Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോടതി വിമർശനം ഭരണഘടനാ ലംഘനം; അധികാര പരിധിക്കപ്പുറമുള്ള ഇടപെടൽ; ഇനിയും സർക്കുലർ അയക്കും: കടുത്ത വിമർശനവുമായി സുധീരൻ; ഹൈക്കോടതിവിധി നടപ്പാക്കുമെന്ന് മരട് നഗരസഭാ ചെയർമാൻ

കോടതി വിമർശനം ഭരണഘടനാ ലംഘനം; അധികാര പരിധിക്കപ്പുറമുള്ള ഇടപെടൽ; ഇനിയും സർക്കുലർ അയക്കും: കടുത്ത വിമർശനവുമായി സുധീരൻ; ഹൈക്കോടതിവിധി നടപ്പാക്കുമെന്ന് മരട് നഗരസഭാ ചെയർമാൻ

തിരുവനന്തപുരം: ബാർ ലൈസൻസ് കേസിൽ കെപിസിസി അയച്ച സർക്കുലറിനെയും പ്രസിഡന്റ് സുധീരനെയും രൂക്ഷമായ വിമർശിച്ച കോടതി പരാമർശത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി സുധീരൻ രംഗത്തെത്തി. കോടതി പരാമർശത്തോട് ശക്തമായി വിയോജിക്കുന്നു എന്ന പറഞ്ഞ സുധീരൻ കോടതി ഇടപെടൽ അധികാര പരിധിക്കപ്പുറമുള്ള ഇടപെടലാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി നൽകിയ സർക്കുലറിനെ വിമർശിച്ചാണ് ഇന്നലെ കോടതി വിധിപ്രസ്താവത്തിൽ പരാമർശം നടത്തിയത്. സുധീരൻ ബാഹ്യശക്തിയായി ഇടപെടുന്നു എന്നായിരുന്നു കോടതിയുടെ വിമർശനം. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബാർ ലൈസൻസ് നൽകരുത് എന്നായിരുന്നു സുധീരൻ പുറപ്പെടുവിച്ച സർക്കുലർ.

വിഷയത്തിൽ ശരിയായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്തിരുന്നെങ്കിൽ കോടതിയുടെ ഭാഗത്തു നിന്നും ഇങ്ങനെ ഒരു പരാമർശം ഉണ്ടാകുമായിരുന്നില്ല. പരാമർശവുമായി ബന്ധപ്പെട്ട കേസിൽ കെപിസിസിയോ പ്രസിഡന്റോ കക്ഷിയല്ല. ഈ വിഷയത്തിൽ അഭിപ്രായം തേടാനും തുനിഞ്ഞില്ല. അതുകൊണ്ട് തന്നെ ഗൗരവസ്വഭാവമുള്ള ഈ പരാമർശം വിധി ഉണ്ടാകുന്നതിന് മുമ്പ് കെപിസിസിക്കും പ്രസിഡന്റിനും വിമർശിച്ചത് സ്വാഭാവിക നീതിയുടെ നിഷേധമാണ്. ഈ വിധി കോടതിയുടെ അധികാര പരിധിക്ക് പുറത്താണ്. കെപിസിസി സർക്കുലർ പാർട്ടി അധ്യക്ഷനെന്ന ചുമതല നിറവേറ്റുന്നതിലുള്ള ചുമതല നിർവഹിക്കാൻ അനുവദിക്കാതിരിക്കലാണ് ഇത്. കോൺഗ്രസ് സ്ഥാനാർത്ഥിയായി വിജയിച്ചവർക്കാണ് കെപിസിസി സർക്കുലർ നൽകിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അതിന്റെ സെക്രട്ടറിമാർക്കോ അല്ല പാർട്ടി മാർഗ നിർദ്ദേശങ്ങൾ നൽകിയത്.

രാഷ്ട്രീയപാർട്ടികളുടെ ഇടപെടലുകളെ ചെറുക്കുന്ന വിധത്തിലാണ് കോടതിയുടെ പരാമർശം ഉണ്ടായത്. നയങ്ങൾ രൂപീകരിക്കുന്നതിലും ആവിഷ്‌കരിക്കുന്നതിലും പാർട്ടിയുടെ പങ്ക് വലുതാണ്. കേരളത്തിലെ പഞ്ചായത്ത് രാജ്, മുനിസിപ്പൽ നിയമത്തിലും പാർട്ടികളുടെ പങ്ക് വ്യക്തമാക്കുന്നുമുണ്ട്. അതുകൊണ്ട് പാർട്ടി സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് ആവശ്യമായ നയരൂപരേഖ നൽകാനുള്ള അവകാശം പാർട്ടിക്കുണ്ട്. ഭരണഘടനയെയും നിയമവാഴ്ചയെയും ബലപ്പെടുത്തുക എന്ന സദുദ്ദേശത്തോടെയാണിത്. അതുകൊണ്ട് നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തുടർ നടപടി തീരുമാനിക്കും. ഈ വിഷയം കോൺഗ്രസ് പാർട്ടിയുടേത് എന്ന പോലെ മറ്റ് പാർട്ടികളുടെ കാര്യത്തിലും ബാധകമാണെന്നും സുധീരൻ പറഞ്ഞു. ജനനന്മ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു കെപിസിസിയുടെ സർക്കുലർ. രാഷ്ട്രീയ പാർട്ടിയുടെ അദ്ധ്യക്ഷൻ എന്ന നിലയിൽ ഇത്തരം നിർദ്ദേശങ്ങൾ ഇനിയും നൽകാൻ മടി കാണിക്കില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

കൊച്ചി മരടിലെ ക്രൗൺ പ്ലാസയുടെ ബാർ ലൈസൻസിന് മുനിസിപ്പാലിറ്റി എൻഒസി നിഷേധിച്ചത് സംബന്ധിച്ച കേസ് പരിഗണിക്കുന്ന വേളയിലാണ് ഇന്നലെ കോടതി കെപിസിസിയെ വിമർശിച്ചത്. അതേസമയം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ക്രൗൺ പ്ലാസാ ഹോട്ടലിന് ബാർ ലൈസൻസ് അനുവദിക്കുമെന്ന് മരട് നഗരസഭാ അധ്യക്ഷൻ ദേവരാജൻ വ്യക്തമാക്കി. കെപിസിസി പ്രസിഡന്റിനോടോ എക്‌സൈസ് മന്ത്രിയോടോ അഭിപ്രായം തേടാതെയാണ് കെപിസിസി സർക്കുലർ കോടതിയിൽ ഹാജരാക്കിയത്. കോടതി ചോദിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇതെന്നും നഗരസഭാ അധ്യക്ഷൻ പറഞ്ഞു. കൗൺസിൽ അംഗങ്ങളുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും സുധീരൻ വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിന്റെ സർക്കുലറാണ് തടസമെന്നു ഹോട്ടൽ ഉടമ വാദിച്ചപ്പോൾ കോടതി നഗരസഭയുടെ വിശദീകരണം തേടി. സർക്കുലർ കിട്ടിയെന്നു ബോധിപ്പിച്ച മരട് നഗരസഭാ ചെയർമാൻ ടി.കെ. ദേവരാജൻ അതു ഹാജരാക്കി. അധികാരികൾ വിവേചനാധികാരത്തിൽ ചെയ്യേണ്ട കർത്തവ്യം കെപിസിസി പ്രസിഡന്റ് വിലക്കുന്നതായി സർക്കുലറിൽ വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോൺഗ്രസ് അധ്യക്ഷനെ പിന്തുണയ്ക്കാൻ സർക്കാർ അഭിഭാഷകനും എത്തിയിരുന്നില്ല.

''രാഷ്ട്രീയ ഉന്നതരിൽ നിന്ന് ഇത്തരം ആജ്ഞകളും ഇടപെടലുകളും നിയമപ്രകാരം അനുവദനീയമല്ല. നിയമം അറിയുന്നവരാരും ഇത്തരം സർക്കുലർ ഇറക്കില്ല. ഇത്തരം നിലപാടുകൾക്കെതിരെ സുപ്രീം കോടതി പല തവണ താക്കീതു ചെയ്തിട്ടുണ്ട് കോടതി വ്യക്തമാക്കി. എൻഒസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു ക്രൗൺ പ്ലാസ ഉടമകളായ കെജിഎ ഹോട്ടൽസ് ആൻഡ് റിസോർട്‌സ് സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണു ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ക്രൗൺ പ്ലാസയ്ക്ക് മുനിസിപ്പാലിറ്റി നിയമപ്രകാരം രണ്ടാഴ്ചയ്ക്കുള്ളിൽ അനുമതി നൽകണം. തീർത്തും അപ്രസക്തമായ ബാഹ്യകാരണങ്ങളാലാണ് അപേക്ഷ നിരസിച്ചതെന്നു കോടതി വ്യക്തമാക്കി.

കെപിസിസി പ്രസിഡന്റിന്റെ സർക്കുലർ കണക്കിലെടുക്കാതെയാണ് ക്രൗൺ പ്ലാസയുടെ അപേക്ഷ പരിഗണിച്ചതെന്നു മരട് മുനിസിപ്പൽ ചെയർമാന്റെ സത്യവാങ്മൂലത്തിൽ പറയുന്നില്ലെന്ന് ഹൈക്കോടതി വിലയിരുത്തി. സർക്കുലർ ലംഘിച്ച് എൻഒസി നൽകിയ രണ്ടു നഗരസഭാംഗങ്ങൾക്കെതിരെ കെപിസിസി നടപടിയെടുത്തെന്ന ഹോട്ടൽ ഉടമയുടെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നും പത്രത്തിൽ കണ്ട അറിവാണുള്ളതെന്നുമാണ് ചെയർമാൻ വിശദീകരിച്ചത്. സ്വതന്ത്രമായാണ് തീരുമാനമെടുത്തതെന്നു പറയാത്തതിനാൽ സർക്കുലറിന്റെ സ്വാധീനം വ്യക്തമാണെന്നു കോടതി പറഞ്ഞിരുന്നു.

കോൺഗ്രസ് നേതൃത്വം നൽകുന്ന തദ്ദേശ സ്ഥാപനങ്ങൾ മദ്യവിൽപനശാലകൾ അനുവദിക്കരുതെന്നു കാണിച്ച് 2014 ഫെബ്രുവരി 20 നായിരുന്നു കെപിസിസി പ്രസിഡന്റ് വി എം. സുധീരന്റെ സർക്കുലർ. കോൺഗ്രസ് ഭരണത്തിലില്ലെങ്കിൽ ഭരണപക്ഷം ഏകപക്ഷീയ തീരുമാനം എടുക്കുന്നതിൽ കോൺഗ്രസ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി, പൊതുജനങ്ങളെ അറിയിക്കണമെന്നും സർക്കുലറിലുണ്ട്. ഇതാണ് കോടതി ഉത്തരവിലൂടെ തള്ളിക്കളയപ്പെട്ടത്.

''പൊതുതാൽപര്യം മുൻനിർത്തി തീരുമാനമെടുക്കുമെന്ന പ്രതീക്ഷയിലാണ് ബാർ അനുവദിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകിയത്. എന്നാൽ, ചില തദ്ദേശ സ്ഥാപനങ്ങൾ പൊതുതാൽപര്യ വിരുദ്ധമായി അധികാരം ദുരുപയോഗിക്കുന്നതായി ആക്ഷേപമുള്ളതു കെപിസിസിയുടെ ശ്രദ്ധയിൽപ്പെട്ടു. കോൺഗ്രസിന്റെ നിലപാടു വീണ്ടും വ്യക്തമാക്കുകയാണ് ഇതായിരുന്നു സർക്കുലറിന്റെ ഉള്ളടക്കം. ബാർ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായപ്പോഴാണ് കെപിസിസി സർക്കുലർ ഇറക്കിയത്. ചില നഗരസഭകൾ ബാറുമകളെ സഹായിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ സർക്കുലർ. എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ മണ്ഡലത്തിലാണ് ക്രൗൺ പ്ലാസ ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലിന് വേണ്ടി മന്ത്രി നേരിട്ട് ഇടപെടുന്നു എന്നായിരുന്നു ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP