Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബാറുടമകളിൽ നിന്നും കോഴവാങ്ങിയ രണ്ട് മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ ബാബുവും; രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ; ആരോപണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

ബാറുടമകളിൽ നിന്നും കോഴവാങ്ങിയ രണ്ട് മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ ബാബുവും; രാജിവച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദൻ; ആരോപണം അടിസ്ഥാന രഹിതമെന്ന് ചെന്നിത്തല

തിരുവനന്തപുരം: മദ്യവ്യവസായികളിൽ നിന്നും കോഴ വാങ്ങിയ മറ്റ് രണ്ട് മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ ബാബുവുമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ ആരോപണം. കെ എം മാണി മാത്രമല്ല കോഴ വാങ്ങിയതെന്നും ബാബുവും ചെന്നിത്തലയും പണം വാങ്ങിയെന്നും വി എസ് ആരോപിച്ചു. ഇരുവരും മന്ത്രിസ്ഥാനങ്ങൾ രാജിവച്ച് അന്വേഷണം നേരിടണമെന്നും വി എസ് ആവശ്യപ്പെട്ടു.

ബാർ കോഴ കേസിൽ 20 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് നേരത്തെ തന്നെ വ്യക്തമായ കാര്യമാണ്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും വി എസ് ആവശ്യപ്പെട്ടു. ചെന്നിത്തലയും ബാബുവും വിചാരണ ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബാർ കോഴ വിവാദത്തിൽ മുഖ്യമന്ത്രിയുടേയും ധനമന്ത്രി കെ.എം.മാണിയുടെ രാജി ആവശ്യപ്പെട്ട് എൽ.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു വി എസ്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മന്ത്രിസ്ഥാനത്ത് ഇരിക്കുമ്പോൾ ബാർ കോഴ അന്വേഷണത്തിൽ വിജിലൻസും അവരെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണ്. അതിനാൽ തന്നെ ഇവർ രാജിവയ്ക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. നാണമില്ലാത്തവന്റെ ആസനത്തിൽ ആൽ കിളിർത്താൽ അതും തണലാണെന്നാണ് ഉമ്മൻ ചാണ്ടി കരുതുന്നത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള സർക്കാർ അഴിമതിയിൽ മുങ്ങി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മദ്യവ്യവസായി ബിജു രമേശ് മാണി മാത്രമല്ല കോഴ വാങ്ങിയതെന്നും രണ്ട് മന്ത്രിമാർ കൂടി വാങ്ങിയെന്നും വെളിപ്പെടുത്തിയിരുന്നു. ഈ മന്ത്രിമാർ ചെന്നിത്തലയും ബാബുവുമാണെന്നാണ് വി എസ് അച്യുതാനന്ദൻ ആരോപിച്ചിരിക്കുന്നത്. രണ്ട് കോൺഗ്രസ് മന്ത്രിമാർക്ക് കോഴ നൽകിയെന്നാണ് ബാർ ബോട്ടൽ അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് ബിജു രമേശ് മൊഴി നൽകിയത്. ഈ മന്ത്രിമാർ രമേശ് ചെന്നിത്തലയും കെ.ബാബുവുമാണ്. ഈ മന്ത്രിമാർ തങ്ങളുടെ മണ്ഡലങ്ങളിൽ എത്തുമ്പോൾ താടിക്കു പിടിച്ച് നിറുത്തി എത്ര രൂപ കോഴ വാങ്ങിയെന്ന് ചോദിക്കണം. എന്നാൽ അവരെ ശാരീരികമായി ഉപദ്രവിക്കരുതെന്നും വി എസ് പറഞ്ഞു.

അതേസമയം വിഎസിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. ആരോപണം ഉന്നയിച്ച വി എസ് അതിന് തെളിവ് നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ വിഎസിന്റെ ആരോപണത്തിനിടെ പൂട്ടിക്കിടക്കുന്ന നൂറോളം ബാറുകൾ ഇന്നു മുതൽ ബിയറും വൈൻ പാർലറുകളായി മാറും. ഒമ്പതു മാസമായി പൂട്ടിക്കിടക്കുന്ന 418 ബാറുകളിൽ നൂറോളം ബാറുകൾക്ക് ബിയർവൈൻ പാർലർ ലൈസൻസ് ലഭിച്ചിട്ടുണ്ട്.

ബിയർവൈൻ പാർലറിന് അപേക്ഷ നൽകിയ ബാറുകളിൽ ശുചിത്വ പരിശോധന തുടരുകയാണ്. പരിശോധന പൂർത്തിയാകുന്ന മുറയ്ക്ക് മറ്റ് അപേക്ഷകർക്കും ലൈസൻസ് നൽകും. നവീകരണത്തിന്റെ പേരിൽ കെട്ടിടത്തിന്റെ ഘടനയിൽ മാറ്റംവരുത്തിയവർ പിഴ നൽകേണ്ടിവരും. മദ്യനയത്തിലെ തിരുത്തലുകളെച്ചൊല്ലി കോൺഗ്രസിലുണ്ടായ ഭിന്നത ചർച്ച ചെയ്യാൻ ചൊവ്വാഴ്ച കെപിസിസി. സർക്കാർ ഏകോപനസമിതി ചേരാനിരിക്കെയാണു പഴയ ബാറുകൾ ബിയർവൈൻ ലൈസൻസുമായി വീണ്ടും തുറക്കുന്നത്.

യു.ഡി.എഫ്. യോഗം ചുമതലപ്പെടുത്തിയതനുസരിച്ച് മന്ത്രിസഭായോഗമാണു പൂട്ടിയ ബാറുകൾക്ക് ബിയർവൈൻ ലൈസൻസ് നൽകാൻ തീരുമാനമെടുത്തത്. ഇതിനെ കെപിസിസി. പ്രസിഡന്റ് വി എം. സുധീരൻ എതിർത്തെങ്കിലും തീരുമാനം മാറ്റേണ്ടെന്ന ഉറച്ച നിലപാടാണു സർക്കാരിന്റേത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP