Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടതു മുന്നണിയിൽ കയറിക്കൂടാൻ തീവ്ര നീക്കങ്ങളുമായി വെള്ളാപ്പള്ളി; അന്തിമ തീരുമാനം ആകും വരെ എൻഡിഎ കൺവീനർ പദവി രാജിവച്ച് തുഷാർ കാത്തിരിക്കും; മുസ്ലിം-ഈഴവ വോട്ടുകൾ തന്ത്രപൂർവ്വം തരപ്പെടുത്തിയാൽ മതിയെന്നും ആരേയും അതിനായി കൂടെ കൂട്ടേണ്ടതില്ലെന്നും തീരുമാനിച്ച് സിപിഎമ്മും

ഇടതു മുന്നണിയിൽ കയറിക്കൂടാൻ തീവ്ര നീക്കങ്ങളുമായി വെള്ളാപ്പള്ളി; അന്തിമ തീരുമാനം ആകും വരെ എൻഡിഎ കൺവീനർ പദവി രാജിവച്ച് തുഷാർ കാത്തിരിക്കും; മുസ്ലിം-ഈഴവ വോട്ടുകൾ തന്ത്രപൂർവ്വം തരപ്പെടുത്തിയാൽ മതിയെന്നും ആരേയും അതിനായി കൂടെ കൂട്ടേണ്ടതില്ലെന്നും തീരുമാനിച്ച് സിപിഎമ്മും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളം എക്കാലവും ഭരിക്കാനുള്ള രാഷ്ട്രീയ-സാമുദായിക സമാവാക്യമെല്ലാം ഇപ്പോൾ അനുകൂലമാണെന്നാണ് സിപിഎം തീരുമാനം. അതുകൊണ്ട് തന്നെ തൽകാലം ആരേയും സിപിഎം ഇടതു മുന്നണിയിൽ എടുക്കില്ല. അപ്പോഴും ഇടതുപക്ഷത്തെ സ്വപ്‌നം കാണുകയാണ് തുഷാർ വെള്ളാപ്പള്ളി. എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി നടേശനും തുഷാറിന്റെ ബിഡിജെഎസിനെ എങ്ങനേയും ഇടതുപക്ഷത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ മുസ്ലിം വോട്ട് നേടിയത് പോലെ ഈഴവ വോട്ടും തന്ത്രത്തിലൂടെ പൂർണ്ണമായും സ്വന്തമാക്കാനാണ് സിപിഎമ്മിന് താൽപ്പര്യം. അതുകൊണ്ട് തന്നെ തൽകാലം തുഷാറിന് ഇടതുപക്ഷത്ത് ബർത്ത് കിട്ടില്ല.

ഏതായാലും ബിജെപി ബന്ധം തുഷാർ അവസാനിപ്പിക്കും. എൻഡിഎയിൽ അവഗണന നേരിടുന്നതിൽ പ്രതിഷേധിച്ച് ബിഡിജെഎസ് അധ്യക്ഷൻ കൂടിയായ തുഷാർ വെള്ളാപ്പള്ളി എൻഡിഎ സംസ്ഥാന കൺവീനർ സ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. എൻഡിഎയിലെ ജില്ലാ കൺവീനർ സ്ഥാനങ്ങളും രാജിവയ്ക്കും. മുന്നണിമാറ്റം സംബന്ധിച്ച് ബിജെപി ദേശീയ നേതൃത്വവുമായുള്ള ചർച്ചയ്ക്കു ശേഷം തീരുമാനമെടുക്കാനാണ് തീരുമാനം. എന്നാൽ ബിജെപിക്കും ഇനി തുഷാറിനെ വേണ്ടെന്ന നിലപാടിലാണ്. അതുകൊണ്ട് തന്നെ തുഷാറിന് ബിജെപി ബന്ധം അവസാനിപ്പിക്കേണ്ടി വരും. അതുകൊണ്ട് തന്നെ രാജിവച്ച് സിപിഎം വിളിക്കായി കാത്തിരിക്കാനാണ് തുഷാറിന് അച്ഛൻ വെള്ളാപ്പള്ളി നൽകുന്ന ഉപദേശം. യുഡിഎഫിൽ ബിഡിജെഎസിനെ എടുത്തേക്കും. എന്നാൽ ആ ബന്ധം വേണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

ബിജെപി. നേതാക്കൾ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഫോണിൽ സംസാരിച്ചെങ്കിലും മഞ്ഞുരുകിയിട്ടില്ല. എന്നാൽ ഫോൺ വിളിയിൽ പോലും ആത്മാർത്ഥയില്ലെന്ന് തുഷാർ പറയുന്നു. എല്ലാം ചടങ്ങ് മാത്രം. മുൻകാല തിരഞ്ഞെടുപ്പുകളെക്കാൾ വോട്ടുവിഹിതത്തിൽ ഇത്തവണയുണ്ടായ കുറവാണ് പരസ്പരം പഴിചാരലിന് ആയുധം. വോട്ടുമറിച്ചെന്ന ആരോപണം ഇരുകൂട്ടരും രഹസ്യമായി ഉയർത്തുന്നതിനിടെയാണ് തുഷാറിന്റെ നിലപാട്. കാലങ്ങളായി ബിജെപി. തുടരുന്ന അവഗണനയാണ് തുഷാറിനെയും കൂട്ടരെയും പ്രകോപിപ്പിക്കുന്നത്. എന്നാൽ ഇടതുപക്ഷത്തേക്കുള്ള കണ്ണാണ് എല്ലാത്തിനും കാരണമെന്ന് ബിജെപി തിരിച്ചറിയുന്നു.

2016-ൽ കോവളം മണ്ഡലത്തിൽ ബി.ഡി.ജെ.എസിലെ കോവളം ടി.എൻ. സുരേഷ് 30,987 വോട്ടുനേടിയിരുന്നു. ഇത്തവണ മറ്റൊരു ഘടകകക്ഷിയായ കാമരാജ് കോൺഗ്രസിലെ വിഷ്ണുപുരം ചന്ദ്രശേഖരൻ താമരചിഹ്നത്തിൽ മത്സരിച്ചപ്പോൾ കിട്ടിയത് 18,664 വോട്ടാണ്. ഇതോടെ, ഇപ്പോഴത്തെ നിലയിൽ എൻ.ഡി.എ.യ്ക്ക് ബി.ഡി.ജെ.എസ്. ബാധ്യതയാണെന്നും ഇടതുമുന്നണിക്ക് വോട്ടുമറിച്ചുകൊടുക്കുന്ന ഇങ്ങനെയൊരു ഘടകകക്ഷി എൻ.ഡി.എ.യിൽ വേണോയെന്നും ചോദിച്ച് വിഷ്ണുപുരം ചന്ദ്രശേഖരൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടതോടെ ഘടകകക്ഷികൾക്കിടയിലെ ഭിന്നത മറനീക്കി പുറത്തുവന്നു.

21 മണ്ഡലങ്ങളിൽ മത്സരിച്ച ബി.ഡി.ജെ.എസ്. ശക്തിതെളിയിച്ചില്ലെന്നാണ് ബിജെപി.യുടെ ആക്ഷേപം. തദ്ദേശ തിരഞ്ഞെടുപ്പിലും കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാനായില്ലെന്ന് ബിജെപി. നേതാക്കൾ പറയുന്നു. ഇനി ബിജെപി.യുടെ വിശദമായ വിലയിരുത്തലുകൾക്കുശേഷമേ ഘടകക്ഷികളുമായി കൂടുതൽ ചർച്ചയുള്ളൂവെന്ന് മുതിർന്ന നേതാക്കൾ പറഞ്ഞു. അതായത് തുഷാർ പോണങ്കിൽ പോട്ടെ എന്ന നിലപാടിൽ ബിജെപി എത്തുകയാണ്. തുഷാറിനും ഇതറിയാം. അതുകൊണ്ടു തന്നെ എത്രയും വേഗം എൻഡിഎ കൺവീനർ സ്ഥാനം തുഷാർ രാജിവയ്ക്കും.

വടക്കൻ കേരളത്തിൽ ബിജെപിക്ക് കാര്യമായി വോട്ട് കുറഞ്ഞില്ല. ബി.ഡി.ജെ.എസ് നിഷ് ക്രിയമായത് മദ്ധ്യകേരളത്തിലും ആലപ്പുഴ, കൊല്ലം ജില്ലകളിലും എൻ.ഡി.എയ്ക്ക് വോട്ട് കുറയാനിടയാക്കി. 2015ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിട്ടിയ വോട്ടിലേക്ക് ബിജെപിയുടെ പ്രകടനം നിറം മങ്ങി. ഇന്നലെ ഓൺലൈനായി നടന്ന ബിജെപിസംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും യോഗത്തിലാണ് ഈ അഭിപ്രായമുയർന്നത്. മുഴുവൻ ജില്ലാ പ്രസിഡന്റുമാരുൾപ്പെടെ 61 നേതാക്കളാണ് ഓൺലൈനായി ചേർന്ന യോഗത്തിൽ പങ്കെടുത്തത്.ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്ലാദ് ജോഷി, സംഘടനാ ചുമതലയുള്ള സി.പി.രാധാകൃഷ്ണൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അതേ സമയം മുൻ സംസ്ഥാന പ്രസിഡന്റ് പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്, വൈസ് പ്രസിഡന്റുമാരായ എ.എൻ.രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ എന്നിവർ പങ്കെടുത്തില്ല. എല്ലാ ജില്ലകളിലും തിരഞ്ഞെടുപ്പ് വിലയിരുത്തൽ യോഗങ്ങൾ നടത്തും. ഇതിൽ ബിഡിജെഎസിന്റെ പ്രകടനവും വിലയിരുത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP