Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിന് എതിരെ കാപ്പ ചുമത്താൻ പൊലീസ്; സ്ഥിരം കുറ്റവാളിയെന്ന് റിപ്പോർട്ട്; നിയമപരമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ പ്രതിരോധിക്കും; സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് വി ഡി സതീശൻ

മുഖ്യമന്ത്രിക്ക് എതിരെ വിമാനത്തിൽ പ്രതിഷേധിച്ച ഫർസീൻ മജീദിന് എതിരെ കാപ്പ ചുമത്താൻ പൊലീസ്; സ്ഥിരം കുറ്റവാളിയെന്ന് റിപ്പോർട്ട്; നിയമപരമായി നേരിടുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ്; കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ പ്രതിരോധിക്കും; സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രി ഓർക്കണമെന്ന് വി ഡി സതീശൻ

മറുനാടൻ മലയാളി ബ്യൂറോ

 കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് കണ്ണൂർ ജില്ലാ പൊലിസ് റിപ്പോർട്ട് നൽകി. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ ഡിഐജിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. മട്ടന്നൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ ഫർസീൻ മജീദിന്റെ പേരിൽ 15 കേസുകൾ ഉണ്ടെന്നും ഇതിൽ നാലിലധികം കേസുകൾ കാപ്പയുടെ പരിധിയിൽ വരുന്നതാണെന്നും പൊലീസ് പറയുന്നു. ഇയാൾ കണ്ണൂരിൽ തുടരുന്നത് ക്രമസമാധാന പ്രശ്നത്തിന് കാരണമാകും.

ഈ സാഹചര്യത്തിൽ ഫർസീനെ ജില്ലയിൽ നിന്ന് മാറ്റിനിർത്തണമെന്ന റിപ്പോർട്ടാണ് സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ ഡിഐജി രാഹുൽ ആർ നായർക്ക് നൽകിയത്. ഇത് സംബന്ധിച്ചുള്ള കാരണം കാണിക്കൽ നോട്ടീസ് ഫർസീൻ മജീദിന് നൽകിയതായി പൊലീസ് പറഞ്ഞു. ഫർസീന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും ഉത്തരവ് ഇറക്കുക. അതേസമയം നോട്ടീസ് ലഭിച്ചിട്ടില്ലെന്നും ഡിഐജിയുടെ മുൻപിൽ ഹാജരാകാൻ നിർദ്ദേശം ലഭിച്ചതായും ഫർസീൻ പറഞ്ഞു. കാപ്പ ചുമത്താനുള്ള തീരുമാനത്തെ നിയമപരമായി നേരിടുമെന്നും ഫർസീൻ പറഞ്ഞു. പിണറായി വിജയൻ സർക്കാർ പൊലിസിനെ ഉപയോഗിച്ച് രാഷ്ട്രീയപരമായി വേട്ടയാടാൻ ശ്രമിക്കുകയാണ് നേരത്തെ താൻ 19 കേസുകളിൽ പ്രതിയാണെന്നു പറഞ്ഞ മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് 15 കേസുകളിൽ പ്രതിയാണെന്നാണ് ആദ്യം താൻ എത്ര കേസിൽ പ്രതിയാണെന്ന് മുഖ്യമന്ത്രി തന്നെ പൊലിസിനോട് ചോദിച്ചു മനസിലാക്കട്ടെയെന്ന് ഫർസീൻ പറഞ്ഞു.

അതേസമയം, കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ കരിങ്കൊടി കാട്ടിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കും. കോഴിക്കോട് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫർസീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഇതിൽ 12 കേസുകളും കോവിഡ് കാലത്തെ നിയമന്ത്രണങ്ങൾ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര കേസുകളാണ്. അതിൽ പലതും അവസാനിച്ചു. അങ്ങനെയെങ്കിൽ 40 ക്രിമിനൽ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയാറാകുമോ? ഇയാൾക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാർത്ഥികളെ ആക്രമിച്ചതിനാണ്.

മൂന്ന് കേസുകൾ വധശ്രമത്തിനും ഒരോ കേസുകൾ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനൽ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സർക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫർസീനെതിരെ കാപ്പ ചുമത്തുന്നത്. സംസ്ഥാനത്ത് വിഹരിക്കുന്ന പതിനാലായിരത്തിലധികം ഗുണ്ടകൾക്കും കാല് വെട്ടി ബൈക്കിൽ കൊണ്ടു പോയവർക്കുമൊക്കെ എതിരെ കാപ്പ ചുമത്താൻ തയാറാകാത്തവർ കോൺഗ്രസുകാർക്കെതിരെ കാപ്പ ചുമത്താൻ വന്നാൽ അതേ ശക്തിയിൽ പ്രതിരോധിക്കും. ഈ പരിപാടി ഇവിടെ അവസാനിപ്പിക്കണം. കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ കാപ്പ ചുമത്തി അകത്തിടുമെങ്കിൽ, ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ട എന്നും വി ഡി സതീശൻ പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP