Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇവിടെ നമുക്ക് മണ്ണിന്റെ പുത്രനുണ്ട്... കുമ്മനം; സത്യസന്ധനായ ലളിത ജീവിതത്തിന് ഉടമയായ പൊങ്ങച്ചക്കാരനല്ലാത്ത അഴിമതിക്കറ പുരളാത്ത സാമൂഹിക പ്രവർത്തകൻ; ബാങ്ക് ബാലൻസും കമ്മി; ഇനി തിരുവനന്തപുരത്തെ കുമ്മനം നയിക്കട്ടേയെന്ന് ടിപി ശ്രീനിവാസൻ; പുറത്തു നിന്നുള്ള തരൂരിന് കേരളാ രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും വിശദീകരണം; എന്തുകൊണ്ട് മോദിക്കൊപ്പം വേദി പങ്കിട്ടെന്ന് വിശദീകരിച്ച് മുൻ അംബാസിഡറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റും; തരൂരിനെ കൈവിട്ടത് കന്നിയങ്കത്തിൽ ഒപ്പം നിന്ന 2009ലെ തോഴൻ

ഇവിടെ നമുക്ക് മണ്ണിന്റെ പുത്രനുണ്ട്... കുമ്മനം; സത്യസന്ധനായ ലളിത ജീവിതത്തിന് ഉടമയായ പൊങ്ങച്ചക്കാരനല്ലാത്ത അഴിമതിക്കറ പുരളാത്ത സാമൂഹിക പ്രവർത്തകൻ; ബാങ്ക് ബാലൻസും കമ്മി; ഇനി തിരുവനന്തപുരത്തെ കുമ്മനം നയിക്കട്ടേയെന്ന് ടിപി ശ്രീനിവാസൻ; പുറത്തു നിന്നുള്ള തരൂരിന് കേരളാ രാഷ്ട്രീയത്തിൽ സ്ഥാനമില്ലെന്നും വിശദീകരണം; എന്തുകൊണ്ട് മോദിക്കൊപ്പം വേദി പങ്കിട്ടെന്ന് വിശദീകരിച്ച് മുൻ അംബാസിഡറുടെ ഫെയ്‌സ് ബുക്ക് പോസ്റ്റും; തരൂരിനെ കൈവിട്ടത് കന്നിയങ്കത്തിൽ ഒപ്പം നിന്ന 2009ലെ തോഴൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്തെ സിറ്റിങ് എംപിയും കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ശശി തരൂരിനെ ഞെട്ടിച്ച് നയതന്ത്ര വിദഗ്ധനും മുൻ അംബാസിഡറുമായ ടിപി ശ്രീനിവാസന്റെ പോസ്റ്റ്. ശശി തരൂരിന്റെ അടുത്ത സുഹൃത്തായ ശ്രീനിവാസന്റെ അഭിപ്രായത്തിൽ ശശി തരൂരിനേക്കാൾ തിരുവനന്തപുരത്തിന്റെ എംപിയാകാൻ യോഗ്യൻ ബിജെപിയുടെ കുമ്മനം രാജശേഖരനാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചരണ റാലിയിൽ ശ്രീനിവാസൻ പങ്കെടുത്തിരുന്നു. ഇത് വാർത്തയുമായി. ഇതിന് ശേഷമാണ് എന്തുകൊണ്ട് താൻ ആ പരിപാടിയിൽ പങ്കെടുത്തുവെന്ന് വിശദീകരിച്ച് ഫെയ്‌സ് ബുക്കിൽ ശ്രീനിവാസൻ കുറിപ്പിട്ടത്. തിരുവനന്തപുരത്ത് ഏറെ വ്യക്തിബന്ധങ്ങളുള്ള സുഹൃത്തിന്റെ പോസ്റ്റ് ശശി തരൂരിന് വൻ തിരിച്ചടിയാണെന്നാണ് വിലയിരുത്തൽ.

തിരുവനന്തപുരം എന്നത് എന്റെ ജന്മനാടാണ്. ഇവിടെ പ്രധാനമന്ത്രി എത്തുമ്പോൾ ആദരവ് പ്രകടിപ്പിക്കാനുള്ള ക്ഷണമെന്ന രീതിയിലാണ് പ്രചരണത്തിന് പങ്കെടുത്തതെന്നാണ് ശ്രീനിവാസന്റെ ആദ്യ വിശദീകരണം. ഇതിന് ശേഷമാണ് ശശി തരൂരിനെ വിമർശിക്കുന്ന വാചകങ്ങൾ. തിരുവനന്തപുരത്ത് പാർലമെന്റ് അംഗമെന്ന പദവിയിൽ മാറ്റം അനിവാര്യതയാണ്. അനുഗ്രഹീത എഴുത്തുകാരനും പ്രഭാഷകനുമാണ് ശശി തരൂർ. എന്നാൽ താൻ രാഷ്ട്രീയക്കാരനെന്ന പദവിയിൽ നിന്ന് തരൂർ മാറി കാണാൻ ആഗ്രഹിക്കുന്നു. കേരളത്തിലെ രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് സ്ഥാനമൊന്നുമില്ല. എന്നും അദ്ദേഹം പുറത്തുള്ള ഒരാളാണ്-ഇങ്ങനെയാണ് ശ്രീനിവാസൻ കാര്യങ്ങൾ വിശദീകരിക്കുന്നത്. ഇതിനൊപ്പം എന്തുകൊണ്ട് കുമ്മനത്തെ പിന്തുണയ്ക്കുന്നുവെന്നും പറയുന്നു.

ഇവിടെ നമുക്ക് മണ്ണിന്റെ പുത്രനുണ്ട്. കുമ്മനം. സത്യസന്ധനായ ലളിത ജീവിതത്തിന് ഉടമയായ പൊങ്ങച്ചക്കാരനല്ലാത്ത അഴിമതിക്കറ പുരളാത്ത സാമൂഹിക പ്രവർത്തകൻ. ബാങ്ക് ബാലൻസും വലുതല്ല. അതുകൊണ്ട് ഇന്ത്യൻ പാർലമെന്റിൽ കുമ്മനം തിരുവനന്തപുരത്തെ പ്രതിനിധീകരിക്കണമെന്നാണ് ശ്രീനിവാസന്റെ പോസ്റ്റ്. തെരഞ്ഞെടുപ്പ് റാലിയിൽ ക്ഷണിച്ചതിന് ബിജെപിക്ക് നന്ദിയും പറയുന്നുണ്ട്. കുമ്മനത്തിന് നന്മ ആശംസിക്കുന്ന ശ്രീനിവാസൻ. സ്വയം ഭരണാവകാശമുള്ള സ്ഥലമെന്നോണം മറ്റൊരു കോൺഗ്രസുകാരനും ജയിക്കാനുള്ള സാഹചര്യം തിരുവനന്തപുരത്തില്ല. ഇത് മാറണമെന്നും മുൻ അംബാസിഡർ ആവശ്യപ്പെടുന്നു. പിന്തുണ അറിയിച്ച് തന്നെ വിളിച്ചവർക്കും സന്ദേശം അയച്ചവർക്കും നന്ദി പറഞ്ഞാണ് ശ്രീനിവാസൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റിന് താഴെ പിന്തുണ കമന്റുകൾക്കൊപ്പം വിമർശനവും സജീവമാണ്.

തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിജയ് സങ്കൽപ് റാലിയിൽ് ടി പി ശ്രീനിവാസൻ എത്തിയത് വലിയ ചർച്ചയായിരുന്നു. ആദ്യമായാണ് ടി പി ശ്രീനിവാസൻ രാഷ്ട്രീയാഭിമുഖ്യം പ്രഖ്യാപിക്കുന്നത്. യോഗത്തിൽ സംസാരിച്ച ടി പി ശ്രീനിവാസൻ തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന് പിന്തുണ പ്രഖ്യാപിച്ചു. 'അധികാരത്തിൽ പലരെയും കൊണ്ടു വരുമ്പോൾ, അവർ പലരും നേടിത്തരുമെന്ന ആഗ്രഹം നമുക്കുണ്ടാകാറുണ്ട്. എന്നാൽ അത് പലപ്പോഴും നടക്കാറില്ല. അധികാരമോഹം കുമ്മനം രാജശേഖരനില്ല. മിസോറം ഗവർണറോ, തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയോ, ഏത് ചുമതലയും അദ്ദേഹം ഏറ്റെടുക്കും. അതുകൊണ്ടാണ് കുമ്മനം രാജശേഖരന് ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നത്. എന്നെ ഇങ്ങോട്ട് ക്ഷണിച്ച സംഘാടകർക്ക് നന്ദി', ടി പി ശ്രീനിവാസൻ പറഞ്ഞു.

ശശി തരൂർ കഴിഞ്ഞ 10 വർഷം ആയി ഒരു മാറ്റവും കൊണ്ടു വന്നില്ല.ഒരു മാറ്റം ആഗ്രഹിക്കുന്നതുകൊണ്ടാണ് കുമ്മനം രാജശേഖരനെ പിന്തുണയ്ക്കുന്നതെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തിരുന്നു. ഇതിന് പിന്നാലെയാണ് ശശി തരൂരിനെ വെട്ടിലാക്കി ഫെയ്‌സ് ബുക്ക് പോസ്റ്റും ശ്രീനിവാസൻ ഇട്ടത്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പ്രധാനമന്ത്രി മോദി നയിക്കുന്ന വിജയ് സങ്കൽപ്പ് റാലിയിൽ പങ്കെടുത്തത്. ഇത് രണ്ടാം തവണയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ബിജെപി സ്ഥാനാർത്ഥികളായ കുമ്മനം രാജശേഖരൻ, ശോഭാ സുരേന്ദ്രൻ, ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള, രാജ്യസഭാ എംപിമാരായ വി മുരളീധരൻ, റിച്ചാർഡ് ഹെ, മുൻ ഡിജിപി ടിപി സെൻകുമാർ, മുൻ അംബാസഡർ ടി പി ശ്രീനിവാസൻ, ക്രിക്കറ്റ് താരം ശ്രീശാന്ത്, കോൺഗ്രസിൽ നിന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന ടോം വടക്കൻ തുടങ്ങിയവരും തിരുവനന്തപുരത്തെ വേദിയിലുണ്ട്.

യുഡിഎഫ് സർക്കാരിന്റെ കാലത്ത് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായിരുന്നു ടിപി ശ്രീനിവാസൻ. 1998ൽ വാഷിംങ്ടണിൽ അംബാസിഡറായ സമയത്ത് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് അദ്ദേഹത്തിന് ഭരണസ്ഥാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ അന്ന് നരേന്ദ്ര മോദിയോട് തോന്നിയ ബഹുമാനവും ആദരവും പ്രടകിപ്പിക്കാനാണ് ഇന്ന് തിരുവനന്തപുരത്തെ വേദിയിൽ ഇരിക്കുന്നതെന്നും ടിപി ശ്രീനിവാസൻ പറഞ്ഞു. 2009ൽ ശശീ തരൂരിനെ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തെ മണ്ഡലത്തിന് പരിചയപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച വ്യക്തിയാണ് ടി പി ശ്രീനിവാസൻ. എന്നാൽ 10 വർഷങ്ങൾക്കിപ്പുറം തരൂർ വീണ്ടും മത്സരിക്കാനിറങ്ങുമ്പോൾ എതിർ സ്ഥാനാർത്ഥിപ്പ് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ശ്രീനിവാസൻ.

ഐക്യ രാഷട്ര പരിസ്ഥിതി സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രിതിനിധിയും അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിൽ ഇന്ത്യയുടെ ഗവർണറായും ശ്രീനിവാസൻ പ്രവർത്തിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ അംബാസഡറായും കെനിയയിലെ ഇന്ത്യൻ ഹൈകമ്മീഷണറായും പ്രവർത്തിച്ചിരുന്നു. കോളമിസ്റ്റ്, എഴുത്തുകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. ബിജെപി ഇക്കുറി ഏറെ പ്രതീക്ഷ വയ്ക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. മിസോറാം ഗവർണറായിരുന്ന കുമ്മനം രാജശേഖരനെ തിരിച്ചുവിളിച്ച് സ്ഥാനാർത്ഥിയാക്കിയതിലൂടെ തിരുവനന്തപുരത്ത് താമര വിരിയിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. തിരുവനന്തപുരം മണ്ഡലത്തിൽ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുന്നവയായിരുന്നു പുറത്ത് വന്ന ഭൂരിഭാഗം അഭിപ്രായ സർവേ ഫലങ്ങളും.

ഇതിന് പിന്നാലെ ശശി തരൂർ പലവിവാദത്തിലും പെട്ടു. ഗാന്ധാരി അമ്മൻകോവിലിൽ തുലാഭാരത്തിനിടെ വീണ് തലക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് പ്രചരണത്തേയും ബാധിച്ചു, ഇതിനിടെയാണ് പത്തുകൊല്ലം മുമ്പ് വലം കൈയായി നിന്ന ശ്രീനിവാസൻ കുമ്മനത്തെ പിന്തുണച്ച് രംഗത്ത് എത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP