Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202128Sunday

കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല

കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇത് തോമസ് ഐസക്കിന്റെ അവസാന ബജറ്റോ? തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് തോമസ് ഐസക് തൽകാലം ഇടവേള നൽകും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറ്റുമുട്ടാൻ താൽപ്പര്യമില്ലാത്തതു കൊണ്ടാണ് ഇത്. ഐസക്കിന് വീണ്ടും മത്സരിക്കാൻ സീറ്റ് നൽകാതിരിക്കാനാണ് തീരുമാനം.ഇത് മനസ്സിലാക്കി മന്ത്രി തോമസ് ഐസക് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ നിന്ന് സ്വയം മാറി നിൽക്കും.

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ 20 വർഷം നീണ്ട കാലയളവാണെന്നും വീണ്ടും മത്സരിക്കണോയെന്നതു പാർട്ടിയാണു തീരുമാനിക്കേണ്ടതെന്നും തോമസ് ഐസക് പറഞ്ഞു. ''പാർട്ടി പറയട്ടെ. എന്നോട് ചോദിച്ചിട്ടല്ലല്ലോ എന്നെ എംഎൽഎ ആക്കാനും മന്ത്രിയാക്കാനും പാർട്ടി തീരുമാനിച്ചത്. മൊത്തത്തിലുള്ള സ്ഥിതിഗതികൾ കണക്കിലെടുത്ത് ഉചിതമായ തീരുമാനം പാർട്ടിയെടുക്കും. വിരക്തിയൊന്നുമില്ലെങ്കിലും 20 വർഷമെന്നത് ചെറിയ കാലമല്ല'' - തോമസ് ഐസക് നിലപാട് വ്യക്തമാക്കുകയാണ്. സുധാകരനുമായി ഒത്തുതീർപ്പുണ്ടാക്കി മത്സരത്തിനില്ലെന്ന് തന്നെയാണ് ഐസക് പറഞ്ഞു വയ്ക്കുന്നത്.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതും കിഫ്ബി പദ്ധതികളുടെ തുടർച്ചയും പരിഗണിച്ച് തുടർഭരണ പ്രതീക്ഷയിൽ ധനകാര്യം നോക്കാൻ തോമസ് ഐസക് തന്നെ വേണം എന്നു പറയുന്നവരും ഉണ്ട്. എന്നാൽ പിണറായിക്ക് അതിനോട് താൽപ്പര്യമില്ല. പാർട്ടി തീരുമാനങ്ങൾ പിണറായി ഏകപക്ഷീയമായി തീരുമാനിക്കും എന്നതിനാൽ ഐസകിന് കാര്യങ്ങൾ അനുകൂലമല്ല. ഇതു മനസ്സിലാക്കിയാണ് സ്വയം മാറാനുള്ള തീരുമാനം. ഐസക്കില്ലെങ്കിൽ ആലപ്പുഴയിലാര് എന്ന ചർച്ചകളും ഇതോടെ സജീവമായി. 31,032 വോട്ടുകളുടെ ഭൂരിപക്ഷമുള്ള ആലപ്പുഴയിൽ പുതുമുഖത്തിന് അവസരം ലഭിച്ചേക്കും.

സിപിഎം മന്ത്രിമാരിൽ ജെ.മെഴ്സിക്കുട്ടിയമ്മ, സി.രവീന്ദ്രനാഥ്, കടകംപള്ളി സുരേന്ദ്രൻ എന്നീ മന്ത്രിമാർ ഉറപ്പായും മത്സരിക്കും. ഇപി ജയരാജനും അവസരം കിട്ടും. എസി മൊയ്തീനും മത്സരിക്കാൻ സാധ്യത കുറവാണെന്ന വിലയിരുത്തലുണ്ട്. എന്നാൽ തൃശൂരിലെ പ്രത്യേക സാഹചര്യം മൊയ്തീനും സീറ്റ് നൽകുമെന്നാണ് വിലയിരുത്തൽ. മുതിർന്ന നേതാവായ ആനത്തലവട്ടം ആനന്ദനും മത്സരിക്കാൻ ആഗ്രഹമുണ്ട്. എംഎ ബേബിയും പട്ടികയിൽ ഇടം നേടാൻ സാധ്യത ഏറെയാണ്.

ജി.സുധാകരൻ അമ്പലപ്പുഴയിൽ വീണ്ടും മത്സരിക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തലുണ്ട്. കായംകുളത്തേക്കു മാറി മത്സരിക്കുമെന്ന അഭ്യൂഹമുണ്ടെങ്കിലും അത് നിഷേധിച്ചിരുന്നു. രണ്ട് തവണയിൽ കൂടുതൽ സുധാകരൻ തുടർച്ചയായി എംഎൽഎയായി. ഇനി മത്സരിക്കാൻ താൽപര്യമില്ലെന്നും പാർട്ടി പ്രവർത്തനത്തിൽ പൂർണമായി മുഴുകാനാണു താൽപര്യമെന്നും സുധാകരൻ പറയുന്നു. തുടർച്ചയായി 2 തവണ ജയിച്ചവരെ ഒഴിവാക്കണമെന്ന നിബന്ധനയാണ് സിപിഎമ്മിനുള്ളത്. സുധാകരൻ ഇതിനകം 7 തവണ മത്സരിച്ചു; 3 തവണ തോറ്റു. 2 തവണ മന്ത്രിയായ തോമസ് ഐസക് ആലപ്പുഴയിൽ 4 തവണ മത്സരിച്ചു കഴിഞ്ഞു.

തോമസ് ഐസക്കും സുധാകരനും രണ്ടു ചേരിയിലാണ്. ഐസക്കിനോട് പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്. സുധാകരനെ മാറ്റി നിർത്തുന്നതിനൊപ്പം ഐസക്കിനേയും മാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം. ഇതോടെ തുടർഭരണം കിട്ടിയാലും ഐസക്കിനെ മന്ത്രിയാക്കേണ്ട സാഹചര്യം ഒഴിവാകും. അതിനിടെ ഇതിനകം 4 തവണ മത്സരിക്കുകയും 2 തവണ മന്ത്രിയാകുകയും ചെയ്ത എ.കെ. ബാലൻ സംഘടനാരംഗത്തേക്ക് മാറുമെന്ന സൂചനകൾ ശക്തമാണ്. അനാരോഗ്യം കാരണം മന്ത്രി എം.എം. മണി ഉടുമ്പൻചോല മണ്ഡലത്തിൽ മത്സരിക്കാൻ ഇടയില്ലെന്ന് സൂചന. ശാരീരിക പ്രയാസങ്ങളാണ് കാരണം.

പുതിയ കക്ഷികൾ എൽഡിഎഫിലേക്കു വന്നതിന്റെ ഭാഗമായി കെ.കെ. ശൈലജയും മന്ത്രി ടി.പി രാമകൃഷ്ണനും മണ്ഡലം മാറുമോ എന്ന ചർച്ചയും സജീവമാണ്. ശൈലജയുടെ സിറ്റിങ് സീറ്റായ കൂത്തുപറമ്പ് എൽഡിഎഫിലേക്ക് തിരിച്ചുവന്ന എൽജെഡി നേരത്തെ മത്സരിച്ചിരുന്ന സീറ്റാണ്. കെ.പി. മോഹനന് വേണ്ടി ആ സീറ്റ് അവർ ചോദിക്കാനാണ് സാധ്യത. യുഡിഎഫിലായിയിരിക്കെ, 1977 മുതൽ കേരള കോൺഗ്രസ് (എം) മത്സരിച്ച മണ്ഡലമാണ് പേരാമ്പ്ര. ടി.പി രാമകൃഷ്ണന്റെ സിറ്റിങ് സീറ്റ് എന്ന നിലയിൽ പേരാമ്പ്ര വിട്ടുകൊടുത്താൽ പകരം തിരുവമ്പാടി കേരള കോൺഗ്രസ് ചോദിക്കും.

സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, കെ.ടി.ജലീൽ എന്നിവരെ മത്സരിപ്പിക്കണമെന്നാണ് പിണറായിയുടെ താൽപ്പര്യം. സിപിഎം കേന്ദ്ര നേതൃത്വം കൂടി ആലോചിച്ചെടുക്കാനാണു സാധ്യത. ജയസാധ്യത, സ്ഥാനാർത്ഥിത്വം മറ്റു മണ്ഡലങ്ങളെ ബാധിക്കുമോ എന്നിവ കണക്കിലെടുക്കും. മലപ്പുറത്ത് രണ്ടു പേർക്കും ജയസാധ്യതയുണ്ടെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഇവർ മാറിയാൽ രണ്ട് സീറ്റുകൾ നഷ്ടമാകാനും സാധ്യതയുണ്ട്. ഇത് കണക്കിലെടുത്താണ് ഇവരെ മത്സരിപ്പിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP