Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202215Monday

'ശരിക്കും പറഞ്ഞാൽ എനിക്കയാളെ വെടിവച്ച് കൊല്ലണം; എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ട്; അറിഞ്ഞുടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്; എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ പിണറായി വിജയൻ അനുഭവിക്കും'; രൂക്ഷമായി പ്രതികരിച്ചു ഉഷ ജോർജ്ജ്; എല്ലാം പിണറായിയുടെ തന്ത്രമെന്ന് ഷോണും

'ശരിക്കും പറഞ്ഞാൽ എനിക്കയാളെ വെടിവച്ച് കൊല്ലണം;  എന്റെ അപ്പന്റെ റിവോൾവർ ഇവിടുണ്ട്; അറിഞ്ഞുടനെ പുള്ളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്; എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ പിണറായി വിജയൻ അനുഭവിക്കും'; രൂക്ഷമായി പ്രതികരിച്ചു ഉഷ ജോർജ്ജ്; എല്ലാം പിണറായിയുടെ തന്ത്രമെന്ന് ഷോണും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പീഡന കേസുമായി ബന്ധപ്പെട്ട അറസ്റ്റു നടപടിയിൽ പി സി ജോർജ്ജിനെ പിന്തുണച്ച് കുടുംബം. പി സി ജോർജിനെ മനപ്പൂർവ്വം കേസിൽ കുടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ജോർജിന്റെ ഭാര്യ ഉഷ പറഞ്ഞു പറഞ്ഞു. മുഖ്യമന്ത്രിയുടെ കളിയാണിത്. രാഷ്ട്രീയ വൈരാഗ്യമാണ് പിന്നിൽ. മുഖ്യമന്ത്രിക്ക് ചേരുന്ന ശൈലിയല്ല ഈ വേട്ടയാടലെന്നും ഉഷ പറഞ്ഞു. പരാതിക്കാരി വീട്ടിൽ പല തവണ വന്നിട്ടുണ്ടെന്നും ഉഷ പറഞ്ഞു.

മാനെ, മാളെ എന്ന് എല്ലാവരെയും വിളിക്കുന്നത് ജോർജ്ജിന്റെ ശൈലിയാണെന്നും ഉഷ പറഞ്ഞു. ഗൂഢാലോചനാ കേസിൽ സാക്ഷിയാണെന്ന് പറഞ്ഞാണ് ഒരു പൊലീസുകാരൻ വിളിച്ചത്. ഷോൺ തിരുവനന്തപുരത്തേക്ക് പോകുന്നുണ്ടെന്നും അവന് അറിയാം അപ്പന്റെ കാര്യം എങ്ങനെ കൈകാര്യം ചെയ്യാനെന്നും ഉഷ പറഞ്ഞു.

ഉഷയുടെ വാക്കുകൾ ഇങ്ങനെ:

പി.സി. ജോർജിനെതിരായ പീഡന പരാതി മുഖ്യമന്ത്രി പിണറായി വിജയന്റെ കളിയാണെന്ന് അദ്ദേഹത്തിന്റെ ഭാര്യ ഉഷ ജോർജും പ്രതികരിച്ചു. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ലെന്നും ഒരാഴ്ചയ്ക്കുള്ളിൽ പിണറായി വിജയൻ ഇതിനെല്ലാം അനുഭവിക്കുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. 'ഇത് എവിടുത്തെ ന്യായമാണ്. പിണറായി വിജയനെ ഞാൻ പോയി കാണും. എനിക്ക് അയാളെ വെടിവെച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയിരിക്കുന്നത്. എല്ലാവരും വേദനിക്കുകയാണ്. എന്റെ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചക്കുള്ളിൽ അദ്ദേഹം അനുഭവിക്കും. ഒരു നിരപരാധിയെ പിടിച്ച് ജയിലിലിടാമോ?

പി.സി. തെറ്റ് ചെയ്യാത്തൊരു മനുഷ്യനാണ്. ഇത് പിണറായിയുടെ കളിയാണ്. ഒരു മനുഷ്യനെ ഇങ്ങനെയൊന്നും ഒതുക്കാൻ കഴിയില്ല.
ഒരു കുടുംബത്തെ ഇങ്ങനെ വേട്ടയാടുന്നത് ശരിയാണോ. 40 വർഷമായി പുള്ളിയോടൊപ്പം ജീവിക്കുന്നു. എന്നെ നുള്ളിയിട്ട് പോലും നോവിച്ചിട്ടില്ല. മോനെ മോളെ എന്നല്ലാതെ ആരെയും വിളിക്കില്ല. എല്ലാവരോടും സ്നേഹമാണ്. അദ്ദേഹം ശുദ്ധനായതുകൊണ്ട് പറ്റിയതാണ് ഇതെല്ലാം.

തന്നെ പീഡിപ്പിക്കാത്ത വ്യക്തിയുണ്ടെങ്കിൽ പി.സി. മാത്രമാണെന്നാണ് പരാതിക്കാരി രണ്ടാഴ്ച മുമ്പ് പറഞ്ഞത്. അദ്ദേഹം അപ്പന് തുല്യമാണെന്നും പറഞ്ഞു. അങ്ങനെ പറഞ്ഞയാൾ ഇപ്പോൾ എങ്ങനെയാണ് മാറിയത്? പരാതിക്കാരി ഒത്തിരി തവണ വീട്ടിൽ വന്നിട്ടുണ്ട്. ഒരുപാട് തവണ കണ്ടിട്ടുള്ളതാണ്. അവരെ കൃത്യമായി ഉപയോഗിക്കുകയാണ്. ഇത് മനുഷ്യമനസാക്ഷിക്ക് നിരക്കുന്നതാണോ. രണ്ട് മൂന്ന് ദിവസത്തിന് പിണറായിയുടെ പ്രശ്നങ്ങളൊന്നും പുറത്തുവരരുത്. അതിനാണ് ഇതെല്ലാം. ഏത് പൊട്ടനും ഇത് മനസിലാക്കാമല്ലോ. നാളെ ഒരു ഞായറാഴ്ചയാണ്. പുള്ളിയെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയാൽ പിന്നെ ആ വാർത്ത ആയല്ലോ.'- ഉഷ ജോർജ് പ്രതികരിച്ചു.

അതേസമയം പീഡനപരാതിയിൽ പി.സി.ജോർജിനെ അറസ്റ്റ് ചെയ്തതിൽ പ്രതികരണവുമായി മകൻ ഷോൺ ജോർജും രംഗത്തുവന്നു. പിന്നിൽ മുഖ്യമന്ത്രിയുടെ ഗൂഢാലോചനയെന്നാണ് ആരോപണം. അഴിമതികൾ പുറത്ത് വരുമെന്ന ആകുലതയിൽ അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണെന്ന് ഷോൺ പറഞ്ഞു.

ഷോണിന്റെ വാക്കുകൾ ഇങ്ങനെ: പുത്രിയിലേക്ക് കാര്യങ്ങൾ എത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ നടത്തിയ വലിയ അഴിമതികളെല്ലാം പുറത്ത് വരാൻ പോകുന്നു. ജ്യോൽസ്യന്മാർ പറയുന്നത് കേട്ടിട്ട് അതിനുവേണ്ടി പശുത്തൊഴുത്ത് പണിതു, വണ്ടി മാറ്റി. വലിയ ആകുലത ഉണ്ട്. എങ്കിൽപ്പോലും കാര്യങ്ങൾ അങ്ങോട്ട് ശരിയാകാത്തതുകൊണ്ട് അദ്ദേഹത്തിന് വിറളി പിടിച്ച് ഭ്രാന്തായിരിക്കുകയാണ്.

എകെജി സെന്റർ ആക്രമിച്ച കേസിൽ പ്രതിയെ കിട്ടാതെ സിപിഎം. തന്നെ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. നിയമസഭയും നടക്കുന്നു. നിരവധി ആരോപണങ്ങൾ മുഖ്യമന്ത്രിയും മകളും നേരിടുന്നു. അപ്പോൾ സ്വാഭാവികമായും ഇതല്ല, ഇതിനപ്പുറവും സംഭവിക്കും. ഇതിനപ്പുറവുമുള്ള തിരക്കഥകൾ നാട്ടിൽ നടക്കും. പരാതിക്കാരി കൊടുത്ത പരാതികളുടെ അടിസ്ഥാനത്തിൽ എല്ലാവരെയും അറസ്റ്റ് ചെയ്യുകയാണെങ്കിൽ കേരള നിയമസഭയിൽ ക്വാറം തികയില്ല. അതാണ് അവസ്ഥ.

ഒരുമാസം മുമ്പ് നൽകിയ രഹസ്യമൊഴി സൂക്ഷിച്ചുവെച്ചു. എന്നിട്ട് രഹസ്യമായി ക്രൈംബ്രാഞ്ചിനെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തു. ഒരുവിവാദത്തെ അടുത്ത വിവാദം കൊണ്ട് അടയ്ക്കുക എന്ന പിണറായിയുടെ തന്ത്രമാണിത്. കേരള പൊലീസിന് അന്തസുണ്ടെന്ന് വിചാരിച്ചാണ് അദ്ദേഹവും അഭിഭാഷകനും പി.എ.യും മാത്രം തിരുവനന്തപുരത്ത് പോയത്. മൊഴിയെടുക്കാനെന്ന് വിളിച്ചുവരുത്തിയാണ് ഇത്തരമൊരു വൃത്തികേട് കാണിച്ചതെന്നും ഷോൺ ജോർജ് ആരോപിച്ചു.

പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കിൽ അതൊരു മുഖ്യമന്ത്രിക്ക് ചേർന്നതല്ലെന്ന് പി.സി. ജോർജിന്റെ മരുമകൾ പാർവതി ഷോൺ പറഞ്ഞു. സത്യം വിളിച്ചുപറയുന്നവർക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരുടെ നില എന്താണെന്ന് ആലോചിക്കണം.പിണറായിയുടെ ഭാഗത്തുനിന്നാണ് ഈ നീക്കമെങ്കിൽ അതൊരു മുഖ്യമന്ത്രിയായ ആൾക്ക് ചേർന്നതല്ല. വേറെ എന്തെല്ലാം കേസിൽ പെടുത്താം. ഇത് കെട്ടിച്ചമച്ച കഥയാണെന്ന് കേൾക്കുന്നവർക്കെല്ലാം അറിയാം. എല്ലാത്തിലും സത്യം വിളിച്ചുപറയുന്ന വ്യക്തിയാണ് അദ്ദേഹം. ഈ നാട്ടിൽ നിയമമുണ്ടല്ലോ'- പാർവതി പറഞ്ഞു.

പി.സി.ജോർജിനെതിരെ കള്ളക്കേസാണ് എടുത്തതെന്ന് അഭിഭാഷകനും പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഗൂഢാലോചനക്കേസിൽ ചോദ്യംചെയ്യുന്നതിനിടെയാണ് നടപടി. പൊതുപ്രവർത്തകനെ മോശക്കാരനാക്കാനാണ് നീക്കമെന്നും അഭിഭാഷകൻ. ചോദ്യങ്ങളോട് രൂക്ഷമായാണ് പ്രതികരിച്ചത്. പരാതിക്കാരി തന്നോട് വൈരാഗ്യം തീർക്കുകയാണെന്ന് പി.സി.ജോർജ് പ്രതികരിച്ചു.

അതേസമയം മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പീഡന പരാതി കേസിൽ താൻ സിബിഐക്ക് സത്യസന്ധമായി മൊഴി നൽകിയതിനുള്ള പ്രതികാരമായാണ് തന്റെ പേരിൽ പുതിയ പീഡന പരാതി കെട്ടിചമച്ചതെന്ന് പിസി ജോർജ്ജ് പറഞ്ഞു. കേസിലെ പരാതിക്കാരി തന്നെ നേരത്തെ വന്നു കാണുകയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ പരാതി കേസിൽ അനുകൂലമായി മൊഴി നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ വച്ച് ഉമ്മൻ ചാണ്ടി പീഡിപ്പിച്ചെന്ന് പറഞ്ഞ പരാതിക്കാരി പിന്നീടത് അത് ക്ലിഫ് ഹൗസിൽ വച്ചാണെന്ന് മൊഴി മാറ്റിയിരുന്നു. ഇതോടെ സിബിഐക്കാരോട് താൻ പരാതിക്കാരി പറഞ്ഞത് പച്ചക്കള്ളമാണെന്ന് മൊഴി നൽകി. ഇതിന്റെ പ്രതികാരമായിട്ടാണ് ഇപ്പോൾ എന്റെ പേരിൽ പുതിയ പീഡനക്കേസ് ഉണ്ടാക്കിയെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP