Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വനിതാ നേതാവിന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിക്കൊടുത്ത എസ്.എഫ്.ഐ സെക്രട്ടറി ഉൾപ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; പ്രിൻസിപ്പൽ മാറ്റിപ്പറഞ്ഞത് ഭീഷണിപ്പെടുത്തിയതിനാൽ; എസ്.എഫ്.ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെയും പാസാകാമെന്നതാണോ മുഖ്യമന്ത്രി പറയുന്ന ഇടതുബദൽ; സർക്കാറിനെതിരെ സതീശൻ

വനിതാ നേതാവിന് വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിക്കൊടുത്ത എസ്.എഫ്.ഐ സെക്രട്ടറി ഉൾപ്പെടെയുള്ള ക്രിമിനലുകളെ അറസ്റ്റ് ചെയ്യണം; പ്രിൻസിപ്പൽ മാറ്റിപ്പറഞ്ഞത് ഭീഷണിപ്പെടുത്തിയതിനാൽ; എസ്.എഫ്.ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെയും പാസാകാമെന്നതാണോ മുഖ്യമന്ത്രി പറയുന്ന ഇടതുബദൽ; സർക്കാറിനെതിരെ സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസരംഗത്തിനാകെ അപമാനകരമായ സംഭവങ്ങളാണ് ഒരോ ദിവസവും സംസ്ഥാനത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്.എഫ്.ഐ നേതാക്കളുടെയും മുതിർന്ന സിപിഎം നേതാക്കളുടെയും സഹായത്തോടെയാണ് വിദ്യാർത്ഥി നേതാവ് മഹാരാജാസിൽ ഗസ്റ്റ് ലക്ചററാണെന്ന വ്യാജരേഖയുണ്ടാക്കിയത്. ഇതേ നേതാവ് സംവരണം അട്ടിമറിച്ചാണ് പി.എച്ച്.ഡി പ്രവേശനം നേടിയയതും. കാലടി സർവകലാശാലയിലെ എസ്.സി എസ്.ടി സെൽ 2000-ൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. വി സിയുടെ ഓഫീസും ഗുരുതരമായ വീഴ്ച വരുത്തിയെന്ന് റിപ്പോർട്ടിലുണ്ട്. മൂന്ന് കൊല്ലം മുൻപ് ഗുരുതരമായ ക്രമക്കേട് ചൂണ്ടിക്കാട്ടിയിട്ടും അത് മറച്ച് വച്ചാണ് വനിതാ നേതാവിന് സൗകര്യം ഒരുക്കിക്കൊടുത്തതെന്നും സതീശൻ കുറ്റപ്പെടുത്തി

കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് നേതാവിനെതിരെ മുഖ്യമന്ത്രി തെറ്റായ പരാമർശം നിയമസഭയിൽ പറഞ്ഞപ്പോൾ തന്നെ നാൽപ്പത്തി രണ്ടോളം ക്രിമിനൽ കേസുള്ള ഒരാളെയാണ് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാക്കി വച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയതാണ്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ട ആളാണ് ഇപ്പോഴും സമരങ്ങൾ ഉദ്ഘാടനം ചെയ്ത് നടക്കുന്നത്. അതേ സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ തന്നെയാണ് വനിതാ നേതാവിന് വേണ്ടി വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കിയത്. അടിയന്തിരമായി ഇവരെയൊക്കെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം.

മഹാരാജാസിൽ പി.ജിക്ക് പഠിച്ചിരുന്ന കാലത്ത് തന്നെ അവിടെ പഠിപ്പിച്ചിരുന്നെന്ന് വ്യാജരേഖയുണ്ടാക്കിയാണ് കോളജിൽ ഗസ്റ്റ് ലക്ചററായി നിയമനം നേടിയത്. ഇതിനെല്ലാം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായ നേതാവാണ് കൂട്ടു നിന്നത്. അതേ എസ്.എഫ്.ഐ നേതാവാണ് പരീക്ഷ എഴുതാതെ പാസായത്. എസ്.എഫ്.ഐ നേതാവിനെതിരെ രാവിലെ പറഞ്ഞ കാര്യങ്ങൾ ഉച്ചകഴിഞ്ഞപ്പോൾ പ്രിൻസിപ്പൽ മാറ്റിപ്പറഞ്ഞു. എസ്.എഫ്.ഐ നേതാക്കൾ പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തിയാണ് ഇത് ചെയ്യിച്ചത്. ഇന്റേണൽ എൻക്വയറി കമ്മിറ്റി രൂപീകരിച്ച ശേഷമാണ് മാറ്റിപ്പറഞ്ഞത്. പ്രിൻസിപ്പലിനെ എസ്.എഫ്.ഐക്കാർ ഗൺ പോയിന്റിൽ നിർത്തിയാണ് മാറ്റിപ്പറയിപ്പിച്ചത്- അദ്ദേഹം പറഞ്ഞു.

വനിതാ നേതാവിന് സംവരണം അട്ടിമറിച്ച് പി.എച്ച്.ഡി പ്രവേശനം തരപ്പെടുത്തിക്കൊടുത്തതും വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കിക്കൊടുത്തതും എസ്.എഫ്.ഐ സെക്രട്ടറിയാണ്. പ്രധാനപ്പെട്ട നേതാക്കളുടെ സമ്മർദ്ദത്തിലാണ് വി സിയുടെ ഓഫീസിനെ പോലും ഇടപെടുത്തിയത്. ആ നേതാക്കളുടെ പേരൊന്നും പറയിപ്പിക്കേണ്ട. പി.ജിക്ക് പഠിക്കുന്ന കാലത്ത് മഹാരാജാസിൽ പഠിപ്പിക്കുകയായിരുന്നെന്ന തരത്തിൽ ഉണ്ടാക്കിയ വ്യാജരേഖയെ ന്യായീകരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയെ ഓർത്ത് കേരളം ലജ്ജിക്കും.

ആൾമാറാട്ടം നടത്തി പി.എസ്.സി പരീക്ഷ എഴുതിയതും എസ്.എഫ്.ഐ നേതാക്കളാണ്. പി.എസ്.സിയുടെ ഉത്തരകടലാസ് പോലും എസ്.എഫ്.ഐ നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് പിടിച്ചെടുത്തു. നിരന്തരമായി ആൾ മാറാട്ടം നടത്തി പല എസ്.എഫ്.ഐ നേതാക്കളും സർവീസിൽ കയറിയിട്ടുണ്ട്. എന്നിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച പെൺകുട്ടിയുടെ പേര് മാറ്റി ഏരിയാ കമ്മിറ്റി സെക്രട്ടറിയെ തിരുകിക്കയറ്റിയതും ഇതേ പാർട്ടിയാണ്. വാഴക്കുല പോലുള്ള വ്യാജ തീസിസുകൾ നൽകുക, തെറ്റായ തീസിസ് നൽകി പി.എച്ച്.ഡി വാങ്ങുക ഇതിലെല്ലാം കേരളത്തിൽ എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്നും സതീശൻ വിശദീകരിച്ചു.

ഇങ്ങനെയാണെങ്കിൽ പാവങ്ങളായ വിദ്യാർത്ഥികൾ എന്തിനാണ് ഉറക്കമുളച്ച് പഠിച്ച് പരീക്ഷ എഴുതുന്നത്? എസ്.എഫ്.ഐയിൽ ചേർന്നാൽ പരീക്ഷ എഴുതാതെ പാസാകാം, എന്തെങ്കിലും എഴുതി വച്ചാൽ പി.എച്ച്.ഡി നേടാം, വ്യാജരേഖയുണ്ടാക്കി അദ്ധ്യാപികയാകാം തുടങ്ങി എന്തും ചെയ്യാവുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. സിപിഎമ്മും ഭരണനേതൃത്വവും ക്രിമിനലുകളെ സംരക്ഷിക്കുന്നത് ദൗർഭാഗ്യകരമായ അവസ്ഥയാണ്. അത് വച്ചുപൊറുപ്പിക്കാനാകില്ല. ഇതാണോ മുഖ്യമന്ത്രി എപ്പോഴും പറയുന്ന ഇടതുപക്ഷ ബദൽ. ഈ കുട്ടികളാണ് വലുതായി രാഷ്ട്രീയ നേതാക്കളാകാൻ പോകുന്നതെന്ന് ഓർക്കുമ്പോൾ പേടിയാകുന്നു.

കാട്ടക്കട കോളജിൽ വ്യാജരേഖയുണ്ടാക്കിയ ക്രിമിനലുകൾ ഇപ്പോഴും പാർട്ടി പരിപാടികളിൽ പങ്കെടുത്ത് സ്വതന്ത്രമായി നടക്കുകയാണ്. കേരളത്തിൽ ഇരട്ടനീതിയാണ്. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ ആളാണ് പരിപാടികൾ ഉദ്ഘാടനം ചെയ്ത് നടക്കുന്നത്. പൊലീസിന് കൈവിലങ്ങിട്ടിരിക്കുകയാണ്. അഞ്ചും പത്തും മിനിട്ട് പരീക്ഷാ ഹാളിൽ വന്നിരുന്ന പലരും നേരത്തെ ജയിച്ചിട്ടുണ്ട്. അതേക്കുറിച്ച് കൂടി അന്വേഷിക്കണം.

ഒരു ലക്ഷം ഡോളർ വാങ്ങി ഡിന്നർ കഴിക്കാൻ അമേരിക്കയിലേക്ക് പോകുന്നതിന് മുൻപ് കേരളത്തിലെ പാവങ്ങളുടെ റേഷൻ ശരിയാക്കാൻ മുഖ്യമന്ത്രി തയാറാകണം. എന്ത് നിയമസാധുതയാണ് ലോകകേരള സഭയ്ക്കുള്ളത്. കേരളത്തിന്റെ നിയമസഭയെ അപമാനിക്കുന്നതിന് വേണ്ടി വ്യാപകമായ പിരിവ് നടത്തുകയാണ്. ആരാണ് പിരിവ് നടത്താൻ അധികാരം നൽകിയത്. നിയമവിരുദ്ധമായി പണപ്പിരിവ് നടത്തിയ പരിപാടിയിലാണ് മുഖ്യമന്ത്രി പങ്കെടുക്കാൻ പോകുന്നത്.

നെൽ സംഭരിച്ചിട്ട് പണം നൽകാൻ സപ്ലൈകോയെ രസീത് നൽകാൻ ബാങ്കുകളോ തയാറാകുന്നില്ല. 800 കോടി രൂപയിലധികമാണ് കർഷകർക്ക് നൽകാനുള്ളത്. കർഷകർക്ക് സംഭരണ വില നൽകാൻ പണമില്ലെങ്കിലും ധൂർത്തടിക്കാൻ സർക്കാരിന് പണമുണ്ട്. യു.ഡി.എഫ് ആരംഭിച്ച കർഷക സംഗമത്തെ തുടർന്നുള്ള സമരമാണ് കൊടിക്കുന്നിൽ സുരേഷ് എംപിയുടെ നേതൃത്വത്തിൽ ഇന്ന് കുട്ടനാട്ടിൽ നടത്തിയത്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ യു.ഡി.എഫ് പ്രതിഷേധിക്കുന്നു. സർക്കാർ കർഷകരെ തിരിഞ്ഞ് നോക്കുന്നില്ല.

കോക്ലിയാർ ഇംപ്ലാന്റ് ഉപകരണങ്ങളെല്ലാം ഒന്നിച്ച് കേടാകുമോയെന്ന ആരോഗ്യമന്ത്രിയുടെ ചോദ്യം വിഷയം പഠിക്കാതെ പറ്റിയ അബദ്ധമാണ്. ഒരു മന്ത്രിയും ഇങ്ങനെയൊരു അഭിപ്രായം പറയാൻ പാടില്ല. കോക്ലിയാർ ഇംപ്ലാന്റ് ചെയ്ത കമ്പനി സർവീസ് നിർത്തുകയാണ്. ഇതോടെ ഉപകരം കേടാകുന്ന കുട്ടികൾക്ക് കേൾക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകും. അതേക്കുറിച്ച് മന്ത്രി ഗൗരവമായി പഠിക്കണം. മനസിൽ ആർദ്രതയുടെ നനവുണ്ടെങ്കിൽ ഇങ്ങനെ പറയുമോ? കുറച്ചു കൂടി ദയയോടെ വേണം കുട്ടികളോട് സംസാരിക്കാൻ.- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP