Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202307Wednesday

കിഫ്ബി കേസിൽ സർവശക്തരായ ഇഡിക്ക് അടി തെറ്റുന്നു; ആർബിഐ സത്യവാങ്മൂലം നൽകിയതോടെ എൻഒസി നേടിയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് വ്യക്തം; ഇനി എന്താണ് ഇഡിയുടെ പരിപാടി; ഇവിടെ ആരും കുനിഞ്ഞുതരില്ലെന്ന് മനസ്സിലാക്കട്ടെ എന്ന് തോമസ് ഐസക്

കിഫ്ബി കേസിൽ സർവശക്തരായ ഇഡിക്ക് അടി തെറ്റുന്നു; ആർബിഐ സത്യവാങ്മൂലം നൽകിയതോടെ എൻഒസി നേടിയാണ് മസാല ബോണ്ട് ഇറക്കിയതെന്ന് വ്യക്തം; ഇനി എന്താണ് ഇഡിയുടെ പരിപാടി; ഇവിടെ ആരും കുനിഞ്ഞുതരില്ലെന്ന് മനസ്സിലാക്കട്ടെ എന്ന് തോമസ് ഐസക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബി കേസിൽ ഇഡിക്ക് അടി തെറ്റുകയാണെന്ന് മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. റിസർവ് ബാങ്ക് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചതോടെ. കിഫ്ബി, ആർബിഐ ചട്ടപ്രകാരം നൽകിയ എൻഒസി അനുസരിച്ചാണ് മസാല ബോണ്ട് വഴി പണം സമാഹരിച്ചതെന്ന് വ്യക്തമായി. മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകൾ കൃത്യമായി നൽകുന്നുണ്ട് എന്ന് ആർബിഐ വ്യക്തമാക്കി.

ആർബിഐ കാര്യം വ്യക്തമാക്കിയതോടെ ഇനി എന്താണ് ഇഡിയുടെ നീക്കം എന്നു നോക്കാമെന്ന് ഐസക് ഫേസ്‌ബുക്കിൽ കുറിച്ചു. 'കോടതി ഒരു സുപ്രധാന കാര്യം ഇഡിയോടു ചോദിച്ചിരുന്നു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ എടുത്തിട്ടുണ്ടോ?. അവരെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ?. പലവട്ടം കോടതി ചോദിച്ചിട്ടും മിണ്ടിയിട്ടില്ല. അതു പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്. എന്താണ് പറയുക എന്നു നോക്കാം. അപ്പോൾ പലയിടത്തും നടത്തുന്ന പയറ്റ് അത്ര ഫലിക്കില്ല. ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നതു ഇഡി മനസിലാക്കട്ടെ'.

തോമസ് ഐസക്കിന്റെ പോസ്റ്റ്:

കിഫ്ബി കേസിൽ സർവശക്തരായ ഇഡിക്ക് അടി തെറ്റുകയാണ്. മസാല ബോണ്ട് നിയമ വിരുദ്ധമാണ് എന്നു പറഞ്ഞാണല്ലോ ഈ ധനകാര്യ സ്ഥാപനത്തെ ഞെരുക്കി ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ തുനിഞ്ഞിറങ്ങിയത്. കഴിഞ്ഞ രണ്ടു കൊല്ലമായി കിഫ്ബിയുടെ വിശ്വാസ്യത ഇല്ലാതാക്കാനാണ് ഈ ഏജൻസികൾ ശ്രമിക്കുന്നത്. ആദ്യം ഓഡിറ്റ് സംബന്ധിച്ച വിവാദം. പിന്നെ ആദായ നികുതി. ഒടുവിലാണ് കേന്ദ്രം വജ്രായുധം ഇറക്കിയത്. ഇഡി എന്ന കുപ്രസിദ്ധ അന്വേഷണ എജൻസിയെ ഇറക്കി കിഫ്ബിയെ പൂട്ടാനുള്ള ശ്രമം.

ഉദ്യോഗസ്ഥരെ നിരന്തരം സമ്മർദത്തിലാക്കുക, ഒരേ രേഖകൾ വീണ്ടും ആവശ്യപ്പെടുക, അന്വേഷണം എന്ന പേരിൽ സംശയ നിഴൽ നിരന്തരം നിലനിർത്തുക എന്ന തീർത്തൂം ഗൂഢമായ ശ്രമം. ഇതിങ്ങനെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു എന്ന അവസ്ഥയിലാണ് കേരള ഹൈക്കോടതിയെ സമീപിക്കുന്നത്.

ഇഡിയുടേത് രാഷ്ട്രീയക്കളിയാണ് എന്നു തെളിയിക്കുന്നതായിരുന്നു എനിക്കെതിരെയുള്ള സമൻസ്. മന്ത്രിയായിരുന്ന കാലത്ത് ഔദ്യോഗിക പദവിയുടെ ഭാഗമായി കിഫ്ബി വൈസ് ചെയർമാനായിരുന്ന ഞാൻ സകലമാന കണക്കും കൊണ്ടു ചെല്ലാനായിരുന്നു ഇവരുടെ ഉത്തരവ്. പിന്നീട് അതുമാറ്റി മറ്റൊന്ന് തന്നു. കുടുംബാംഗങ്ങളുടെയും മന്ത്രിയായിരിക്കെ ഡയറക്ടർ ആയ കമ്പനികളുടെ കണക്കുകളും മറ്റും കൊണ്ടു ചെല്ലണം. കിഫ്ബിയും ഹൈക്കോടതിയെ സമീപിച്ചു.

കോടതി സമൻസ് തുടർ നടപടികൾ സ്റ്റേ ചെയ്തു. മറുപടി സമർപ്പിക്കാൻ തന്നെ മാസങ്ങൾ വേണ്ടി വന്നു. ഒടുവിൽ കോടതി ഒന്നു കടുപ്പിച്ചപ്പോൾ മറുപടി കൊടുത്തു. മസാല ബോണ്ട് പണം നിഷിദ്ധമായ മേഖലകളിൽ മുടക്കുന്നുണ്ട് എന്നതായി അന്വേഷണ വിഷയം. അപ്പോൾ ഞങ്ങൾ പറഞ്ഞു, ആർബിഐ നിഷ്‌കർഷിക്കുന്ന പ്രതിമാസ സ്റ്റേറ്റ്‌മെന്റ് കൃത്യമായി കൊടുക്കുന്നുണ്ട്. ഇഡിക്കും നേരത്തെ കൊടുത്തിട്ടുണ്ട്.

മസാല ബോണ്ട് പണം ആർക്ക്, എന്തിന് കൊടുത്തു, ഏതു ബാങ്ക് അക്കൗണ്ടിൽ നിന്നും ആരുടെ ബാങ്ക് അക്കൗണ്ടിലേക്കു നൽകി, ഇതെല്ലാമുള്ള നിശ്ചിത ഫോറത്തിലുള്ള, ആർബിഐ നിഷ്‌കർഷിക്കും വിധം സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്‌മെന്റ് ആണ് കൊടുക്കുന്നത്. ഒരു തർക്കവും ആരും പറഞ്ഞിട്ടില്ല. ഇനി ഇതു തന്നെ ഇഡിക്കും കൊടുത്തല്ലോ?. അവർ എന്തെങ്കിലും കണ്ടു പിടിച്ചോ?, ഇല്ല. വീണ്ടും അതു കോടതിയിലും സമർപ്പിച്ചു. ഈ ഘട്ടത്തിലാണ് കോടതി ആർബിഐയെ സ്വമേധയാ കക്ഷിചേർത്തത്. മാസം മൂന്നു നാലായി. ഇപ്പോഴാണ് സത്യവാങ്മൂലം വന്നത്.

രണ്ടു കാര്യങ്ങൾ വ്യക്തമായി. ഒന്ന്, കിഫ്ബി, ആർബിഐ ചട്ടപ്രകാരം നൽകിയ എൻഒസി അനുസരിച്ചാണ് മസാല ബോണ്ട് വഴി പണം സമാഹരിച്ചത്. അതിനു ലോൺ റജിസ്‌ട്രേഷൻ നമ്പർ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. രണ്ടാമത്തേത് മുകളിൽ പറഞ്ഞ സ്റ്റേറ്റ്‌മെന്റ് സംബന്ധിച്ചാണ്. ഇസിബി2 എന്ന ഫോമിൽ മസാല ബോണ്ട് വഴി സമാഹരിച്ച പണത്തിന്റെ വിനിയോഗം സംബന്ധിച്ച കണക്കുകൾ കൃത്യമായി നൽകുന്നുണ്ട് എന്ന് ആർബിഐ വ്യക്തമാക്കി. മസാല ബോണ്ട് ഇറക്കുന്ന സമയത്തെ വിദേശ വാണിജ്യ വായ്പ നടപടിക്രമം അനുസരിച്ച് ഈ പണത്തിന്റെ വിനിയോഗം ചട്ടം പാലിച്ചാണോ എന്നതടക്കം ബന്ധപ്പെട്ട ബാങ്ക് സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ്‌മെന്റാണ് ഇസിബി2.

അപ്പോൾ ആർബിഐ കാര്യം വ്യക്തമാക്കിയിരിക്കുന്നു. ഇനി എന്താണ് ഇഡിയുടെ നീക്കം എന്നു നോക്കാം. കോടതി ഒരു സുപ്രധാന കാര്യം ഇഡിയോടു ചോദിച്ചിരുന്നു. മസാല ബോണ്ട് ഇറക്കി രാജ്യത്ത് മറ്റേതെങ്കിലും സ്ഥാപനം വായ്പ എടുത്തിട്ടുണ്ടോ?. അവരെക്കുറിച്ച് നിങ്ങൾ എന്തെങ്കിലും അന്വേഷണം നടത്തുന്നുണ്ടോ?. പലവട്ടം കോടതി ചോദിച്ചിട്ടും മിണ്ടിയിട്ടില്ല. അതു പറയുക തന്നെ വേണം എന്നു കോടതി പറഞ്ഞിട്ടുമുണ്ട്. എന്താണ് പറയുക എന്നു നോക്കാം. അപ്പോൾ പലയിടത്തും നടത്തുന്ന പയറ്റ് അത്ര ഫലിക്കില്ല. ഇവിടെ ആരും അങ്ങനെ കുനിഞ്ഞു തരില്ല എന്നതു ഇഡി മനസിലാക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP