Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അപമാനിച്ചതു വി എസ് പക്ഷത്തെ വനിതാ അംഗത്തെ പ്രീണിപ്പിക്കാൻ; തന്നെ ചീത്ത പറഞ്ഞതു താടിയുള്ള അപ്പനെ പേടിയുള്ളതു കൊണ്ടും; സുധാകരനെതിരെ വിമർശനവുമായി ഉഷാ സാലി; ആലുപ്പഴ സിപിഎമ്മിൽ പുതിയ വിവാദം

അപമാനിച്ചതു വി എസ് പക്ഷത്തെ വനിതാ അംഗത്തെ പ്രീണിപ്പിക്കാൻ; തന്നെ ചീത്ത പറഞ്ഞതു താടിയുള്ള അപ്പനെ പേടിയുള്ളതു കൊണ്ടും; സുധാകരനെതിരെ വിമർശനവുമായി ഉഷാ സാലി; ആലുപ്പഴ സിപിഎമ്മിൽ പുതിയ വിവാദം

ആലപ്പുഴ : ഒരു വനിതാ പ്രവർത്തകയെ പ്രീണിപ്പിക്കാൻ സ്വന്തം തട്ടകത്തിൽ ഒപ്പം നിന്ന മറ്റൊരു പ്രവർത്തകയെ പരസ്യമായി അവഹേളിച്ചു. മുന്മന്ത്രി ജി. സുധാകരൻ പുലിവാല് പിടിച്ചതിന്റെ പിന്നാമ്പുറം ഇങ്ങനെ.

വനിതാ പ്രവർത്തകയെ അവഹേളിച്ച ജി സുധാകരന്റെ ഉഗ്രകോപത്തിന് കാരണം മറ്റൊരു വനിതാ പഞ്ചായത്ത് അംഗത്തിനുവേണ്ടിയെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് അടുത്തതോടെ വി എസ് പക്ഷക്കാരിയും പാർട്ടിയുടെ നടപടിക്കു വിധേയയുമായ വനിതാ പഞ്ചായത്ത് അംഗത്തിന്റെ പിന്തുണ സുധാകരന് ആവശ്യമായി വന്ന സാഹചര്യത്തിലാണ് എം എൽ എ സ്വന്തം തട്ടകത്തിൽ ഒപ്പം നിന്ന വനിതാ പ്രവർത്തകയെ ആക്ഷേപിക്കാൻ തയ്യാറായതെന്നാണ് ആക്ഷേപം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ്സിന് സീറ്റു നിഷേധിച്ച ഘട്ടത്തിൽ തോട്ടപ്പള്ളിയിൽ പരസ്യമായി ജാഥ സംഘടിപ്പിച്ച് പാർട്ടിക്കെതിരെ പ്രവർത്തിച്ച ആളാണ് പുറക്കാട് പഞ്ചായത്തംഗം ആർ സുനി. കടുത്ത വി എസ് പക്ഷക്കാരിയായതുകൊണ്ടുതന്നെ ഇവരെ നടപടിക്ക് വിധേയമാക്കി പാർട്ടി പുറത്താക്കിയിരുന്നു. എന്നാൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രയായി മൽസരിച്ച് പുറക്കാട് പഞ്ചായത്ത് അംഗമാകുകയും പിന്നീട് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആകുകയും ചെയ്തു. സുനിയുടെ ജനപിന്തുണ കണ്ടു ഞെട്ടിയ നേതൃത്വം ഇവരെ തിരിച്ചെടുത്ത് ഇക്കുറി പാർട്ടി ചിഹ്നത്തിൽ മൽസരിപ്പിക്കുകയായിരുന്നു. സുനിയുടെ പുറക്കാട്, തോട്ടപ്പള്ളി മേഖലയിലുള്ള സ്വാധീനം നേടിയെടുക്കാനാണ് സുധാകരൻ മറ്റൊരു പ്രവർത്തകയെ അവഹേളിക്കാൻ പൊതുപരിപാടിയുടെ വേദി കണ്ടെത്തിയതെന്നു പറയുന്നു.

എം എൽ എയുടെ കോപത്തിനിരയായ ഉഷാ സാലി നേരത്തെ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ ആർ സുനിയെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചിരുന്നു. ഇപ്പോൾ ഉഷാ സാലി പാർട്ടിയുടെ തോട്ടപ്പള്ളി കൊട്ടാരവളവ് തെക്ക് ബ്രാഞ്ച് സെക്രട്ടറിയാണ്. സുനിക്കെതിരെ തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചതിനെതിരെ ഉഷക്കെതിരെയും അന്വേഷണം നടന്നുവരികയാണ്.

അതേസമയം, വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിൽനിന്നും മൽസരിച്ചു ജയിക്കണമെങ്കിൽ മണ്ഡലത്തിന്റെ അതിർത്തി പ്രദേശമായ തോട്ടപ്പള്ളി പുറക്കാട് മേഖലയിൽനിന്നും സുധാകരന് കാര്യമായ വോട്ടുകൾ ലഭിച്ചേ തീരു. പ്രദേശത്തെ മുസ്ലിം വോട്ടുകൾ ഇക്കുറി സുധാകരനെതിരെ തിരിയുമെന്നാണ് സൂചന. ഇതിനെ മറിക്കടക്കണമെങ്കിൽ സുനിയുടെ സഹായം സുധാകരനു കിട്ടിയേ പറ്റൂ. പഴയതുപോലെ സുധാകരനു പെട്ടെന്നു ജയിച്ചുകയറാൻ പറ്റിയ സാഹചര്യമല്ല അമ്പലപ്പുഴയിൽ. ഇതാണ് എം എൽ എ തന്നെ ആക്ഷേപിക്കാൻ കാരണമായതെന്ന് ഇരയായ ഉഷാ സാലി തറപ്പിച്ചു പറയുന്നു.

വി എസ് അനുകൂല നിലപാടെടുത്ത് തെരുവിൽ ജാഥ നടത്തിയ സുനിയെന്ന പഞ്ചായത്ത് അംഗം ഇപ്പോൾ എം എൽ എയുടെ അടുത്ത അനുയായിയാണ്. കഴിഞ്ഞ 28 നായിരുന്നു സി പി എം മഹിളാ അസോസിയേഷൻ പ്രവർത്തകയും ജി സുധാകരൻ എം എൽ എയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായിരുന്ന ഉഷാ സാലിയാമ് എം എൽ എയുടെ ഉഗ്രകോപത്തിന് ഇരയായത്. അമ്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡ് ഉദ്ഘാടന വേളയിലാണ് ജി സുധാകരൻ സി പി എം മഹിളാ അസോസിയേഷൻ പ്രവർത്തകയെ മൈക്കിലുടെ അവഹേളിച്ചത്. നാട്ടുകാർ കൂടിനിൽക്കെ എം എൽ എ മൈക്കിലുടെ അപമാനിച്ചത് തന്റെ കുടുംബത്തിന് അപമാനമായെന്ന് കാട്ടി പ്രവർത്തക പാർട്ടിക്ക് പരാതിയും നൽകിയിട്ടുണ്ട്.

എന്നാൽ പരാതി പരിഗണിക്കില്ലെന്നുറപ്പുള്ളതുകൊണ്ടുതന്നെ രാജിയല്ലാതെ മറ്റുവഴിയില്ലെന്നും ഉഷാ സാലി പറയുന്നു. എം എൽ എയുടെ സ്വന്തം ആളായ പാർട്ടി ജില്ലാ സെക്രട്ടറി അദ്ദേഹത്തിനെതിരെ അന്വേഷണം നടത്തുമോയെന്നുതന്നെ സംശയിക്കേണ്ട സ്ഥിതിയാണുള്ളത്. മകളെ കെട്ടിച്ചയച്ചതും വീട് വച്ചതും തന്നോടൊപ്പം പേഴ്‌സണൽ സ്റ്റാഫിൽ പണിയെടുത്തപ്പോഴല്ലേയെന്നാണ് എംഎൽഎയുടെ ആക്ഷേപം. എന്നാൽ താനും എം എൽ എയുമായി യാതൊരു പ്രശ്‌നവും ഇല്ലെന്നിരിക്കെ യാതൊരു പ്രകോപനവും കൂടാതെ എം എൽ എ തന്നെ ആക്ഷേപിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഉഷാ സാലി പറയുന്നു.

മുൻ മന്ത്രിയുടെ ആക്ഷേപം കേട്ടിട്ട് ആത്മഹത്യചെയ്യാൻ തോന്നിയെന്ന് മഹിളാ അസോസിയേഷൻ പ്രവർത്തക സുഹൃത്തുക്കളോട് പറഞ്ഞു. കാൽ നൂറ്റാണ്ടായി പാർട്ടിയുടെ മഹിളാ ശബ്ദമായിരുന്ന ഉഷയുടെ രാജി പ്രവർത്തകർക്കിടയിൽ വൻ പ്രതിഷേധമാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ റോഡ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നേരത്തെ എത്തേണ്ട സ്ഥലം പഞ്ചായത്ത് അംഗവും എം എൽ എയുടെ അടുത്ത ആളുമായ സുനി വേദിയിൽ താമസിച്ചെത്തിയിട്ടും യാതൊരു ഈർഷ്യയും കാട്ടാതിരുന്ന എം എൽ എ, നേരത്തെ പ്രവർത്തകരെ സംഘടിപ്പിച്ച് വേദിക്കരുകിൽ ഉണ്ടായിരുന്ന തന്നെ അവഹേളിച്ചത് എന്തിനെന്ന് അറിയില്ല. തന്നെ അവഹേളിച്ചത് ഉദ്ഘാടന പരിപാടിയിൽ ആളുകൾ എത്താതിരുന്നതിനാലാണെന്നത് വാസ്തവവിരുദ്ധമാണ്. അങ്ങനെയെങ്കിൽ ഉത്തരവാദപ്പെട്ട സ്ഥലം പഞ്ചായത്ത് അംഗത്തെ ശാസിക്കാതെ തന്നെ തെരഞ്ഞുപിടിച്ച് അവഹേളിച്ചതെന്തിന്? അപ്പോൾ താടിയുള്ള അപ്പനെ പേടിയുണ്ടെന്നല്ലേ ? ഉഷ ചോദിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP