Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ദുഃഖവെള്ളിയും ഈസ്റ്ററും ഒന്നും കഴിയാതെ ഒരു തീരുമാനവും ഉണ്ടാവില്ല; എല്ലാ പാർട്ടികളും ചർച്ച നീട്ടുന്നു; യുഡിഎഫിന്റെ നില അറിയാൻ ആഴ്ചകൾ കഴിയും

ദുഃഖവെള്ളിയും ഈസ്റ്ററും ഒന്നും കഴിയാതെ ഒരു തീരുമാനവും ഉണ്ടാവില്ല; എല്ലാ പാർട്ടികളും ചർച്ച നീട്ടുന്നു; യുഡിഎഫിന്റെ നില അറിയാൻ ആഴ്ചകൾ കഴിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കൊടുംചൂടിൽ പ്രചരണത്തിന് ആരും തയ്യാറല്ല. അതുകൊണ്ട് തന്നെ കോൺഗ്രസും സിപിഎമ്മും ബിജെപിയും സീറ്റ് വിഭജന ചർച്ചകൾ നീട്ടുകയാണ്. ഇടതുപക്ഷത്തിന് ഒരാഴ്ചയെങ്കിലും സീറ്റ് വിഭജനത്തിന് ഇനിയും വേണ്ടിവരും. ബിഡിജെഎസുമായി ധാരണയിലെത്താൻ ബിജെപിയും സമയമെടുക്കും. കോൺഗ്രസിന് യുഡിഎഫിലെ വിഭജനം പൂർത്തിയാക്കാൻ രണ്ടാഴ്ചയെങ്കിലും വേണ്ടി വരും. കൊടുംചൂടിലെ പ്രചരണവും പണച്ചെലവും ഒഴിവാക്കാനാണ് ഈ നീക്കം. കോൺഗ്രസിൽ സ്ഥാനാർത്ഥി നിർണയം ഈ മാസം അവസാനത്തോടെ പൂർത്തിയാവുമെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും പ്രഖ്യാപനം വൈകുമെന്നാണ് സൂചന.

ദുഃഖവെള്ളിയും ഈസ്റ്ററും കഴിഞ്ഞ ശേഷമേ യുഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയാകൂ. അതിന് ശേഷം കെപിസിസി അധ്യക്ഷൻ വി എം സുധീരനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിതലയും കോൺഗ്രസിലെ സീറ്റ് ചർച്ച തുടരും. ഹൈക്കമാണ്ടും സ്ഥാനാർത്ഥി പ്രഖ്യാപനം വൈകി മതിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നാമനിർദ്ദേശ പത്രിക നൽകാൻ തന്നെ അഞ്ചാഴ്ചയിലേറെ സമയമുള്ളപ്പോൾ തിരക്കിട്ട് തീരുമാനം വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. ഇന്ന് ഇന്ദിരാഭവനിൽ ചേരാനിരുന്ന കെപിസിസി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റി. തിങ്കളാഴ്ചയിലെ യു.ഡി.എഫ് യോഗത്തിൽ സീറ്റ് വിഭജനം പൂർത്തിയാവുമെന്ന് പറയുന്നുണ്ടെങ്കിലും അതും നീളാനാണ് സാധ്യത.

അതുകൊണ്ട് തന്നെ കെപിസിസിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റിയും നീളും. ഇനി തിങ്കളാഴ്ച ചേർന്നാൽ തന്നെ തീരുമാനം ഒന്നും ഉണ്ടാകില്ല. വീണ്ടും കൂടിയാലോചന വേണ്ടിവരും. കേരള കോൺഗ്രസ് (എം )കോൺഗ്രസ് ഉഭയകക്ഷി ചർച്ച ഇന്ന് കോട്ടയത്ത് നടക്കും.ഒരു സീറ്റെങ്കിലും അധികം വേണമെന്ന വാശിയിൽ കേരള കോൺഗ്രസും , പിളർന്ന പാർട്ടിക്ക് അധിക സീറ്റ് നൽകാനാവില്ലെന്നും പൂഞ്ഞാറും കുട്ടനാടും വച്ചുമാറണമെന്നുമുള്ള ആവശ്യത്തിൽ കോൺഗ്രസും ഉറച്ചു നിൽക്കുകയാണ്. തിങ്കളാഴ്ച നടക്കുന്ന മറ്റ് പാർട്ടികളുമായുള്ള ഉഭയകക്ഷി ചർച്ചയിലും അന്തിമ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷ പാർട്ടികൾക്കില്ല.

സീറ്റ് വിഭജനം പൂർത്തിയാക്കി നേരത്തെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിലെ ചില അപകടങ്ങൾ കൂടി മുന്നിൽ കണ്ടാണ് കോൺഗ്രസ് നേതൃത്വം മെല്ലെപ്പോക്ക് നയം സ്വീകരിക്കുന്നത്. സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിച്ചാൽ ഒന്നര മാസത്തോളം പ്രചാരണം നടത്താനുള്ള ചെലവ് വളരെ വലുതാണ്. നേരത്തെ പ്രഖ്യാപനം വന്നാൽ സീറ്റ് ലഭിക്കാത്തവർ വിമതന്മാരാവാനും സാധ്യതയുണ്ട്. ഇടത് മുന്നണി സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ രൂപം ലഭിച്ച ശേഷമേ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കൂ എന്നാണ് സൂചന.

കെപിസിസിയിൽ ധാരണയുണ്ടായാലും അടുത്തയാഴ്ച ഹോളി, ഈസ്റ്റർ, തുടങ്ങിയ ആഘോഷങ്ങളായതിനാൽ ഡൽഹി ചർച്ച അതിനു ശേഷമേ നടക്കാൻ വഴിയുള്ളു. ഈ ചർച്ചയുടെ അടിസ്ഥാനത്തിൽ കെപിസിസി അദ്ധ്യക്ഷൻ വി എം.സുധീരൻ, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് എന്നിവരടങ്ങുന്ന സമിതിയാവും ഗ്രൂപ്പ്,ജാതി,മത സമവാക്യങ്ങൾ പരിഗണിച്ച് മാറ്റങ്ങൾ വരുത്തുക. തർക്കങ്ങളിൽ മുതിർന്ന നേതാവ് എ.കെ.ആന്റണിയുടെ അഭിപ്രായമാവും നിർണായകമാവും.

യുഡിഎഫിലെ മറ്റ് കക്ഷികളും ഏപ്രിൽ ആദ്യവാരമേ സീറ്റ് ചർച്ച പൂർത്തിയാക്കൂവെന്നാണ് സൂചന. നേരത്തെ 20 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച മുസ്ലിം ലീഗ് പ്രചരണത്തിൽ ഇനിയും സജീവമായിട്ടില്ല. ചൂടും പണച്ചെലവും കാരണമാണ് ഇത്. ഇതുൾക്കൊണ്ടാണ് മറ്റ് പാർട്ടികൾ പ്രഖ്യാപനം വൈകിക്കുന്നത്. ഏപ്രിൽ അവസാനം തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രതീക്ഷയിലായിരുന്നു ലീഗ്. അതുകൊണ്ടാണ് സിറ്റിങ് സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. എന്നാൽ തെരഞ്ഞെടുപ്പ് വൈകിയതോടെ അത് പൊല്ലാപ്പവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP