Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും തീവ്രവാദികൾക്കുമെതിരെയാണ് മോഹൻലാലിന്റെ പ്രതികരണം; അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമെന്ന് ബിജെപി

കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും തീവ്രവാദികൾക്കുമെതിരെയാണ് മോഹൻലാലിന്റെ പ്രതികരണം; അഭിപ്രായ സ്വാതന്ത്ര്യം ചോദ്യം ചെയ്യുന്നത് ജനാധിപത്യവിരുദ്ധമെന്ന് ബിജെപി

തിരുവനന്തപുരം: രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ നോട്ട് പിൻവലിക്കൽ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരിൽ ലോകം ആരാധിക്കുന്ന മോഹൻലാൽ എന്ന നടനെ സോഷ്യൽ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം വി മുരളീധരൻ. കള്ളപ്പണക്കാർക്കും അഴിമതിക്കാർക്കും തീവ്രവാദികൾക്കുമെതിരെയാണ് മോഹൻലാലിന്റെ പ്രതികരണം . പറഞ്ഞതിൽ വിയോജിപ്പുണ്ടെങ്കിൽ അതിലെ കാര്യകാരണങ്ങൾ നിരത്തി അദ്ദേഹത്തെ എതിർക്കുകയാണ് ജനാധിപത്യ മര്യാദ, അല്ലാതെ അദ്ദേഹത്തിനെതിരെ തത്വദീക്ഷയില്ലാതെ പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു.

ആത്മാഭിമാനിയായ ഇന്ത്യക്കാരന്റെ മുന്നിലൂടെ അവനെ പരിഹസിച്ചുകൊണ്ട് കടന്നുപോകുന്ന കള്ളപ്പണക്കാരനും തീവ്രവാദത്തിനും എതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശക്തമായ നിലപാടിനെ ധൈര്യപൂർവം പിന്തുണയക്കാനുള്ള ആർജവം പ്രകടിപ്പിക്കുകയാണ് മോഹൻലാൽ ചെയ്തത്. വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെക്കുറിച്ചാണ് മോഹൻലാൽ തന്റെ ബ്ലോഗിൽ പറയുന്നത്. സത്യസന്ധമായ ഇന്ത്യക്കുവേണ്ടിയാണെന്ന് തിരിച്ചറിയുന്നു എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് പിൻവലിക്കൽ പദ്ധതിയെക്കുറിച്ച് മോഹൻലാൽ അഭിപ്രായപ്പെട്ടത്. നോട്ടുകൾ മാറ്റിയെടുക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ നാം ഓരോരുത്തരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ള ചില കാത്തുനിൽപ്പുകളുമായി അദ്ദേഹം കൂട്ടിയിണക്കുകയാണ് ചെയ്തത്.

പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി താൽക്കാലിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെങ്കിലും, ലക്ഷ്യം മാർഗത്തെ സാധൂകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മോഹൻലാലിന്റെ അഭിപ്രായ പ്രകടനത്തിൽനിന്നും ഏതാനും വാക്കുകൾ മാത്രം അടർത്തിയെടുത്ത് ലോകം ആരാധിക്കുന്ന ആ നടനെ അവഹേളിക്കുന്നത് അത്യന്തം അപലപനീയമാണ്.

നോട്ട് പിൻവലിക്കൽ നടപടിയിലൂടെ ഉണ്ടായിക്കൊണ്ടിരിക്കുന്ന നേട്ടങ്ങൾ ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. എന്നും കലുഷിതമായ അന്തരീക്ഷം നിലനിൽക്കുന്ന കാശ്മീർ കഴിഞ്ഞ 10 ദിവസത്തിലധികമായി ശാന്തമാണ്. മാവോയിസ്റ്റുകളുടെ പ്രവർത്തനവും പ്രതിസന്ധിയിലായിക്കഴിഞ്ഞു. രാജ്യത്തെ ബാങ്കുകളിൽനിന്ന് ജനം അഞ്ച് ലക്ഷം കോടിയിലധികം തുക മാറ്റിയെടുത്തിരിക്കുന്നു. പദ്ധതി പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾക്ക് ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറഞ്ഞുകൊണ്ടിരിക്കുന്നു. പദ്ധതിയിലൂടെ ഉണ്ടായിരിക്കുന്ന നേട്ടങ്ങൾ ജനങ്ങൾക്ക് നേരിട്ട് ബോധ്യംവന്നുകൊണ്ടിരിക്കുന്നു.

ഈ യാഥാർഥ്യങ്ങൾ മനസിലാക്കിയാണ് പ്രധാനമന്ത്രി നോട്ട് പിൻവലിക്കൽ പ്രഖ്യാപിച്ച് 10 ദിവസത്തിനു ശേഷം മോഹൻലാൽ തന്റെ പിന്തുണ അറിയിച്ച് രംഗത്തുവന്നത്. ഏതൊരു പൗരനേയും പോലെ ഈ പദ്ധതിയുടെ നേട്ടങ്ങൾ വ്യക്തമായി മോഹൻലാലിന് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം പൂർണമായി വായിക്കുന്ന ആർക്കും മനസിലാകും. പക്ഷേ മോഹൻലാലിന്റെ അഭിപ്രായത്തെ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ആയുധമാക്കി മാറ്റുകയാണ് ചിലർ ചെയ്യുന്നത്. അതിനെ ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയുന്നതല്ല. മുരളീധരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP