Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202305Sunday

കെ.എസ്.ആർ.ടി.സി തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ; എട്ട് മണിക്കൂർ തൂമ്പയിൽ പിടിക്കണമെന്ന് നിങ്ങൾ കർഷക തൊഴിലാളികളോട് പറയുമോ? കരാർ തൊഴിലാളികളെ നിയമിക്കുന്നത് തീവ്രവലതുപക്ഷ വ്യതിയാനം എന്ന് വി ഡി സതീശൻ

കെ.എസ്.ആർ.ടി.സി തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സർക്കാർ; എട്ട് മണിക്കൂർ തൂമ്പയിൽ പിടിക്കണമെന്ന് നിങ്ങൾ കർഷക തൊഴിലാളികളോട് പറയുമോ? കരാർ തൊഴിലാളികളെ നിയമിക്കുന്നത് തീവ്രവലതുപക്ഷ വ്യതിയാനം എന്ന് വി ഡി സതീശൻ

മറുനാടൻ മലയാളി

 തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കരാർ തൊഴിലാളികളെ നിയമിക്കുന്നത് തീവ്രവലതുപക്ഷ വ്യതിയാനമാണെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ സർക്കാർ തകർത്ത് തരിപ്പണമാക്കിയിരിക്കുകയാണ്. 12500 സ്വകാര്യ ബസുകളിൽ ഏഴായിരം മാത്രമെ ഇപ്പോൾ ഓടുന്നുള്ളൂ. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് നടത്താതിരുന്നാൽ സ്‌കൂട്ടർ പോലുമില്ലാത്ത സാധാരണക്കാർ എങ്ങനെ ജോലിക്ക് പോകും? സർക്കാർ എല്ലാം ചെയ്യുന്നുണ്ടെന്നാണ് മന്ത്രി പറയുന്നത്. ലാഭമുണ്ടായിരുന്ന സർവീസുകളെല്ലാം സ്വിഫ്റ്റിലേക്ക് മാറ്റിയപ്പോൾ കെ.എസ്.ആർ.ടി.സിയുടെ നഷ്ടം അഞ്ചിരട്ടിയായി വർധിച്ചു. നഷ്ടമുള്ള സർവീസുകൾ മാത്രമാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിയിലുള്ളത്. എന്നിട്ടാണ് മന്ത്രി സ്വിഫ്റ്റിനെ കുറിച്ച് പറയുകയാണ്. കരാർ തൊഴിലാളികൾ മാത്രമാണ് സ്വിഫ്റ്റിലുള്ളത്. ഗതാഗതമന്ത്രി കെ.എസ്.ആർ.ടി.സിയിൽ ചെയ്തത് പോലെ സംസ്ഥാനത്ത് നഷ്ടത്തിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്ഥിരം തൊഴിലാളികളെ പിരിച്ച് വിട്ട് നിങ്ങൾ കരാർ തൊഴിലാളികളെ നിയമിക്കുമോ? കരാർ തൊഴിലാളികളെ നിയമിക്കുന്നത് ആരുടെ നയമാണ്?

നെഹ്റുവിന്റെ കാലം മുതൽക്കെ കോൺഗ്രസ് പാർലമെന്റിൽ പാസാക്കിയ നിയമങ്ങളെല്ലാം തൊഴിലാളികൾക്ക് വേണ്ടിയുള്ളതായിരുന്നു. എന്നാൽ ഇപ്പോഴത്തെ കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്ന ലേബർ കോഡ് തൊഴിലാളികൾക്ക് വേണ്ടിയല്ല, കോർപറേറ്റുകൾക്ക് വേണ്ടിയാണ്. ലേബർ കോഡിലാണ് 12 മണിക്കൂർ ജോലിയെ കുറിച്ച് പറയുന്നത്. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുക്കുന്ന ഒരു സർക്കാരാണ് കെ.എസ്.ആർ.ടി.സി തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന് പറയുന്നത്. സ്റ്റിയറിങ് പിടിച്ചിരിക്കുന്ന സമയം എട്ട് മണിക്കൂർ ആക്കണമെന്നാണ് പറയുന്നത്. അങ്ങെയാണെങ്കിൽ എട്ട് മണിക്കൂർ തൂമ്പയിൽ പിടിക്കണമെന്ന് നിങ്ങൾ കർഷക തൊഴിലാളികളോട് പറയുമോ? ഇത് എവിടുത്തെ നിയമമാണ്? ആര് കൊണ്ടുവന്ന നിയമമാണ്? എട്ട് മണിക്കൂർ ജോലി ചെയ്യണമെന്ന അഭിപ്രയത്തെ അധികാരത്തിൽ ഇരിക്കുന്ന രണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടികളും അംഗീകരിക്കുന്നുണ്ടോ? ഇത് തീവ്ര വലതുപക്ഷ നയവ്യതിയാനമാണ്. അതുകൊണ്ടാണ് സിഐ.ടി.യു നേതാവായ ആനത്തലവട്ടം ആനന്ദൻ ഇതിനെ എതിർക്കുന്നത്.

12 മണിക്കൂർ ജോലി ചെയ്യണമെന്ന് മന്ത്രി പറഞ്ഞപ്പോൾ ഭരണപക്ഷത്തെ സിഐ.ടി.യു നേതാക്കൾ ഉൾപ്പെടെയുള്ളവർ കൈയടിക്കുകയാണ്. ഈ മന്ത്രി എപ്പോൾ സംസാരിച്ചാലും യു.ഡി.എഫ് സർക്കാരിനെ അഭിനന്ദിക്കും. ആയിരം കോടിയോളം രൂപ മാത്രമാണ് യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കെ.എസ്.ആർ.ടി.സിക്ക് കൊടുത്തതെന്നും എൽ.ഡി.എഫ് സർക്കാർ അയ്യായിരം കോടി രൂപയാണ് നൽകിയതെന്നുമാണ് മന്ത്രി പറയുന്നത്. യു.ഡി.എഫ് കാലത്ത് ആയിരം കോടി കൊടുത്താൽ മതിയായിരുന്നു. അന്ന് 5200 ബസും 46000 തൊഴിലാളികളും ഉണ്ടായിരുന്നു. ഇന്ന് 25000 തൊഴിലാളികൾ മാത്രമെയുള്ളൂ. എന്നിട്ടും ഇപ്പോൾ കൂടുതൽ പണം കൊടുത്തെന്ന് പറഞ്ഞാൽ അത്രയ്ക്ക് മോശമായ അവസ്ഥയിലാണ് കെ.എസ്.ആർ.ടി.സിയെന്നാണ് മന്ത്രി സമർത്ഥിക്കുന്നത്.

സിഐ.ടി.യു നേതാവ് ആനത്തലവട്ടം ആനന്ദൻ മന്ത്രിക്കെതിരെ പറഞ്ഞതൊന്നും പ്രതിപക്ഷം നിയമസഭയിൽ പറയുന്നില്ല. പാർട്ടി അറിയാതെയാണോ ആനത്തലവട്ടം മന്ത്രിയെ വിമർശിച്ചത്. ആ ഭാഷയൊന്നും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയ എം. വിൻസെന്റ് പറഞ്ഞിട്ടില്ല. ഐ.എൻ.ടി.യു.സി കരാറിൽ ഒപ്പിട്ടില്ലേയെന്നാണ് മന്ത്രി ചോദിക്കുന്നത്. സിഐ.ടി.യു ഉൾപ്പെടെ ഒപ്പിട്ടിട്ടുണ്ട്. കെ.എസ്.ആർ.ടി.സിയെ കുറിച്ച് പറയുമ്പോൾ മന്ത്രി അസ്വസ്ഥനാകേണ്ട കാര്യമില്ല.

ഇന്ധന വില വർധിച്ചപ്പോൾ കഴിഞ്ഞ ആറ് വർഷം ഏഴായിരം കോടിയാണ് സംസ്ഥാനത്തിന് അധിക വരുമാനമായി ലഭിച്ചത്. ഇതിൽ നിന്നും കെ.എസ്.ആർ.ടി.സിക്ക് ഫ്യുവൽ സബ്സിഡി കെ.എസ്.ആർ.ടി.സിക്ക് നൽകാൻ സർക്കാർ തയാറാകണം. ഈ സബ്സിഡി മത്സ്യബന്ധന ബോട്ടുകൾക്കും നൽകണം.

പ്രകടനപത്രികയിലെ 600 പ്രഖ്യാപനങ്ങളിൽ 570 കാര്യങ്ങളും നടപ്പാക്കിയെന്ന അവകാശവാദത്തിൽ കെ.എസ്.ആർ.ടി.സിയും ഉൾപ്പെടുമോ? പാവങ്ങളുടെ പൊതുഗതാഗത സംവിധാനത്തിന് വേണ്ടി പ്രകടനപത്രികയിൽ പറഞ്ഞ ഏതെങ്കിലും ഒരു കാര്യം നടപ്പാക്കിയോ? 2020-21 ബജറ്റിൽ മൂവായിരം ഡീസൽ ബസുകൾ സി.എൻ.ജിയിലേക്ക് മാറ്റുമെന്നാണ് പറഞ്ഞത്. രണ്ട് ലക്ഷം കോടിക്ക് കെ റെയിൽ കൊണ്ടുവരാൻ ശ്രമിച്ച നിങ്ങൾക്ക് ആയിരം കോടി നൽകി കെ.എസ്.ആർ.ടി.സിയെ രക്ഷിച്ച് കൂടെ. ഇനി കെ- റെയിൽ കൊണ്ടുവരാൻ വേണ്ടിയാണോ കെ.എസ്.ആർ.ടി.സിയെ തകർക്കുന്നത്? ആരോഗ്യം വിദ്യാഭ്യാസം പോലെ പ്രധാനമാണ് പൊതുഗതാഗതവും. പാവങ്ങളുടെ പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിയെ ഈ സർക്കാർ പൂർണമായും തകർത്തിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP