Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടുപേർ സിപിഎം ബന്ധം ഉള്ളവർ; ശരിയായ അന്വേഷണം നടത്തിയാൽ വാദി പ്രതിയാകും; സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വച്ച സിപിഎമ്മുകാർ എന്തും ചെയ്യുമെന്നും വി.ഡി.സതീശൻ

വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടുപേർ സിപിഎം ബന്ധം ഉള്ളവർ; ശരിയായ അന്വേഷണം നടത്തിയാൽ വാദി പ്രതിയാകും; സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വച്ച സിപിഎമ്മുകാർ എന്തും ചെയ്യുമെന്നും വി.ഡി.സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്ഥാനാർത്ഥിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ മൂന്നിൽ രണ്ട് പേരും സിപിഎം ബന്ധമുള്ളവരാണെന്ന് പ്രതിക്ഷ നേതാവ് വി.ഡി.സതീശൻ. കൊല്ലത്ത് അറസ്റ്റിലായ ജേക്കബ് ഹെൻട്രി സിപി.എം പ്രദേശിക നേതാവാണ്. പാലക്കാട് സ്വദേശി ശിവദാസൻ കെ.റ്റി.ഡി.സിയിലെ താൽക്കാലിക ജീവനക്കാരനും സിഐ.ടി.യു യൂണിയൻ അംഗവുമാണ്. എന്നിട്ടാണ് കോൺഗ്രസുകാരാണ് പ്രചരിപ്പിച്ചതെന്ന നട്ടാൽ കുരുക്കാത്ത നുണ പറയുന്നത്. സ്ഥാനാർത്ഥിത്വത്തെ സംബന്ധിച്ച് സിപിഎമ്മിൽ പരാതിയുണ്ടായിരുന്നു. അതിന്റെ ഭാഗമാണ് വ്യാജ വീഡിയോ. ശരിയായ അന്വേഷണം നടത്തിയാൽ വാദി പ്രതിയാകും.

ഇന്നലെ നടത്തിയ പത്രസമ്മേളനത്തെ തെറ്റായ രീതിയിലാണ് സിപിഎം സൈബർ സംഘങ്ങൾ പ്രചരിപ്പിക്കുന്നത്. ഏ.കെ ആന്റണിയോട് അനാവശ്യ ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമൂട്ടിച്ചപ്പോൾ, ഇങ്ങനെ മുഖ്യമന്ത്രിയോട് ചോദിക്കുമോയെന്നാണ് മാധ്യമപ്രവർത്തകരോട് ചോദിച്ചത്. ആ രംഗം അടർത്തിയെടുത്ത് മാധ്യമ പ്രവർത്തകരെ തെറി പറഞ്ഞെന്ന തരത്തിലാണ് സിപിഎം പ്രചരിപ്പിക്കുന്നത്. അവർ എന്തും പ്രചരിപ്പിക്കും. സ്വന്തം ജില്ലാ സെക്രട്ടറി കിടക്കുന്ന കട്ടിലനടിയിൽ ക്യാമറ വച്ച വിരുതന്മാരാണ് എറണാകുളത്തെ സിപിഎം നേതാക്കൾ. പ്രളയഫണ്ട് തട്ടിയെടുത്തവരെ ഒളിവിൽ താമസിപ്പിച്ചതും ഇവരാണ്. എന്തും ചെയ്യാൻ മടിക്കാത്ത ഒരു സംഘം സിപിഎമ്മിലുണ്ട്. ഇന്നലെ പത്രസമ്മേളനം നടത്തിയ രണ്ടു സിപിഎം നേതാക്കളിൽ ഒരാൾക്കെതിരെയും ഇത്തരം വീഡിയോ പ്രചരിച്ചിരുന്നു. അത് പ്രചരിപ്പിച്ചതും സിപിഎമ്മുകാരായിരുന്നു. ജില്ലാ സെക്രട്ടറിയുടെ കട്ടിലിനടിയിൽ ക്യാമറ വച്ചവർ ഇതല്ല ഇതിനപ്പുറവും ചെയ്യും.

തൃക്കാക്കരയിലെ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് നടന്നിട്ടുണ്ടെന്നും വി.ഡി.സതീശൻ പറഞ്ഞു. യു.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനുള്ള ശ്രമമാണ് നടന്നത്. ഏഴായിരത്തോളം പുതിയ വോട്ടുകൾ യു.ഡി.എഫ് ചേർത്തെങ്കിലും അതിൽ മൂവായിരം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയിട്ടും നടപടിയെടുത്തില്ല. 161-ാം ബൂത്തിൽ മാത്രം ദേശാഭിമാനി ലേഖകൻ രക്ഷകർത്താവായി അഞ്ച് വ്യാജവോട്ടുകളാണ് ചേർത്തിരിക്കുന്നത്. ഇത്തരം വോട്ടുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല.

മരിച്ച് പോയവരുടെയും വിദേശത്തുള്ളവരുടെയും പേരുകൾ പ്രത്യേകമായി മാർക്ക് ചെയ്ത വോട്ടർ പട്ടിക യു.ഡി.എഫ് പോളിങ് ഏജന്റ്മാരുടെ കൈവശമുണ്ട്. പോളിങ് ദിനത്തിൽ ഇത് പ്രിസൈഡിങ് ഓഫീസർക്ക് കൈമാറും. ഇതിൽ ആരെങ്കിലും വ്യാജ വോട്ട് ചെയ്താൽ നടപടി സ്വീകരിക്കും. കള്ളവോട്ട് ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്ക് വരേണ്ട. വന്നാൽ ജയിലിൽ പോകേണ്ടിവരും. കള്ള വോട്ട് ചേർക്കാൻ കൂട്ടു നിന്ന ഉദ്യോഗസ്ഥരും പെൻഷൻ വാങ്ങില്ല. അവരെ ജയിലിൽ അടയ്ക്കാൻ സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും പോകും. വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്തിയതിന് നടപടി നേരിട്ടയാളെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറായി നിയമിച്ചെങ്കിലും യു.ഡി.എഫ് പരാതിയെ തുടർന്ന് സ്ഥലം മാറ്റി. എന്നാൽ അവർ ചുമതല വഹിച്ചിരുന്ന സമയത്തെ ക്രമക്കേടുകൾ പരിഹരിക്കപ്പെട്ടില്ല.

ആലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം നടക്കുമ്പോൾ മുൻ മന്ത്രിയെ വിട്ട് പോപ്പുലർ ഫ്രണ്ടിന്റെയും എസ്.ഡി.പി.ഐയുടെയും വോട്ട് കിട്ടാനുള്ള ചർച്ചയിലായിരുന്നു മുഖ്യമന്ത്രി. വർഗീയ സംഘർഷം നിലനിൽക്കുന്ന സ്ഥലത്തുകൊലവിളി മുദ്രാവാക്യം വിളിക്കാൻ സർക്കാരാണ് അനുമതി നൽകിയത്. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമമാണ് സിപിഎം നടത്തിയത്. വർഗീയ സംഘർഷങ്ങൾക്ക് കാരണം മുഖ്യമന്ത്രിയുടെ തലതിരിഞ്ഞ സോഷ്യൽ എൻജിനീയറിങാണ്.

വോട്ടിന് വേണ്ടി ഒരു വർഗീയവാദിയുടെയും തിണ്ണ നിരങ്ങില്ലെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ച തെരഞ്ഞെടുപ്പാണിത്. ഇത് വരാനിരിക്കുന്ന കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിർണായക ചലനങ്ങളുണ്ടാക്കും. മതേതര കേരളത്തിന് ഊർജം പകരുന്ന നിലപാടാണ് യു.ഡി.എഫ് എടുത്തിരിക്കുന്നത്. മതേതരവാദികളുടെ വോട്ട് യു.ഡി.എഫിന് ലഭിക്കും. അതായിരിക്കും കേരളത്തിന്റെ രാഷ്ട്രീയ സമൂഹിക രംഗങ്ങളെ നിയന്ത്രിക്കാൻ പോകുന്ന സുപ്രധാന ഘടകം. തൃക്കാക്കരയിൽ പി.ടി തോമസ് വിജയിച്ചതിനേക്കാൾ വലിയ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കും.

സിപിഎമ്മിന് ഇഷ്ടമുള്ള ആളുകളുടെ പേരുകൾ ഉൾപ്പെട്ടിട്ടുള്ളതുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പൂഴ്‌ത്തിവയ്ക്കുന്നത്. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് കെ റെയിലിനെ കുറിച്ച് മിണ്ടാത്തത്. കമ്മീഷൻ റെയിൽ കേരളത്തെ ശ്രീലങ്കയാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP