Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്; നാളെ കരിദിനം ആചരിക്കും; തീരുമാനം ബജറ്റിന് പിന്നാലെ ചേർന്ന കെപിസിസിയുടെ അടിയന്തര യോഗത്തിൽ; ഹർത്താലിനും സാധ്യത; കൂടുതൽ പ്രതിഷേധ പരിപാടികൾ നാളെ കെ സുധാകരൻ പ്രഖ്യാപിക്കും

സംസ്ഥാന ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്; നാളെ കരിദിനം ആചരിക്കും; തീരുമാനം ബജറ്റിന് പിന്നാലെ ചേർന്ന കെപിസിസിയുടെ അടിയന്തര യോഗത്തിൽ; ഹർത്താലിനും സാധ്യത; കൂടുതൽ പ്രതിഷേധ പരിപാടികൾ നാളെ കെ സുധാകരൻ പ്രഖ്യാപിക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2023- 24 സാമ്പത്തിക വർഷത്തിലേക്കായി ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്. ബജറ്റിലെ കടുത്ത നികുതി നിർദ്ദേശങ്ങൾക്കെതിരെ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെപിസിസി നിർദ്ദേശിച്ചു. ബജറ്റിന് പിന്നാലെ ഇന്ന് വൈകിട്ട് ചേർന്ന കെപിസിസിയുടെ അടിയന്തര ഓൺലൈൻ യോഗത്തിലാണ് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.

ജില്ലാതലങ്ങളിലും മണ്ഡലങ്ങളിലും പ്രതിഷേധ പ്രകടനങ്ങളും പന്തം കൊളുത്തി പ്രകടനവും നടത്തും. ബജറ്റിനെതിരെ പൊതുജനമധ്യത്തിൽ ശക്തമായ പ്രചാരണം അഴിച്ചു വിടാനാണ് കെപിസിസി യോഗത്തിലുണ്ടായ തീരുമാനം. ഹൈക്കോടതി നിർദ്ദേശ പ്രകാരം മുൻ കൂട്ടി നോട്ടീസ് നൽകി കൊണ്ട് ഹർത്താൽ ആചരിക്കുന്ന കാര്യവും കോൺഗ്രസ് നേതൃത്വം പരിഗണിക്കുന്നുണ്ട്. കൂടുതൽ സമരപരിപാടികൾ നാളെ കെപിസിസി അധ്യക്ഷൻ പ്രഖ്യാപിക്കും

ബജറ്റിലെ ജനവിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ തീപാറുന്ന സമരം വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ മുന്നറിയിപ്പ് നൽകി. കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ ഉയരുന്ന അതിശക്തമായ ജനരോഷത്തിന്റെ പശ്ചാത്തലത്തിൽ തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാൻ പോകുന്നതെന്ന് കെ പി സി സി അധ്യക്ഷൻ വ്യക്തമാക്കി.

സഹസ്ര കോടികൾ നികുതിയിനത്തിൽ പിരിച്ചെടുക്കാതെയാണ് സർക്കാർ 4000 കോടി രൂപയുടെ അധിക നികുതി ഇപ്പോൾ ഒറ്റയടിക്ക് ചുമത്തിയത്. പ്രാണവായുവിനു മാത്രമാണ് ഇപ്പോൾ നികുതിഭാരം ഇല്ലാത്തത്. നികുതികൊള്ളയ്ക്കെതിരേ ജനങ്ങളെ അണിനിരത്തി കോൺഗ്രസ് ശക്തമായ പ്രതിരോധം തീർക്കുമെന്നും നികുതി ബഹിഷ്‌കരിക്കേണ്ട നിലയിലേക്ക് ജനങ്ങളെ സർക്കാർ തള്ളിവിടുകയാണെന്നും സുധാകരൻ പറഞ്ഞു.

മുമ്പും സർക്കാരുകൾ നികുതി കൂട്ടിയിട്ടുണ്ടെങ്കിലും അതോടൊപ്പം ജനങ്ങൾക്ക് ആശ്വാസം കിട്ടുന്ന നടപടികളും നാടിനു പ്രയോജനം ചെയ്യുന്ന പദ്ധതികളും പ്രഖ്യാപിക്കുമായിരുന്നു. എന്നാൽ ഇത്തവണ അതൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല, പാവപ്പെട്ടവരുടെ സാമൂഹ്യസുരക്ഷാ പെൻഷൻ പോലും കൂട്ടിയില്ല. എല്ലാവർഷവും പെൻഷൻ തുക കൂട്ടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാരാണിത്. പുതിയ വൻകിട പദ്ധതികളില്ല. യു ഡി എഫിന്റെ കാലത്തു തുടങ്ങിവച്ച വൻകിട പദ്ധതികൾ മുടന്തുമ്പോൾ, സർക്കാരിന്റെ പിന്തുണയുമില്ലെന്നും സുധാകരൻ ചൂണ്ടികാട്ടി.

സംസ്ഥാന സർക്കാർ അധിക സെസ് ചുമത്തിയതോതെ ഇന്ധനവില അസഹനീയമായ നിലയിലെത്തി. വൈദ്യുതി തീരുവ, കെട്ടിട നികുതി, വാഹന നികുതി, മദ്യ നികുതി തുടങ്ങിയ നിരക്കു വർധനകൾ സമസ്ത മേഖലകളെയും എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കും. അതു സൃഷ്ടിക്കുന്ന നാണ്യപ്പെരുപ്പവും പ്രയാസങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സാധാരണ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം ദുസഹമാക്കമെന്നും കെ പി സി സി അധ്യക്ഷൻ അഭിപ്രായപ്പെട്ടു.

സർക്കാരിന്റെ ധൂർത്തിനും പാഴ്‌ച്ചെലവുകൾക്കും യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ലെന്നും ചെലവു ചുരുക്കി മാതൃക കാട്ടാൻ സർക്കാർ തയാറല്ലെന്നും സുധാകരൻ ചൂണ്ടിക്കാട്ടി. ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള ഏകാധിപതികളും ഭരണകൂടങ്ങളും ഈ രീതിയിൽ ജനങ്ങളുടെ മേൽ ഭാരം അടിച്ചേല്പിച്ചിട്ടുണ്ടെങ്കിലും അവരെല്ലാം ജനരോഷത്തിനു മുന്നിൽ മുട്ടുമടക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചറിയണമെന്നും സുധാകരൻ പറഞ്ഞു.

മുൻകൂട്ടി പ്രഖ്യാപിച്ച ശേഷം ഹർത്താൽ നടത്തുന്ന കാര്യമാണ് കോൺഗ്രസ് പരിഗണിക്കുന്നത്. മിന്നൽ പണിമുടക്കും മിന്നൽ ഹർത്താലും വേണ്ടെന്നാണ് യോഗത്തിൽ ഉരുത്തിരിഞ്ഞ ധാരണ. ജനങ്ങളെ മുൻകൂട്ടി അറിയിച്ചും നിയമപരമായ നടപടികൾ പാലിച്ചും ഹർത്താൽ നടത്തുന്ന കാര്യമാണ് പരിഗണിക്കുന്നത്.സംസ്ഥാന ബജറ്റ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രത്യക്ഷ സമരത്തിന് ഇറങ്ങിയ പ്രതിപക്ഷം, സമരം തെരുവിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കരിങ്കൊടി പ്രയോഗവും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP