Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പോഷക സംഘടനകളിലും കീഴ് ഘടകങ്ങളിലും പിളർപ്പ് ശക്തമാകുമ്പോൾ സമവായ ശ്രമവുമായി യുഡിഎഫ്; മുന്നണി നേതാക്കൾ നാളെ ജോസ് കെ മാണിയോട് ആവശ്യപ്പെടുക പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തർക്കം ഒഴിവാക്കാൻ; പാലായിൽ പിന്തുണച്ചാലും കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ജോസ് കെ മാണിക്ക് വിട്ടു നൽകില്ലെന്ന നിലപാടിൽ പി ജെ ജോസഫും

പോഷക സംഘടനകളിലും കീഴ് ഘടകങ്ങളിലും പിളർപ്പ് ശക്തമാകുമ്പോൾ സമവായ ശ്രമവുമായി യുഡിഎഫ്; മുന്നണി നേതാക്കൾ നാളെ ജോസ് കെ മാണിയോട് ആവശ്യപ്പെടുക പാലാ ഉപതെരഞ്ഞെടുപ്പ് വരെയെങ്കിലും തർക്കം ഒഴിവാക്കാൻ; പാലായിൽ പിന്തുണച്ചാലും കേരള കോൺഗ്രസ് എമ്മിന്റെ തെരഞ്ഞെടുപ്പ് ചിഹ്നം ജോസ് കെ മാണിക്ക് വിട്ടു നൽകില്ലെന്ന നിലപാടിൽ പി ജെ ജോസഫും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പോഷക സംഘടനകളിലും താഴേ തട്ടിലും പിളർപ്പ് തുടരുന്നതിനിടെ കേരള കോൺഗ്രസ് (എം)ലെ തർക്കം തീർക്കാനുള്ള ശ്രമവുമായിയുഡിഎഫ് നേതൃത്വം. യുഡിഎഫ് നേതാക്കൾ നാളെ ജോസ് കെ മാണിയുമായി ചർച്ച നടത്തും. പാലാ ഉപതിരഞ്ഞെടുപ്പ് കഴിയും വരെയെങ്കിലും തർക്കമൊഴിവാക്കാനാണ് മുന്നണിയുടെ ശ്രമം. ജോസ് കെ മാണിയുമായി നാളെ തിരുവനന്തപുരത്താണ് ചർച്ച.

ചെയർമാൻ സ്ഥാനത്തിൽ വിട്ടുവീഴ്ചയില്ലെന്നാണ് ഇരു വിഭാഗത്തിന്റെയും നിലപാട്. തന്നെ ചെയർമാനായി തിരഞ്ഞെടുത്തതിലെ സ്റ്റേ നീക്കാൻ ജോസ് കെ മാണി നാളെ തൊടുപുഴ കോടതിയെ സമീപിക്കും. പാലാ ഉപതിരഞ്ഞെടുപ്പ് വരെയെങ്കിലും തർക്കം ഒഴിവാക്കാൻ യുഡിഎഫ് കിണഞ്ഞു ശ്രമിക്കുമ്പോൾ കേരളാ കോൺഗ്രസ് സ്ഥാനാർത്ഥി ഏതു ചിഹ്നത്തിൽ പാലായിൽ മൽസരിക്കുമെന്ന കാര്യത്തിൽ പോലും തർക്കമാണ്. രണ്ടില വിട്ടു നൽകില്ലെന്ന നിലപാടിലാണ് പി ജെ ജോസഫ്. ചെയർമാൻ സ്ഥാനം വിട്ടുകൊടുക്കില്ലെന്ന നിലപാടാണ് ജോസ് കെ മാണിക്ക്. സമവായത്തിന് തയ്യാറല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. പിന്നെന്ത് സമവായമാണ് കോൺഗ്രസുമായുള്ള ചർച്ച കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പി ജെ ജോസഫ് ചോദിച്ചു. ജോസ് കെ മാണിയുടെ ചെയർമാൻ സ്ഥാനം മരണ കിടക്കയിലാണ്. കോടതി വിധി വന്നതിന് ശേഷം ചെയർമാൻ സ്ഥാനം വെന്റിലേറ്ററിലായെന്നും പി ജെ ജോസഫ് പരിഹസിച്ചു.

എന്നാൽ, ഇതുവരെ ചർച്ചയ്ക്ക് ക്ഷണം കിട്ടിയിട്ടില്ലെന്നും ചർച്ചക്ക് വിളിക്കട്ടെ എന്നുമാണ് ജോസ് കെ മാണിയുടെ നിലപാട്. രണ്ടിലച്ചിഹ്നം നൽകുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ തീരുമാനിക്കട്ടെ എന്നാണ് ജോസ് കെ മാണിയുടെ നിലപാട്. സമവായത്തിന് തങ്ങൾ ഒരിക്കലും എതിരല്ല എന്നും ഒന്നിച്ചു നിൽക്കണം എന്നും അദ്ദേഹം പറയുന്നു. ഇതിനിടെ, ജോസ് കെ മാണി അനുകൂലികൾ കോട്ടയത്ത് സ്റ്റിയറിങ് കമ്മിറ്റി ചേർന്നു. സമവായത്തിന് യുഡിഎഫ് ശ്രമിക്കുമ്പോൾ കേരള കോൺഗ്രസിന്റെ പോഷക സംഘടനകൾ ഒന്നൊന്നായി പിളരുകയാണ്. യുവജന വിഭാഗത്തിന് പിന്നാലെ കേരള കോൺഗ്രസ് വനിതാ വിഭാഗവും പിളർന്നു. അധ്യക്ഷ ഷീല സ്റ്റീഫന്റെ നേതൃത്വത്തിൽ തൊടുപുഴയിൽ യോഗം ചേർന്നാണ് പി ജെ ജോസഫിന് പിന്തുണ അറിയിച്ചത്. സമവായ ചർച്ചകൾ നടന്നുകൊണ്ടിരിക്കെ സംസ്ഥാന കമ്മറ്റി എന്ന പേരിൽ യോഗം വിളിച്ച് ജോസ് കെ മാണിയെ ചെയർമാനായി പ്രഖ്യാപിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് സംസ്ഥാന നേതൃയോഗം വിലയിരുത്തി.

കോട്ടയത്ത് ചേർന്ന യോഗത്തിൽ ബഹുഭൂരിപക്ഷം സംസ്ഥാന കമ്മിറ്റി അംഗങ്ങളും പങ്കെടുത്തിരുന്നില്ല. പാർട്ടിയെ പിളർത്താൻ നടത്തിയ നീക്കം കോൺഗ്രസ് പാർട്ടി (എം)ൽ വിശ്വാസം അർപ്പിച്ചവരെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്നും യോഗം വിലയിരുത്തി. ഇതിനിടെ താഴെ തട്ടിലേക്കും പിളർപ്പ് പടരുകയാണ്. പത്തനംതിട്ട ജില്ലാ പ്രസിഡന്റിനെ പി.ജെ ജോസഫ് മാറ്റി. വിക്ടർ തോമസിനെ പ്രസിഡന്റാക്കി. ആറോളം ജില്ലാ കമ്മിറ്റികൾ പ്രസിഡന്റുമാരെ പരസ്പരം പുറത്താക്കിയതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമാന്തര യോഗങ്ങളും തുടരുകയാണ്.

കേരള കോൺഗ്രസിലെ തർക്കത്തിൽ യുഡിഎഫിന് ആശങ്കയുണ്ടെങ്കിലും പ്രശ്‌നം ഇതുവരെ ഔദ്യോഗികമായി മുന്നണിയിൽ ചർച്ച ചെയ്തിട്ടില്ല. അതേസമയം കഴിഞ്ഞ ദിവസം പി ജെ ജോസഫ് നടത്തിയ പ്രസ്താവനയെ മുന്നണി നേതൃത്വം ശുഭസൂചകമായിട്ടാണ് കാണുന്നത്. ഉപതെരഞ്ഞെടുപ്പിൽ പാലാ നിയമസഭ മണ്ഡലത്തിൽ യുഡിഎഫ് നിർദ്ദേശിക്കുന്ന ഏത് സ്ഥാനാർത്ഥിയേയും പിന്തുണയ്ക്കുമെന്ന് പിജെ ജോസഫ് ഇന്നലെ അഭിപ്രായപ്പെട്ടത്. അത് ജോസ് കെ മാണി വിഭാഗത്തിന്റെ സ്ഥാനാർത്ഥിയായാലും പിന്തുണയ്ക്കുമെന്നും ജോസഫ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP