്കാർ തിരക്കിട്ട് ഒത്തുതീർപ്പുണ്ടാക്കിയത് എന്നതും സംശയിക്കാവുന്നതാണ്. ഗവർണർ-ഗവണ്മെന്റ് തർക്കങ്ങളും പൊറാട്ടുനാടകങ്ങളും ജനങ്ങളെ കബളിപ്പിക്കാനാണെന്നും ഇവർ തമ്മിലുള്ള അന്തർധാര സജീവമാണെന്നും പ്രതിപക്ഷമുയർത്തിയ ആക്ഷേപം ശരിവക്കുന്ന തരത്തിലാണ് ചാൻസലർ സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ ഗവർണർ തീരുമാനിച്ചതായി വാർത്തകളിൽ കാണുന്നത്. ഏതായാലും അൽപ്പമെങ്കിലും ആത്മാർത്ഥതയും താനിരിക്കുന്ന പദവിയോട് ബഹുമാനവും ഗവർണർക്കുണ്ടെങ്കിൽ ഈ ദുരുപദിഷ്ട ഓർഡിനൻസ് തിരിച്ചയക്കാൻ അദ്ദേഹം തയ്യാറാകണം എന്നാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP