Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ: മനേകാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വി മുരളീധരൻ; ഇത്തരം പ്രസ്താവനകൾ കേന്ദ്രസർക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തും; തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാതെ അനാവശ്യ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മുരളീധരൻ

തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ: മനേകാ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വി മുരളീധരൻ; ഇത്തരം പ്രസ്താവനകൾ കേന്ദ്രസർക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തും; തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളുടെ വിവരങ്ങൾ ശേഖരിക്കാതെ അനാവശ്യ വിവാദമുണ്ടാക്കുന്നത് ശരിയല്ലെന്നും മുരളീധരൻ

തിരുവനന്തപുരം: തെരുവ്‌നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി മനേകാ ഗാന്ധിക്കെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഈ പ്രതിഷേധം പുകയുന്നതിനിടെ കേരളത്തിലെ ബിജെപിയിൽ നിന്നും മനേകയ്ക്ക് എതിരെ ശബ്ധമുയരുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ മനേകാ ഗാന്ധിക്കെതിരെ രംഗത്തെത്തി. കാപ്പ ചുമത്തണമെന്ന പ്രസ്താവന തെറ്റാണെന്നു കാണിച്ചാണി മനേകാ ഗാന്ധിക്ക് മുരളീധരൻ കത്തയച്ചത്.

തെരുവുനായ്ക്കളെ സ്വയരക്ഷാർഥം കൊല്ലുന്നവർക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളുടെമേൽ ചുമത്തുന്ന കാപ്പ നിയമം ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുരളീധരൻ മനേകാ ഗന്ധിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇത്തരം പ്രസ്താവനകൾ നരേന്ദ്ര മോദി സർക്കാറിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തുമെന്നും ഇത് കേരളത്തിലെ ജനങ്ങളെ ബിജെപിയിൽ നിന്നം അകറ്റാനേ ഉപകരിക്കൂവെന്നും കത്തിൽ പറുയന്നു.

കേന്ദ്ര സർക്കാരിൽ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയാണല്ലോ താങ്കൾ. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു കുട്ടികൾക്കാണ് കേരളത്തിൽ തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയോ അക്കാര്യത്തിൽ സംസ്ഥാനത്തിന്റെ റിപ്പോർട്ട് തേടാനോ തയാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ല. മുരളീധരൻ കത്തിലൂടെ സൂചിപ്പിച്ചു.

ഒരു പൗര എന്ന നിലയിൽ കേരളത്തിലെ തെരുവുനായ ആക്രമണത്തെക്കുറിച്ച് അഭിപ്രായം പറയാൻ താങ്കൾക്ക് അവകാശമുണ്ട്. പക്ഷേ താങ്കളുടെ വകുപ്പിനു കീഴിൽ വരാത്ത ഒരു പ്രശ്‌നത്തിൽ കാപ്പ ചുമത്തണമെന്ന് കേരളത്തിലെ ഡി.ജി.പിയോട് പറയാൻ താങ്കൾക്ക് അവകാശമില്ലെന്ന് ഓർമിപ്പിക്കട്ടെയെന്നുമാണ് മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുരളീധരൻ മനേകാ ഗാന്ധിക്കെതിരെ എഴുതി കത്തിന്റെ പൂർണ്ണരൂപം ചുവടേ:

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി. മേനകാ ഗാന്ധിക്ക്,
കേരളത്തിൽ തെരുവുനായ്ക്കൾ കൂട്ടമായി മനുഷ്യനെ ആക്രമിച്ച് കൊലപ്പെടുത്തുകയും കുട്ടികളെ ഉൾപ്പെടെ ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്യുമ്പോൾ, തെരുവുനായ്ക്കളെ സ്വയരക്ഷാർഥം കൊല്ലുന്നവർക്കെതിരേ പൊതുസമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാകുന്ന കൊടും കുറ്റവാളികളുടെമേൽ ചുമത്തുന്ന കാപ്പ നിയമം ചുമത്തണമെന്ന പ്രസ്താവന അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. ഇത്തരം പ്രസ്താവനകൾ കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള, താങ്കൾകൂടി ഉൾപ്പെടുന്ന സർക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്താനും കേരളത്തിലെ ജനങ്ങളെ ബിജെപിയിൽനിന്നും അകറ്റാനും മാത്രമേ ഉപകരിക്കൂ.

തെരുവുനായ ശല്യം കേരളത്തിൽ അതീവ ഗുരുതരമായ പ്രതിന്ധി സൃഷ്ടിച്ചിരിക്കുകയാണ്. തെരുവ്‌നായ്ക്കളുടെ ആക്രമണോത്സുകത വർധിക്കുകയും അവ ചെന്നായ്ക്കളെപ്പോലെ കൂട്ടംചേർന്ന് മനുഷ്യനെതന്നെ ആക്രമിക്കുകയും ചെയ്യുന്ന പ്രവണതയാണ് കാണാനാവുന്നത്. നൂറുകണക്കിന് ആളുകൾക്കാണ് ഇത്തരത്തിലുള്ള ആക്രമണങ്ങളിൽ പരുക്കേറ്റിട്ടുള്ളത്. രണ്ടു വയോവയോധികർ തെരുവുനായകളുടെ ക്രൂരമായ ആക്രമണത്തിൽ പരുക്കേറ്റ് മരണപ്പെടുകയും ചെയ്തു. ഈ ഗുരുതരമായ സാമൂഹ്യപ്രശ്‌നത്തെ എങ്ങനെ കൂട്ടായി നേരിടാമെന്ന് ആലോചിക്കുന്നതിനു പകരം, തെരുവുനായ്ക്കളെ കൊല്ലുന്നവർക്കും അതിനു പ്രേരിപ്പിക്കുന്നവർക്കുമെതിരേ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള കാപ്പ നിയമം ചുമത്തണമെന്നു പറയുന്നതിനോട് ജനങ്ങൾക്ക് എങ്ങനെയാണ് യോജിക്കാനാകുക?.

കേന്ദ്ര സർക്കാരിൽ ശിശുക്കളുടേയും വനിതകളുടേയും ക്ഷേമത്തിനായുള്ള മന്ത്രിയാണല്ലോ താങ്കൾ. പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ നൂറുകണക്കിനു കുട്ടികൾക്കാണ് കേരളത്തിൽ തെരുവുനായ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുള്ളത്. തെരുവുനായ ആക്രമണത്തിൽ പരുക്കേറ്റ കുട്ടികളെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുകയോ അക്കാര്യത്തിൽ സംസ്ഥാനത്തിന്റെ റിപ്പോർട്ട് തേടാനോ തയാറാകാതെ കുട്ടികളെ ആക്രമിക്കുന്ന തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരേ കാപ്പ ചുമത്തണമെന്നു പറയുന്നത് ശരിയല്ല.

തെരുവുനായ പ്രശ്‌നം താങ്കളുടെ വകുപ്പിൽ പെടുന്നതല്ലെന്ന് ദയവായി ഓർമിപ്പിക്കട്ടെ. കേന്ദ്ര വനംപരിസ്ഥിതിമന്ത്രിയായിരിക്കേ പ്രകാശ് ജാവഡേക്കർ, ബിഹാറിൽ വ്യാപകമായി കൃഷിനാശം വരുത്തുന്ന നീൽഗായി മൃഗങ്ങളെ കൊല്ലുന്നതിന് അനുമതി നൽകിയിരുന്നു. ഇതിനെതിരേ താങ്കൾ പ്രതിഷേധമുയർത്തിയപ്പോൾ അത് വ്യക്തിപരമാണെന്നും കേന്ദ്ര മന്ത്രിസഭയുടെ നിലപാടല്ലെന്നുമുള്ള അസന്നിഗ്ധമായ അഭിപ്രായം മന്ത്രി ജാവഡേക്കർ വ്യക്തമാക്കിയത് ഓർക്കുമല്ലോ.

രാജ്യത്തെ ഉത്തരവാദിത്വമുള്ള പൗരനെന്ന നിലയിൽ കേരളത്തിലെ തെരുവുനായ ആക്രമണത്തെക്കുറിച്ച് അഭിപ്രായം പറയാൻ താങ്കൾക്ക് അവകാശമുണ്ട്. പക്ഷേ താങ്കളുടെ വകുപ്പിനു കീഴിൽ വരാത്ത ഒരു പ്രശ്‌നത്തിൽ കാപ്പ ചുമത്തണമെന്ന് കേരളത്തിലെ ഡി.ജി.പിയോട് പറയാൻ താങ്കൾക്ക് അവകാശമില്ലെന്ന് ഓർമിപ്പിക്കട്ടെ. വ്യക്തിപരമായി ഇത്തരത്തിലുള്ള അഭിപ്രായം പറയാൻ താങ്കൾക്ക് എല്ലാവിധ സ്വാതന്ത്ര്യവുമുണ്ട്. എന്നാൽ കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരിക്കുമ്പോൾ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ പറയുമ്പോൾ സർക്കാരിന്റെ അഭിപ്രായമായി മാത്രമേ ജനങ്ങൾ പരിഗണിക്കൂ. ഇത്തരം തെറ്റായ പ്രസ്താവനകൾ എതിരാളികൾ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാരിനേയും ബിജെപിയേയും ഇകഴ്‌ത്താനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇത്തരം പ്രസ്താവനകളിൽനിന്നും പിന്മാറണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP