Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉപതെരഞ്ഞെടുപ്പ് യുദ്ധം കണ്ണൂർ മോഡലിൽ; വീറും വാശിയും കൂട്ടാൻ നേതാക്കൾ കൂട്ടത്തോടെ തൃക്കാക്കരയിലേക്ക്; നിയമസഭയിൽ നൂറ് തികയ്ക്കാൻ അടുക്കും ചിട്ടയോടെയുള്ള പ്രവർത്തനത്തിന് സിപിഎം നേതാക്കൾ; യുഡിഎഫിനായി രണ്ടാം നിര നേതാക്കളും വരവായി; ഒട്ടും വിട്ടുകൊടുക്കാതെ എൻഡിഎയും

ഉപതെരഞ്ഞെടുപ്പ് യുദ്ധം കണ്ണൂർ മോഡലിൽ; വീറും വാശിയും കൂട്ടാൻ  നേതാക്കൾ കൂട്ടത്തോടെ തൃക്കാക്കരയിലേക്ക്; നിയമസഭയിൽ നൂറ് തികയ്ക്കാൻ അടുക്കും ചിട്ടയോടെയുള്ള പ്രവർത്തനത്തിന്  സിപിഎം നേതാക്കൾ; യുഡിഎഫിനായി രണ്ടാം നിര നേതാക്കളും വരവായി; ഒട്ടും വിട്ടുകൊടുക്കാതെ എൻഡിഎയും

അനീഷ് കുമാർ

 കണ്ണൂർ: തൃക്കാക്കര തെരഞ്ഞെടുപ്പിന് ചൂട് കൂട്ടാൻ കണ്ണൂരിൽ നിന്നുള്ള നേതാക്കൾ എറണാകുളത്തേക്ക് ഒഴുകുന്നു. യു.ഡി. എഫ്, എൽ.ഡി.എഫ്, എൻ.ഡി.എ മുന്നണിനേതാക്കളാണ് തൃക്കാക്കരയിൽ ക്യാംപ് ചെയ്തു പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽ ഡി എഫ് കൺവീനർ ഇ.പി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി. ജയരാജൻ, കെ.കെ രാഗേഷ് തുടങ്ങി സി.പി. എമ്മിനായി വൻ നിര തന്നെ തൃക്കാക്കരയിൽ ക്യാംപ് ചെയ്യുന്നുണ്ട്.

ഇതിനു പുറമേ രണ്ടാംഘട്ടമായി ഒരുവലിയ സംഘം തന്നെകണ്ണൂരിൽ നിന്നും പുറപ്പെടും. എസ്. എഫ്. ഐ, ഡി.വൈ. എഫ്. ഐ നേതാക്കളും മറ്റു വർഗബഹുജനസംഘടനാ നേതാക്കളുമാണ് കണ്ണൂരിൽ നിന്നും തൃക്കാക്കരയിലെത്തുക. ഡി. വൈ. എഫ്. ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജുൾപ്പെടെയുള്ളവർ ഇപ്പോൾ തന്നെ തൃക്കാക്കരയിൽ ക്യാംപ് ചെയ്യുന്നുണ്ട്. കുടുംബയോഗങ്ങളിലും പൊതുസമ്മേളനങ്ങളിലും പ്രാസംഗികരായി എത്തുന്നവരിൽ ഭൂരിഭാഗവും കണ്ണൂരുകാരാണ്.

സൈബർ പ്രചാരണം ഡോ.ടി.ശിവദാസൻ എംപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിയന്ത്രിക്കുന്നത്. വരുംദിനങ്ങളിൽ സി.പി. എം കണ്ണൂർ ജില്ലാസെക്രട്ടറി എം.വി ജയരാജൻ ഉൾപ്പെടെയുള്ളവർ തൃക്കാക്കരയിലെത്തും. ഇത്തവണ മണ്ഡലം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കണ്ണൂർ നേതാക്കൾ തൃക്കാക്കരയിൽ ക്യാംപ് ചെയ്യുന്നത്. കണ്ണൂർ ശൈലിയിലുള്ള അടുക്കും ചിട്ടയോടുമുള്ള പ്രചരണമാണ് ഇവർ തൃക്കാക്കരയിൽ നടത്തുന്നത്. ഓരോവോട്ടും പാഴാകാതെ എൽ.ഡി. എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന് വീഴ്‌ത്തിക്കൊണ്ടു രണ്ടാം പിണറായി സർക്കാരിന് നിയമസഭയിൽ നൂറുതികയ്ക്കാൻ തൃക്കാക്കര വിജയത്തോടെ കഴിയുമെന്നാണ് പ്രതീക്ഷ.

എന്നാൽ പതിവിൽ നിന്നും വ്യത്യസ്തമായി കോൺഗ്രസ് നേതാക്കളിൽ പലരും ഒന്നാംറൗണ്ട് പര്യടനം തൃക്കാക്കരയിൽ നടത്തികഴിഞ്ഞു. വരും ദിനങ്ങളിൽ മറ്റു നേതാക്കളും തൃക്കാക്കരയിലെത്തുമെന്നാണ് വിവരം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ നേരത്തെ തന്നെ തൃക്കാക്കരയിൽ ക്യാംപ് ചെയ്തു പ്രവർത്തിക്കുന്നുണ്ട്. സുധാകരന്റെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ സതീശൻ പാച്ചേനി, റിജിൽമാക്കുറ്റി തുടങ്ങിയ നേതാക്കൾ തൃക്കാക്കരയിലുണ്ട്.

ഇവരെ കൂടാതെയാണ് രണ്ടാംഘട്ടത്തിൽ മറ്റു നേതാക്കൾ കൂടി തൃക്കാക്കരയിലെത്തുന്നത്. കെ.പി.സി. സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കണ്ണൂർ കോർപറേഷൻ മേയർ ടി.ഒ മോഹനൻ, രാജീവൻ എളയാവൂർ, കെ.സി മുഹമ്മദ് ഫൈസൽ തുടങ്ങി നേതാക്കളുടെ വൻനിര തന്നെ വരുംദിനങ്ങളിൽ തൃക്കാക്കരയിലെത്തും. ഇതുകൂടാതെ കെ. എസ്. യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരും തൃക്കാക്കരയിൽ പ്രചരണം ചൂടുപിടിപ്പിക്കാനായി അവസാനനാളുകളിലെത്തും. യു.ഡി. എഫ് ഘടകകക്ഷി നേതാക്കളും തൃക്കാക്കരയിൽ പ്രചരണത്തിനായി പോകുന്നുണ്ട്.

എൻ.ഡി. എയ്ക്കായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വൻ നേതൃനിര തന്നെ എ. എൻ രാധാകൃഷ്ണന്റെ വിജയത്തിനായി തൃക്കാക്കരയിൽ പ്രവർത്തിക്കുന്നുണ്ട്. സി.കെ.പത്മനാഭൻ, കെ.രഞ്ചിത്ത്, വത്സൻ തില്ലങ്കേരി, കെ. ഹരിദാസ്. സത്യപ്രകാശൻ മാസ്റ്റർ, തുടങ്ങി ഒട്ടേറെ നേതാക്കൾ വരും ദിനങ്ങളിൽ തൃക്കാക്കരയിൽ പ്രചരണം നയിക്കാനെത്തുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP