Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണ്; ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെ നിന്ന് കണ്ടുപിടിക്കാനാവില്ല; കിഫ്ബി മസാല ബോണ്ട് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് ആർബിഐ വ്യക്തമാക്കി; ഇതോടെ ഇഡിക്ക് വയറു നിറഞ്ഞു കാണുമോ ആവോ? ഇഡിയുടെ ഉന്നം സർക്കാരിനെ തകർക്കലാണെന്നും നമുക്ക് നോക്കാമെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പോസ്റ്റ്

കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണ്; ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെ നിന്ന് കണ്ടുപിടിക്കാനാവില്ല;  കിഫ്ബി മസാല ബോണ്ട് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് ആർബിഐ വ്യക്തമാക്കി; ഇതോടെ ഇഡിക്ക് വയറു നിറഞ്ഞു കാണുമോ ആവോ? ഇഡിയുടെ ഉന്നം സർക്കാരിനെ തകർക്കലാണെന്നും നമുക്ക് നോക്കാമെന്നും ധനമന്ത്രി തോമസ് ഐസക്കിന്റെ പോസ്റ്റ്

മറുനാടൻ ഡെസ്‌ക്‌

 തിരുവനന്തപുരം: കിഫ്ബിക്ക് എതിരെയുള്ള ആരോപണങ്ങളെ പ്രതിരോധിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ വിമർശിച്ചും ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. 'സംസ്ഥാനസർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇഡി ലക്ഷ്യം വെയ്ക്കുകയാണ് എന്നത് വ്യക്തമാണ്'. ഉന്നം സർക്കാരിനെ തകർക്കലാണെന്നും ഐസക് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു. കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണെന്നും ഒരു ചുക്കും സംഭവിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രിയുടെ  ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കിഫ്ബി മസാല ബോണ്ട് അനുമതി നൽകിയത് ചട്ടം പാലിച്ചാണെന്ന് ആർബിഐ വ്യക്തമാക്കിയിരിക്കുന്നു. ഇതോടെ, ഇഡിക്ക് വയറു നിറഞ്ഞു കാണുമോ ആവോ? കിഫ്ബിയുടെ പിന്നാലെ റഡാറുമായി ഇറങ്ങിയിട്ടുണ്ടെന്ന് പത്രപ്പരസ്യം ചെയ്തവർക്കുള്ള മറുപടിയാണ് യഥാർത്ഥത്തിൽ റിസർവ് ബാങ്ക് പറഞ്ഞത്.

വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെത്തന്നെയാണ് കിഫ്ബി മസാലബോണ്ടു സ്വീകരിച്ചത്. ലോണെടുത്ത ശേഷവും വിനിയോഗം സംബന്ധിച്ച് റിസർവ് ബാങ്കിനെ യഥാസമയം അറിയിച്ചിട്ടുണ്ട്. ഒരുകാര്യവും അവരിൽ നിന്നോ മറ്റാരിലെങ്കിലും നിന്നോ മറച്ചുവെച്ചിട്ടില്ല. റഡാറുമെടുത്ത് മഷിനോട്ടത്തിനിറങ്ങിയ ഇഡി ചങ്ങാതിമാർ അതു മനസിലാക്കണം. ഇവിടെ നിയമവിരുദ്ധമായി ആരും ഒന്നും ചെയ്തിട്ടില്ല.

നിങ്ങൾ ചുരുക്കി മനസിലാക്കേണ്ടത് ഇത്രയുമാണ്. ഫെമ നിയമം നടപ്പാക്കുന്നതിന് ആർബിഐയെയാണ് നിയമം അധികാരപ്പെടുത്തിയിരിക്കുന്നത്. കോർപ്പറേറ്റ് ബോഡികൾക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടെന്ന് ആർബിഐയ്ക്ക് ബോധ്യമായതുകൊണ്ടാണ് അവർ അനുമതി തന്നത്.

ആക്‌സിസ് ബാങ്ക് വഴി സമീപിച്ചുകൊണ്ട് ആർബിഐയെ കിഫ്ബി തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്ന വാദവുമായി ചിലർ ഇറങ്ങിയിട്ടുണ്ട്. കിഫ്ബിക്ക് എന്നല്ല, ഒരു സ്ഥാപനത്തിനും നേരിട്ട് ആർബിഐയ്ക്ക് വിദേശ വായ്പയെടുക്കാൻ അപേക്ഷ സമർപ്പിക്കാനാവില്ല. ആർബിഐയുടെ ഓതറൈസ്ഡ് ഡീലർ വഴിയേ പറ്റൂ. അങ്ങനെയൊരു അംഗീകൃത ഡീലറാണ് ആക്‌സിസ് ബാങ്ക്. ടെൻഡറിലൂടെയാണ് അവരെ കിഫ്ബി തെരഞ്ഞെടുത്തതാണ്. ആർബിഐയുടെ എൻഒസി ലഭിച്ചത് ജൂൺ 1 ന്.

ആർബിഐയുടേത് തന്നത് എൻഒസി അല്ലേ, അപ്രൂവൽ അല്ലല്ലോ എന്നും കുത്തിത്തിരിപ്പു നടത്താൻ ശ്രമമുണ്ട്. അതിലും കാര്യമില്ല. ആർബിഐ അപ്രൂവൽ തരുന്നത് എൻഒസിയുടെ രൂപത്തിലാണ്. ഈ എൻഒസി ക്രെഡിറ്റ് റേറ്റിംഗിനും മറ്റുള്ള കാര്യങ്ങളിലും സർട്ടിഫിക്കറ്റായി എടുക്കാൻ പാടില്ലായെന്നാണ് അവസാന പാരഗ്രാഫിൽ പറയുന്നത്. കിഫ്ബി ബോണ്ടുകളുടെ വായ്പായോഗ്യതയെക്കുറിച്ച് ആർബിഐയ്ക്ക് ഉത്തരവാദിത്വമില്ലായെന്ന് വ്യക്തമാക്കുകയാണ് ഈ ഡിസ്‌ക്ലൈമറിലൂടെ ചെയ്യുന്നത്. അതുറപ്പു വരുത്തേണ്ടത് നിക്ഷേപകരാണ്. അവർക്കുള്ള ഓഫറിങ് ലെറ്ററിലാണ് വിശദാംശങ്ങൾ കിഫ്ബി ലഭ്യമാക്കിയിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടാണ് നിക്ഷേപകർ വായ്പ നൽകുന്നത്. ഈ സാങ്കേതികത്വമൊന്നും അറിയാത്തവരാണ് എൻഒസിയെന്നാൽ അപ്രൂവൽ അല്ല എന്ന് അലമുറയിടുന്നത്.

ഇനി, വിദേശവായ്പയ്ക്ക് ആർബിഐയുടെ എൻഒസി മാത്രം പോര. ലോൺ രജിസ്‌ട്രേഷൻ നമ്പർ ആർബിഐ അനുവദിക്കണം. ഇതിനുള്ള അപേക്ഷ നൽകിയത് 2019 മാർച്ച് 20നാണ്. മാർച്ച് 22ന് രജിസ്‌ട്രേഷൻ നമ്പരും ലഭിച്ചു. മാർച്ച് 29ന് ലണ്ടൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ മസാലബോണ്ട് ലിസ്റ്റും ചെയ്തു.

കിഫ്ബി വായ്പയ്ക്ക് സർക്കാർ ഗ്യാരണ്ടി നിൽക്കുന്നകാര്യം ആർബിഐയിൽ നിന്നും മറച്ചുവച്ചു എന്നും ആരോപിക്കുന്നവരുണ്ട്. ഒന്നും ആർബിഐയിൽ നിന്നും മറച്ചുവച്ചിട്ടില്ല. 2019 മാർച്ച് 20ന് ലോൺ രജിസ്‌ട്രേഷൻ നന്പർ ആവശ്യപ്പെട്ടുകൊണ്ട് നൽകിയ കത്തിൽ വായ്പ സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമാക്കിയിരുന്നു. ആ ഫോമിൽ സർക്കാർ ഗ്യാരണ്ടിയെ സംബന്ധിച്ച് കൃത്യമായ ഒരു കോളം ഉണ്ട്. അവിടെ അതു സംബന്ധിച്ച വിവരം രേഖപ്പെടുത്തി നൽകിയിട്ടുണ്ട്.

ഇത്രയും കത്തിടപാടുകൾ ആർബിഐയുമായി നടത്തിയതിനുശേഷമാണ് 2019 മാർച്ച് 22ന് മസാലബോണ്ട് ഇറക്കാനുള്ള ലോൺ രജിസ്‌ട്രേഷൻ നമ്പർ ലഭിച്ചത്. ഈ ഘട്ടങ്ങളിലൊന്നിലും കിഫ്ബിക്ക് വിദേശ വായ്പയെടുക്കാനുള്ള അവകാശമുണ്ടോയെന്ന് ഒരിക്കൽപ്പോലും സംശയമുണ്ടായിട്ടില്ല.

മാത്രമല്ല, വായ്പ എടുത്തതിനുശേഷം ഓരോ മാസാവസാനവും മസാലബോണ്ട് വഴി എടുത്ത തുക എങ്ങനെയെല്ലാമാണ് ചെലവഴിച്ചത്, ഇനി ചെലവഴിക്കാൻ ബാക്കി എത്രയുണ്ട് എന്നൊക്കെയുള്ള കൃത്യമായ റിപ്പോർട്ട് ആർബിഐയ്ക്ക് കിഫ്ബി നൽകണം. നൽകിയിട്ടുണ്ട്. ഒരു ഘട്ടത്തിലും ആർബിഐ വായ്പയെടുക്കാനുള്ള കിഫ്ബിയുടെ അവകാശത്തെക്കുറിച്ച് ഒരു സംശയവും പ്രകടിപ്പിച്ചിട്ടില്ല.

അതുകൊണ്ട് ആദ്യം പറഞ്ഞത് വീണ്ടും ആവർത്തിക്കുന്നു. കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതേയാണ്. ക്രമക്കേടും നിയമലംഘനവുമൊന്നും അവിടെ നിന്ന് കണ്ടുപിടിക്കാനാവില്ല. പിന്നെയുള്ളത് വ്യാഖ്യാന സാധ്യതകളാണ്. സി ആൻഡ് എജി നടത്തിയതുപോലുള്ള അസംബന്ധങ്ങൾ എഴുതിക്കൂട്ടാം. വാട്‌സാപ്പ് വഴി സന്ദേശമയച്ച് വാർത്തയുണ്ടാക്കാം. അതിനപ്പുറം ഒരു ചുക്കും സംഭവിക്കില്ല.

ഏതായാലും, സംസ്ഥാനസർക്കാരിന്റെ ധനകാര്യസ്ഥാപനങ്ങളെ ഇഡി ലക്ഷ്യം വെയ്ക്കുകയാണ് എന്നത് വ്യക്തമാണ്. ഉന്നം സർക്കാരിനെ തകർക്കലാണ്. നമുക്കു നോക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP