Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'മാണി കള്ളനാണോയെന്ന് കുമ്മനം പറയട്ടെ'; കള്ളന്മാരുടെ വോട്ടു തേടുന്നതിൽ തെറ്റില്ലെന്ന് വി മുരളീധരൻ; ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തങ്ങളെ അടുപ്പിക്കാത്ത മാറ്റി നിർത്തിയ പി കെ കൃഷ്ണദാസ് പക്ഷത്തെ വെട്ടിലാക്കി വി മുരളീധരന്റെ പ്രസ്താവന; സംസ്ഥാന ബിജെപിയിൽ വിഭാഗീയത പുതിയ തലത്തിൽ

'മാണി കള്ളനാണോയെന്ന് കുമ്മനം പറയട്ടെ'; കള്ളന്മാരുടെ വോട്ടു തേടുന്നതിൽ തെറ്റില്ലെന്ന് വി മുരളീധരൻ; ചെങ്ങന്നൂർ ഉപ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തങ്ങളെ അടുപ്പിക്കാത്ത മാറ്റി നിർത്തിയ പി കെ കൃഷ്ണദാസ് പക്ഷത്തെ വെട്ടിലാക്കി വി മുരളീധരന്റെ പ്രസ്താവന;  സംസ്ഥാന ബിജെപിയിൽ വിഭാഗീയത പുതിയ തലത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സംസ്ഥാന ബിജെപിയിലെ വിഭാഗീയത പുതിയ തലത്തിലേക്ക്. വി മുരളീധരൻ എംപി സ്ഥാനം ലഭിക്കാതിരിക്കാൻ തുഷാർ വെള്ളാപ്പള്ളിയെ മുന്നിൽ നിർത്തി പി കെ കൃഷ്ണദാസ് വിഭാഗം കളിച്ചത് പാളിയ ഘട്ടത്തിൽ കുമ്മനത്തെയും വെട്ടിലാക്കിയാണ് പുതിയ നീക്കങ്ങൾ. ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കെ എം മ്ാണിയുടെ സഹായം തേടിയ പി കെ കൃഷ്ണദാസ് വിഭാഗത്തെ പരിഹസിച്ചു കൊണ്ട് വി മുരളീധരൻ രംഗത്തെത്തി.

തെരഞ്ഞെടുപ്പിൽ കള്ളന്മാരുടെയും കൊലപാതകികളുടെയും വോട്ട് തേടുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞു കൊണ്ടാണ് മുരളിയുടെ പരിഹാസം. തെരഞ്ഞെടുപ്പിൽ ആരുടെതായാലും വോട്ട് സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായ ശ്രീധരൻ പിള്ളയും കുമ്മനം രാജശേഖരനുമടങ്ങുന്ന സംഘം കെ എം മാണിയെ വസതിയിലെത്തി സന്ദർശിച്ചതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന. മാണി അഴിമതിക്കാരനാണോയെന്ന് ബിജെപി സംസ്ഥാന പ്രസഡിന്റ് പറയുമെന്നും മുളീധരൻ വ്യക്തമാക്കി.

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ മാണിയുടെ പിന്തുണ അഭ്യർത്ഥിച്ചായിരുന്നു സന്ദർശനം. ഇതിനെ പരിഹസിച്ചാണ് ഇപ്പോൾ വി.മുരളീധരൻ രംഗത്തെത്തിയത്. കേരള കോൺഗ്രസ് (എം) ചെയർമാനും ബിജെപി ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസും പാലായിൽ കെ.എം.മാണിയുടെ വസതിയിൽ ചർച്ച നടത്തി. ഇന്നലെ രാവിലെയായിരുന്നു സന്ദർശനം. സൗഹൃദ സന്ദർശനം മാത്രമായിരുന്നുവെന്ന് ഇരു നേതാക്കളും പിന്നീടു പ്രതികരിച്ചു.

ഇന്നു കേരള കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി യോഗം നടക്കുകയാണ്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനും രാജ്യസഭാ തിരഞ്ഞെടുപ്പിനും മുന്നോടിയായി നടക്കുന്ന യോഗത്തിനു രാഷ്ട്രീയപ്രാധാന്യമുണ്ടെന്നു കേരള കോൺഗ്രസ് നേതൃത്വം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചെങ്ങന്നൂരിൽ ആരെയെങ്കിലും പിന്തുണയ്ക്കുന്ന തീരുമാനത്തിലേക്കു പോകുമോ, അതോ മനസ്സാക്ഷി വോട്ട് എന്ന നിലപാടു സ്വീകരിക്കുമോയെന്നാണു രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

അതേസമയം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മുരളീധരപക്ഷത്തെ ഏഴയലത്ത് അടുപ്പിക്കാതെ പ്രചാരണ ചുമതല കൃഷ്ണദാസ് പക്ഷം കൈയടക്കിയിരുന്നു. ഇതിൽ കടുത്ത അമർഷം മുരളീധരൻ വിഭാഗത്തിനുണ്ട്. ആലപ്പുഴ ജില്ലയിൽ സമർഥരായ നിരവധി നേതാക്കൾ ഉണ്ടായിട്ടും അവരെല്ലാം മുരളീധര അനുകൂലികൾ ആണെന്ന കാരണത്താൽ പത്തനംതിട്ട ജില്ലയിൽ നിന്നും കൃഷ്ണദാസ് പക്ഷക്കാരെ ഇറക്കിയാണ് ഓരോ ബൂത്തിന്റെയും ചുമതല നൽകിയിട്ടുള്ളത്.

തുഷാറിനെ എംപിയാക്കുമെന്ന വാർത്ത പ്രചരിപ്പിച്ചതും കൃഷ്ണദാസ് പക്ഷമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മുരളീധരൻ എംപിയാകുന്നത് തടയുന്നതിന് വേണ്ടിയാണ് തുഷാറിന്റെ പേര് വലിച്ചിഴച്ചത്. അതിപ്പോൾ ചെങ്ങന്നൂരിൽ ബിജെപിക്ക് വലിയ കുരിശായി മാറി. തുഷാറിനെ കൊതിപ്പിച്ച് എംപി സ്ഥാനം പിടിച്ചു വാങ്ങിപ്പിക്കുകയും അതു വഴി മുരളീധരനെ ഒഴിവാക്കുകയും ചെയ്യുകയെന്ന പദ്ധതിയാണ് ഒരു വിഭാഗം ആസൂത്രണം ചെയ്തത്. വരാൻ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഈഴവ സമുദായാംഗമെന്ന നിലയിൽ വി മുരളീധരനെ രാജ്യസഭാ എംപിയും മന്ത്രിയുമാക്കാൻ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നേരത്തേ തീരുമാനിച്ചിരുന്നതാണ്. ഈ വിവരം ചോർന്നു കിട്ടിയ കൃഷ്ണദാസ് പക്ഷമാണ് അട്ടിമറിക്ക് ശ്രമിച്ചത്.

ഇതിനായി ഇവർ തുഷാർ വെള്ളാപ്പള്ളിയുടെ പേര് മനഃപൂർവം വലിച്ചിഴയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയയമായതിനാലും കഴിഞ്ഞ തവണ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് വോട്ടു കൂടുതൽ കിട്ടാൻ കാരണക്കാരായതിനാലും ബിഡിജെഎസ് സമ്മർദം ചെലുത്തിയാൽ എംപി സ്ഥാനം തുഷാറിന് തന്നെ ലഭിക്കുമെന്നായിരുന്നു എതിർപക്ഷത്തിന്റെ കണക്കു കൂട്ടൽ.

ചെങ്ങന്നൂരിൽ ബിജെപിയുമായി സഹകരിക്കേണ്ടെന്ന് ബി.ഡി.ജെ.എസ് തീരുമാനിച്ചതിന് കാരണം തുഷാറിനെ പറ്റിച്ചതു തന്നെയാണ്. വി മുരളീധരൻ ഈഴവ സമുദായാംഗമായതിനാൽ അദ്ദേഹം എംപിയായതിനെ പരസ്യമായി എതിർക്കാർ വെള്ളാപ്പള്ളിക്കോ മകനോ കഴിയില്ല. അതു കൊണ്ടാണ് വാഗ്ദാനം ചെയ്ത ബോർഡ്-കോർപ്പറേഷൻ സ്ഥാനങ്ങൾ നൽകാതെ പറ്റിച്ചുവെന്ന കാരണം പുറമേ പറയുന്നത്. അതിനൊപ്പം തന്നെ തുഷാറിനെ എംപിയാക്കുമെന്ന തരത്തിൽ വാർത്ത പ്രചരിപ്പിച്ചവർക്കെതിരേ ബിഡിജെഎസ് പരാതി നൽകാനും തീരുമാനിച്ചിട്ടുണ്ട്.

മുരളീധരൻ-കൃഷ്ണദാസ് പക്ഷങ്ങൾ തമ്മിലുള്ള ഗ്രൂപ്പിസം അവസാനിപ്പിക്കാൻ വേണ്ടി കൂടിയാണ് കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കിയത്. ഇതോടെ ആർഎസ്എസ് പാർട്ടിയിൽ പിടിമുറുക്കി. ഫലത്തിൽ ഇത് കൃഷ്ണദാസിനാണ് അനുകൂലമായത്. ബിജെപിയിൽ സവർണ സമുദായങ്ങൾക്ക് മാത്രമാണ് സ്വീകാര്യത എന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രധാന സ്ഥാനങ്ങളിലും കൃഷ്ണദാസ് പക്ഷക്കാരാണുള്ളത്. കഴിഞ്ഞ തവണ ചെങ്ങന്നൂരിൽ 42,618 വോട്ട് നേടാൻ ശ്രീധരൻ പിള്ളയെ സഹായിച്ചത് ബിഡിജെഎസായിരുന്നുവെന്ന സത്യം അദ്ദേഹത്തിന് നന്നായി അറിയാം. അതു കൊണ്ട് തന്നെയാണ് ഇക്കുറി സ്ഥാനാർത്ഥിയായി തന്റെ പേര് പ്രഖ്യാപിച്ചപ്പോൾ ബിഡിജെഎസ് ഇല്ലെങ്കിൽ മത്സരിക്കാനില്ലെന്ന് പിള്ള നേതൃത്വത്തെ അറിയിച്ചതും. ബിഡിജെഎസ് മുന്നണിയിൽ ഇല്ലെങ്കിൽ ബിജെപിയുടെ വോട്ട് ശതമാനം കുറയാനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP