Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അടൂർപ്രകാശ്-ബിജുരമേശ് ബന്ധുത്വം: വിവാഹ നിശ്ചയച്ചടങ്ങിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെ വിമർശിച്ച് കേരളാ കോൺഗ്രസും; ബാർകോഴക്കേസിൽ തനിക്കെതിരെ നടന്ന ഗൂഢാലോചന പരസ്യമായി ഊട്ടിയുറപ്പിച്ച് കെഎം മാണി

അടൂർപ്രകാശ്-ബിജുരമേശ് ബന്ധുത്വം: വിവാഹ നിശ്ചയച്ചടങ്ങിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെ വിമർശിച്ച് കേരളാ കോൺഗ്രസും; ബാർകോഴക്കേസിൽ തനിക്കെതിരെ നടന്ന ഗൂഢാലോചന പരസ്യമായി ഊട്ടിയുറപ്പിച്ച് കെഎം മാണി

കൊച്ചി: ബിജുരമേശിന്റെ മകളും മുൻ മന്ത്രി അടൂർപ്രകാശിന്റെ മകനും തമ്മിലുള്ള വിവാഹനിശ്ചയത്തിന്റെ ചടങ്ങിൽ ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും പങ്കെടുത്തതിനെ വിമർശിച്ച് കേരളാ കോൺഗ്രസും. മദ്യവ്യവസായി ബിജുരമേശിന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പങ്കെടുത്തത് ന്യായീകരിക്കാനാവില്ല എന്നാണ് കേരള കോൺഗ്രസ് അറിയിച്ചത്.

ഇതേ നിലപാടുമായി കഴിഞ്ഞദിവസം കെപിസിസി പ്രസിഡന്റ് സുധീരനും രംഗത്തെത്തിയിരുന്നു. ഇപ്പോൾ കേരളാകോൺഗ്രസും ഇതേ നിലപാടുമായി രംഗത്തെത്തിയതോടെ കോൺഗ്രസിലും യുഡിഎഫിലും അടൂർ പ്രകാശും ബിജു രമേശുമായുള്ള പുതിയ ബന്ധുത്വം കൂടുതൽ ചർച്ചകൾക്ക് വഴിവയ്ക്കുമെന്ന് ഉറപ്പായി.

ബാർകോഴ കേസിൽ കോൺഗ്രസിൽ തനിക്കെതിരെ ഗൂഢാലോചന നടന്നതായി നേരത്തേ കെഎം മാണി ആരോപിച്ചിരുന്നു. ആരോപണമുന്നയിച്ച ബിജുരമേശുമായി അടൂർപ്രകാശിന് ബന്ധുത്വം വന്നതോടെ ഈ ഗൂഢാലോചനാ വാദത്തിന് കൂടുതൽ സാധുത കൈവരികയാണെന്നാണ് കേരളാ കോൺഗ്രസ് നിലപാട്.

കേരള കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കിയ ആളാണ് ബിജുരമേശ്. ചടങ്ങിൽ നേതാക്കൾ പങ്കെടുത്തത് അനൗചിത്യമായിപ്പോയി. ഇതിലൂടെ കേരള കോൺഗ്രസിനെതിരെ നടന്ന ഗൂഢാലോചന സാധുകരിക്കപ്പെട്ടു കെ.എം മാണിക്കായി നിലപാട് വ്യക്തമാക്കി ജോസഫ് എം പുതുശേരി അറിയിച്ചു.

ഒരു സർക്കാരിനെ അപമാനിക്കുകയും ആക്ഷേപിക്കുകയും ചെയ്ത സംഗതിയാണ് ബിജുരമേശിന്റെ ആരോപണങ്ങൾ എന്നിരിക്കെ അദ്ദേഹത്തിന്റെ മകളുടെ വിവാഹനിശ്ചയത്തിനു ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പോയത് ശരിയായില്ലെന്നും ചില ഔചിത്യ മര്യാദകൾ എല്ലാവരുടെയും ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണെന്നും സുധീരൻ പറഞ്ഞിരുന്നു. ഇതേത്തുടർന്ന് സുധീരനെതിരെ ഐ, എ ഗ്രൂപ്പുകളുടെ ഭാഗത്തുനിന്ന് പടയിളക്കമുണ്ടായി.

ഇരു ഗ്രൂപ്പുകളുടേയും പേരിൽ ഹൈക്കമാൻഡിന് പരാതിയും നൽകിയിരുന്നു. വി എം സുധീരൻ അച്ചടക്കം ലംഘിച്ചെന്നും പരസ്യപ്രസ്താവന നടത്തിയെന്നും കാട്ടിയാണ് ദേശീയ നേതൃത്വത്തിന് ഗ്രൂപ്പുകൾ സംയുക്തമായി പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് കേരളാ കോൺഗ്രസ് തന്നെ വിമർശനവുമായി എത്തുന്നത്.

അടൂർ പ്രകാശിന്റെ മകൻ അജയകൃഷ്ണൻ പ്രകാശും ബിജു രമേശിന്റെ മകൾ മേഘയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസമാണ് നടന്നത്. ഈ ചടങ്ങിന് മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പോയത് ശരിയായില്ലെന്ന് വി എം.സുധീരൻ പറഞ്ഞിരുന്നു. ഇത് ജനങ്ങളിൽ തെറ്റായ സന്ദേശം ഉണ്ടാക്കിയെന്നും കുറച്ചുകൂടി ഔചിത്യബോധം കാണിക്കണമായിരുന്നുവെന്നും കഴിഞ്ഞ സർക്കാരിനെ ഏറ്റവും കൂടുതൽ പ്രതിസന്ധിയിൽ നിർത്തിയ വ്യക്തിയാണ് ബിജു രമേശെന്നും സുധീരൻ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ബിജു രമേശും രംഗത്തുവന്നു.

നിശ്ചയ ചടങ്ങ് നടക്കുമ്പോൾ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വന്നിരുന്നില്ല. എല്ലാവരും പോയ ശേഷമാണ് ഇരുവരും എത്തിയത്. ബിജു രമേശ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് ഫേസ്‌ബുക്ക് പോസ്റ്റും ഇട്ടു. ഇതോടെയാണ് വിവാദം തുടങ്ങിയത്. ബാർ കോഴ ആരോപണത്തിന്റെ സൂത്രധാരനൻ ബിജു രമേശായിരുന്നു. ഈ സാഹചര്യത്തിൽ അടൂർ പ്രകാശിനെതിരേയും ആരോപണങ്ങൾ ഉയർന്നു.

ഇത് ശരിയാണെന്ന വാദമാണ് ഇരുവരുടേയും മക്കളുടെ വിവാഹ നിശ്ചയത്തിലൂടെ സജീവമായത്. കേരളാ കോൺഗ്രസും കെഎം മാണിയും ഇത്തരമൊരു ബന്ധത്തെ ഇഷ്ടപ്പെടാത്ത സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ചടങ്ങിനെത്തില്ലെന്നായിരുന്നു വിലയിരുത്തലുകൾ. എന്നാൽ അത് ലംഘിക്കപ്പെട്ടതോടെയാണ് യുഡിഎഫിലും കോൺഗ്രസിലും പുതിയ ചർച്ചകൾ തുടങ്ങിയത്.

വി എം സുധീരൻ ചടങ്ങിന് പോയതുമില്ല. മറുനാടൻ മലയാളിയാണ് ഇതിലെ വാർത്തകൾ ആദ്യം പുറത്തുകൊണ്ട് വന്നത്. അതിന് പുതിയ മാനം നൽകിയാണ് സുധീരൻ വിമർശനവുമായി രംഗത്ത് വന്നത്. അതിനെയാണ് പബ്ലിസിറ്റി മാനിയയെന്ന വിമർശനത്തോടെ ബിജു രമേശ് തള്ളിപ്പറയുന്നത്. ഇക്കാര്യത്തിൽ അടൂർ പ്രകാശിന്റെ നിലപാടും നിർണ്ണായകമാകും. വിവാഹം വ്യക്തിപരമായ ചടങ്ങാണെന്നും അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നുമാണ് അടൂർ പ്രകാശ് നേരത്തെ എടുത്തിരുന്ന നിലപാട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP