Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണപരമായ കാര്യങ്ങളിൽ ചേരിതിരിവ് കാട്ടാൻ പാടില്ല; ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം; മന്ത്രിമാരുടെ പരിശീലനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ

ഭരണപരമായ കാര്യങ്ങളിൽ ചേരിതിരിവ് കാട്ടാൻ പാടില്ല; ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ സ്വീകരിക്കണം; മന്ത്രിമാരുടെ പരിശീലനത്തിന് തുടക്കമിട്ട് മുഖ്യമന്ത്രി; മൂന്നു ദിവസങ്ങളിലായി 10 സെഷനുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങളിൽ രാഷ്്ട്രീയത്തിന്റെ അടിസ്ഥാനത്തിലുള്ള ചേരിതിരിവ് പാടില്ലെന്ന് മന്ത്രിമാരോട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങൾ ശരിയെന്ന് തോന്നിയാൽ അതു സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

മന്ത്രിമാർക്കുള്ള മൂന്ന് ദിവസത്തെ പരിശീലന പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്. മന്ത്രിമാർക്കുള്ള ക്ലാസിൽ ആദ്യമായെത്തിയത് റോഷി അഗസ്റ്റിൻ. തൊട്ടുപിന്നാലെ വി.എൻ.വാസവൻ, അഹമ്മദ് ദേവർകോവിൽ. ആദ്യം ക്ലാസിലെത്തുന്ന കുട്ടികളെ പോലെ മന്ത്രിമാരെ മുൻചീഫ് സെക്രട്ടറി കൂടിയായ ഐ.എം.ജി ഡയറക്ടർ കെ ജയകുമാർ സ്വീകരിച്ചു.

ആമുഖമായി മുഖ്യമന്ത്രി മന്ത്രിമാരോട് സംസാരിച്ചു. മന്ത്രിമാർ ചട്ടങ്ങളും നിയമങ്ങളും മനസിലാക്കി അതിന്റെ ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കണം. ഭരണപരമായ ചുമതലകളിൽ മന്ത്രിമാരെ പോലെ തന്നെ ഉദ്യോഗസ്ഥരുടെ പങ്കും പ്രധാനമെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു.

ഭരണസംവിധാനത്തെ അടുത്തറിയാം എന്ന വിഷയത്തിൽ മുൻ ക്യാബിനറ്റ് സെക്രട്ടറി കെഎം ചന്ദ്രശേഖർ ആദ്യ ക്ലാസ് എടുത്തു. ദുരന്തങ്ങളും നേതൃത്വത്തിന്റെ വെല്ലുവിളികളും, മന്ത്രിമാർ വകുപ്പുകളുടെ നേതാക്കൾ എന്നീവയിലും ആദ്യദിവസം മന്ത്രിമാർക്ക് പരിശീലനം ലഭിച്ചു. മൂന്നു ദിവസത്തെ പരിശീലനത്തിൽ 10 സെഷനുകളാണുള്ളത്.

ഭരണസംവിധാനത്തെക്കുറിച്ച് കൂടുതൽ അറിയുക, ദുരന്തവേളകളിൽ നേതൃത്വം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ, മന്ത്രിയെന്ന ടീം ലീഡർ തുടങ്ങിയ സെഷനുകളായിരുന്നു ആദ്യ ദിനം.

ദുരന്തനിവാരണ വേളകളിലെ വെല്ലുവിളികളെക്കുറിച്ച് യു.എൻ ദുരന്ത ലഘൂകരണ വിഭാഗം ചീഫ് ഡോ. മുരളി തുമ്മാരുകുടിയാണ് ക്ലാസെടുത്തത്. ഒരു ടീമിനെ നയിക്കുന്നത് സംബന്ധിച്ചാണ് ഐ.ഐ.എം മുൻ പ്രഫസറും മാനേജീരിയൽ കമ്യൂണിക്കേഷൻ കൺസൾട്ടന്റുമായ പ്രഫ. മാത്തുക്കുട്ടി എം. മോനിപ്പള്ളി ക്ലാസ് എടുത്തത്.

21ന് രാവിലെ ആദ്യ സെഷനിൽ പദ്ധതികൾ നടപ്പാക്കുന്നതിലെ വെല്ലുവിളികളെക്കുറിച്ച് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് സംസാരിക്കും. മന്ത്രിമാരുടെ ഉയർന്ന പ്രകടനത്തെ സംബന്ധിച്ച് ഇൻഫോസിസ് സഹ സ്ഥാപകൻ എസ്.ഡി. ഷിബുലാൽ ഓൺലൈനിൽ സംവദിക്കും.

ഫണ്ടിങ് ഏജൻസികളെക്കുറിച്ചും പദ്ധതി ഘടനകളെക്കുറിച്ചും ലോകബാങ്ക് മുഖ്യ മൂല്യനിർണയ വിദഗ്ധയും സംസ്ഥാന സർക്കാറിന്റെ മുൻ ജെൻഡർ ഉപദേശകയുമായ ഡോ. ഗീതാഗോപാൽ സംസാരിക്കും. മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് ഐ.എം.ജി ഡയറക്ടർ കെ. ജയകുമാർ വിശദമാക്കുക.

മാറ്റത്തിനുള്ള ഉപകരണമെന്ന നിലയിൽ ഇ ഗവേണൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് 22ന് രാവിലെ നടക്കുന്ന സെഷനിൽ കേരള യൂനിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നവേഷൻ ആൻഡ് ടെക്നോളജി വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ് സംസാരിക്കും.

മികച്ച ഫലം ലഭിക്കുന്നതിനായി പ്രചോദനത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് മുൻ കേന്ദ്ര സെക്രട്ടറി അനിൽ സ്വരൂപാണ് ആശയവിനിമയം നടത്തുന്നത്. സമൂഹ മാധ്യമങ്ങളിലെ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും പുതിയ സാധ്യതകളുമെന്ന വിഷയത്തെക്കുറിച്ച് സിറ്റിസൺ ഡിജിറ്റൽ ഫൗണ്ടേഷൻ സ്ഥാപകരായ നിധി സുധനും വിജേഷ് റാമും അവതരിപ്പിക്കുന്ന സെഷനോടെ പരിശീലന പരിപാടി സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP