Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാർത്താസമ്മേളനം വിളിച്ച് വി എസ് അച്യുതാനന്ദനെ പരസ്യമായി തള്ളിപ്പറഞ്ഞ് പിണറായി വിജയൻ; വി എസിന് പാർട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന് വിമർശിച്ച് പ്രമേയം; 'അയാളുടെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു'വെന്ന് വി എസിന്റെ മറുപടി: സംസ്ഥാന സമ്മേളനത്തിന് മുമ്പ് സിപിഎമ്മിൽ പൊട്ടിത്തെറി

വാർത്താസമ്മേളനം വിളിച്ച് വി എസ് അച്യുതാനന്ദനെ പരസ്യമായി തള്ളിപ്പറഞ്ഞ് പിണറായി വിജയൻ; വി എസിന് പാർട്ടി വിരുദ്ധ മാനസികാവസ്ഥയെന്ന് വിമർശിച്ച് പ്രമേയം; 'അയാളുടെ പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു'വെന്ന് വി എസിന്റെ മറുപടി: സംസ്ഥാന സമ്മേളനത്തിന് മുമ്പ് സിപിഎമ്മിൽ പൊട്ടിത്തെറി

ആലപ്പുഴ: സംസ്ഥാന സമ്മേളനത്തിന് തൊട്ടുമുമ്പ് സിപിഎമ്മിൽ കലാപം. സംസ്ഥാന സെക്രട്ടറിയറ്റിൽ വി എസ് അച്യുതാനന്ദനെതിരെ അവതരിപ്പിച്ച പ്രമേയം അംഗീകരിച്ചതു വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. ഇതിനു തൊട്ടുപിന്നാലെ വി എസും പരസ്യമായി പ്രതികരിച്ചതോടെയാണ് സമ്മേളനത്തിനു തൊട്ടുമുമ്പ് വി എസ്-പിണറായി പോര് വീണ്ടും ചർച്ചാവിഷയമായത്.

വി എസിന് പാർട്ടിവിരുദ്ധ മാനസികാവസ്ഥയാണെന്നു സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് വി എസും രംഗത്തെത്തിയത്. 'അയാളെന്തോ (പിണറായി) പറഞ്ഞത് താൻ അവജ്ഞയോടെ തള്ളിക്കളയുന്നു' എന്നു വ്യക്തമാക്കിയാണ് വി എസ് മാദ്ധ്യമങ്ങളെ കണ്ടത്.

പിണറായിയുടെ വാർത്താസമ്മേളനം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് വി എസ് രൂക്ഷമായി തിരിച്ചടിച്ചത്. താൻ കത്തയച്ചത് പൊളിറ്റ് ബ്യൂറോയ്ക്കാണ്. അതിനു മറുപടി നൽകേണ്ടത് പിബിയാണ്. പിബി നേതാക്കൾ വരുമ്പോൾ അവരോടു താൻ സംസാരിക്കും. പാർട്ടി സമ്മേളനം നടക്കുന്ന കാലയളവിൽ ഒരാൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് കേന്ദ്ര കമ്മിറ്റി തീരുമാനം. അതുമറികടന്നാണ് നടപടിയെന്നും വി എസ് പറഞ്ഞു.

തന്റെ നിലപാടിൽ നിന്ന് ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നു വ്യക്തമാക്കിയാണ് വി എസ് മാദ്ധ്യമങ്ങളോടു സംസാരിച്ചത്. പിണറായി വിജയനെ അയാൾ എന്നു സംബോധന ചെയ്താണ് വി എസ് സംസാരിച്ചത്. അയാളേതാണ്ട് എന്നോടെന്തോ നടപടി സ്വീകരിച്ചിരിക്കുന്നു എന്നു കേട്ടു. ഇതു താൻ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന തരത്തിലായിരുന്നു പ്രസ്താവന. ഇതോടെ നാളെ തുടങ്ങുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിലെ പ്രധാന ചർച്ചകൾ ഈ വഴിക്കാകുമെന്നുറപ്പായി.

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ തള്ളിപ്പറയുന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റിന്റെ തീരുമാനം വ്യക്തമാക്കിയാണ് നേരത്തെ പിണറായി വാർത്താസമ്മേളനം നടത്തിയത്. പാർട്ടി അച്ചടക്കം ലംഘിക്കുകയാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ പറഞ്ഞു.

നിരവധി തവണ ശാസനയ്ക്കു വിധേയമായിക്കിയിട്ടും അച്ചടക്കലംഘനം തുടരുന്ന നടപടിയാണ് വി എസിന്റെ കൈയിൽ നിന്നുണ്ടായതെന്നും സെക്രട്ടറിയറ്റ് വിലയിരുത്തിയതായി പിണറായി പറഞ്ഞു.

പാർട്ടി കേന്ദ്രകമ്മിറ്റിക്കു വി എസ് നൽകിയ കത്ത് മാദ്ധ്യമങ്ങൾക്കു ചോർന്നു കിട്ടിയ സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനത്തിനു തൊട്ടുമുമ്പ് പിണറായി വിജയൻ മാദ്ധ്യമങ്ങളെ കണ്ടത്. കടുത്ത ഭാഷയിലാണ് വി എസിനെ പാർട്ടി വിമർശിച്ചത്. പാർട്ടിനയങ്ങൾ സംബന്ധിച്ചുള്ള വി എസിന്റെ കുറിപ്പിനെതിരെ പാർട്ടി സെക്രട്ടറിയറ്റിൽ വിമർശനമുയർന്നതായും പിണറായി പറഞ്ഞു. വി എസ് കത്തിൽ ആരോപിച്ച വിഷയങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് പിണറായി ആരോപണങ്ങൾ തള്ളിയത്.

പത്രത്തിൽ വന്ന രേഖയിലുള്ള കാര്യങ്ങൾ പഴയ ആരോപണങ്ങളുടെ ആവർത്തനം മാത്രമാണ്. വിഭാഗീയ ഉദ്ദേശ്യത്തോടെ നടത്തിയ കാര്യങ്ങൾ മാത്രമാണിത്. സംസ്ഥാന കമ്മിറ്റിക്ക് വി എസ് നേരത്തെ നൽകിയ കത്തിൽ പറയുന്ന കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയറ്റും ചർച്ച ചെയ്ത് തള്ളിയതാണ്. ഈ കാര്യങ്ങൾ വീണ്ടും മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയത് ദുരുദ്ദേശപരമാണ് പിണറായി പറഞ്ഞു. തുടർ നടപടികൾ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു.

വി എസിനെതിരായ പ്രമേയത്തിൽ രൂക്ഷഭാഷയിലാണ് വിമർശനം ഉയർന്നത്. വി എസ് കൂടി ഉൾപ്പെട്ടിരുന്ന യോഗമാണ് പ്രമേയം അംഗീകരിച്ചത്. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മറ്റു വിഷയങ്ങളിലുമെല്ലാം വി എസ് കൂടി ഉൾപ്പെട്ട സമിതിയാണ് തീരുമാനങ്ങൾ എടുത്തത്. എന്നാൽ, അതെല്ലാം തൃണവൽഗണിച്ചാണ് വി എസ് പിന്നീട് നിലപാടുകൾ സ്വീകരിച്ചതെന്നു പിണറായി പറഞ്ഞു.

ഫെബ്രുവരി 9നും പത്തിനും ചേർന്ന സംസ്ഥാന സമിതിയിൽ വി എസിന്റെ കത്തു ചർച്ചയായിരുന്നു. എന്നാൽ ഈ കത്ത് എങ്ങനെ മാദ്ധ്യമങ്ങൾക്കു ലഭിച്ചുവെന്ന് പരിശോധിക്കണമെന്നും സെക്രട്ടേറിയറ്റിൽ ആവശ്യം ഉയർന്നു. പിബിയിൽ നിന്ന് നേരത്തെ ഒഴിവാക്കിയപ്പോൾ തന്നെ പാർട്ടിക്കെതിരായ പ്രസ്താവനകൾ പുറപ്പെടുവിക്കരുതെന്ന് വി എസിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതു പാലിക്കാൻ വി എസ് തയ്യാറായില്ലെന്നും പിണറായി പറഞ്ഞു. തുടർച്ചയായ അച്ചടക്ക ലംഘനം പൊറുപ്പിക്കാനാവാതെയാണ് വി എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നും പുറത്താക്കിയത്. അന്ന് വി എസിനെ പരസ്യമായി താക്കീത് ചെയ്തതാണെന്നും പിണറായി പറഞ്ഞു.

ടി പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ടും വി എസ് തെറ്റായ നിലപാടാണ് എടുത്തത്. പാർട്ടി സെക്രട്ടറിക്ക് അയച്ച കത്തിന്റെ ചില ഭാഗങ്ങൾ ചോർത്തി നൽകിയപ്പോൾ കേന്ദ്ര കമ്മറ്റി അന്നും വി എസിനെ താക്കീത് ചെയ്തതാണ്. എന്നാൽ അദ്ദേഹം അവസാനിപ്പിക്കാൻ കൂട്ടാക്കിയില്ല. ചന്ദ്രശേഖരനും കൂട്ടരും പുറത്ത് പോയപ്പോൾ വി എസിനെയാണ് കൂട്ടുപിടിച്ചത്. ജീവിച്ചിരിക്കുന്ന പാർട്ടി നേതാവ് തങ്ങളുടെ നേതാവാണെന്ന് വിഘടിത വിഭാഗം പറയുന്നത് ഒഞ്ചിയത്ത് പാർട്ടി സഖാകൾക്കുള്ളിൽ പ്രശ്‌നമുണ്ടാക്കി. ഇത് സംഘർഷം സൃഷ്ടിച്ചു. പാർട്ടി തീരുമാനമനുസരിച്ച് സിപിഎമ്മിന്റെ പരിപാടിയിൽ പങ്കെടുക്കാൻ വി എസ് ഒഞ്ചിയത്തെത്തി. എന്നാൽ വിഘടിത സംഘടനയെപറ്റി നേരിയ രീതിൽ പോലും ഒന്നും പരാമർശിക്കാൻ വി എസ് തയാറായില്ല. പുതിയ കത്തിൽ വി എസ് ആരോപിക്കുന്നത് പറയുന്നത് പഴയ കാര്യങ്ങളുടെ ആവർത്തനം തന്നെയാണ്.

സോളാർ സമരവുമായി ബന്ധപ്പെട്ട് എല്ലാതീരുമാനവും വി എസ് അടക്കമുള്ള നേതാക്കളും ചേർന്നാണ് എടുത്തത്. സമരത്തിന് മുൻപേ ജുഡീഷ്യൽ അന്വേഷണം നടത്തുന്നുവെന്ന കാര്യം പുതിയ വെളിപാടാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള സങ്കൽപ്പ കഥയുടെതീരുമാനമാണ് വി എസ് ഇപ്പോൾ നടത്തിയത്. സമരം പിൻവലിച്ചതും വി എസ് അടക്കമുള്ള വരുടെ തീരുമാനത്തിലാണെന്നും പാർട്ടി സെക്രട്ടറിയേറ്റ് പ്രമേയത്തിൽ പറയുന്നു.

വി എസിന്റേതു കടുത്ത പാർട്ടി വിരുദ്ധ നിലപാടുതന്നെയാണ്. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള മാനസികാവസ്ഥയിലേക്കു വി എസ് തരംതാണിരിക്കുകയാണ്. വി എസിന്റെ ആരോപണങ്ങളെല്ലാം അനവസരത്തിലുള്ളതാണ്. വി എസ് ഉന്നയിച്ച എല്ലാ വിഷയങ്ങളിലും പാർട്ടി കേന്ദ്രകമ്മിറ്റി ഉൾപ്പെടെയുള്ളവ നിലപാടുകൾ വ്യക്തമാക്കിയതാണ്. അതിനെതിരായ നടപടികൾ വി എസ് തുടരുന്നത് പാർട്ടിയെ ദുർബലപ്പെടുത്താനുള്ളതാണ് എന്നും സെക്രട്ടറിയറ്റിൽ പാസാക്കിയ പ്രമേയത്തെ ഉദ്ധരിച്ച് പിണറായി പറഞ്ഞു.

സിപിഐ(എം) സമ്മേളനത്തിന് മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്നു നല്ല പിന്തുണയാണ് ലഭിച്ചത്. ചില മാദ്ധ്യമങ്ങൾ ഇകഴ്‌ത്തിക്കാണിക്കാൻ ശ്രമിച്ചു. എന്നാൽ സമ്മേളനം അവസാന ഘട്ടത്തിൽ എത്തിയപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനം വിജയകരമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. വിഭാഗിയമായ ഒരു പ്രശ്‌നങ്ങളുമില്ലാതെയാണ് ജില്ലാ സമ്മേളനങ്ങൾ സമാപിച്ചത്. ഇത് പാർട്ടിയുടെ കരുത്ത് വർധിപ്പിച്ചു. ഒറ്റപ്പെട്ട ചില സ്ഥലങ്ങളിൽ വിഭാഗീയ പ്രവണതകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇതും തിരുത്തി മുന്നോട്ടു പോകുമെന്നും പിണറായി പറഞ്ഞു.

സംസ്ഥാന സെക്രട്ടറിയെന്ന നിലയിൽ തനിക്കു തന്ന സഹകരണത്തിന് മാദ്ധ്യമങ്ങളോടു നന്ദി പറഞ്ഞാണ് പിണറായി വിജയൻ വാർത്താസമ്മേളനം അവസാനിപ്പിച്ചത്.

വിഎസിനെതിരെ സംസ്ഥാന സെക്രട്ടറിയേറ്റ് പാസാക്കിയ പ്രസ്താവനയുടെ പൂർണ്ണരൂപം ചുവടേ:

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP