Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202305Monday

ആർ എസ് എസിനെക്കുറിച്ച് പറയുമ്പോൾ സുധാകരൻ ആവർത്തിക്കുന്ന 'നാക്കുപിഴ' മുസ്‌ലിം ലീഗിനെ ഇളക്കിമാറ്റി യുഡിഎഫിനെ കൂടുതൽ ദുർബലമാക്കുമോ? നെഹ്‌റുവിനെക്കുറിച്ച് സുധാകരൻ പറഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി രംഗത്തു വന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിൽ; കോൺഗ്രസിലും സുധാകരനെതിരെ വികാരം ശക്തം; അനുചിതവും അബദ്ധവുമായ പ്രസ്താവനകൾ ചർച്ചയാകുമ്പോൾ

ആർ എസ് എസിനെക്കുറിച്ച് പറയുമ്പോൾ സുധാകരൻ ആവർത്തിക്കുന്ന 'നാക്കുപിഴ' മുസ്‌ലിം ലീഗിനെ ഇളക്കിമാറ്റി യുഡിഎഫിനെ കൂടുതൽ ദുർബലമാക്കുമോ? നെഹ്‌റുവിനെക്കുറിച്ച് സുധാകരൻ പറഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി രംഗത്തു വന്നത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തിൽ; കോൺഗ്രസിലും സുധാകരനെതിരെ വികാരം ശക്തം; അനുചിതവും അബദ്ധവുമായ പ്രസ്താവനകൾ ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ജവാഹർലാൽ നെഹ്രുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയർത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്ന് കെപിസിസി. പ്രസിഡന്റ് കെ. സുധാകരൻ വിശദീകരിക്കുമ്പോഴും വിവാദങ്ങൾ തീരുന്നില്ല. എതിർശബ്ദങ്ങളെപ്പോലും കേൾക്കാനും പരിഗണിക്കാനുമുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയസഹിഷ്ണുതയെ ആഴത്തിൽ പരാമർശിക്കാനുമാണ് ശ്രമിച്ചതെന്നാണ് സുധാകരന്റെ വിശദീകരണം. എന്നാൽ ആവശ്യമില്ലാത്തതാണ് സുധാകരൻ പറഞ്ഞതെന്ന നിലപാടിലാണ് കോൺഗ്രസിലെ മറ്റ് നേതാക്കൾ. യുഡിഎഫ് ഘടകകക്ഷിയായ മുസ്ലിം ലീഗും വിരുദ്ധാഭിപ്രായത്തിലാണ്.

സുധാകരന്റെ 'ആർഎസ്എസ് പ്രസ്താവനകൾ' യുഡിഎഫിൽ അലോസരം സൃഷ്ടിക്കുന്നുവെന്നതാണ് വസ്തുത. സുധാകരൻ സൂക്ഷിച്ചുനീങ്ങണമെന്ന വികാരം കോൺഗ്രസിലും ഉയർന്നു. സംഘടനാ കെഎസ്‌യു പ്രവർത്തകൻ ആയിരിക്കെ കണ്ണൂരിലെ തോട്ടട, കിഴുന്ന മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ, ആളെ അയച്ച് ശാഖയ്ക്കു സംരക്ഷണം നൽകി എന്ന തന്റെ വിവാദ പ്രസ്താവനയെ ന്യായീകരിക്കാൻ ജവാഹർ ലാൽ നെഹ്‌റുവിന്റെ നടപടികളെ സുധാകരൻ കൂട്ടു പിടിച്ചതാണ് മുന്നണിക്ക് പുതിയ തലവേദന സൃഷ്ടിച്ചത്.

സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങൾ ഓർമപ്പെടുത്താനാണ് പ്രസംഗത്തിൽ പഴയകാല ചരിത്രം പരാമർശിച്ചത്. അതിനിടയിലുണ്ടായ വാക്കുപിഴ, താൻ മനസ്സിൽപോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെയെത്തിച്ചത്. അത് കോൺഗ്രസിനെയും യു.ഡി.എഫിനെയും എന്നെയും സ്‌നേഹിക്കുന്നവർക്ക് ഇടയിലുണ്ടാക്കിയ വേദനയിൽ അതിയായ ദുഃഖമുണ്ട് -കെ. സുധാകരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.

സംഘപരിവാർ, ഫാസിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവർത്തനശൈലിയാണ് എന്റേത്. എല്ലാ വർഗീയതയെയും ഒരുപോലെ എതിർക്കുക എന്നതാണ് എന്റെയും എന്റെ പാർട്ടിയുടെയും നിലപാട്. അതിന് എനിക്ക് കിട്ടിയ ജനകീയ അംഗീകാരമാണ് തിരഞ്ഞെടുപ്പുകളിലെ വിജയം. എതിർശബ്ദങ്ങളെപ്പോലും പരിഗണിക്കുകയെന്നത് ജനാധിപത്യത്തിന്റെ ഉയർന്ന മൂല്യമാണെന്ന് ഓർമപ്പെടുത്തുകയാണ് നെഹ്രു അനുസ്മരണ പ്രഭാഷണത്തിലൂടെ താൻ ചെയ്തതെന്നും കെ. സുധാകരൻ പറയുന്നു.

ഇതിനിടെയിലും നെഹ്‌റുവിന്റെ മാതൃക താൻ പിന്തുടരുമ്പോൾ എന്തു പിശകാണെന്നു ചോദിക്കാനുള്ള സുധാകരന്റെ ശ്രമത്തിനെതിരെ ഒരേ സമയം യുഡിഎഫിൽനിന്നും എൽഡിഎഫിൽനിന്നും എതിർപ്പ് ഉയർന്നു എ്ന്നതാണ് വസ്തുത. ഗവർണർവിരുദ്ധ സമരവുമായി കേന്ദ്രസർക്കാരിനെതിരെ സിപിഎം വലിയ പോർമുഖം തുറക്കുന്നതിനിടെ സുധാകരന്റെ ഈ പ്രസ്താവനകൾ അനുചിതവും അബദ്ധവും ആണെന്ന വികാരം മുസ്ലിം ലീഗിൽ ശക്തമാണ്. അത് പരസ്യമായി തന്നെ അവർ പ്രകടിപ്പിച്ചിട്ടുണ്ട്.

നാളെ ചേരുന്ന നേതൃയോഗം ഇക്കാര്യം ചർച്ച ചെയ്തു നിലപാട് പരസ്യപ്പെടുത്തണമെന്ന വികാരമാണ് ലീഗിൽ ശക്തം. അപകടം മണത്ത കോൺഗ്രസ് നേതൃത്വം അനുരഞ്ജനശ്രമങ്ങൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് സുധാകരൻ തന്നെ പ്രസ്താവനയിൽ വിശദീകരണവുമായി എത്തിയത്. ആർ എസ് എസ് ശാഖയെ സഹായിച്ചു എന്നത് അടക്കമുള്ള സുധാകര പ്രസ്താവനകളെ ഗൗരവത്തോടെയാണ് മുസ്ലിം ലീഗ് കാണുന്നത്. കെപിസിസി അധ്യക്ഷൻ ആർ.എസ്.എസിന്റെ നാവായി മാറിയെന്ന ആക്ഷേപവുമായി ഇടതുപക്ഷം ആഞ്ഞടിക്കുമ്പോൾ കോൺഗ്രസ് പ്രതിരോധത്തിലാണ്.

ആർ.എസ്.എസിനോട് മമതയില്ലെന്ന് കോൺഗ്രസ് നേതൃത്വം ആവർത്തിക്കുമ്പോഴും സുധാകരന്റെ പരാമർശങ്ങൾ ന്യൂനപക്ഷങ്ങളിൽ സൃഷ്ടിക്കുന്ന ആശങ്ക മുസ്‌ലിം ലീഗ് തിരിച്ചറിയുന്നുണ്ട്. സുധാകരനെതിരെ എം.കെ. മുനീർ ഉൾപ്പെടെയുള്ള ലീഗ് നേതാക്കൾ ഉടൻ ശക്തമായ പ്രതികരണം നടത്തിയത് അതുകൊണ്ടാണ്. ആർ.എസ്.എസിനെക്കുറിച്ച് പറയുമ്പോൾ സുധാകരൻ ആവർത്തിക്കുന്ന 'നാക്കുപിഴ' മുസ്‌ലിം ലീഗിനെ ഇളക്കിമാറ്റി യു.ഡി.എഫിനെ കൂടുതൽ ദുർബലമാക്കുകയെന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ മോഹത്തിന് നിറം പകരുന്നുമുണ്ട്. നെഹ്‌റുവിനെക്കുറിച്ച് സുധാകരൻ പറഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻതന്നെ രംഗത്തുവന്നതിന്റെ പശ്ചാത്തലം അതാണ്.

ഒരാഴ്ചക്കിടെ, രണ്ടുതവണയാണ് ആർ.എസ്.എസ് വിഷയത്തിൽ സുധാകരൻ പറഞ്ഞത് വിവാദമായത്. എതിർപക്ഷത്തിന് കാലുകുത്താൻ ഇടം ലഭിക്കാത്ത കണ്ണൂരിലെ 'പാർട്ടി ഗ്രാമങ്ങൾ' എന്ന യാഥാർഥ്യം വിശദീകരിക്കാനാണ് ആർ.എസ്.എസ് ശാഖക്ക് താൻ ഇടപെട്ട് സംരക്ഷണം നൽകിയ കാര്യങ്ങൾ സുധാകരൻ തുറന്നുപറഞ്ഞത്. നെഹ്‌റുവിന്റെ വലിയ മനസ്സ് ഓർമിപ്പിക്കാനാണ് അദ്ദേഹം ആർ.എസ്.എസ് നേതാവ് ശ്യാംപ്രസാദ് മുഖർജിയെ സ്വന്തം മന്ത്രിസഭയിലെടുത്ത കാര്യം സുധാകരൻ അനുസ്മരിച്ചത്. താൻ ഉദ്ദേശിച്ചതല്ല, വാർത്തയായി മാറിയതെന്നാണ് സുധാകരൻ വിശദീകരിക്കുന്നത്. പ്രസംഗം മുഴുവൻ കേട്ടാൽ സുധാകരന്റെ വാദത്തിന് ബലമുണ്ട്. എന്നാൽ, സുധാകരൻ പറഞ്ഞതിൽ ഒറ്റനോട്ടത്തിൽ ആർ.എസ്.എസ് പ്രണയം ആരോപിക്കാവുന്നതാണ് എന്നതും വസ്തുതയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP