Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിഭാഗീയതയുടെ പേരിൽ പാർട്ടി വിട്ടവരും പുറത്താക്കിയവരുമായ സഖാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി തെറി വിളിയും ഭീഷണിയും; പുറത്താക്കിയവരെ തിരിച്ചെടുത്താൽ പാർട്ടി വിട്ടു പോകുമെന്ന് ഏര്യാകമ്മറ്റി അംഗം; പൊട്ടിത്തെറിച്ചത് ഏര്യാ സെക്രട്ടറിക്ക് മുമ്പിൽ; തിരുവല്ലയിലെ സിപിഎമ്മിൽ വീണ്ടും വിവാദം

വിഭാഗീയതയുടെ പേരിൽ പാർട്ടി വിട്ടവരും പുറത്താക്കിയവരുമായ സഖാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി തെറി വിളിയും ഭീഷണിയും; പുറത്താക്കിയവരെ തിരിച്ചെടുത്താൽ പാർട്ടി വിട്ടു പോകുമെന്ന് ഏര്യാകമ്മറ്റി അംഗം; പൊട്ടിത്തെറിച്ചത് ഏര്യാ സെക്രട്ടറിക്ക് മുമ്പിൽ; തിരുവല്ലയിലെ സിപിഎമ്മിൽ വീണ്ടും വിവാദം

എസ് രാജീവ്

തിരുവല്ല : വിഭാഗീയതയുടെ പേരിൽ പാർട്ടി വിട്ടവരും പുറത്താക്കിയവരുമായ സഖാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി സി പി എം ഏരിയാ കമ്മിറ്റി ഓഫീസിൽ നടന്ന യോഗത്തിനിടെ ഏരിയാ സെക്രട്ടറിക്ക് നരേ ഏരിയാ കമ്മിറ്റിയംഗത്തിന്റെ വക തെറിയഭിഷേകം. യോഗം ബഹിഷ്‌ക്കരിച്ച് നടത്തിയ ഇറങ്ങിപ്പോക്കിനിടെ പാർട്ടി വിട്ടു പോകുമെന്ന ഏരിയാ കമ്മിറ്റിയംഗത്തിന്റെ ഭീഷണിയും.

സി പി എം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിക്ക് നേരെയായിരുന്നു ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ സാന്നിധ്യത്തിൽ ധനമന്ത്രി തോമസ് ഐസക്കിന്റെ ഇഷ്ടക്കാരൻ കൂടിയായ പെരിങ്ങരയിൽ നിന്നുള്ള ഏരിയാ കമ്മിറ്റിയംഗത്തിന്റെ വക അസഭ്യവർഷം. കഴിഞ്ഞ ദിവസം നടന്ന ഏരിയാ കമ്മിറ്റി യോഗത്തിലായിരുന്നു സംഭവ വികാസങ്ങൾ അരങ്ങേറിയത്. വിഭാഗീയതയുടെയും വ്യക്തി താൽപ്പര്യങ്ങളുടെയും പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടവരും പുറത്തു പോയവരുമായ തിരുവല്ല ഏരിയാ കമ്മിറ്റി പരിധിയിൽ ഉൾപ്പെട്ടു 18 പേരെ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരിച്ചെടുക്കണമെന്ന് സംസ്ഥാന സെകട്ടറിയേറ്റ് തീരുമാനമെടുത്തിരുന്നു.

ഈ തീരുമാനം നടപ്പിലാക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് ജില്ലാ കമ്മിറ്റിക്ക് നിർദേശവും നൽകി. ഇത്തരത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും അംഗീകരിച്ച തീരുമാനത്തിനെതിരെയായിരുന്നു ഏരിയാ കമ്മിറ്റിയംഗത്തിന്റെ രോഷപ്രകടനം. പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കാനുള്ള പാർട്ടി തീരുമാനം ഏരിയാ സെക്രട്ടറി യോഗത്തിൽ അറിയിച്ചതോടെ ഏരിയാ കമ്മിറ്റിയംഗം പൊട്ടിത്തെറിക്കുകയായിരുന്നു. ഇരിപ്പിടത്തിൽ നിന്നും ചാടി എഴുന്നേറ്റ് ഏരിയാ സെക്രട്ടറി ഫ്രാൻസിസ് വി ആന്റണിക്ക് നേരേ അസഭ്യവർഷം നടത്തിയ ശേഷം കസേരകൾ തട്ടിമാറ്റി യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. ഇറങ്ങിപ്പോക്കിന് മുമ്പായിരുന്നു താൻ പാർട്ടി വിട്ടു പോകുമെന്ന ഏരിയാ കമ്മിറ്റിയംഗത്തിന്റെ ഭീഷണിയും.

ഏരിയാ കമ്മിറ്റിയംഗത്തിന്റെ വ്യക്തി താൽപര്യ പ്രകാരം പാർട്ടിയിൽ നിന്നും നാലു വർഷം മുമ്പ് പുറത്താക്കിയ ചിലരെ തിരിച്ചെടുക്കുന്നതിനെതിരെ ആയിരുന്നു നേതാവിന്റെ രോഷ പ്രകടനം. തങ്ങളെ അകാരണമായി പാർട്ടിയിൽ നിന്നും പുറത്താക്കുകയായിരുന്നുവെന്നും പാർട്ടിയിൽ തിരികെ എടുക്കണം എന്നും ആവശ്യപ്പെട്ട് പുറത്താക്കപ്പെട്ടവർ സംസ്ഥാന സെക്രട്ടറിയറ്റിന് പരാതികൾ നൽകിയിരുന്നു. ഈ പരാതികൾ പരിശോധിച്ച സംസ്ഥാന സെക്രട്ടറിയേറ്റിന് പരാതികളിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് പുറത്താക്കപ്പെട്ടവരെ തിരിച്ചെടുക്കാൻ പാർട്ടി തീരുമാനിച്ചത്.

ഏരിയാ കമ്മിറ്റിയംഗം യോഗത്തിൽ നടത്തിയ പ്രകടനങ്ങൾക്ക് പിന്നിൽ തിരുവല്ലയിൽ നിന്നുള്ള ജില്ലാ സെക്രട്ടറിയേറ്റംഗത്തിന്റെ പിന്തുണ ഉള്ളതായും പാർട്ടിക്കുള്ളിൽ സംസാരമുയരുന്നുണ്ട്. പാർട്ടി ചട്ടം ലംഘിച്ച് ഏരിയാ സെക്രട്ടറിയെ പരസ്യമായി അപമാനിച്ച ഏരിയാ കമ്മിറ്റിയംഗത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകണമെന്ന ആവശ്യവും പാർട്ടിക്കുള്ളിൽ ശക്തമാണ്. കഴിഞ്ഞ ഏരിയാ സമ്മേളന വേളയിൽ ഏരിയാ കമ്മിറ്റി പിടിച്ചടക്കാൻ ജില്ലാ സെക്രട്ടറിയേറ്റംഗവും ഏരിയാ കമ്മിറ്റിയംഗവും ചേർന്ന് നടത്തിയ ഗൂഢ നീക്കങ്ങൾ ഏറെ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP