Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

തൃക്കാക്കര പ്രചരണച്ചൂടിൽ; മണ്ഡലത്തെ ഇളക്കിമറിച്ച് റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമിനാറുകളുമായി മൂന്ന് മുന്നണികൾ; ആവേശത്തിൽ പ്രവർത്തകർ; നിർണായകം ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകൾ

തൃക്കാക്കര പ്രചരണച്ചൂടിൽ; മണ്ഡലത്തെ ഇളക്കിമറിച്ച് റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമിനാറുകളുമായി മൂന്ന് മുന്നണികൾ; ആവേശത്തിൽ പ്രവർത്തകർ; നിർണായകം ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകൾ

അർജുൻ ശ്രീകുമാർ

കൊച്ചി: തൃക്കാക്കര ഇലക്ഷൻ ചൂടിലേക്ക് അടുക്കുമ്പോൾ മൂന്നു മുന്നണികളും ഒപ്പത്തിനൊപ്പം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ കൊഴിപ്പിക്കുകയാണ്. മെയ് 31ന് ഉപതിരിഞ്ഞെടുപ്പ് നടക്കാനിരിക്കുമ്പോൾ തൃക്കാക്കരയെ ഇളക്കിമറിച്ചുള്ള റോഡ് ഷോകളും തെരുവ് നാടകങ്ങളും സെമിനാറുകളുമായെല്ലാം മുന്നണികൾ സജീവം. രാവിലെ ആരംഭിക്കുന്ന വോട്ട് അഭ്യർത്ഥന വൈകിട്ട് റോഡ് ഷോയോടുകൂടി സമാപിക്കുന്ന കാഴ്ചകളാണ് തൃക്കാക്കരയിലെ ജനങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്. ശുഭ പ്രതീക്ഷയുമായി മുന്നിലെത്തുന്ന സ്ഥാനാർത്ഥികളെ നിറപുഞ്ചിരികളോടെ ജനം സ്വീകരിക്കുന്നു. മൂന്നു മുന്നണികളുടെയും പ്രവർത്തകരും അതിനപ്പുറം ആവേശത്തിലാണ്. ജനക്ഷേമ സഖ്യത്തിന്റെ നിലപാടുകൾ ജനവിധിയിൽ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.

ഒന്നാമതെത്താൻ ഉമാ തോമസ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പടലപ്പിണക്കങ്ങൾകൊണ്ടും തർക്കങ്ങൾ കൊണ്ടും സ്ഥാനാർത്ഥി നിർണയം വൈകുന്നത് യു.ഡി.എഫിലാണ് എന്നാൽ പതിവിൽ നിന്നും വിപരീതമായി എതിർപ്പുകളോ തർക്കങ്ങളോ ഇല്ലാതെയാണ് മുൻ എംഎ‍ൽഎ പി.ടി തോമസിന്റെ ഭാര്യയായ ഉമാ തോമസിനെ യു.ഡി.എഫ് തിരഞ്ഞെടുത്തത്. വേഗത്തിലുള്ള സ്ഥാനാർത്ഥി നിർണയം മുന്നണിയെ കുറച്ചൊന്നുമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സഹായിച്ചത്. ചുവരെഴുത്തുകളും പോസ്റ്ററുകളും ബാനറുകളുമായി ഉമാ തോമസ് കളം നിറഞ്ഞപ്പോൾ നേതാക്കളുടെയും പ്രവർത്തകരുടെയും ആവേശം വാനോളമായി. ഗ്രൂപ്പ് രാഷ്ട്രീയവും പിണക്കങ്ങളുമില്ലാതെ നേതാക്കൾ ഒരുമിച്ചപ്പോൾ യു.ഡി.എഫിന്റെ ചരിത്രത്തിലെ എക്കാലവും മികച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലൊന്നായി തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഇടംപിടിച്ചു. ജയം ഉറപ്പെന്ന് ഉമാ തോമസും യു.ഡി.എഫും വിശ്വസിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് ശക്തമായ പ്രചാരണപരിപാടികൾ തന്നെയാണ്. സ്ത്രീ വോട്ടർമാരുടെ പിന്തുണ ഉമയുടെ ആത്മവിശ്വാസത്തിന് കൂടുതൽ ശക്തി പകരുന്നത്. തുടക്കത്തിൽ സഹതാപതരംഗം ഉണ്ടാകില്ല എന്ന പലരുടെയും ആക്ഷേപങ്ങൾ ശരിവയ്ക്കുന്ന രീതിയിലാണ് യു.ഡി.എഫിന്റെ പ്രചാരണപരിപാടികൾക്ക് ശേഷം ജനങ്ങളുടെ പ്രതികരണങ്ങളിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. പി.ടി. തോമസിന്റെ ഭാര്യ എന്നതിനപ്പുറം എപ്പോഴും സാധാരണക്കാരായ ജനങ്ങൾക്ക് അഭയം നൽകാനാകുന്ന ജനപ്രതിനിധിയായി ഉമയെ ജനങ്ങൾ അംഗീകരിച്ചു എന്ന് പ്രവർത്തകർ പറയുന്നു. മറുനാടൻ മലയാളി നടത്തിയ സർവേയിലും വിജയ സാധ്യത ഉമാ തോമസിന് തന്നെയാണ്. എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് പി.ടി അവസാനമായി എംഎ‍ൽഎ ആയി തൃക്കാക്കരയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടത്. പി.ടി.തോമസ് 2021 ഡിസംബർ 21ന് വിട പറഞ്ഞതോടെയാണ് തൃക്കാക്കരയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.കോൺഗ്രസ് ഹൈക്കമാൻഡ് സ്ഥാനാർത്ഥിത്വം അംഗീകരിച്ച് 15 മിനിറ്റിനകം ഉമ പ്രചാരണം തുടങ്ങി എന്നതാണ് ഇതിൽ എടുത്ത് പറയേണ്ടത്.

തൃക്കാക്കരയുടെ ഹൃദയം ചോദിച്ച് ഡോക്ടർ 'ജോ' ജോസഫ്
തൃക്കാക്കരയിൽ എൽ.ഡി .എഫിന്റെ സ്ഥാനാർത്ഥി നിർണയം അൽപ്പം വൈകിയത് മാറ്റി നിർത്തിയാൽ ശക്തമായ രീതിയിൽ തന്നെയാണ് എൽ.ഡി.എഫ് തൃക്കാക്കരയിൽ പ്രചാരണ രംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ ക്യാമ്പ് ചെയ്താണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. 99 സീറ്റുകളിൽ നിന്നും 100 സീറ്റിലേക്ക് എത്തുക എന്ന ലക്ഷ്യത്തിലാണ് എൽ.ഡി.എഫ് പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പിണറായി വിജയന്റെ മുന്നോട്ടുള്ള യാത്രക്ക് കൂടുതൽ ബലം നൽകും എന്നതാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ലിസി ഹോസ്പിറ്റലിലെ ഹൃദയരോഗ വിദഗ്ദ്ധനായ ഡോ. ജോസഫ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി തന്നെയുണ്ട്. സാധാരണക്കാരായ ജനങ്ങൾക്ക് ആശ്വാസം പകരാൻ ഡോക്ടർക്ക് കഴിയുമെന്നും അദ്ദേഹത്തിന്റെ ജയം തൃക്കാക്കര ഇന്നേ വരെ കാണാത്ത വികസന പ്രവർത്തനങ്ങൾക്ക് സാക്ഷിയാകും എന്നാണ് എൽ.ഡി.എഫ് പ്രവർത്തകർ പറയുന്നത്.

സഭയുടെ സ്ഥാനാർത്ഥിയാണെന്നുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു എന്തങ്കിലും ജയം ഉറപ്പാണെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി. എഫ് ക്യാമ്പ്. ഇതിനിടെ കെ.വി തോമസിന്റെ വരവ് ഉപതെരഞ്ഞെടുപ്പിന് ദോഷകരമായി ബാധിക്കുമെന്ന റിപ്പോർട്ടുകൾ വന്നതോടെ സജീവ പ്രചാരണ പരിപാടികളിൽ നിന്നും കെ.വി. തോമസിനെ മാറ്റി നിർത്തുകയായിരുന്നു. സിപിഎമ്മിനെ സംബന്ധിച്ചെടുത്തോളം കാലങ്ങൾക്ക് ശേഷം തൃക്കാക്കരയിൽ സ്വന്തം ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രമടയാളത്തിൽ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. മുന്നണിയുടെ ഈ തീരുമാനമാണ് ഒരു വിഭാഗം പാർട്ടി പ്രവർത്തകരെ ആവേശത്തിലാക്കിയതും ആത്മവിശ്വാസം ഉയർത്താനും സാധിച്ചത്.

നില മെച്ചപ്പെടുത്താൻ എ.എൻ.ആർ
വിജയ സാധ്യത ഇരു മുന്നണികളെ അപേക്ഷിച്ച് കുറവാണെങ്കിലും ഒട്ടും കുറക്കാതെ തന്നെയാണ് തൃക്കാക്കരയിൽ എൻ.ഡി.എ തിരഞ്ഞെടുപ്പ് പരിപാടികളുമായി മുന്നോട്ട് പോകുന്നത്. യു.ഡി.എഫും എൽ.ഡി.എഫിന്റെയും പ്രഖ്യാപനം വന്നതിനും ഒരുപാട് വൈകിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി എ. എൻ. രാധാകൃഷ്ണനെ പ്രഖ്യാപിക്കുന്നത്. നരേന്ദ്ര മോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും പദ്ധതികളും വിശദീകരിച്ചു കൊണ്ടാണ് പ്രചരണ പരിപാടികൾ. തൃക്കാക്കരയെ വലിയൊരു വ്യവസായ ഹബ്ബാക്കി മാറ്റുമെന്നും വാഗ്ദാനമുണ്ട്. എംപിമാർ അടക്കമുള്ളവർ തൃക്കാക്കരയിലെത്തി പ്രചരണത്തിന് കൊഴുപ്പേകുന്നുണ്ട്. ഓരോ തവണയും വോട്ട് വിഹിതത്തിൽ ഉള്ള മുന്നേറ്റമാണ് എൻ.ഡി.എയ്ക്ക് ആശ്വാസം നൽകുന്നത്. അവസാനത്തെ തിരഞ്ഞെടുപ്പിൽ ഇരുപത്തിരണ്ടായിരം വോട്ടുകളാണ് എൻ.ഡി.എയ്ക്ക് ലഭിച്ചത്. ഈ ഉപതിരഞ്ഞെടുപ്പിലെ നില മെച്ചപ്പെടുത്താം എന്ന വിശ്വാസത്തിലാണ് എ. എൻ രാധാകൃഷ്ണനും ബിജെപിയും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP