Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിംലീഗിനുള്ളിൽ മുസ്ലിംങ്ങൾക്ക് മാത്രമല്ല നിലനിൽപ്പുള്ളത്, മറ്റു സമുദായക്കാർക്കുമുണ്ട്; സംസ്ഥാനത്തൊട്ടാകെ നിരവധി മുസ്ലിം ഇതര മതസ്ഥർ കോണി അടയാളത്തിൽ മത്സരിച്ച് ജനപ്രതിനിധികൾ ആയിട്ടുണ്ട്; ഞാൻ നാലുതവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്; രണ്ട് തവണ എന്നെ എംഎൽഎയുമാക്കിയിട്ടുണ്ട്; എന്നെ പോലെ മറ്റാരോടു ചോദിച്ചാലും അവർക്കും പറയാനുള്ളത് പാർട്ടി പരിഗണിച്ചതിന്റെ കഥകളാകും; മുസ്ലിംലീഗിൽ മുസ്ലിം ഇതര മതസ്ഥർക്ക് നിലനിൽപ്പില്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി യുസി രാമൻ

മുസ്ലിംലീഗിനുള്ളിൽ മുസ്ലിംങ്ങൾക്ക് മാത്രമല്ല നിലനിൽപ്പുള്ളത്, മറ്റു സമുദായക്കാർക്കുമുണ്ട്; സംസ്ഥാനത്തൊട്ടാകെ നിരവധി മുസ്ലിം ഇതര മതസ്ഥർ കോണി അടയാളത്തിൽ മത്സരിച്ച് ജനപ്രതിനിധികൾ ആയിട്ടുണ്ട്; ഞാൻ നാലുതവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്; രണ്ട് തവണ എന്നെ എംഎൽഎയുമാക്കിയിട്ടുണ്ട്; എന്നെ പോലെ മറ്റാരോടു ചോദിച്ചാലും അവർക്കും പറയാനുള്ളത് പാർട്ടി പരിഗണിച്ചതിന്റെ കഥകളാകും; മുസ്ലിംലീഗിൽ മുസ്ലിം ഇതര മതസ്ഥർക്ക് നിലനിൽപ്പില്ലെന്ന ആക്ഷേപത്തിന് മറുപടിയുമായി യുസി രാമൻ

ജാസിം മൊയ്തീൻ

കോഴിക്കോട്: കേരളത്തിലെ പ്രധാനപ്പെട്ടൊരു രാഷ്ട്രീയ പാർട്ടിയാണ് ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ്. കേരള നിയമസഭയിൽ യുഡിഎഫിലെ ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയുമാണ് മുസ്ലിംലീഗ്. ഒരു പക്ഷെ മത്സരിക്കാൻ കൂടുതൽ സീറ്റുകൾ കിട്ടിയിരുന്നെങ്കിൽ കോൺഗ്രസിനേക്കാളേറെ എംഎൽഎമാർ ഉണ്ടാകുമായിരുന്ന പാർട്ടി കൂടിയാണ് മുസ്ലിം ലീഗ്. മുസ്ലിം ലീഗിനെ സംബന്ധിച്ച് പലപ്പോഴും കേൾക്കാറുള്ള നിരവധി ആക്ഷേപങ്ങളിൽ ഒന്നാണ് ആ പാർട്ടി മുസ്ലംമതവിഭാഗക്കാർക്ക് മാത്രമുള്ളതാണെന്നും, അവർക്ക് മാത്രമാണ് ആ പാർട്ടിയിൽ അംഗത്വവും നിലനിൽപുമുള്ളൂ എന്നുള്ളത്. എന്നാൽ അത്തരം പ്രചരണങ്ങളെയും ധാരണകളെയുമെല്ലാം അസ്ഥാനത്താക്കി മുസ്ലി ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് രണ്ട് തവണ എംഎൽഎ ആയ ആളാണ് യുസി രാമൻ.

നാല്് തവണയാണ് അദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചത്. അദ്ദേഹമിപ്പോൾ മുസ്ലിം ലീഗിന്റെ പോഷക സംഘടനയായ ദളിത് ലീഗിന്റെ സംസ്ഥാന പ്രസിഡണ്ട് കൂടിയാണ്. ഇത്തരം പ്രചരണങ്ങളെല്ലാം അവാസ്തവമാണെന്നും തന്നെപ്പോലെ നിരവധി പേർ മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് ജനപ്രതിനിധികളായിട്ടുണ്ടെന്നും യുസി രാമൻ മറുനാടൻ മലയാളിയോട് പറയുന്നു.

മുസ്ലിം ലീഗിനകത്ത് മുസ്ലിങ്ങളല്ലാത്തവർക്ക് നിലനിൽപുണ്ടോ?  മുസ്ലിം ലീഗിൽ എല്ലാവിധ ജാതി മത വിഭാഗങ്ങൾക്കും നിലനിൽപുണ്ട്. അതിന്റെ ഒരു ഉദാഹരണമാണ് ഞാൻ. ഞാൻ മുസ്ലിം ലീഗിന്റെ ശാഖതലം മുതൽ സംസ്ഥാനതലം വരെയുള്ള ഘടകങ്ങളിൽ പ്രവർത്തിച്ചുണ്ട്. ഇപ്പോഴും തുടരുകയും ചെയ്യുന്നു. നിലവിൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രവർത്തക സമിതി അംഗമാണ്. ഞാൻ മാത്രമല്ല എന്നെപോലുള്ള പതാനിയിരക്കണക്കിന് മുസ്ലിം ഇതര മതസ്ഥർ മുസ്ലിംലീഗ് പാർട്ടിയിൽ അംഗത്വമെടുത്ത് പ്രവർത്തിക്കുന്നവരുണ്ട്. കൂടുതൽ എസ് സി, എസ്ടി, മറ്റു ദളിത് വിഭാഗങ്ങളിൽ പെട്ട പ്രവർത്തകരാണ്. നമ്മളീ സംസാരിക്കുന്ന സമയത്ത് മാത്രം സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുത്തുകളിൽ മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച 172 അംഗങ്ങളുണ്ട്. മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണിക്കൃഷ്ണൻ മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് ജയിച്ചയാളാണ്.

അദ്ദേഹമിന്ന് ഇന്ത്യൻ യൂണിയൻ ദളിത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി കൂടിയാണ്. കഴിഞ്ഞ തവണ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന എ ദേവകിയും മുസ്ലിംലീഗിന്റെ ബാനറിൽ മത്സരിച്ച് വിജയിച്ചയാളാണ്. സംവരണ സീറ്റിൽ മാത്രമല്ല ഇവരൊന്നും മത്സരിക്കുന്നത്. മുസ്ലി ലീഗിന്റെ തന്നെ സജീവമായൊരു പോഷക ംസഘടനയായ വനിതാ ലീഗിന്റെ ദേശീയ സെക്രട്ടറിമാരിലൊരാളായ വയനാട് ഇരുളം സ്വദേശിയും ആദിവാസി വിഭാഗത്തിൽ പെട്ടയാളുമായ ജയന്തിരാജൻ മത്സരിച്ചത് ജനറൽ സീറ്റിൽ മുസ്ലിംലീഗിന്റെ കോണി അടയാളത്തിൽ മത്സരിച്ച് ജയിച്ച് അവിടെ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണായി പ്രവർത്തിക്കുന്നു. ആലപ്പുഴയിൽ നിന്നുള്ള ശ്യംസുന്ദർ മുസ്ലിം ലീഗിന്റെ കർഷകതൊഴിലാളി സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടായി പ്രവർത്തിക്കുന്നു. അദ്ദേഹം ഒരു സവർണ്ണ വിഭാഗത്തിൽപെട്ടയാളാണ്. ഇത്തരത്തിൽ എല്ലാവിഭാഗത്തിലും പെട്ട ആളുകൾക്കും പ്രവർത്തിക്കാൻ കഴിയുന്ന പാർട്ടിയാണ് മുസ്ലിംലീഗ്. എല്ലാ വിധ മതവിഭാഗക്കാർക്കും അവരവരുടെ വിശ്വാസങ്ങൾക്കനുസരിച്ച് തന്നെ പ്രവർത്തിക്കാനുള്ള സ്വതാന്ത്ര്യം ഈ പാർട്ടിയിലുണ്ട്.

മുസ്ലിം ലീഗിൽ എനിക്ക് അനർഹമായ പരിഗണനയാണ് ലഭിച്ചിട്ടുള്ളത്. മുസ്ലിംലീഗിനകത്ത് എനിക്ക് അനർഹമായ പരിഗണനയാണ് ലഭിച്ചിട്ടുള്ളത്. രണ്ട് തവണ കുന്ദമംഗലത്ത് നിന്ന് നിയമസഭയിലേക്ക് മത്സരിക്കാനും ജയിക്കാനുമുള്ള അവസരം പാർട്ടി എനിക്ക് തന്നിട്ടുണ്ട്. മൂന്നാം തവണ കുന്ദമഗലം ജനറൽ സീറ്റായിരുന്നിട്ട് കൂടി പാർട്ടി എന്നെ തന്നെ മത്സരിക്കാൻ നിയോഗിച്ചു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൊണ്ട് വിജയിക്കാനായില്ല. നാലാം തവണ ബാലുശ്ശേരിയിലും മുസ്ലിം ലീഗിന്റെ കോണി അടയാളത്തിൽ ഞാൻ തന്നെ മത്സരിച്ചു.

ഇത്തരത്തിൽ നാലു തവണ മുസ്ലിം ലീഗ് എന്നെ നിയമസഭയിലേക്ക് മത്സരിപ്പിച്ചു. അതു കൂടാതെ കേരളമൊട്ടാകെ പ്രവർത്തന പരിധിയുള്ള ഹാൻവീവ് കോർപറേഷന്റെ ചെയർമാനായും അഞ്ച് വർഷം പ്രവർത്തിക്കാനുള്ള അവസരവും മുസ്ലിം ലീഗ് എനിക്ക് തന്നു.യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ, സാക്ഷരതാ സമിതി അംഗം എന്നീ നിലയിലൊക്കെ പ്രവർത്തിക്കാനുള്ള ഭാഗ്യം മുസ്ലിം ലീഗ് എനിക്ക് തന്നിട്ടുണ്ട്. ഇത്തരത്തിൽ അനർഹമായ പരിഗണനയാണ് എനിക്ക് പാർട്ടിയിൽ ലഭിച്ചിട്ടുള്ളത്. ഞാൻ മത്സരിച്ച് നാലു തെരഞ്ഞെടുപ്പുകളിലും പാർട്ടി തന്നെയാണ് നേരിട്ട് പ്രചരണങ്ങൾക്ക് നേതൃത്വം നൽകിയത്. മറ്റെല്ലാ സ്ഥാനാർത്ഥികൾക്കുമെന്ന പോലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കുള്ള ഫണ്ടും പാർട്ടിയിൽ നിന്ന് എനിക്ക് ലഭിച്ചിട്ടുണ്ട്.

ഞാനൊരു സാധാരണ കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ചയാളാണ്. അതുകൊണ്ട് സാധാരണക്കാർക്കിടയിൽ ഏറ്റവും നന്നായി പ്രവർത്തിക്കാനും എനിക്ക് എന്റെ ജീവിതാനുഭവങ്ങൾ പഠമായിട്ടുണ്ട്. 2001ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംഎൽഎ ആയതിന് ശേഷമാണ് ഞാൻ മുസ്ലിം ലീഗിന്റെ അംഗത്വമെടുക്കുന്നത് പോലും. അവിടുന്നിങ്ങോട്ട് ഇതുവരെയും പാർട്ടി നേതൃത്വത്തിൽ നിന്നോ പ്രവർത്തകരിൽ നിന്നോ എനിക്ക് യാതൊരു അവഗണനയും നേരിടേണ്ടി വന്നിട്ടില്ല എന്നു മാത്രമല്ല വളരെയധികം പരണഗന ലഭിക്കുകയും ചെയ്തിട്ടുണ്ട്. മുസ്ലിം ലീഗിലെ ഏറ്റവും വലിയ നേതൃത്വമാണ് പാണക്കാട് കുടുംബാഗംങ്ങൾ. അവരുമായി വളരെയടുത്ത ബന്ധമാണ് എനിക്കുള്ളത്. മാസത്തിലൊരിക്കലെങ്കിലും ഞാൻ അവിടെ പോകാറുണ്ട്.

ഈ പ്രദേശങ്ങളിൽ എവിടെയെങ്കിലും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ വന്നാൽ എന്നെ അന്വേഷിക്കാറുണ്ട്. ഞാൻ പോയിക്കാണാറുമുണ്ട്. ഇത് എന്റെ മാത്രം അനുഭവമല്ല. എന്നെപോലെ നിരവധി പേർ വിവിധ മതങ്ങളിൽ പെട്ടവരും മതമില്ലാത്തവരും ഈ പാർട്ടിക്കകത്തുണ്ട്. അവരോടൊക്കെ ചോദിച്ചാലും അവർക്കും പറയാനുണ്ടാകും ഇത്തരത്തിൽ പാർട്ടി അവരെ പരിഗണിച്ചതിന്റെ കഥകൾ തന്നെയാകും. അതു കൊണ്ട് മുസ്ലിം ലീഗ് മുസ്ലിം മതവിഭാഗത്തിന്റെ മാത്രം സംഘടനയാണെന്നും ഇതര മതക്കാർക്ക് ആ പാർട്ടിയിൽ ്സ്ഥാനമില്ലെന്നുമെല്ലാമുള്ള പ്രചരണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP