Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കൽ; തൃക്കാക്കരയിൽ നൂറ് ആക്കാനുള്ള ഓട്ടത്തിലാണ്; പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്; തൃക്കാക്കരയിലെ എൽ.ഡി.എഫ് പ്രകടനപത്രിക കാപട്യം: വിമർശനവുമായി പ്രതിപക്ഷ നേതാവ്

കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കൽ; തൃക്കാക്കരയിൽ നൂറ് ആക്കാനുള്ള ഓട്ടത്തിലാണ്; പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്; തൃക്കാക്കരയിലെ എൽ.ഡി.എഫ് പ്രകടനപത്രിക കാപട്യം: വിമർശനവുമായി പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ധന നികുതിയിൽ നാമമാത്രമായ കുറവാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കൂടുതൽ കുറവ് വരുത്താൻ കേന്ദ്രം തയാറാകണം. ഇന്ധന നികുതിയിൽ നിന്നും അധികമായി ലഭിക്കുന്ന വരുമാനം വേണ്ടെന്ന് വയ്ക്കാൻ സംസ്ഥാന സർക്കാരും തയാറാകണം. കേരള സർക്കാർ നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കാനാണ്. ഓരോ തവണയും ഇന്ധന വില കൂടുമ്പോൾ, നികുതി വരുമാനം കൂടുമെന്നതിനാൽ സംസ്ഥാന സർക്കാർ സന്തോഷിക്കുകയാണ്. നൂറു രൂപയാണ് കേന്ദ്ര സർക്കാർ തീരുമാനിക്കുന്നതെങ്കിൽ അതിന്റെ 30.8 ശതമാനമാണ് കേരളത്തിന് ലഭിക്കുന്നത്. അത് മറച്ചുവച്ചുകൊണ്ടാണ് ഇപ്പോഴത്തെ ധനകാര്യമന്ത്രിയും മുൻ ധനകാര്യമന്ത്രിയും സംസാരിക്കുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി. കൊച്ചിയിൽ വാർത്തസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാർ ചുമത്തിയിരിക്കുന്ന ഇന്ധന നികുതി കുറയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടില്ല. കേന്ദ്രം നികുതി വർധിപ്പിച്ചപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന അധിക വരുമാനം വേണ്ടെന്നു വയ്ക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് നാല് തവണ അധിക നികുതി വരുമാനം ഒഴിവാക്കിയിരുന്നു. ഉമ്മൻ ചാണ്ടി സർക്കാർ 600 കോടിയുടെ അധിക വരുമാനമാണ് വേണ്ടെന്ന് വച്ചത്. ഈ മാതൃക പിണറായി സർക്കാർ പിന്തുടരണം. എന്നാൽ കഴിഞ്ഞ ആറ് വർഷത്തിനിടെ 6000 കോടിയുടെ അധിക നികുതി വരുമാനമാണ് കേരളത്തിന് ലഭിച്ചത്. ഇതിൽ ഒരു രൂപ പോലും സംസ്ഥാന സർക്കാർ കുറച്ചിട്ടില്ല.

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണി ഇടപെടൽ നടത്താൻ സർക്കാരിന് കഴിയുന്നില്ല. തൃക്കാക്കരയിൽ തൊണ്ണൂറ്റിഒൻപത്, നൂറ് ആക്കാൻ നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്. എല്ലാ സാധനങ്ങളുടെയും വില കൂടുകയാണ്. ഒരു കാലത്തും ഇല്ലാത്തതരത്തിലുള്ള വിലക്കയറ്റമാണ് കേരളത്തിൽ.

തൃക്കാക്കരയ്ക്ക് വേണ്ടി എൽ.ഡി.എഫ് പുറത്തിറക്കിയ പ്രകടനപത്രിക കാപട്യമാണ്. കഴിഞ്ഞ 6 വർഷമായി കൊച്ചിയുടെ വികസനത്തിന് വേണ്ടി പിണറായി സർക്കാർ ചെറുവിരൽ അനക്കിയിട്ടില്ല. കെ. കരുണാകരൻ, എ.കെ ആന്റണി, ഉമ്മൻ ചാണ്ടി സർക്കാരുകളുടെ കാലത്താണ് എറാണാകുളം ജില്ലയിൽ വികസനപ്രവർത്തനങ്ങൾ നടന്നിട്ടുള്ളത്. നായനാരും അച്യുതാനന്ദനും പിണറായി വിജയനും ഭിരിച്ചപ്പോൾ ജില്ലയിൽ നടത്തിയ ഏതെങ്കിലും ഒരു വികസനത്തിന്റെ അടയാളം കാട്ടിത്തരാൻ എൽ.ഡി.എഫിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി കൊച്ചിയിൽ രൂക്ഷമായ വെള്ളക്കെട്ടാണ്. കൊച്ചിയുടെ വികസനത്തിന് തുരങ്കം വച്ചവരാണ് ഇപ്പോൾ വാഗ്ദാനങ്ങൾ നൽകുന്നത്. ഇടതുപക്ഷത്തിന്റെ വാഗ്ദാനങ്ങൾക്ക് കടലാസിന്റെ വില പോലുമില്ല. തൃക്കാക്കരയിലെ ജനങ്ങൾ അത് വിശ്വസിക്കില്ല.

പി.സി ജോർജിന് മുങ്ങാനുള്ള എല്ലാ സാഹചര്യവും ഒരുക്കിക്കൊടുത്തത് സർക്കാരാണ്. അറസ്റ്റ് നാടകം നടത്തി സ്വന്തം കാറിൽ സംഘപരിവാർ പ്രവർത്തകരുടെ പുഷ്പഹാരങ്ങൾ ഏറ്റുവാങ്ങിയാണ് തിരുവനന്തപുരത്തെ കോടതിയിൽ എത്തിച്ചത്. കോടതിയിൽ എത്തിയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ ഹാജരായില്ല. എഫ്.ഐ.ആറിൽ ഒന്നും ഇല്ലെന്നു കണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്.

കോടതിക്ക് പുറത്തും തൃക്കാക്കരയിലും ജോർജ് വിദ്വേഷ പരാമർശം ആവർത്തിച്ചു. എന്നിട്ടും നടപടിയെടുക്കാതിരുന്ന സർക്കാർ, തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് അടുക്കുമ്പോൾ പി.സി ജോർജിനെ അറസ്റ്റ് ചെയ്യുമെന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മുൻകൂർ ജാമ്യാപേക്ഷ നൽകിയ ഒരാളെ നിരീക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിനാണ് ഈ പൊലീസ്? പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങൾ നോക്കാൻ വിട്ട ഇന്റലിജൻസുകാരെയും പൊലീസുകാരെയും ജോർജിന് പിന്നാലെ വിട്ടിരുന്നെങ്കിൽ ഇപ്പോൾ അറസ്റ്റ് ചെയ്യാമായിരുന്നു. തൃക്കാരയിൽ പ്രസംഗം നടത്താൻ ജോർജിനെ ക്ഷണിച്ച് കൊണ്ടുവന്നത് ആരാണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ജോർജിനെ ക്ഷണിച്ച് കൊണ്ടുവന്നയാൾക്ക് അടുത്തിടെ കോൺഗ്രസ് വിട്ട ഡി.സി.സി ഭാരവാഹിയുമായി ബന്ധമുണ്ട്. ഇയാൾക്ക് ഇ.പി ജയരാജനുമായി എന്ത് ബന്ധമാണുള്ളതെന്നും മാധ്യമങ്ങൾ അന്വേഷിക്കണം. എൽ.ഡി.എഫിൽ നടക്കുന്ന നാടകങ്ങളെ കുറിച്ചു കൂടി മാധ്യമങ്ങൾ അന്വേഷിക്കണം.

ടി.പി ചന്ദ്രശേഖരനെ കുലംകുത്തിയെന്ന് വിളിക്കുക മാത്രമല്ല 52 വെട്ട് വെട്ടി കൊലപ്പെടുത്തുകയും ചെയ്തു. ഞങ്ങളുടെ പാർട്ടി വിട്ടവർക്ക് എപ്പോൾ വേണമെങ്കിലും ഇതുവഴി നടന്നു പോകാം. മുഖ്യമന്ത്രി ഷാൾ ഇട്ട് സ്വീകരിച്ചയാളെ എന്തുകൊണ്ടാണ് പ്രചരണത്തിന് ഇറക്കാത്തതെന്ന് മുഖ്യമന്ത്രിയോടാണ് ചോദിക്കേണ്ടത്. കോൺഗ്രസിനെ സ്നേഹിക്കുന്ന ആരും പാർട്ടി വിടില്ല. ഇപ്പോൾ പോയവരൊക്കെ ഒറ്റയ്ക്കാണ് പോയത്. തലകറങ്ങി വീണാൽ സോഡ വാങ്ങിക്കൊടുക്കാൻ പോലും ആരും ഒപ്പം പോയില്ല.

നടി ആക്രമിക്കപ്പെട്ട കേസിൽ യു.ഡി.എഫ് അതിജീവിതയ്ക്കൊപ്പമാണ്. സ്ത്രീപക്ഷ നിലപാട് മാത്രമെ യു.ഡി.എഫ് സ്വീകരിക്കൂ. അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചാൽ ശക്തിയായി എതിർക്കും. ഏതെങ്കിലും സമ്മർദ്ദങ്ങൾക്ക് സർക്കാരോ പൊലീസോ വഴങ്ങിയാൽ പ്രതിപക്ഷം ഇടപെടും. ആരെയെങ്കിലും രക്ഷപ്പെടുത്താനുള്ള ഒന്നായി അന്വേഷണം മാറാതിരിക്കാൻ സർക്കാർ ശ്രദ്ധിക്കണം.- പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP