Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കുഞ്ഞാലിക്കുട്ടിയെ പീഡനവീരനെന്നും ലീഗിനെ സമ്പന്നപാർട്ടിയെന്നും വിളിച്ചതെല്ലാം ഇനി മറക്കാം; എക്സ്പ്രസ് വേ ദേശീയപാതാ വികസനം തൊട്ടുള്ള വികസന ഭിന്നതകളും വിഴുങ്ങി; സാമുദായിക വിഷയങ്ങളിൽ മൃദുസമീപനമെന്ന ആക്ഷേപവും മറന്നു; ആദിവാസി- ദലിത്- പരിസ്ഥിതി സ്വത്വ രാഷ്ട്രീയവും ചവറ്റുകൊട്ടയിൽ; അടിക്കടി തെരഞ്ഞെടുപ്പിൽ തോറ്റതോടെ പറഞ്ഞതെല്ലാം വിഴുങ്ങി ലീഗുമായി സഖ്യത്തിന്; വെൽഫയർ പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ശക്തം

കുഞ്ഞാലിക്കുട്ടിയെ പീഡനവീരനെന്നും ലീഗിനെ സമ്പന്നപാർട്ടിയെന്നും വിളിച്ചതെല്ലാം ഇനി മറക്കാം; എക്സ്പ്രസ് വേ ദേശീയപാതാ വികസനം തൊട്ടുള്ള വികസന ഭിന്നതകളും വിഴുങ്ങി; സാമുദായിക വിഷയങ്ങളിൽ മൃദുസമീപനമെന്ന ആക്ഷേപവും മറന്നു; ആദിവാസി- ദലിത്- പരിസ്ഥിതി സ്വത്വ രാഷ്ട്രീയവും ചവറ്റുകൊട്ടയിൽ; അടിക്കടി തെരഞ്ഞെടുപ്പിൽ തോറ്റതോടെ പറഞ്ഞതെല്ലാം വിഴുങ്ങി  ലീഗുമായി സഖ്യത്തിന്; വെൽഫയർ പാർട്ടിയിൽ കൊഴിഞ്ഞുപോക്കും ശക്തം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അടിക്കടി തെരഞ്ഞെടുപ്പിൽ തോൽക്കുകയും, വളർച്ച നിലക്കുകയും ചെയ്തതോടെ, നാളിതുവരെ പറഞ്ഞ വിമർശനങ്ങളെല്ലാം വിഴുങ്ങി വെൽഫെയർ പാർട്ടി മുസ്ലിംലീഗുമായി സഖ്യത്തിന്. വരുന്നു തദ്ദേശ സ്വയംഭരണ തെരെഞ്ഞടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ച് മൽസരിക്കാനാണ് തയ്യാറെടുക്കുന്നത്. എന്നാൽ ലീഗ് സഖ്യത്തിന്റെ പേരിൽ വെൽഫെയർ പാർട്ടിയിലും ഭിന്നതകൾ ഉയരുന്നുണ്ട്. ഇതടക്കമള്ള നിരവധി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ശ്രീജ നെയ്യാറ്റിൻകരയെപ്പോലുള്ള മുതിർന്ന നേതാക്കൾ വെൽഫെയർ പാർട്ടി വിട്ടു കഴിഞ്ഞു. പാലക്കാട്ടെ പ്രമുഖരായ പല പരിസ്ഥിതി ആക്റ്റീവിസറ്റുകളും ഈയിടെ വെൽഫെയർ പാർട്ടിയോട് വിട പറഞ്ഞിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാർട്ടിയായ വെൽഫയർ പാർട്ടിയുടെ എക്കാലത്തെയും വലിയ അടിത്തറ തന്നെ, ഒരു മുന്നണിയിലും കക്ഷി ചേരാതെയുള്ള പരിസ്ഥിതി- ദലിത്- പിന്നോക്ക സ്വത്വ രാഷ്ട്രീയം ആയിരുന്നു. ജമാഅത്തെ ഇസ്്ലാമി മുന്നോട്ടുവെക്കുന്ന മൗദൂദിയൻ മതരാഷ്ട്രവാദത്തെ ചർച്ചയാവാതെ മറച്ചുവെക്കാനും അവർക്ക് ഇതുകൊണ്ടായി. അതുകൊണ്ടുതന്നെ മുസ്ലിം സമുദായത്തിന് പുറത്തുള്ള പരിസ്ഥിതി- ദലിത് നേതാക്കളിൽ കുറേപ്പേരെയങ്കിലും പാർട്ടി ആകർഷിക്കാനായി. ഇവിരിൽ നല്ലൊരു ശതമാനവും മുസ്ലിംലീഗ് സഖ്യം വരുന്നതോടെ കൊഴിഞ്ഞുപോകുമെന്ന് ഉറപ്പാണ്.

കുഞ്ഞാലിക്കുട്ടിയെ പീഡനവീരനെന്നും വിളിച്ചതും ലീഗിനെ സമ്പന്നപാർട്ടിയെന്ന് ആക്ഷേപിച്ചുമെല്ലാം ശക്തമായ പ്രചാരണം നടത്തിയായിരുന്നു, വെൽഫയർ പാർട്ടിയുടെ ആദ്യ രൂപമായ സോളിഡാരിറ്റി മൂവ്മെന്റ് ക്ലച്ച് പിടിച്ചത്. മുസ്ലിംലീഗ് മൂലധന ശക്തികൾക്ക് വഴങ്ങുന്ന പാർട്ടിയാണെന്നാണ് അവർ ശക്തമായി പ്രചരിച്ചത്. ഐസ്‌ക്രീം പാർലർ പെൺവാണിഭ വിവാദത്തിന്റെ കാലത്ത് അത് ആളിക്കത്തിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള 'മാധ്യമം' പത്രമായിരുന്നു. എക്സ്പ്രസ്വേ, ദേശീയപാതവികസനം തൊട്ടള്ള നിരവധി വിഷയങ്ങളിൽ കടുത്ത ഭിന്നതായണ് ലീഗും വെൽഫെയർ പാർട്ടിയും തമ്മിൽ നിലനിൽക്കുന്നത്. ഒറ്റയടിക്ക് ഇതെല്ലാം മറുന്നുകൊണ്ടുള്ള സഖ്യം പ്രവർത്തകർക്ക് ദഹിക്കുമോ എന്ന കാര്യം നേതൃത്വത്തിനും പിടിയില്ല. സാമുദായിക വിഷയങ്ങളിൽ ലീഗിന് എക്കാലവും മൃദുസമീപനമെന്ന ആക്ഷേപവും ജമാഅത്തെ ഇസ്ലാമിക്കാർ ഉന്നയിച്ചിരുന്നു. ബാബറി മസ്ജിദ് പ്രശ്നത്തിലടക്കം ലീഗ് സമുദായത്തെ ഒറ്റുകൊടുത്തുവെന്നാണ് ജമാഅത്തുകാർ ആരോപിച്ചിരുന്നത്. പക്ഷേ അതെല്ലാം ഒറ്റയടിക്ക് ഇപ്പോൾ മറക്കേണ്ടി വരും.

എന്നാൽ മുസ്ലിം ലീഗുമായി തെരെഞ്ഞെുടുപ്പു സഖ്യമില്ലെന്നും ധാരണ മാത്രമാണെന്നുമാണ് വെൽഫെയർ പാർട്ടി നേതാക്കളിൽ ചിലർ പറയുന്നത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലടക്കം ഒറക്ക് മൽസരിച്ച് പാപ്പരായതോടെയാണ് ഈ രീതിയിൽ നിന്നിട്ട് കാര്യമില്ല എന്ന് വെൽഫെയർ പാർട്ടി തിരിച്ചറിയുന്നത്. നിസ്സാര വോട്ടുകൾക്ക് വിജയം മാറിമറയുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടി ഗുണം ചെയ്യുമെന്നാണ് ലീഗ് തിരിച്ചറിയുന്നത്. മാത്രമല്ല തങ്ങളുടെ എക്കാലത്തെയും വലിയ വിമർശകരെ അടുപ്പിക്കാൻ കഴിയുമെന്ന തന്ത്രവും ഇവിടെയുണ്ട്. എസ്ഡിപിഐയുടെ പിന്തുണ ലഭിക്കാനും ലീഗ് ശ്രമിക്കുന്നുണ്ട്. എന്നാൽ പാർട്ടിയിൽ ഇക്കാര്യത്തിൽ ഭിന്നതയുള്ളതുകൊണ്ട് രഹസ്യ സഖ്യത്തിനാണ് ശ്രമിക്കുന്നത്. നേരത്തെ സാമ്പാർ മുന്നണിയെന്ന് പറഞ്ഞ് സിപിഎമ്മിലെ ലീഗ് അധിക്ഷേപിച്ച അതേ ടെക്ക്നിക്ക് തന്നെയാണ് അവർ ഇപ്പോൾ പുറത്തെടുക്കുന്നത്. ലീഗ് വിരുദ്ധരായ ചെറിയ കക്ഷികളെയും സ്വതന്ത്രരെയും കൂട്ടിക്കെട്ടി മുന്നണിയുണ്ടാക്കുകയെന്നത് മലപ്പുറത്ത് സിപിഎം കാലാകാലങ്ങളായി പയറ്റി വന്ന തന്ത്രമാണ്. മാത്രമല്ല ഇത്തവണ സിഎഎ വിരുദ്ധ സമരത്തിലൊക്കെ സിപിഎം ശക്തമായി ഇടപെട്ടതുകൊണ്ട് തങ്ങളുടെ അനുഭാവികളിൽ കുറേപ്പേരുടെ വോട്ട് ഭിന്നിച്ച് പോകാൻ ഇടയുണ്ടെന്നും ലീഗിന് ഭീതിയുണ്ട്. ഇത് മറികടക്കുന്നതിനാണ് കിട്ടാവുന്നവനെയൊക്കെ കൂട്ടുപിടിക്കുന്നത്. എന്നാൽ തങ്ങളുമായി യാതൊരു ഐക്യവുമില്ലാത്ത പാർട്ടിയുമായി കൂട്ടുകൂടിയതിന്റെ പേരിൽ അണികളോട് മറുപടി പറയേണ്ടി വരിക വെൽഫെയർ പാർട്ടിയാണ്.

വന്നുവന്ന് മുസ്ലിം ലീഗ് നേതാക്കളെ വിമർശിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് വെൽഫെയർ പാർട്ടിയിലെന്ന് ശ്രീജ നെയ്യാറ്റിൻകര ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ലീഗ് നേതാക്കളെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകൾപോലും വെൽഫെയർ പാർട്ടി നേതൃത്വത്തിന്റെ സമ്മർദം മൂലം തനിക്ക് നീക്കം ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീജ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല വെൽഫെയർ പാർട്ടി പുറമെ പറയുന്നപോലെയല്ല ഫെമിനിസ്റ്റ് വിരുദ്ധമായ ആശയമാണ് പുലർത്തുന്നതെന്നും ശ്രീജ വിമർശിക്കുന്നു.

ദലിത് നേതാക്കൾ കൊഴിഞ്ഞുപോകുന്നു

നേരത്തെയും വെൽഫയർ പാർട്ടിക്കുനേരെ ഇതേ വിമർശനങ്ങൾ ഉണ്ടായതിട്ടുണ്ട്. മാത്രമല്ല ദലിത്-പരിസ്ഥിതി നേതാക്കൾ ഒക്കെയുണ്ടെങ്കിലും വെൽഫെയർ പാർട്ടിയുടെ കാര്യങ്ങൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും നേരത്തെ ആരോപണം ഉയർന്നതാണ്. ഇതിന്റെ പേരിൽ പ്രീദീപ് നെന്മാറയടക്കമുള്ള 10 നേതാക്കൾ കഴിഞ്ഞ ജൂണിൽ പാർട്ടി വിട്ടിരുന്നു. വെൽഫെയർ പാർട്ടിയിൽ ദലിതുകൾക്ക് സ്ഥാനമില്ലെന്നാണ് ഇവർ ആരോപിച്ചിരുന്നത്. ചെങ്ങന്നൂർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ ഒരു പ്രശ്‌നമാണ് രാജിക്ക് കാരണം. ഇതേ തുടർന്ന് രണ്ട് സംസ്ഥാന നേതാക്കന്മാരെ നാല് മാസത്തേയ്ക്ക് പാർട്ടിയിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.പാർട്ടി അന്വേഷണ കമ്മീഷനെ വെച്ച് തെളിവെടുപ്പു നടത്തി കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തത്.

'എന്നാൽ ഈ നടപടിക്കെതിരെ 23 പേർ സംസ്ഥാന പ്രസിഡന്റിനു കത്ത് നൽകിയിരുന്നു. നടപടി ലഘൂകരിക്കണമെന്നും പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ രീതിയിലായിരുന്നു കത്ത് നൽകിയത്.പക്ഷെ കത്തുകൊടുത്ത് മൂന്നു മാസങ്ങൾക്ക് ശേഷം എനിക്കെതിരെയും നടപടി വന്നു. കത്ത് നൽകിയ 23 ആളുകളും ദളിത് സമുദായത്തിൽപ്പെട്ട ആളുകളാണെന്നും പാർട്ടിക്കകത്ത് ദളിതരെ ഒന്നിപ്പിച്ചു കൂട്ടി വിഭാഗീയത നടത്തുകയാണ് ശ്രമമെന്നുമാണ് പാർട്ടി കണ്ടെത്തിയിരിക്കുന്നത്.'- പ്രീദീപ് നെന്മാറ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ ഇങ്ങനെയാണ് പറഞ്ഞിരുന്നത്.

2015 ൽ ഞാൻ വെൽഫെയർ പാർട്ടിയിലേയ്ക്ക് കടന്നു വരുമ്പോൾ പ്രതീക്ഷിച്ചിരുന്നത് പാർട്ടി സ്വത്വ രാഷ്ട്രീയവും ദളിത് മുസ്ലിം രാഷ്ട്രീയവും പറയാൻ പറ്റുന്ന പ്ലാറ്റ്‌ഫോം ആണെന്നായിരുന്നു. എന്നാൽ പാർട്ടിക്കകത്ത് ദളിതരോട് ഐക്യപ്പെട്ടു കൊണ്ട് പാർട്ടിയുടെ പ്രസിഡന്റിനു ഒരു കത്തുകൊടുക്കുന്നത് പാർട്ടീവിരുദ്ധമാണ് എന്ന് പറയുന്നതിൽ എന്ത് ജനാധിപത്യമാണുള്ളത്. ഞങ്ങൾ കത്തുകൊടുത്തത് മീഡിയക്ക് അല്ല. അപകീർത്തിപ്പെടുത്തുന്ന ഒന്നും ചെയ്തിട്ടുമില്ല.പാർട്ടിയിൽ നിന്നും രാജിവെച്ചു പോയ ആ പത്തു പ്രവർത്തകരുമായി യാതൊരു വിധ ഇടപഴകലും പാടില്ല. അത് സംഘടനാ വിരുദ്ധമാണെന്നാണ് പാർട്ടി പറഞ്ഞത്. അതിൽ എന്റെ സഹോദരനും ഉണ്ട്. എന്റെ സഹോദരനോട് പോലും ഇടപഴകാൻ പാടില്ല എന്ന് പറയുന്നത് മനുഷ്യത്ത രഹിതമായിട്ടാണ് ഞാൻ കാണുന്നത്. സ്വത്വ രാഷ്ട്രീയം പറയുകയും നവ രാഷ്ട്രീയം പറയുകയും ചെയ്യുന്ന പാർട്ടിയിൽ ജനാധിപത്യ രീതിയിൽ ശബ്ദിക്കാൻ പറ്റാത്ത അവസ്ഥയാണ്. രോഹിത് വെമുലയുടെ രാഷ്ട്രീയത്തെ കുറിച്ച് പറയുന്നു, അതിന്റെ സാമൂഹിക നീതിയെ കുറിച്ച് പറയുന്നു, എന്നാൽ എന്നെ പോലെയുള്ള ദളിതരായിട്ടുള്ള ആളുകൾക്ക് പാർട്ടിക്കകത്ത് സാമൂഹിക നീതിയില്ല. സ്വത്വ രാഷ്ട്രീയം പറയാൻ കഴിയുന്നില്ല.

ചെങ്ങന്നൂർ തെരഞ്ഞെടുപ്പിൽ കെ.ഡി.പി സജി ചെറിയാനു പിന്തുണ നൽകിയിരുന്നു. കെ.ഡി.പിയിലുള്ള നേതൃത്വങ്ങൾ തന്നെയാണ് വെൽഫെയർ പാർട്ടിയുടെ നേതാക്കന്മാരും. സജി ചെറിയാനു വേണ്ടി വോട്ടു ചോദിച്ചു എന്നത് അച്ചടക്ക നടപടി ആയിട്ടാണ് പാർട്ടി വിലയിരുത്തുന്നത്. ഇതിനെതിരെ ഒരു കത്ത് പാർട്ടി പ്രസിഡന്റിനു കൊടുക്കുന്നത് എങ്ങനെയാണ് സംഘടനാ വിരുദ്ധവും വിഭാഗീയതപരവുമാകുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. കൂടാതെ ദളിതർ പാർട്ടിക്കകത്ത് ഐക്യപ്പെടാൻ പാടില്ല എന്ന് എങ്ങനെയാണ് പറയാനാകുക. ദളിത് മുസ്ലിം രാഷ്ടീയമാണ് ഇന്ത്യ കാത്തിരിക്കുന്നത്. അത് ബഹുജന രാഷ്ടീയം തന്നെയാണ്. പക്ഷെ വെൽഫെയർ പാർട്ടിയിൽ ആ രാഷ്ടീയത്തിനു പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പിന്നെ പാർട്ടിക്ക് പുറത്തു പോകുന്ന ആളുകളെ പാർട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ വ്യക്തിഹത്യ നടത്തുകയാണ്. ഉദാഹരണത്തിന് പാർട്ടിയിൽ നിന്നും 10 പേർ രാജിവച്ചു പോയപ്പോൾ പാർട്ടിഗ്രൂപ്പിനകത്ത് പറഞ്ഞത് പുരപ്പുറത്തുണ്ടായിരുന്ന അഴുക്കുകളെല്ലാം മഴ പെയ്തപ്പോൾ പോയി, ഇനി നല്ല വീട്ടിൽ താമസിക്കാം എന്നാണ്. ഇത് പറയുമ്പോൾ അവർ വെളിവാക്കുന്നത് അവർക്ക് ദളിതരോടുള്ള മാനസികാവസ്ഥയാണ്. അത്തരത്തിലുള്ള ആളുകളോട് ഒരിക്കൽ പോലും രാഷ്ടീയപരമായി യോജിച്ചു പോകാൻ പറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് രാജിവെച്ചതും.'- പ്രദീപ് വ്യക്തമാക്കി. ആ വിവാദം എതാണ്ട് തണുത്തുവരെവെയാണ് ശ്രീജാ നെയ്യാറ്റിൻകരയെപ്പോലുള്ളവർ പാർട്ടി വിടുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP