Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

യുഡിഎഫ് മേഖലാ ജാഥകൾ മാറ്റിവെക്കാൻ കോൺഗ്രസിന് മേൽ കെ എം മാണിയുടെ കടുത്ത സമ്മർദ്ദം; സുധീരന്റെ പരസ്യ പ്രസ്താവനയിൽ ഉമ്മൻ ചാണ്ടിയെ അതൃപ്തി അറിയിച്ച് മാണി; ചൊവ്വാഴ്‌ച്ച തീരുമാനമെന്ന് മുഖ്യമന്ത്രി; നിർണ്ണായകമാകുക മുസ്ലിംലീഗിന്റെ നിലപാട്

യുഡിഎഫ് മേഖലാ ജാഥകൾ മാറ്റിവെക്കാൻ കോൺഗ്രസിന് മേൽ കെ എം മാണിയുടെ കടുത്ത സമ്മർദ്ദം; സുധീരന്റെ പരസ്യ പ്രസ്താവനയിൽ ഉമ്മൻ ചാണ്ടിയെ അതൃപ്തി അറിയിച്ച് മാണി; ചൊവ്വാഴ്‌ച്ച തീരുമാനമെന്ന് മുഖ്യമന്ത്രി; നിർണ്ണായകമാകുക മുസ്ലിംലീഗിന്റെ നിലപാട്

കോഴിക്കോട്: ബാർകോഴ വിവാദം കൊടുമ്പിരി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ യുഡിഎഫിന്റെ മധ്യമേഖലാ ജാഥകൾ നടത്തുന്നതിനെ ചൊല്ലി തർക്കം മുറുകുന്നു. മാണിയുടെ സമ്മർദ്ദത്തിന് വഴങ്ങരുതെന്ന കടുത്ത നിലപാട് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ സ്വീകരിച്ചതോടെ അഭിമാന പ്രശ്‌നമെന്ന രീതിയിൽ മാണി വിഷയം എടുത്തതോടെ കടുത്ത പ്രതിസന്ധിയാണ് ഉരുത്തിരി്ഞ്ഞിരിക്കുന്നത്. മാണിയുടെ സമ്മർദ്ദത്തിന് കോൺഗ്രസ് വഴങ്ങിയേക്കുമെന്ന സൂചനയാണ് ഇപ്പോൾ പുറത്തുവരുന്നത്. കെ.എം.മാണിയുടെ വ്യക്തിപരമായ അസൗകര്യം പരിഗണിച്ച് ജാഥകൾ മാറ്റിവെക്കുമെന്നാണ് അറിയുന്നത്.

ഈ കാര്യത്തിൽ അന്തിമ തീരുമാനം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗം അന്തിമ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ജാഥയ്ക്ക് മുൻപ് വിജിലൻസ് അന്വേഷണം തീർക്കണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ മാണിക്ക് നൽകിയ സൂചന. ബാർ കോഴ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ മേഖലാ ജാഥ മാറ്റിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കെഎം മാണി ഇന്ന് വയനാട്ടിൽ വച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം മാണി നേരിട്ട് മുഖ്യമന്ത്രിയെ അറിയിച്ചു. ചൊവ്വാഴ്ചത്തെ യോഗത്തിൽ കേരള കോൺഗ്രസ് നിലപാട് ആവർത്തിക്കും.

അതേസമയം ജാഥ മാറ്റിവെക്കണോ എന്ന കാര്യത്തിൽ ചൊവ്വാഴ്ചത്തെ യുഡിഎഫ് യോഗം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മാണിയുമായി പല കാര്യങ്ങളും ചർച്ച ചെയ്‌തെന്നും എല്ലാം മാദ്ധ്യമങ്ങളോട് പറയാൻ കഴിയില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അതേസമയം വിദേശത്ത് പോകുന്നതിനാൽ ചൊവ്വാഴ്ചത്തെ യോഗത്തിൽ മാണി പങ്കെടുക്കില്ല. ഘടകകക്ഷികളുടെ അനാവശ്യ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന സുധീരന്റെ പ്രസ്താവനയിൽ കേരളാ കോൺഗ്രസിന് കടുത്ത അമർഷമുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയെ മാണി അറിയിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.

ശനിയാഴ്ച ചേർന്ന കെപിസിസി നിർവാഹക സമിതിയോഗമാണ് മാണിയുടെ ആവശ്യം തള്ളിയത്. ജാഥകൾ നിശ്ചയിച്ച സമയത്തു തന്നെ നടത്തുമെന്നാണു കെപിസിസി പ്രസിഡന്റ് വി എം. സുധീരൻ പറഞ്ഞത്. എന്നാൽ തങ്ങളുടെ ആവശ്യം യുഡിഎഫ് യോഗം ചർച്ച ചെയ്യാനിരിക്കെ കോൺഗ്രസ് ഏകപക്ഷീയമായി തീരുമാനമെടുത്തതാണു കേരള കോൺഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്.

ജാഥ മാറ്റണമെന്ന തങ്ങളുടെ ആവശ്യം യുഡിഎഫ് യോഗത്തിൽ ചർച്ച ചെയ്യുന്നതിന് മുമ്പ് കെപിസിസി അധ്യക്ഷൻ പരസ്യമായി തള്ളിയതിലാണ് മാണിക്ക് അതൃപ്തിയുള്ളത്. മാണിയുടെ ആവശ്യം ചൊവ്വാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചർച്ചചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. അതിന് മുന്പ് തന്നെ സുധീരൻ പരസ്യമായി ആവശ്യം തള്ളിയതോടെ കേരള കോൺഗ്രസിന്റെ അമർഷം ശക്തമായിരിക്കുകയാണ്. എന്നാൽ ഇക്കാര്യത്തിൽ സുധീരന്റെ നിലപാടിനൊപ്പമാകും ഐ ഗ്രൂപ്പെന്നാണ് അറിയുന്നത്. ഘടകകക്ഷികൾ ഇരിക്കാൻ പറഞ്ഞാൾ കിടക്കുന്ന സ്വഭാവമാണ് കോൺഗ്രസിന് ഉള്ളതെന്ന വിമർശനം ഒരു വിഭാഗം കോൺഗ്രസുകാർക്കുള്ളിൽ ശക്തമാണ്.

അതേസമയം വിഷയം മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുന്ന വിധത്തിൽ മുന്നോട്ടുപോകുന്നതിൽ ഘടകകക്ഷിയായ മുസ്ലിംലീഗിന് അതൃപ്തിയുണ്ട്. അതുകൊണ്ട് ഈ വിഷയത്തിൽ മുസ്ലിംലീഗിന്റെ അനുനയ ശ്രമം തന്നെയാകും നിർണ്ണായകമാകുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP