Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202103Tuesday

ചരിത്രത്തിൽ ആദ്യമായി കേരള മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാർ; ശൈലജ ടീച്ചർ പുറത്താകുമ്പോൾ മന്ത്രിപദവിയിൽ എത്തുന്ന മറ്റൊരു ടീച്ചറായി ബിന്ദു; വാർത്താ ചാനൽ ജേണലിസ്റ്റിൽ നിന്നും തുടങ്ങി രാഷ്ട്രീയത്തിൽ ശോഭിച്ച വീണാ ജോർജ്ജും ഇനി മന്ത്രി; സിപിഐയിൽ നിന്നും ആദ്യ വനിതാ മന്ത്രിയായി ജെ ചിഞ്ചുറാണിയും

ചരിത്രത്തിൽ ആദ്യമായി കേരള മന്ത്രിസഭയിൽ മൂന്ന് വനിതാ മന്ത്രിമാർ; ശൈലജ ടീച്ചർ പുറത്താകുമ്പോൾ മന്ത്രിപദവിയിൽ എത്തുന്ന മറ്റൊരു ടീച്ചറായി ബിന്ദു; വാർത്താ ചാനൽ ജേണലിസ്റ്റിൽ നിന്നും തുടങ്ങി രാഷ്ട്രീയത്തിൽ ശോഭിച്ച വീണാ ജോർജ്ജും ഇനി മന്ത്രി; സിപിഐയിൽ നിന്നും ആദ്യ വനിതാ മന്ത്രിയായി ജെ ചിഞ്ചുറാണിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസ്ഥാനത്തു നിന്നും ഒഴിവാക്കി കൊണ്ടുള്ള തീരുമാനം പുറത്തുവരുമ്പോഴും രണ്ടാം പിണറായി മന്ത്രിസഭ ചരിത്രം തിരുത്തുന്നു. മൂന്ന് വനിതാ മന്ത്രിമാരെ ഉൾപ്പെടുത്തി കൊണ്ടാണ് രണ്ടാം പിണറായി സർക്കാർ പുതിയ റെക്കോർഡിടുന്നത്. ഡോ. ആർ ബിന്ദു, വീണ ജോർജ്ജ് എന്നിവർ സിപിഎമ്മിൽ നിന്നും സിപിഐയിൽ നിന്നും ജെ ചിഞ്ചുറാണിയുമാണ് മന്ത്രിമാരായി ഉണ്ടാകുക. ഇതാദ്യമാണ് ഒരു വനിതാ മന്ത്രി സിപിഐയിൽ നിന്നും ഉണ്ടാകുന്നത്.

ചാനൽ ജേണലിസ്റ്റിൽ തുടങ്ങി മന്ത്രിയായി വീണാ ജോർജ്ജ്

രണ്ടാം തവണയും ആറന്മുളയിൽ നിന്ന് വിജയിച്ച വീണാ ജോർജിന്റെ സ്ഥാനലബ്ദി മലയോര ജില്ലയുടെ വികസന നേട്ടങ്ങൾക്ക് മുതൽക്കുട്ടാകും. നാല്പത്തി അഞ്ചുകാരിയായ വീണാ ജോർജ് എസ്എഫ്ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. സിപിഐ എം പത്തനംതിട്ട ഏരിയ കമ്മിറ്റി അംഗമാണ്. 2012 ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് ഇന്ത്യൻ മാധ്യമപ്രവർത്തകരിൽ ഒരാളാണ്. കൈരളി, ഇന്ത്യാവിഷൻ, എം എംന്യൂസ്, റിപ്പോർട്ടർ ചാനലുകളിലെ സേവനത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടി. ജനപക്ഷ നിലപാടുകളാണ് ഈ യുവതിയെ ജനകീയയാക്കിയത്. മലയാള മാധ്യമ രംഗത്തെ പ്രഥമ വനിത എക്സിക്യൂട്ടീവ് ഡയറക്ടറായി സേവനം അനുഷ്ടിച്ചു. നിലവിൽ സംസ്ഥാന സർക്കാരിന്റെ നാം മുന്നോട്ടെന്ന പരിപാടിയിൽ ആങ്കറാണ്.

കേരള സർവകലാശാലയിൽനിന്ന് എംഎസ്സി ഫിസിക്സിനും, ബിഎഡിനും റാങ്ക് ജേതാവായി. ഏഷ്യാ വിഷൻ, ടി പി വ്യൂവേഴ്‌സ്, ശബാമതി, പി ഭാസ്‌കരൻ ഫൗണ്ടേഷൻ, സുരേന്ദ്രൻ നീലേശ്വരം, കേരള ടി വി അവാർഡ് (മികച്ച മലയാളം ന്യൂസ് റീഡർ ) രാജീവ് ഗാന്ധി ഫൗണ്ടേഷൻ, നോർത്ത് അമേരിക്കൻ പ്രസ് ക്ലബ്ബ്, യുഎഇ ഗ്രീൻ ചോയിസ് തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ചു.

ആറന്മുള മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തിന്റെയും, ഇച്ഛാശക്തിയുടെയും ഫലമാണ്. മലങ്കര ഓർത്തഡോക്‌സ് സഭാ മുൻ സെക്രട്ടറിയും അദ്ധ്യാപകനുമായ ഡോ.ജോർജ് ജോസഫാണ് ഭർത്താവ്. അന്നാ, ജോസഫ് എന്നിവർ മക്കൾ.

തൃശൂർ നഗരസഭാ കൗൺസിലർ... പിന്നെ മേയർ.. ഇപ്പോൾ മന്ത്രിപദത്തിലേക്കും ആർ ബിന്ദു

ഇരിങ്ങാലക്കുടയിൽ നിന്നാണ് എൽഡിഎഫ് സ്ഥാനാർത്ഥി ആർ ബിന്ദു വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ഉണ്ണിയാടൻ, എൻഡിഎ സ്ഥാനാർത്ഥി ജേക്കബ് തോമസ് എന്നിവരെയാണ് ബിന്ദു തോൽപ്പിച്ചത്. തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ മുൻ മേയർ ആണ് ആർ. ബിന്ദു. തൃശൂരിലെ ശ്രീ കേരളവർമ കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറർ കൂടിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ ആണ് ഭർത്താവ്.

മാതൃഭൂമി വിഷുപ്പതിപ്പ് മത്സരത്തിൽ ചെറുകഥക്ക് സ്‌കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടിയതോടെയാണ് ബിന്ദു സാംസ്‌കാരിക പ്രവർത്തകരുടെ ശ്രദ്ധയിൽ വരുന്നത്. കഥാസാഹിത്യത്തിൽ ഭാവിയുടെ ഒരു വാഗ്ദാനമായി ആ കുട്ടിയെ ഏവരും കരുതി. പക്ഷേ അവർ പിന്നെ അവിടെ നിന്നില്ല. ഇരിഞ്ഞാലക്കുടയുടെ പാരമ്പര്യം ഉൾക്കൊണ്ട് കഥകളിയിലേക്കാണ് ആ പെൺകുട്ടി പിന്നീട് പോയത്. സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ രണ്ടോ മൂന്നോ തവണ കഥകളിക്ക് ഒന്നാം സ്ഥാനം നേടി.

സെന്റ് ജോസഫ് കോളേജിൽ പഠിക്കുമ്പോൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് വിദ്യാത്ഥി രാഷ്ടീയരംഗത്ത് ബിന്ദു എത്തുന്നത്. പിന്നീട് യൂണിവേഴ്‌സിറ്റി സിണ്ടിക്കേറ്റിലെ വിദ്യാർത്ഥി പ്രതിനിധിയായി. എസ്.എഫ്.ഐ.നേതൃത്തത്തിൽ എത്തി. തീപാറുന്ന വിദ്യാർത്ഥിസമരങ്ങൾക്കിടക്ക് ഒന്നിച്ച് പ്രവർത്തിച്ച സമരസഖാക്കൾ എന്ന നിലയിലാണ് എ.വിജയരാഘവനും ബിന്ദുവും വിവാഹിതരാവുന്നത്.

സമരവും പീനവും ഒന്നിച്ചു മുന്നേറി. ഡൽഹിയിലെ ജവഹർലാൽ നെഹ്രു യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.ഫിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് പി.എച്ച്.ഡി.യും നേടിയ ബിന്ദു ശ്രീകേരളവർമ്മ കോളേജിൽ ഇംഗ്ലീഷ് അദ്ധ്യാപികയായി. അതോടെ കർമ്മരംഗം തൃശൂരായി. സ്ത്രീകളുടെ ജീവൽ പ്രശ്‌നങ്ങൾ ഉയർത്തിക്കൊണ്ടുള്ള നിരവധി സമരങ്ങളിലെ നായികയായി ബിന്ദു.

ബാലവേദിയിലുടെ പൊതുജീവിതം തുടങ്ങി സിപിഐയിലെ ആദ്യത്തെ വനിതാമന്ത്രിയായി ചിഞ്ചുറാണി

സിപിഐയിൽ നിന്ന് ആദ്യത്തെ വനിതാമന്ത്രിയാണ് മന്ത്രിസഭയിലേക്കെത്തുന്ന ജെ ചിഞ്ചുറാണി. ചടയമംഗലം മണ്ഡലത്തിൽ നിന്നാണ് അമ്പത്തെട്ടുകാരിയായ ഇവർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം മുണ്ടയ്ക്കൽ വില്ലേജിൽ ഭരണിക്കാവ് തെക്കേ വിളയിൽ വെളിയിൽ വടക്കതിൽ വീട്ടിൽ കമ്മ്യൂണിസ്റ്റ് നേതാവ് സഖാവ് എൻ. ശ്രീധരന്റെയും ജഗദമ്മയുടേയും മകളായി 1963ൽ ജനിച്ച ചിഞ്ചുറാണി 1970 ൽ ബാലവേദിയിലുടെയാണ് പൊതുജീവിതം ആരംഭിക്കുന്നത്.

കൊല്ലം ഭരണിക്കാവ് എൽ. പി സ്‌ക്കൂളിലാണ് സ്‌കൂൾ വിദ്യാഭ്യാസം തുടങ്ങുന്നത്. പ്രൈമറി വിദ്യാർത്ഥി ആയിരിക്കുമ്പോൾ തന്നെ കലാ-കായിക രംഗങ്ങങ്ങളിൽ മികവു തെളിയിച്ച അവർ കൊല്ലത്തെ അറിയപ്പെടുന്ന കായികതാരമായി. കൊല്ലം ശ്രീ നാരായണ വനിതാ കോളജിലെ തുടർച്ചയായി ചാമ്പ്യനാകുകയും ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് കേരളത്തെ പ്രതിനീധീകരിച്ച് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയിൽ നിന്നും രാഷ്ട്രപതിയിൽ നിന്നും നേരിട്ട് മെഡലുകൾ ഏറ്റുവാങ്ങി.

കൊല്ലം അയത്തിൽ വി.വി.എച്ച് എസ്സിലെയും കൊല്ലം ശ്രീനാരായണ വനിതാ കോളേജിലേയും എ.ഐ.എസ് എഫ് നേതാവായും യുവജന രംഗത്ത് പ്രവർത്തിക്കന്ന അവസരത്തിൽ ഇരവിപുരം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറായും പ്രവർത്തിച്ചു.ഇപ്പോൾ പാർട്ടി ദേശീയ കൗൺസിലംഗവും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റും പൗൾട്രി കോർപ്പറേഷൻ ചെയർപേഴ്‌സനുമാണ്. സി അച്യുതമേനോൻ കൊല്ലം ജില്ല സഹകരണ ഹോസ്പിറ്റൽ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പഞ്ചായത്തുമെമ്പർ, കൊല്ലം കോർപ്പറേഷൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൻ, ജില്ലാ പഞ്ചായത്തംഗം, സ്റ്റാന്റിങ് കമ്മറ്റി ചെയർ പേഴ്‌സൺ, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ 20 വർഷക്കാലം തുടർച്ചയായി പ്രവർത്തിച്ചു.

ഭർത്താവ് ഡി. സുകേശൻ സിപിഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി, ലൈബ്രറി കൗൺസിൽ കൊല്ലം ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.മക്കൾ നന്ദു സുകേശൻ ഇന്റീരിയൽ ഡിസൈനർ, നന്ദന റാണി പ്ലസ്ടു വിദ്യാർത്ഥിനി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP