Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കട്ടപ്പുറത്തെ കേരള സർക്കാർ': മൊത്തം കടബാധ്യത നാല് ലക്ഷം കോടിയാക്കി ഗുരുതര ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടെന്ന് യുഡിഎഫ് ധവളപത്രം; ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്‌നത്തിന്റെ കാരണം; കിഫ്ബി നിർജീവമായെന്നും ഭാവിയിൽ സംസ്ഥാനം കടം കയറി മുടിയുമെന്നും പ്രതിപക്ഷ നേതാവ്

'കട്ടപ്പുറത്തെ കേരള സർക്കാർ': മൊത്തം കടബാധ്യത നാല് ലക്ഷം കോടിയാക്കി ഗുരുതര ധനപ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടെന്ന് യുഡിഎഫ് ധവളപത്രം; ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്‌നത്തിന്റെ കാരണം;  കിഫ്ബി നിർജീവമായെന്നും ഭാവിയിൽ സംസ്ഥാനം കടം കയറി മുടിയുമെന്നും പ്രതിപക്ഷ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം അതിരൂക്ഷമായ ധനപ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. മൊത്തം കടബാധ്യത നിലവിൽ 4 ലക്ഷം കോടിയാണ്. സംസ്ഥാന സർക്കാരിന്റെ ഗുരുതര ധനസ്ഥിതി സംബന്ധിച്ച് യു.ഡി.എഫ് തയാറാക്കിയ ധവളപത്രം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രകാശിപ്പിച്ചത്.

രണ്ടാം പിണറായി സർക്കാർ കൂടുതൽ ഗുരുതരമായ ധനപ്രതിസന്ധിയിലേക്ക് കേരളത്തെ തള്ളിവിട്ടിരിക്കുകയാണെന്ന് വിഡി സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം പ്രസിദ്ധീകരിച്ചത്.

സംസ്ഥാന സർക്കാരിന്റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്‌നത്തിന്റെ കാരണമെന്നാണ് ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ. കടം കയറി കുളമായ സ്ഥിതിയിലാണ് കേരളം. ഇങ്ങനെ പോയാൽ ഭാവിയിൽ കടം വല്ലാതെ പെരുകും. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30 ശതമാനത്തിൽ താഴെ നിൽക്കണം. 2027 ൽ ഇത് 38.2 ശതമാനം ആകുമെന്നാണ് ആർ.ബി.ഐ പ്രവചനം. പക്ഷേ ഇപ്പോൾ തന്നെ 39.1 ശതമാനമായി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ.

വലിയ സംസ്ഥാനങ്ങളെക്കാൾ അപകടകരമായ സ്ഥിതിയാണിത്. യു.ഡി.എഫിന്റെ കഴിഞ്ഞ ധവളപത്രത്തിൽ 2019 ൽ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോൾ നിർജീവമായി. കിഫ്ബി പക്കൽ ഇപ്പോൾ 3419 കോടി മാത്രമാണ് ഉള്ളത്. ഇതുകൊണ്ട് എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്നാണ് ചോദ്യം. കേന്ദ്രത്തിന്റെ തെറ്റായ സമീപനം മൂലം 24000 കോടിയുടെ വരുമാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി പറയുന്നത്.

എന്നാൽ പ്രധാന ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയെന്നാണ് യു.ഡി.എഫ് ധവളപത്രത്തിലെ വിമർശനം. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. ഒപ്പം ധൂർത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകർന്നു. സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്റെ വികലമായ നയങ്ങൾക്കും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

എൽ.ഡി.എഫ്. സർക്കാരിന്റെ പരാജയമാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സ്ഥിതിയിലെത്തിച്ചത്. 2016ലെ ഒന്നാം പിണറായി സർക്കാർ മൂന്നര വർഷക്കാലം പിന്നിട്ടപ്പോൾതന്നെ എത്തപ്പെട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് 2020 -ൽ യു.ഡി. എഫ് ഉപസമിതി ഒരു ധവള പത്രം ഇറക്കിയിരുന്നു. എങ്ങനെയാണ് സാമ്പത്തിക പ്രതിസന്ധി ഉണ്ടായതെന്നും അത് പരിഹരിക്കാനുള്ള നിർദേശങ്ങളും കേന്ദ്രസർക്കാർ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനയും ആ ധവള പത്രത്തിൽ വ്യക്തമായി ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ, അതെല്ലാം അവഗണിച്ച് കിട്ടാവുന്നിടങ്ങളിലെല്ലാം കടമെടുത്ത് ധൂർത്തടിക്കുകയാണ് എൽ.ഡി.എഫ്.സർക്കാർ ചെയ്തതെന്നും ധവള പത്രത്തിൽ പറയുന്നു.

• അപകടകരമായ ധന സൂചികകൾ
• റവന്യൂ കമ്മിയും ധന കമ്മിയും വർദ്ധിച്ചു.
• പൊതുകടവും മൊത്തം കടവും വർദ്ധിച്ചു.
• നികുതി പിരിവിലെ കെടുകാര്യസ്ഥത
• ജി.എസ്. ടി നടത്തിപ്പിലെ പരാജയം
• പാളിപ്പോയ ആംനസ്റ്റി സ്‌കീം
• കടം കയറി മുടിയുന്ന സർക്കാർ
• താങ്ങാവുന്നതിനും അപ്പുറമുള്ള വായ്പകൾ
• കിഫ്ബിക്ക് മരണമണി
• ബാധ്യതയായി മാറിയ സാമൂഹ്യ സുരക്ഷാ പെൻഷൻ കമ്പനി
• വിലക്കയറ്റം
• സർക്കാരിന്റെ ധൂർത്ത്
• വ്യാപകമാകുന്ന അഴിമതി
• സാധാരണക്കാരെ മറന്ന സർക്കാർ
• സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഇരുട്ടടി
• കാർഷിക മേഖലയിലെ പ്രതിസന്ധി
• ബഫർ സോൺ പ്രശ്നത്തിലെ സാമ്പത്തിക ആഘാതം.
• വ്യവസായ രംഗത്തെ തകർച്ച
• പൊതുമേഖല നഷ്ടത്തിൽ
• പഞ്ചറായ കെ.എസ്.ആർ ടി.സി
• സിൽവർ ലൈൻ എന്ന വെള്ളാന
• ദിശ നഷ്ട്ടപ്പെട്ട പദ്ധതികൾ
• തകർന്ന പ്രാദേശിക സർക്കാരുകൾ
• കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാടുകൾ. വികലമായ നയങ്ങൾ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP