Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്; ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു; തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യും; നടിക്ക് നീതി കിട്ടാൻ പി ടി നടത്തിയ പോരാട്ടം തുടരുമെന്ന് ഉമ തോമസ്

സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേത്; ഇടതുമുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞു; തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യും; നടിക്ക് നീതി കിട്ടാൻ പി ടി നടത്തിയ പോരാട്ടം തുടരുമെന്ന് ഉമ തോമസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്ത്രീകളെ അപമാനിക്കുന്ന ഭരണകൂടമാണ് കേരളത്തിലേതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. നടിക്ക് നീതി കിട്ടാൻ പി ടി തോമസ് നടത്തിയ പോരാട്ടം തുടരുമെന്നും ഉമാ തോമസ് പറഞ്ഞു. ഇടതു മുന്നണിയുടെ സ്ത്രീപക്ഷ നിലപാട് കാപട്യമാണെന്ന് തെളിഞ്ഞുവെന്നും തൃക്കാക്കരയിലെ സ്ത്രീകൾ സർക്കാരിനെതിരെ വോട്ട് ചെയ്യുമെന്നും ഉമാ തോമസ് കൂട്ടിച്ചേർത്തു.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിജീവിത കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം അറിയില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. അതിജീവിതയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിൽ ആയതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണത്തിനില്ലെന്നും പി രാജീവ് കൊച്ചിയിൽ പറഞ്ഞു. കോടതിയെ സമീപിക്കാനുള്ള സ്വാതന്ത്ര്യം അതിജീവിതയ്ക്കുണ്ട്. സർക്കാർ നിലപാടിൽ വ്യക്തതയുണ്ടെന്നും പി രാജീവ് കൂട്ടിച്ചേർത്തു.

അതേമയം തെരഞ്ഞെടുപ്പുകളിൽ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ലെന്നായിരുന്നു ഇ പി ജയരാജന്റെ പ്രതികരണം. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആർക്കാണെന്ന് ജനത്തിന് അറിയാം. സർക്കാരിന് ഇക്കാര്യത്തിൽ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. എന്നാൽ പ്രതികളെ രക്ഷിക്കാൻ സർക്കാർ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. സർക്കാർ എന്നും ഇരയ്ക്കൊപ്പമാണെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ വ്യക്തമാക്കി.

നടി നൽകിയ ഹരജി ഉപതെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ. സംസ്ഥാന സർക്കാരിനും വിചാരണക്കോടതി ജഡ്ജിക്കുമെതിരെ ആരോപണമുന്നയിച്ച് ആക്രമിക്കപ്പെട്ട നടി നൽകിയ ഹരജി ഇന്ന് പരിഗണിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവരുടെയും സുരക്ഷക്കായാണ് സർക്കാർ നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫ് സർക്കാറിനെ അറിയുന്നവരെല്ലാം പൊലീസ് നീതിപൂർവം പ്രവർത്തിക്കുമെന്നും ക്രമസമാധാനം സംരക്ഷിക്കുമെന്നും പറയുമെന്നും ഇ.പി ജയരാജൻ അവകാശപ്പെട്ടു. നടി ഈ ഹരജി നൽകിയതിന്റെ കാരണം അവരോട് തന്നെ ചോദിക്കണമെന്നും ഇ.പി ജയരാജൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതിഭാഗം അഭിഭാഷകനെ ചോദ്യം ചെയ്യാൻ അനുമതി നൽകുന്നത് കോടതി തീരുമാനിക്കേണ്ടതാണെന്നും അതിൽ അവർ ശരി കാണുമെന്നും നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയിൽ കൊടുത്ത കാര്യം അവർ തീരുമാനിക്കുമെന്നും കോടതിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും തൃക്കാക്കരയിൽ യുഡിഎഫിന് വികസനം പറയാനില്ലെന്നും അവർ ഭയപ്പെടുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിക്കെതിരെ സംസ്‌കാര ശൂന്യമായ പദപ്രയോഗങ്ങൾ നടത്തുകയാണെന്നും ജനകീയ പ്രശ്‌നങ്ങളിൽ ശ്രദ്ധ തിരിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രധാനപ്രതിയുടെ തന്നെ രാഷ്ട്രീയ ബന്ധങ്ങൾ അന്വേഷിച്ചാൽ ചുരുളഴിയുമെന്നും അദ്ദേഹം പറഞ്ഞു. കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് തന്നെ ഇടപെടലുണ്ടായെന്ന ആരോപണത്തോട് പ്രതികരിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP