Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202421Sunday

ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞു; ലിസ്റ്റ് വന്നപ്പോൾ ശശി തരൂർ ഉൾപ്പെട്ടതോടെ ആ വാർത്ത പോയി; ഇനി രമേശ് ചെന്നിത്തലയുടെ പിന്നാലെയാണ്; തരൂർ പട്ടികയിൽ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറയുമായിരുന്നു? വിവാദത്തിൽ വി ഡി സതീശൻ

ശരി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം പറഞ്ഞു; ലിസ്റ്റ് വന്നപ്പോൾ ശശി തരൂർ ഉൾപ്പെട്ടതോടെ ആ വാർത്ത പോയി; ഇനി രമേശ് ചെന്നിത്തലയുടെ പിന്നാലെയാണ്; തരൂർ പട്ടികയിൽ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറയുമായിരുന്നു? വിവാദത്തിൽ വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: കോൺഗ്രസ് പ്രവർത്തക സമിതിയിൽ ഉൾപ്പെടുത്താത്തതിൽ മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അതൃപ്തനാണെന്ന് മാധ്യമങ്ങൾ മാത്രമാണു പറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അദ്ദേഹം അത് എവിടെയും പ്രകടിപ്പിച്ചു കണ്ടില്ല. പരിണിതപ്രജ്ഞനായ ചെന്നിത്തല, ദേശീയ നേതൃത്വം എടുക്കുന്ന ഏതു തീരുമാനത്തെയും അംഗീകരിക്കുമെന്നും സതീശൻ പറഞ്ഞു. ശശി തരൂരിനെ ഒതുക്കും, ഒഴിവാക്കും എന്നെല്ലാം വാർത്ത കൊടുത്തിട്ട് ഇപ്പോൾ എന്തായെന്നും സതീശൻ ചോദിച്ചു.

'രമേശ് ചെന്നിത്തല അതൃപ്തനാണെന്നു നിങ്ങൾ മാത്രമേ പറയുന്നുള്ളൂ. അദ്ദേഹം ഒരു അതൃപ്തിയും പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹം വളരെ പരിണിതപ്രജ്ഞനായ നേതാവാണ്. ദേശീയ നേതൃത്വം എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. അദ്ദേഹത്തിനു യാതൊരു അതൃപ്തിയുമില്ല. വെറുതെ എന്തിനാണ് ഓരോന്നു പറയുന്നത്?

ശശി തരൂർ വരും, വരില്ല എന്നൊക്കെ മാധ്യമങ്ങൾ കുറേനാൾ വാർത്ത കൊടുത്തു. ശരി തരൂരിനെ ഒതുക്കും, ശശി തരൂരിനെ ഒഴിവാക്കും എന്നെല്ലാം പറഞ്ഞു. ലിസ്റ്റ് വന്നപ്പോൾ ശശി തരൂർ ഉൾപ്പെട്ടതോടെ ആ വാർത്ത പോയി. ഇനി രമേശ് ചെന്നിത്തലയുടെ പിന്നാലെയാണ്. ശശി തരൂർ പട്ടികയിൽ ഇല്ലായിരുന്നെങ്കിൽ നിങ്ങൾ എന്തൊക്കെ പറയുമായിരുന്നു? കോൺഗ്രസിന്റെ പ്രവർത്തക സമിതി അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അവകാശമെങ്കിലും നിങ്ങൾ ദേശീയ നേതൃത്വത്തിനു നൽകണം'' സതീശൻ ആവശ്യപ്പെട്ടു.

കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് തഴയപ്പെട്ടതിൽ കടുത്ത വിഷമത്തിലാണ് ചെന്നിത്തലയെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സ്ഥിരം അംഗത്വം ലഭിക്കാത്തതിൽ കടുത്ത അമർഷത്തിലാണ് അദ്ദേഹം. കേരളത്തിൽ കൂടുതൽ നേതാക്കൾക്ക് ഈ അഭിപ്രായം ഉണ്ട് താനും. ഈ അഭിപ്രായം തുറന്നു പറഞ്ഞ് രംഗത്തുവന്നത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ്.

കോൺഗ്രസ് പ്രവർത്തക സമിതിയിൽ രമേശ് ചെന്നിത്തലയ്ക്ക് അർഹതപ്പെട്ട സ്ഥാനം കിട്ടിയില്ലെന്ന് കെ. സുധാകരൻ പറഞ്ഞു. പൂർണമായും അർഹതപ്പെട്ട സ്ഥാനം കിട്ടി എന്ന് പറയില്ല. ശശി തരൂർ പരിഗണിക്കേണ്ട ആൾ തന്നെയാണ്. അതിൽ പരാതിയില്ല. താൻ നിർദേശിച്ച പേരുകൾ പട്ടികയിലുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമിതി പട്ടികയിൽ രമേശ് ചെന്നിത്തലയ്ക്ക് അതൃപ്തിയില്ല. അദ്ദേഹം ഇപ്പോൾ തൃപ്തനാണ്. കൂടുതൽ സ്ഥാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും കെ. സുധാകരൻ കൂട്ടിച്ചേർത്തു.

അതേസമയം പുതുപ്പള്ളി തിരഞ്ഞെടുപ്പാണ് തന്റെ മുൻപിൽ ഇപ്പോഴുള്ള മുഖ്യ അജണ്ട എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. മറ്റൊരു വിഷയവും തന്റെ മുൻപിൽ ഇല്ലെന്നും ചെന്നിത്തല പ്രതികരിച്ചു. മറ്റുകാര്യങ്ങൾ സംബന്ധിച്ച് ആറാം തീയതിക്കു ശേഷം പ്രതികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ, കോൺഗ്രസ് പ്രവർത്തക സമിതിയിൽ അംഗമാക്കത്തതിൽ രമേശ് ചെന്നിത്തല അതൃപ്തനാണെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.അതേസമയം, പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്താത്തതിൽ തനിക്ക് പരാതിയില്ലെന്ന വി ഡി സതീശന്റെ പരാമർശത്തോടും പ്രതികരിക്കാൻ ചെന്നിത്തല തയ്യാറായില്ല. ഇന്നലെയാണ് കോൺഗ്രസിലെ ഏറ്റവും ഉയർന്ന സംഘടനാവേദിയായ പ്രവർത്തകസമിതിയിലേക്കുള്ള അംഗങ്ങളുടെ പട്ടിക പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയിൽ ഉൾപ്പെടുത്തിയപ്പോൾ ചെന്നിത്തലയെ പ്രത്യേക ക്ഷണിതാവാക്കുകയാണ് ചെയ്തത്. 39 അംഗ സമിതിയിൽ കേരളത്തിൽ നിന്ന് എ കെ ആന്റണി, കെ സി വേണുഗോപാൽ, ശശി തരൂർ എന്നിവർ ഉൾപ്പെട്ടു.

32 അംഗ സ്ഥിരം ക്ഷണിതാക്കളുടെ പട്ടികയിലാണ് രമേശ് ചെന്നിത്തലയെ ഉൾപ്പെടുത്തിയത്. പ്രവർത്തക സമിതിയിൽ നിന്ന് ക്ഷണിതാവായി തരംതാഴ്‌ത്തിയതാണ് രമേശ് ചെന്നിത്തലയെ ചൊടിപ്പിച്ചത്. ശശി തരൂരിനെ പ്രവർത്തകസമിതിയംഗമായി ഉയർത്തിയത് ചെന്നിത്തലയ്ക്ക് ഇരട്ടപ്രഹരമായി. ഇതു സംബന്ധിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവർത്തകരോട് ഒന്നും പറയാനില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

19 വർഷം മുമ്പുള്ള പദവി തന്നെയാണ് ഇപ്പോഴും ലഭിച്ചിരിക്കുന്നതെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. 2004-ൽ ചെന്നിത്തല പ്രവർത്തക സമിതിയിലുണ്ടായിരുന്നു ചെന്നിത്തല. ഇത്തവണ പ്രവർത്തക സമിതിയിൽ ഉൾപ്പെടുമെന്ന് ചെന്നിത്തല പ്രതീക്ഷിച്ചിരുന്നു. കേരളത്തിൽ നിന്ന് മുൻപത്തെ പ്രവർത്തകസമിതിയിൽ ഉണ്ടായിരുന്നത് ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ, എ.കെ. ആന്റണി എന്നിവരായിരുന്നു. ഇതിൽ ഉമ്മൻ ചാണ്ടിക്ക് പകരം ശശി തരൂരാണ് സമിതിയിലെത്തിയത്. പ്രായാധിക്യംമൂലം സജീവ രാഷ്ട്രീയത്തിൽ നിന്ന് അകന്നുനിൽക്കുന്ന എ.കെ.ആന്റണിയെ നിലനിർത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP