Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

വെൽഫെയർ പാർട്ടിയെ സഖ്യകക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി; എതിർപ്പുമായി ആർ എസ് പി; ന്യായീകരിച്ച് മുരളീധരൻ; ഒന്നും മിണ്ടാതെ തന്ത്രപുർവം മുസ്ലീലീഗ്; ഹസൻ ജമാഅത്ത് അമീറിനെ സന്ദർശിച്ചത് ലീഗിന്റെ അഭ്യർത്ഥന പ്രകാരമെന്ന് അഭ്യൂഹം; ജമാഅത്തെ ഇസ്ലാമി ബാന്ധവത്തെ ചൊല്ലി യുഡിഎഫിൽ കലഹം

വെൽഫെയർ പാർട്ടിയെ സഖ്യകക്ഷിയാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളി; എതിർപ്പുമായി ആർ എസ് പി; ന്യായീകരിച്ച് മുരളീധരൻ; ഒന്നും മിണ്ടാതെ തന്ത്രപുർവം മുസ്ലീലീഗ്; ഹസൻ ജമാഅത്ത് അമീറിനെ സന്ദർശിച്ചത് ലീഗിന്റെ അഭ്യർത്ഥന പ്രകാരമെന്ന് അഭ്യൂഹം; ജമാഅത്തെ ഇസ്ലാമി ബാന്ധവത്തെ ചൊല്ലി യുഡിഎഫിൽ കലഹം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ആസന്നമായ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കയാണ് ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫയർ പാർട്ടി. യുഡിഎഫ് കൺവീനർ എം എം ഹസൻ ജമാഅത്തെ അമീറുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ധാരണ പരസ്യമായത്.

എന്നാൽ ഇതോടെ യുഡിഎഫിൽ കലഹവും തുടങ്ങിയിരിക്യാണ്. ജമാഅത്തെ ബന്ധം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ നിഷേധിച്ചു. ആർഎസ്‌പി നേതാക്കളും എതിർപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ധാരണയെ കെ മുരളീധരൻ എംപി ശക്തമായി ന്യായീകരിക്കായാണ്. അതേസമയം, ജമാഅത്തെ ധാരണയുടെ സൂത്രധാരകരായ മുസ്ലിംലീഗ് നേതൃത്വം പ്രതികരണത്തിന് തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയം. കൊച്ചിയിൽ 23ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ജമാഅത്തെബന്ധം കൂടുതൽ ചർച്ചക്കും തർക്കത്തിനും കാരണമാകും.

ലീഗിന്റെ സമ്മർദമാണ് ജമാഅത്തെ കൂട്ടിലേക്ക് നയിച്ചതെന്ന അഭിപ്രായം കോൺഗ്രസ് നേതൃനിരയിൽ പലർക്കുമുണ്ട്. ഹസൻ ജമാഅത്തെ അമീറിനെ സന്ദർശിച്ചത് ലീഗ് തിരക്കഥ പ്രകാരമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ അകത്തുനിന്നുതന്നെ വിമർശനം വന്നതോടെ ലീഗ് തന്ത്രപരമായ മൗനത്തിലാണ്.

ഹസൻ അമീറിനെ കണ്ടതിൽ ആര്യാടൻ മുഹമ്മദടക്കമുള്ളവർക്ക് പ്രതിഷേധമുണ്ട്. യൂത്ത് കോൺഗ്രസുകാരും എതിർപ്പിലാണ്. മതരാഷ്ട്ര വാദികളുമായി കൈകോർക്കുമ്പോൾ നേതൃത്വം മതനിരപേക്ഷ സമൂഹത്തിന്റെ വികാരം അവഗണിക്കുകയാണെന്ന വികാരമാണ് ഇവരിലെല്ലാം. കോൺഗ്രസ് നേതൃത്വത്തിന്റെ ആശീർവാദത്തിലാണ് എല്ലാം നടന്നതെന്ന് ലീഗ് നേതൃത്വം പറയുന്നു.വെൽഫെയർ പാർട്ടി നേതാക്കളുമായി മാസങ്ങൾക്കുമുമ്പ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ചർച്ച നടത്തി. പഞ്ചായത്ത് തല ധാരണ അവസാന ഘട്ടത്തിലാണ്. ഇനി പിന്നോട്ടു പോക്ക് സാധ്യമല്ലെന്നും ജനസ്വാധീനമില്ലാത്ത കക്ഷികളുടെ പ്രതിഷേധത്തിൽ കാര്യമില്ലെന്നുമാണ് ലീഗിന്റെ നിലപാട്.

എന്നാൽ ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള വെൽഫെയർ പാർട്ടിയുമായുള്ള സഖ്യം കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ തള്ളിക്കളഞ്ഞിട്ടില്ല. വെൽഫെയർ പാർട്ടിയെ സഖ്യകക്ഷിയാക്കാൻ തീരുമാനമെടുത്തിട്ടില്ല. നേതാക്കൾ നടത്തിയ ചർച്ചയുടെ വിവരങ്ങൾ 23ന് കൊച്ചിയിൽ ചേരുന്ന യുഡിഎഫ് യോഗത്തിൽ അവതരിപ്പിക്കും. ഇത് മുന്നണി ചർച്ചചെയ്യും. സമുദായ നേതാക്കളെ കാണുന്നതിന്റെ ഭാഗമായാണ് യുഡിഎഫ് കൺവീനർ ജമാഅത്തെ അമീറിനെ കണ്ടത് എന്നാണ് മുല്ലപ്പള്ളി പറയുന്നത്.

വെൽഫയർ പാർട്ടിയുമായി സഹകരിക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ എതിർപ്പു പ്രകടിപ്പിച്ച് ആർഎസ്‌പി. തൽക്കാലം പുറത്തുനിന്ന് ആരെയും ഉൾപ്പെടുത്തേണ്ടെന്നാണ് യുഡിഎഫ് തീരുമാനമെന്ന് സംസ്ഥാന സെക്രട്ടറി എ എ അസീസ്, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം ഷിബു ബേബിജോൺ എന്നിവർ വാർത്താസമ്മേളനത്തിൽ പരസ്യമായി പറഞ്ഞിട്ടുമുണ്ട്.

കേരള ജമാഅത്തെ ഇസ്്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസിന്റെ നിലമ്പൂർ എടക്കരക്കടുത്ത നാരോക്കാവിലെ വീട്ടിലെത്തിയാണ് എം.എം. ഹസൻ കൂടിക്കാഴ്ച നടത്തിയത്. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശിനേയും ഒപ്പം കൂട്ടിയിരുന്നു. ആര്യാടൻ മുഹമ്മദ് അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളെല്ലാം വെൽഫെയർപാർട്ടിയെ കാലങ്ങളായി ശക്തമായി എതിർത്തു വരുമ്പോഴാണ് എം.എം. ഹസന്റെ പുതിയ പാലമിടൽ എന്നതാണ് വിവാദമാകുന്നത്.

യു.ഡി.എഫ് കൺവീനറായ ശേഷം ആദ്യമായി മലപ്പുറത്ത് എത്തിയപ്പോൾ പാണക്കാടെത്തി മുസ്്‌ലീംലീഗ് നേതാക്കളായ ഹൈദരലി ശിഹാബ് തങ്ങളേയും പി.കെ. കുഞ്ഞാലിക്കുട്ടിയേയും കെ.പി.എ മജീദിനേയും കണ്ട് ഞായറാഴ്ച ചർച്ച നടത്തിയിരുന്നു. വൈകിട്ടാണ് എം.എം. ഹസൻ എടക്കരയിലെത്തി അബ്ദുഅസീസുമായ ചർച്ച നടത്തിയത്.

വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലടക്കം വെൽഫെയർ പാർട്ടിയുമായി പ്രാദേശിക സഖ്യങ്ങൾക്ക് മുസ്്‌ലീംലീഗ് ചർച്ചകൾ നടത്തിയത് വിവാദമായതോടെ ലീഗ് പിന്നോട്ടു പോയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പുകളിൽ പ്രാദേശികമായി നീക്കുപോക്കുകൾ നടത്തട്ടെ എന്നാണ് ഇപ്പോഴത്തെ തീരുമാനം. വെൽഫെയർ പാർട്ടിയുമായുള്ള സഖ്യനീക്കങ്ങൾക്കെതിരെ യൂത്തുലീഗും ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP