Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ആന്തൂരിൽ സമരവുമായി യുഡിഎഫ് കടന്നുകയറ്റം; ത്രിവർണ പതാകയും ഹരിതപതാകയുമേന്തി ആന്തൂർ നഗരസഭയ്ക്ക് മുന്നിൽ ഉപരോധം; ആത്മഹത്യ ചെയ്ത സാജൻ ഇടത് അനുഭാവിയായിരുന്നിട്ടും രക്ഷപ്പെട്ടില്ലെന്നും സ്വന്തക്കാരുടെ ശവം തിന്നുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ആന്തൂരിൽ സമരവുമായി യുഡിഎഫ് കടന്നുകയറ്റം; ത്രിവർണ പതാകയും ഹരിതപതാകയുമേന്തി ആന്തൂർ നഗരസഭയ്ക്ക് മുന്നിൽ ഉപരോധം;  ആത്മഹത്യ ചെയ്ത സാജൻ ഇടത് അനുഭാവിയായിരുന്നിട്ടും രക്ഷപ്പെട്ടില്ലെന്നും സ്വന്തക്കാരുടെ ശവം തിന്നുന്ന പാർട്ടിയായി സിപിഎം മാറിയെന്നും ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി

രഞ്ജിത്ത് ബാബു

കണ്ണൂർ: ആന്തൂരിൽ കടന്നു കയറി യു.ഡി.എഫ് ഉപരോധം നടത്തി. സിപിഎം. ന്റെ പാർട്ടി കോട്ടയിൽ സമീപകാലത്തൊന്നും യു.ഡി.എഫിന്റെ സജീവ പ്രവർത്തനം അരങ്ങേറിയിരുന്നില്ല. കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പ് കാലത്തു പോലും യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനോ മത്സരിക്കാനോ സാധിച്ചിരുന്നില്ല. ഈ ഉരുക്കു കോട്ടയിലാണ് ത്രിവർണ്ണ പതാകയും ഹരിത പതാകയുമേന്തി യു.ഡി.എഫ് സമരം നയിച്ചത്.

ആന്തൂർ മുനിസിപ്പാലിറ്റിയുടെ കവാടത്തിൽ യു.ഡി.എഫ് ഉപരോധം തീർത്തു. എതിരാളികളെ കയ്യൂക്കുകൊണ്ടും ആയുധം കൊണ്ടും നേരിട്ട് പരിചയിച്ച ആന്തൂരിൽ ഇത്തവണ ഉപരോധം തടയാൻ പൊലീസിനെ ഉപയോഗിക്കുന്ന കാഴ്ചയും കൗതുകമായി. പ്രവാസി വ്യവസായി പാറയിൽ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭക്കെതിരേയും സിപിഎം. നെതിരേയും പ്രതിഷേധിക്കാനാണ് യു.ഡി.എഫ് ഉപരോധം തീർത്തത്. ഇതോടെ സിപിഎം.

തട്ടകത്തിൽ കടന്നു കയറി യു.ഡി.എഫ് സമരമുഖം തുറന്നിരിക്കയാണ്. 15 കോടി രൂപ ചിലവഴിച്ച് പാർത്ഥാ കൺവെൻഷൻ സെന്റർ സ്ഥാപിച്ച ശേഷം നഗരസഭ അതിന് അനുമതി നിഷേധിക്കുകയും സിപിഎം. ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടിട്ടും അനുമതി നൽകാത്തതിനാൽ മനം നൊന്ത് ആത്മഹത്യ ചെയ്ത സിപിഎം ന്റെ ഉറച്ച അനുഭാവിയുടെ മരണത്തിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫിന്റെ സമരം.

സാജന്റെ മരണത്തിന് യഥാർത്ഥ ഉത്തരവാദി നഗരസഭാ ചെയർപേഴ്സനും സിപിഎം. നേതൃത്വവുമാണെന്നും അതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും അവർക്ക് ഒഴിഞ്ഞു മാറാനാവില്ലെന്നും ഉപരോധ സമരം ഉത്ഘാടനം ചെയ്ത ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി പറഞ്ഞു. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ പി.കെ. ശ്രീമതി ടീച്ചർ ഉൾപ്പെടെയുള്ള സ്ഥാനാർത്ഥികൾക്ക് ലക്ഷങ്ങൾ സംഭാവന ചെയ്ത വ്യക്തിയാണ് സാജനെന്ന് സിപിഎം. കാർക്കു തന്നെ അറിയാം.

സ്വന്തക്കാരുടെപോലും ശവം തീനികളായി ആന്തൂർ നഗരസഭയും ചെയർപേഴ്സനും അധ:പതിച്ചിരിക്കയാണെന്ന് പാച്ചേനി കുറ്റപ്പെടുത്തി. സിപിഎം. അനുഭാവിയാണെങ്കിലും തന്നെ സമീപിക്കുന്ന എല്ലാവർക്കും സഹായം നൽകുന്ന വ്യക്തിയായിരുന്നു സാജൻ. എന്നാൽ ആരെയെങ്കിലും സഹായിച്ചാൽ അത് പുറത്ത് പറയുന്ന ശീലം അദ്ദേഹത്തിനുണ്ടായിരുന്നില്ല. 35 വയസ്സിൽ വിധവയാകേണ്ടി വന്ന സാജന്റെ ഭാര്യയോടും അദ്ദേഹത്തിന്റെ രണ്ട് മക്കളോടും സിപിഎം. നേതൃത്വം എന്താണ് പറയുക? . സതീശൻ ചോദിച്ചു.

എതിരാളികളെ കൊല്ലുന്ന നിലപാടാണ് ആന്തൂരിലെ സിപിഎം. എക്കാലത്തും തുടർന്ന് പോന്നിരുന്നത്. ആന്തൂരിലെ ദാസനെ കോൺഗ്രസ്സ് പ്രവർത്തകനായതുകൊണ്ടു മാത്രം കുത്തി കൊലപ്പെടുത്തിയവരാണ് ഇവിടുത്തെ സിപിഎം. ഭയപ്പെടുത്തിയും അക്രമിച്ചും മനുഷ്യരെ കൊല്ലുന്നതിൻ നിന്നും നിങ്ങൾ പിന്മാറണം. സാജന്റെ ആത്മഹത്യയോടെ ഇത്തരം ഹീന ശ്രമങ്ങൾക്ക് അവസാനം കുറിക്കുക തന്നെ വേണം. തന്റെ ജീവിത സമ്പാദ്യം മുഴുവനുപയോഗിച്ച് നാടിന് സമർപ്പിച്ച ആധുനിക കൺവെൻഷൻ സെന്ററിന് സ്നേഹിച്ച പാർട്ടിയും അവരുടെ ഭരണ സമിതിയും ലൈസൻസിന് അർഹതയുണ്ടായിട്ടും അത് നൽകിയില്ല.

പാർട്ടി നേതൃത്വം ഇടപെട്ട് യഥാസമയം പരിഹരിച്ചിരുന്നെങ്കിൽ സാജൻ ജീവാഹുതി ചെയ്യുമായിരുന്നില്ല. ഇനിയെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാക്കാതിരിക്കാൻ ഭരണ കൂടത്തിന്റെ കണ്ണ് തുറപ്പിക്കാനാണ് ഈ പ്രവാസി യുവാവ് ആത്മഹത്യയിൽ അഭയം തേടിയത്. സാജന്റെ ആത്മഹത്യക്ക് കാരണം സ്നേഹിച്ച പാർട്ടിയും പാർട്ടി ഭരണത്തിലുള്ള നഗരസഭയും തന്നെയാണ്. അതിൽ നിന്നും വിട്ട് മാറാൻ അവർക്കാകില്ല. പാച്ചേനി താക്കീത് നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP